spot_img

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന് ചവിട്ടേറ്റിട്ട് 3 ദിവസമായി. ചവിട്ടേറ്റ ഡോക്ടർ ഇപ്പോഴും ചികിത്സയിലാണ്. അവർക്കും വീട്ടുകാർക്കും സഹ ഡോക്ടർമാർക്കുമൊഴികെ ഈ ലോകത്താർക്കും അതിലൊരു അക്ഷരം മിണ്ടാനോ പ്രതികരിക്കാനോ ഇല്ല എന്നതാണ് ഇതിലെ ഏറ്റവും ദുഃഖകരമായ സത്യം.

തെരുവു പട്ടിയെ കല്ലെറിഞ്ഞാൽ പോലും സ്വമേധയാ കേസെടുക്കുന്ന കോടതിയ്ക്കും മിന്നൽ പരിശോധനകളും പരസ്യശാസനകളും നടത്തി ഫേസ്ബുക്ക് ലൈവിടുന്ന അധികാരികൾക്കും ഡോക്ടർക്ക് ചവിട്ടേറ്റതിൽ മാത്രം ഒന്നും പറയാനില്ല. ചിലർ പേരിനൊരു ഫേസ്ബുക്ക് പോസ്റ്റിട്ട് ശക്തമായ നടപടി എടുക്കുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. മിക്കവാറും പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോർട്ടടിച്ചു പൂട്ടിയ്ക്കുമായിരിക്കും. അതെങ്കിലും ചെയ്താൽ വലിയ കാര്യം.

ഇതല്ലാതെ പരസ്യമായി ഏതെങ്കിലും മീഡിയ വഴി മെഡിക്കൽ കോളേജ് അധികാരികളോ ആരോഗ്യവകുപ്പ് അധികൃതരോ ഇനിയും പ്രതികരിച്ചിട്ടില്ല. ഡോക്ടർമാരുടെ സംഘടനകൾ മാത്രമാണീ നിമിഷം വരെയും ഈ വിഷയത്തിൽ നാവനക്കിയിട്ടുള്ളത്.

ഒരു വനിത രാത്രി ഒരു മണിക്ക് ജോലി സ്ഥലത്ത് ആക്രമിക്കപ്പെട്ടിട്ട് ഏതെങ്കിലും ഒരു വനിതാ സംഘടനയോ വനിതാ കമ്മീഷനോ ഇനിയും ഒന്നു മൂളിയിട്ടു പോലുമില്ല. കാരണം, ആക്രമിക്കപ്പെട്ടത് വനിതയായാലും ഡോക്ടറാണ് എന്നതുകൊണ്ട് മാത്രം. സകലതിനും പ്രതികരിക്കുന്ന സാംസ്കാരിക- രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഒന്ന് മുരടനക്കിയോ? ഇല്ലാ. കാരണം, ചവിട്ട് കൊണ്ടത് ഒരു ഡോക്ടർക്കാണ്.

ഡോക്ടർമാർ അതർഹിക്കുന്നവരാണ്!

സർ/ മാഡം,

ഒരു ഡോക്ടർ രാത്രിയിൽ ആക്രമിക്കപ്പെട്ടു. എന്നിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഈ നിമിഷം വരെയും പഴയതുപോലെ തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത് ഡോക്ടർമാർക്ക് ഈ സമൂഹത്തോടുള്ള പ്രതിബദ്ധത ഒന്ന് കൊണ്ട് മാത്രമാണ്. ഇതിനിടയിൽ ഞങ്ങൾ പരാതി നൽകി, 3 ദിവസം പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പൊതുജനമോ അധികാരികളോ അതൊന്നും അറിയുന്നു കൂടിയുണ്ടായില്ല. കാരണമെന്താ, പ്രതിഷേധിക്കുമ്പോഴും ഡോക്ടർമാർ അവരുടെ ജോലി ചെയ്തുകൊണ്ടിരുന്നു. ഇന്നും ടോക്കൺ സ്ട്രൈക്ക് നടത്തി. ജനങ്ങളോ അധികാരികളോ അറിഞ്ഞിട്ടില്ല. കാരണം അപ്പോഴും ചെയ്യേണ്ട പണികളെല്ലാം ചെയ്തിട്ടാണ് സ്ടൈക്കിനിറങ്ങിയത്.

ICU വിൽ ഡ്യൂട്ടി ചെയ്തു കൊണ്ടിരുന്ന ഡോക്ടർ ചവിട്ടുകൊണ്ട് അഡ്മിറ്റായ ആ നിമിഷം മുതൽ മറ്റൊരു ഡോക്ടർ ആ ഡ്യൂട്ടി കവർ ചെയ്യുന്നുണ്ടായിരുന്നു. കേരളത്തിൽ മറ്റേതെങ്കിലും വിഭാഗം ജീവനക്കാരനാണ് ഈ ചവിട്ടു കിട്ടിയതെങ്കിൽ എന്ന് ഇതുവായിക്കുന്ന ആർക്കും ഒന്ന് ചിന്തിച്ചു നോക്കാവുന്നതാണ്. സ്വിച്ചിട്ട പോലെ നിന്നേനെ ഇവിടെയെല്ലാം. പക്ഷെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അങ്ങനെ ഒന്നും സംഭവിച്ചില്ല.

കാരണം, ഒന്നേയുള്ളൂ സർ. ആ നിമിഷം സകലതും നിർത്തി സമരം ചെയ്യാൻ ഡോക്ടർമാർക്ക് അറിയാഞ്ഞിട്ടല്ല. മനുഷ്യജീവന് എത്രത്തോളം വിലയുണ്ടെന്ന് തിരിച്ചറിവുള്ളത് കൊണ്ടാണത്. ആ തിരിച്ചറിവ് ഉള്ളതു കൊണ്ടാണിപ്പോഴും ഒന്നു സംഭവിക്കാത്ത പോലെ ഈ സംവിധാനം പ്രവർത്തിക്കുന്നതും.

പക്ഷെ, തിരികെ കിട്ടുന്നത് പരിഹാസങ്ങളും നീതികേടും നീതി നിഷേധങ്ങളുമാണെങ്കിൽ സ്വന്തം ജീവൻ പണയം വച്ച്, ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്ന ഭീതിയോടെ, യാതൊരു സുരക്ഷിതത്വവുമില്ലാതെ ഞങ്ങളെന്തിനാണ് സർ ഇങ്ങനെ ജോലി ചെയ്യുന്നത്?

3 ദിവസമായിട്ടും ഒന്നു സഹതപിക്കാൻ പോലും കൂട്ടാക്കാത്ത, ഇതുവായിക്കുന്ന ജനങ്ങളും സാംസ്കാരിക രാഷ്ട്രീയ പ്രബുദ്ധരും ഒന്ന് ആലോചിച്ചു നോക്കൂ, നിങ്ങളിത്രയും ആത്മാർത്ഥത അർഹിക്കുന്നുണ്ടോ? എനിക്കു തോന്നുന്നില്ല. 3 ദിവസമായിട്ടും മിണ്ടാട്ടം മുട്ടിപ്പോയ സർക്കാറിനോടും ഇതു തന്നെയാണ് ചോദിക്കാനുള്ളത്. അൽപ്പമെങ്കിലും ലജ്ജ തോന്നുന്നില്ലേ, ആ കസേരയിൽ ഇരിക്കുമ്പോൾ?

പക്ഷെ, ഓരോ പ്രാവശ്യവും ആശുപത്രികളും ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടുമ്പോൾ ഇതുപോലെ എഴുതിയിട്ടുള്ള എനിക്ക് തോന്നുന്നുണ്ട്, ലജ്ജയും സങ്കടവും ദേഷ്യവും ഒക്കെ. കഷ്ടം എന്നല്ലാതെ എന്തു പറയാൻ. 🙁

തയാറാക്കിയത്

മനോജ് വെള്ളനാട്

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...