രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ ശരീരത്തിന് കഴിയാതെ വരുന്നതാണ് ഡയബറ്റിസ് മെലിറ്റസ് അഥവാ പ്രമേഹം. ശരീരത്തിലെ പഞ്ചസാരയുടെ പ്രധാനപ്പെട്ട രൂപമാണ് ഗ്ലൂക്കോസ്. ആഹാരത്തെ ഗ്ലൂക്കോസ് ആക്കി മാറ്റിയാണ് ശരീരം അതിനാവശ്യമായ ഊര്‍ജം സംഭരിക്കുന്നത്. ഇന്‍സുലിന്‍ ആണ് ആരോഗ്യവാന്മാരായ മനുഷ്യരില്‍ ഗ്ലൂക്കോസിന്‍റെ (പഞ്ചസാര) അളവ് നിയന്ത്രിക്കുന്നത്.
പാന്‍ക്രിയാസ് ഗ്രന്ഥിയാണ് (ഉദരത്തിന് പിന്നിലായി കാണപ്പെടുന്ന നീണ്ട നേര്‍ത്ത അവയവം) ഇന്‍സുലിന്‍ എന്ന ഈ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നത്.
പ്രമേഹ രോഗമുള്ളവരുടെ ശരീരത്തില്‍ മതിയായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരികയോ ഉത്പാദിപ്പിക്കപ്പെട്ട ഇന്‍സുലിന്‍ കൃത്യമായി വിനിയോഗിക്കപ്പെടാന്‍ സാധിക്കാതെ വരികയോ ചെയ്യുന്നു. ഇതിന്‍റെ ഫലമായി രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂടിവരുന്നു.
പ്രമേഹം എത്ര തരം
ടൈപ് 1 അഥവാ ഇന്‍സുലിന്‍ ഡിപ്പന്‍ഡന്‍റ് ഡയബറ്റിസ് മെലിറ്റസ്. ടൈപ് 1 പ്രമേഹ രോഗികളില്‍ ഇന്‍സുലിന്‍ ഉത്പാദനം നന്നേ കുറവോ അല്ലെങ്കില്‍ തീരെ ഇല്ലാതെയോ ആയിരിക്കും. പ്രമേഹത്തെ അതിജീവിക്കണമെങ്കില്‍ ഇവര്‍ക്ക് ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഇല്ലാതെ പറ്റില്ല. സാധാരണയായി കുട്ടിക്കാലത്താണ് ഇത് സംഭവിക്കുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത് വരാനുള്ള സാധ്യതയുണ്ട്. 40 വയസിന് മുന്‍പാകും ടൈപ് 1 നിങ്ങളെ പിടികൂടുക.
ടൈപ് 2 അഥവാ നോണ്‍-ഇന്‍സുലിന്‍ ഡിപ്പന്‍ഡന്‍റ് ഡയബറ്റിസ് മെലിറ്റസ്. പൊതുവേ കാണപ്പെടുന്ന പ്രമേഹ രോഗങ്ങളെല്ലാം ഈ വിഭാഗത്തില്‍ പെടുന്നതാണ്. ജനിതകമായ കാരണങ്ങള്‍ കൊണ്ടോ പൊണ്ണത്തടി മൂലമോ ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഈ പ്രമേഹത്തില്‍ സാധാരണയോ അതില്‍ കൂടുതലോ അളവില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി വിനിയോഗിക്കാന്‍ സാധിക്കാതെ വരുന്നു. തെറ്റായ ഭക്ഷണ ശീലങ്ങള്‍, പൊണ്ണത്തടി എന്നിവയാണ് പ്രധാനമായും ഇതിന്‍റെ കാരണം. മുതിര്‍ന്നവരിലാണ് ഇത് കാണപ്പെടുന്നത്. പൊണ്ണത്തടിയുള്ളവരില്‍ ഇതിന്‍റെ സാധ്യത കൂടുതലാണ്.
ജസ്റ്റേഷണല്‍ ഡയബറ്റിസ് മെലിറ്റസ് അഥവാ ഗര്‍ഭ കാലത്തെ ഡയബറ്റിസ്
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂടാറുണ്ട്. ഇതിനെയാണ് ജസ്റ്റേഷണല്‍ ഡയബറ്റിസ് എന്ന് വിളിക്കുന്നത്. ഗര്‍ഭിണികളില്‍ 5% പേര്‍ക്ക് ഇത്തരത്തില്‍ ഡയബറ്റിസ് ഉണ്ടാകാറുണ്ട്. മിക്ക സംഭവങ്ങളിലും പ്രസവത്തോടെ ഇത് ഇല്ലാതെയാകും. എന്നാല്‍ ഗര്‍ഭകാലത്ത് ഈ ഡയബറ്റിസ് പിടിപെട്ടിട്ടുള്ളവരാണ് നിങ്ങളെങ്കില്‍ ഭാവിയില്‍ ടൈപ് 2 ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
എന്തൊക്കെയാണ് പ്രമേഹ രോഗത്തിന്‍റെ ലക്ഷണങ്ങള്‍
ടൈപ് അനുസരിച്ച് പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ക്ക് വ്യത്യാസമുണ്ട്. തുടര്‍ച്ചയായി മൂത്രമൊഴിക്കാന്‍ പോവുക, കഠിനമായ ദാഹം അനുഭവപ്പെടുക, വിശപ്പ് കൂടുക എന്നിങ്ങനെ ചില ലക്ഷണങ്ങള്‍ പഞ്ചസാരയുടെ അളവ് കൂടിയതു കൊണ്ടുണ്ടാകുന്നതാണ്. തളര്‍ച്ച, കാഴ്ച മങ്ങല്‍, മൂത്രാശയ അണുബാധകള്‍, തൊലിപ്പുറത്തെ അണുബാധ, കഠിനമായ ദാഹം, ഭാരക്കുറവ്, ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചില്‍, മുറിവുണങ്ങാന്‍ താമസമെടുക്കുന്നു, കടുത്ത വിശപ്പ് എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്.
ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോള്‍ ശരീരഭാരം കുറയുന്നു. ഇത് മൂലം രോഗി കോമാ അവസ്ഥയില്‍ വരെ എത്താന്‍ സാധ്യതയുണ്ട്. ഇതിനെ കീറ്റോ അസിഡോസിസ് എന്ന് പറയുന്നു.
ഡയബറ്റിസ് എങ്ങനെ കണ്ടെത്താം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് പ്രമേഹത്തിന്‍റെ സാന്നിധ്യം തിരിച്ചറിയുന്നത്. ഇതിനായി രക്ത പരിശോധന നടത്തും. പരിശോധനകള്‍ പല വിധമുണ്ട്. ചില കേസുകളില്‍ രോഗിയോട് രാത്രി ഭക്ഷണം ഒഴിവാക്കാനായി ഡോക്ടര്‍ ആവശ്യപ്പെടും. ഭക്ഷണം കഴിക്കാതെ ഗ്ലൂക്കോസ് നില പരിശോധിച്ചാല്‍ അത് 70 mg/dl ആയിരിക്കും. എന്നാല്‍ ഇത് 126mg/dl ആണെങ്കില്‍ നിങ്ങള്‍ പ്രമേഹ രോഗിയാണെന്നര്‍ത്ഥം.
മറ്റ് ചിലതില്‍ ഭക്ഷണത്തിനു രണ്ട് മണിക്കൂര്‍ ശേഷം രക്തം ടെസ്റ്റ് ചെയ്യും. 140mg/dl ആണ് സാധാരണ ഇത്തരത്തില്‍ പരിശോധിക്കപ്പെടുമ്പോള്‍ കാണുന്ന ഗ്ലൂക്കോസ് നില. എന്നാല്‍ ഇത് 200mg/dl കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹമുണ്ട്.
ചില പരിശോധനകള്‍ ഏത് സമയത്ത് വേണമെങ്കിലും നടത്താം. ഇങ്ങനെ ചെക്ക് ചെയ്യുമ്പോള്‍ ഗ്ലൂക്കോസ് നില 200mg/dl ആണെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹമുണ്ട്.
ഗര്‍ഭിണികളിലെ പ്രമേഹം കണ്ടെത്താനും പ്രത്യേകം ചികിത്സയുണ്ട്. ഇതിനായി 50gm ഗ്ലൂക്കോസ് കൊടുക്കുന്നു. ശേഷമുള്ള പരിശോധനയില്‍ പ്രശ്നമുണ്ടെന്നു കണ്ടാല്‍ തുടര്‍ന്ന് 100 gm ഗ്ലൂക്കോസ് കൊടുത്ത് പരിശോധിക്കുന്നു. ശേഷം രക്ത സാമ്പിളുകള്‍ എടുക്കും.
പ്രതിരോധ മാര്‍ഗങ്ങള്‍ എന്തൊക്കെ?
പൂര്‍ണമായും മാറ്റാന്‍ പറ്റില്ലെങ്കിലും കൃത്യമായി ചികിത്സ തേടിയാല്‍ നിയന്ത്രിക്കാവുന്ന അസുഖമാണ് പ്രമേഹം. പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം ശരീരം അനങ്ങി എന്തെങ്കിലുമൊക്കെ ചെയ്ത് കൊണ്ടിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ജോലികള്‍ ചെയ്യുകയോ കൃത്യമായ ഡയറ്റ് പാലിക്കുകയോ ചെയ്‌താല്‍ ഒരു പരിധി വരെ ഇത് പിടിച്ച് നിര്‍ത്താന്‍ സാധിക്കും. ഇതോടൊപ്പം മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്‌താല്‍ പ്രമേഹത്തെ അകറ്റാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാലും പ്രശ്നമാണ്. ആശങ്കയും ക്ഷീണവും വിശപ്പും ക്ഷമയില്ലായ്മയും ഒക്കെ ഇതിന്‍റെ ലക്ഷണമാണ്. ഇത് 40mg/dl ആയാല്‍ അബോധാവസ്ഥയില്‍ ആകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് 180mg/dl കൂടുതലായാല്‍ പ്രമേഹരോഗത്തിനുള്ള സാധ്യത തിരിച്ചറിയാം. ഇത് 300mg/dl കൂടിയാല്‍ രോഗം വളരെ കൂടുതലെന്ന് സാരം. പനിയോ മറ്റോ ഉള്ള സമയങ്ങളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂടാറുണ്ട്.
പ്രമേഹം തടയാന്‍ എന്തൊക്കെ ചെയ്യാം
പഞ്ചസാര, ശര്‍ക്കര എന്നിവ പൂര്‍ണമായും ഒഴിവാക്കുക. ബേക്കറി ഉത്പന്നങ്ങള്‍, ഐസ്ക്രീം എന്നിവയുടെ ഉപയോഗവും നിര്‍ത്തുക. രാത്രി ഭക്ഷണം ലഘുവായി കഴിക്കുക. കൂടാതെ രാത്രിയില്‍ ചോറ് ഒഴിവാക്കി ചപ്പാത്തി, ഗോതമ്പ് കഞ്ഞി, ഗോതമ്പ് ഉപ്പുമാവ് എന്നിവ കഴിക്കുക.
നാരുകള്‍ കൂടുതലുള്ള ഭക്ഷണം ശീലമാക്കുക, ഇതോടൊപ്പം ധാന്യങ്ങളും പയറു വര്‍ഗങ്ങളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിലുള്‍പ്പെടുത്തുക. വെണ്ണ, നെയ്യ് പോലെ അമിത കൊഴുപ്പുള്ള പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക.
കൊഴുപ്പില്ലാത്ത പാലും ഇറച്ചിയും ഉപയോഗിക്കുക. ഇതോടൊപ്പം വ്യായാമം ശീലമാക്കുകയും ശരീരഭാരം കുറക്കുകയും ചെയ്യുന്നത് പ്രമേഹത്തെ തടയാന്‍ സഹായിക്കും.