ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഓര്‍ഡിനന്‍സുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. 1897 ലെ പകര്‍ച്ചവ്യാധി രോഗ നിയമത്തില്‍ ഭേദഗതി വരുത്തി ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അറിയിച്ചത്. കൊറോണ ബാധിച്ച ചിലര്‍ ചികിത്സക്കിടെ വ്യാപകമായി ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.
ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓര്‍ഡിനന്‍സുമായാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടന (ഐ.എം.എ) ഇന്ന് സൂചനാ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഐ.എം.എ പ്രതിനിധികള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ സമരം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തിയത്.
ശിക്ഷ ഇപ്രകാരം:
- ആരോഗ്യപ്രവർത്തകർക്ക് എതിരെയുള്ള ആക്രമണം ജാമ്യമില്ലാ കുറ്റം. പോലീസിന് സ്വമേധയാ കേസെടുക്കാം.
- ആക്രമണം ഉണ്ടായാൽ 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി തീർപ്പ് കൽപ്പിക്കണം.
- ആക്രമണം ഗുരുതരമല്ലെങ്കിൽ മൂന്ന് മാസം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും, അര ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
- ആക്രമണവും പരിക്കും ഗുരുതരമാണെങ്കിൽ ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവും, ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും.
- വാഹനങ്ങൾ, സ്വത്തുക്കൾ, ക്ലിനിക്കുകൾ എന്നിവ നശിപ്പിച്ചാൽ അവയുടെ വിപണിവിലയുടെ രണ്ട് മടങ്ങ് ഉത്തരവാദികളിൽ നിന്ന് നഷ്ടപരിഹാരമായി ഈടാക്കും.