ലണ്ടന്‍: കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ രാജ്യങ്ങള്‍ അവരുടെ ജനതയുടെ മേല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാത്രം നടത്തിയത് കൊണ്ട് കാര്യമാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അടിയന്തിര പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന് ഞായറാഴ്ച പറഞ്ഞു. ലോക്ക്ഡൗണ്‍ കൊണ്ടുമാത്രമാവില്ലെന്നും നോവല്കൊറാണ വൈറസുകള്‍ വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കാന്‍ പൊതുജനാരോഗ്യ നടപടികള്‍ അത്യാവശ്യമാണെന്നും ഡബ്ല്യൂ.എച്ച്ഒ വിദഗ്ധന്‍ പറഞ്ഞു.
”നമ്മള് ശരിക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് രോഗികളെ കണ്ടെത്തുന്നതിലാണ്. രോഗികളെയും വൈറസ് ബാധിച്ചവരെയും കണ്ടെത്തുകയും അവരെ ഒറ്റപ്പെടുത്തുകയും അവരുടെ കോണ്ടാക്റ്റുകള് കണ്ടെത്തുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതാണ് ചെയ്യേണ്ടത്,” മൈക്ക് റയാന് ബി.ബി.സിയുടെ ആന്‍ഡ്രൂ മാര്‍ ഷോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ശക്തമായ പൊതുജനാരോഗ്യ നടപടികള്‍ ഇപ്പോള്‍ നടപ്പാക്കിയില്ലെങ്കില്‍, ആളുകളെ മൊത്തത്തില്‍ പൂട്ടിയിടുന്നതില്‍ അപകടമുണ്ട്.
പുറത്തിറങ്ങുന്നതിലുള്ള നിയന്ത്രണങ്ങളും ലോക്കഡൗണുകളും നീക്കം ചെയ്യുമ്പോള്‍, രോഗം വീണ്ടും വരാം എന്നതാണ് അപകടം, റയാന് പറഞ്ഞു.
ചൈനയെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളെയും പിന്തുടര്ന്ന് കൊറോണ വൈറസിനെതിരെ പോരാടുന്നതിന് യൂറോപ്പും അമേരിക്കയും ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാറുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ അടച്ചിരിക്കുകയാണ്. മിക്ക തൊഴിലാളികളും വീടുകളില്‍ നിന്നും അവരുടെ സ്ഥ്ലങ്ങളില്‍ നിന്നുമാണ് ജോലിചെയ്യുന്നത്. ഏഷ്യയെ പാന്‍ഡെമിക്കിന്റെ പ്രഭവകേന്ദ്രമായി ലോകാരോഗ്യ സംഘടന അറിയിച്ചു.
‘ഒരിക്കല്‍ വൈറസിന്റെ പടര്‍ച്ചയെ പിടിച്ചുകെട്ടിയാല്‍ പിന്നെ, നമ്മള് വൈറസിനെ പിന്തുടര്ന്ന് പോരാടി വൈറസിനെ പൂര്‍ണ്ണമായി നശിപ്പിക്കേണ്ടതുണ്ടെന്നും’ റയാന് പറഞ്ഞു.
ചൈന, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ വൈറസിനെതിരെ പോരാടുന്നതിനായി സാധ്യമായ എല്ലാ കര്‍ശനമായ നടപടികളും പരീക്ഷിക്കുന്നതിലൂടെ നിരവധി സംശയങ്ങള്‍ക്ക് യൂറോപ്പിന് ഒരു മാതൃക നല്‍കിയതായും റയാന് പറഞ്ഞു.
കോവിഡ് 19 നെതിരെ നിരവധി വാക്സിനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഒരെണ്ണം മാത്രമാണ് അമേരിക്കയില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചതെന്നും റയാന് പറഞ്ഞു. ബ്രിട്ടനില്‍ ഒരു വാക്സിന് ലഭ്യമാകുന്നതിന് എത്ര സമയമെടുക്കുമെന്ന് ചോദിച്ചപ്പോള്‍ ആളുകള്‍ യാഥാര്‍ത്ഥ്യബോധം പുലര്‍ത്തേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
”വാക്സിനുകള്‍ വരും, പക്ഷേ ഇപ്പോള്‍ പുറത്തുപോയി ചെയ്യേണ്ടവ നമ്മള് ഇപ്പോള്‍ ചെയ്യേണ്ടതുണ്ടെന്നും മൈക്ക് പറഞ്ഞു.
വാക്സിനുകള്‍ തികച്ചും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിന് ഒരു വര്‍ഷമെങ്കിലും വരുമെന്നാണ് ഞങ്ങള്‍ പറയുന്നതെന്നും, ഡബ്ല്യൂഎച്ച്ഒ വിദഗ്ധന്‍ പറഞ്ഞു.