മനുഷ്യൻ പൊതുവെ ധാരാളം വെള്ളം കുടിയ്ക്കണം. ഇത് ആരോഗ്യത്തിനും അസുഖങ്ങൾ വരാതിരിക്കുന്നതിനും സഹായകരമാണ്. ഗർഭിണികൾ ആയിരിക്കുന്നവർ സാധാരണ കുടിയ്ക്കുന്നതിന്റെ ഇരട്ടിയോളം വെള്ളം കുടിയ്ക്കണം. അമ്മയ്ക്കും മാത്രമല്ല കുഞ്ഞിനും വെള്ളം അത്യന്താപേക്ഷിതമാണ്. കുഞ്ഞിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും വെള്ളം കുടിയ്‌ക്കേണ്ടതുണ്ട്. മറ്റെന്തിനേക്കാളും ഉപരി ഗർഭകാലത്ത് വെള്ളം കുടിയ്ക്കുന്നതിന് പ്രാധാന്യം നൽകണം. എന്നാൽ ധാരാളം വെള്ളം കുടിച്ചാൽ ബുദ്ധിമുട്ടാകുമെന്ന് ചില സ്ത്രീകൾ വിശ്വസിക്കുന്നുണ്ട്. ഇത് തികച്ചും തെറ്റാണ്. ഗർഭാവസ്ഥയിൽ എത്രത്തോളം വെള്ളം കുടിയ്ക്കുന്നോ അത്രത്തോളം നല്ലതാണ്.
പോഷകങ്ങൾ ആഗീരണം ചെയ്യാൻ സഹായിക്കുന്നു
ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന പോഷകങ്ങളും ധാതുക്കളും ആഗീരണം ചെയ്യാനും കോശങ്ങളിൽ എത്തിക്കാനും വെള്ളത്തിന് സാധിക്കുന്നു. അതിനാൽ പോഷകങ്ങളുടെ ഗുണങ്ങൾ ചോരാതെ ശരീരത്തിന് ലഭിക്കും. ഗർഭിണികളിൽ കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും മറ്റും എത്തിക്കുന്ന ഉത്തരവാദിത്തം വെള്ളത്തിനാണ്. അതിനാൽ ധാരാളം വെള്ളം ഈ സമയത്ത് കുടിയ്ക്കണം. അല്ലാത്തപക്ഷം കുഞ്ഞിന്റെ വളർച്ചയേയും ആരോഗ്യത്തേയും അത് ബാധിച്ചേക്കാം.
യൂറിനറി ഇൻഫെക്ഷനുകൾ തടയുന്നു
ഗർഭിണികൾക്ക് ഉണ്ടാകാറുള്ള മൂത്ര സംബന്ധമായ പല ഇൻഫെക്ഷനുകളും ക്യത്യമായി വെള്ളം കുടിയ്ക്കത്തതുമൂലമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോഷകങ്ങൾ എത്തിക്കുന്നതു പോലെ തന്നെ, ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതും വെള്ളമാണ്. മൂത്രത്തിലൂടെയാണ് ഇവ പുറത്തുപോകുന്നത്. നന്നായി വെള്ളം കുടിയ്ക്കാത്ത ഗർഭിണികൾക്ക് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സാധിക്കാതെ വരും. ഇത് വ്യക്കകളെയും മറ്റും സാരമായി ബാധിക്കും. ഗർഭസ്ഥ ശിശുവിനടക്കം അപകടം വിളിച്ചു വരുത്താൻ സാധ്യതയുണ്ട്.
ക്ഷീണവും തളർച്ചയും അകറ്റുന്നു
പൊതുവെ ഗർഭിണികളായിരിക്കുമ്പോൾ സ്ത്രീകൾക്ക് തളർച്ചയും ക്ഷീണവും പതിവാണ്. പെട്ടെന്ന് മൂഡ് ചെയ്ഞ്ച് ഉണ്ടാകുന്നതും സാധാരണയാണ്. എന്നാൽ ഇതിൽ നിന്നും രക്ഷനേടാനും വെള്ളത്തെ ആശ്രയിക്കാം. ശരീരത്തിൽ നിർജലീകരണം ഉണ്ടാകുമ്പോഴാണ് പലപ്പോളും തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നത്. ശരീര ഊഷ്മാവ് വർധിക്കുന്നതായും കാണാറുണ്ട്. നന്നായി വെള്ളം കുടിയ്ക്കുന്ന സ്ത്രീകൾക്ക് മറ്റുള്ള ഗർഭിണികളെ അപേക്ഷിച്ച് ഇത്തരം ക്ഷീണവും തളർച്ചയും കുറവായിരിക്കും.
ആംമ്നിയോട്ടിക് ഫ്‌ളൂയിഡിന്റെ അളവ് വർധിപ്പിക്കുന്നു
ഭ്രൂണത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് ആംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്. ഇത് കുഞ്ഞിന ഗർഭപാത്രത്തിൽ സംരക്ഷിച്ചു നിർത്തുന്നതിനൊപ്പം, ഗർഭപാത്രത്തിൽ കുഞ്ഞിന് ചലിക്കാനുള്ള സാഹചര്യവും ഒരുക്കി നൽകുന്നു. എന്നാൽ ഗർഭിണികളിലുണ്ടാകുന്ന നിർജലീകരണം ഫഌയിഡിന്റെ സാന്നിധ്യം ഇല്ലാതാക്കുകയും കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. ധാരാളം വെള്ളം കുടിയ്ക്കുന്നതുകൊണ്ട് മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കൂ.
ധാരാളം വെള്ളം കുടിയ്ക്കണം എന്ന് പറയുമ്പോഴും പല ഗർഭിണികൾക്കും വെള്ളത്തിന്റെ കണക്കിനെ സംബന്ധിച്ച് സംശയങ്ങളുണ്ടാകാം. ഗർഭിണികളായിരിക്കുന്നവർ ദിനം തോറും 10 മുതൽ 13 ഗ്ലാസ് വരെ വെള്ളം കുടിയ്ക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 3 ലിറ്റർ വരെ വെള്ളം കുടിയ്ക്കുന്നതും ഗർഭിണികൾക്ക് യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒറ്റത്തവണ വലിയ അളവിൽ വെള്ളം കുടിയ്ക്കാതെ ഇടവേളകളിൽ കുറച്ചു കുറച്ചായി വെള്ളം കുടിയ്ക്കുക. ഇതിലൂടെ നാം അറിയാതെ തന്നെ ധാരാളം വെള്ളം നമുക്കുള്ളിൽ ചെല്ലുന്നു. അതിനാൽ വെള്ളം കുടിയ്ക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ട