spot_img

ലോക്ക്ഡൗൺ കാലത്ത് വീട്ടിലെ കുത്തിയിരിപ്പ് എങ്ങനെ പ്രയോജനപ്പെടുത്താം..?

WhatsApp Image 2020-03-31 at 11.58.28 AM ശ്രീ.മുജീബ് റഹിമാൻ  എൻ.കെ (Counselling and family therapist )

 

രാജ്യം മുഴുവൻ ലോക്ക് ഡൗണിലാണ്.പലരും വീട്ടിലിരുന്ന് സമയം പോയിക്കിട്ടാൻ പെടാപ്പാട് പെടുകയാണ്.എന്നാൽ ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ കുത്തിയിരിപ്പ് എങ്ങിനെ പ്രയോജനപ്പെടുത്താം?

നമ്മുടെ രാജ്യം പൂർണമായും ലോക്ക് ഡൗണിലേക്ക് മാറിക്കഴിഞ്ഞു.ഇനിയുള്ള ദിവസങ്ങൾ വളരെയധികം നിർണായകമാണ്. നമുക്കോ നമ്മുടെ മുൻതലമുറക്കോ അത്ര കണ്ടു പരിചയമില്ലാത്ത ഒരു സാഹചര്യമാണ് ഇപ്പോൾ നമ്മുടെ മുൻപിലുള്ളത്.ഈ മഹാവിപത്തിനെ തടയാൻ ഗവൺമെൻറ് നൽകുന്ന എല്ലാ നിർദ്ദേശങ്ങളും അണുവിട മാറാതെ അനുസരിക്കുക എന്നുള്ളതാണ് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വം.വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സ്വയം ക്വാറന്റൈൻ പ്രഖ്യാപിച്ച് ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി നമ്മെയും നമ്മുടെ കുടുംബത്തെയും നമ്മുടെ സമൂഹത്തെയും രോഗവിമുക്തിയുടെ ദിനങ്ങളിലേക്ക് എത്തിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.നമ്മൾ മനസ്സിലാക്കേണ്ടത് ഇതിന്റെ പകർച്ച തടയാൻ എത്ര ലളിതമാണ് പ്രതിരോധമാർഗങ്ങൾ എന്നുള്ളതാണ്.കൈകൾ സോപ്പിട്ട് വൃത്തിയാക്കുക, വീട്ടിനകത്ത് ഇരിക്കുക എന്നീ രണ്ട് കാര്യങ്ങൾ മാത്രമാണ് പ്രാഥമികമായി നമുക്ക് ചെയ്യാനുള്ളത്. ഇത് രണ്ടും ശിരസ്സാ വഹിച്ച് ഉത്തമ പൗരന്മാരായി സർക്കാർ നിർദേശങ്ങൾ പാലിച്ചു ജീവിക്കുക എന്നുള്ളതാണ് നമ്മുടെ പ്രധാന ചുമതല.

 

കുട്ടികളായ നമ്മുടെ മുന്നിൽ ഉയർന്നു വരുന്ന ഒരു പ്രധാന ചോദ്യം ഇനിയുള്ള ദിനങ്ങൾ എങ്ങനെ ചെലവഴിക്കും എന്നുള്ളതാണ്.

ആദ്യമേ നമ്മുടെ കാര്യങ്ങൾ ഒരു ടൈംടേബിൾ ആക്കി മാറ്റാൻ ശ്രദ്ധിക്കുക.

 

പലപ്പോഴും കുട്ടികൾക്കുള്ള ഒരു പ്രധാന പരാതി പത്രം വായിക്കാൻ സമയം കിട്ടുന്നില്ല എന്നുള്ളതായിരുന്നു.ഇനി എന്തായാലും ഇപ്പോൾ ആ പ്രശ്നം ഉണ്ടാവില്ല. ശ്രദ്ധയോടെയുള്ള പത്രവായന ശീലമാക്കി അതിലൂടെ ഒരു ദിവസത്തിന് തുടക്കം കുറിക്കുക.നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വായനയിലേക്കുള്ള തുടക്കം കുറിക്കുക. അതോടൊപ്പം തന്നെ ഈ മഹാമാരിയെ കുറിച്ച് സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ വായിച്ച് ഒരു ബോധ്യപ്പെടൽ ഉണ്ടാക്കിയെടുക്കാൻ പത്രങ്ങൾ നമ്മെ ഏറെ സഹായിക്കും.

 

പഠനത്തോടൊപ്പം വിനോദത്തിനും പ്രാധാന്യം കൊടുക്കേണ്ട സമയമാണിപ്പോൾ. പുസ്തകവായന,ചിത്രം വരക്കുന്നവരുണ്ടെങ്കിൽ ഒരുദിനം ഒരു ചിത്രം, സംഗീതത്തിൽ താല്പര്യമുള്ളവർ അത്തരത്തിൽ, മാതാപിതാക്കളെ വീട്ടു ജോലികളിൽ സഹായിക്കൽ,വീടും പരിസരവും വൃത്തിയാക്കൽ, പാഠപുസ്തകങ്ങളും മറ്റും തരംതിരിച്ച് അടുക്കും ചിട്ടയോടും കൂടി വെക്കൽ, ഇഷ്ടപ്പെട്ട സിനിമ കാണൽ,എന്നീ കാര്യങ്ങൾക്കെല്ലാം സമയം കണ്ടെത്തുക. അതോടപ്പം പൂന്തോട്ടം, പച്ചക്കറി തോട്ടം, പറവകൾക്ക് ദാഹജലം ഒരുക്കി വെക്കൽ എന്നിവയിലൂടെയെല്ലാം നമ്മുടെ ഒഴിവിനെ രസകരമാക്കി മാറ്റിയെടുക്കാം.

 

നിങ്ങളുടെ കലാസൃഷ്ടികൾ,നിങ്ങൾ വായിച്ച പുസ്തകങ്ങൾ, വായിക്കുന്ന പുസ്തകങ്ങൾ,ഞാൻ ഇന്ന് എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക .

 

നമ്മളെല്ലാവരും ഇന്ന് ഫോൺ ഉപയോഗിക്കുന്നവരാണ് എന്നാൽ നാം ശ്രദ്ധിക്കേണ്ടത് പൂർണ്ണമായും സ്മാർട്ട് ഫോണിന് അഡിക്റ്റ് ആവാതിരിക്കുക എന്നുള്ളതാണ്.

നെല്ലും പതിരും വേർതിരിച്ച് വേണം മൊബൈൽ ഫോൺ ഉപയോഗിക്കാൻ. നിങ്ങളുടെ സുഹൃത്തുക്കളെ, ബന്ധുക്കളെ, അയൽവാസികളെ എല്ലാം വിളിച്ച് ക്ഷേമാന്വേഷണം നടത്തി നല്ലൊരു റിലേഷൻഷിപ്പ് അക്കൗണ്ട് തുടങ്ങി അത് സമ്പുഷ്ടമാക്കാൻ ശ്രമിക്കുക.

 

മിക്കവാറും എല്ലാവരുടെയും വീട്ടിൽ കമ്പ്യൂട്ടറോ,ലാപ്ടോപ്പോ ഉണ്ടാവും,ഓഫീസ് സോഫ്റ്റ്‌വെയറിലെ റൈറ്റർ,എക്സൽ,പവർ പോയിൻറ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടാനും അതിനെ കുറിച്ച് മനസ്സിലാക്കാനും ഈ സമയം ഉപയോഗപ്പെടുത്താവുന്നതാണ്..ഇവയെല്ലാം ഇനിയുള്ള കാലഘട്ടത്തിൽ നമ്മുക്ക് ഏറെ അനിവാര്യമായിട്ടുള്ളവയാണ്.

 

നിങ്ങളുടെ രക്ഷിതാക്കളോട് ചോദിച്ചാൽ അവർ പറഞ്ഞുതരും അവരുടെ കുട്ടിക്കാലത്ത് അവർ കളിച്ചിരുന്ന വീട്ടിനകത്ത് ഇരുന്ന് കളിക്കാവുന്ന കളികൾ.മനസ്സിന്റെ ഏകാഗ്രത കൂട്ടുന്ന,ക്ഷമ വർധിപ്പിക്കുന്ന, കാത്തിരിപ്പിൽ മുഷിപ്പ് തോന്നിപ്പിക്കാത്ത കൊച്ചു കൊച്ചു കളികൾ, അനിയന്മാരുടെകൂടെ കളിക്കുക.ഇടക്കിടക്ക് അവർക്കൊന്നു തോറ്റു കൊടുത്തു അവരെയും നമ്മോടൊപ്പം എത്താൻ സഹായിക്കുക.

 

വിനോദം പോലെ തന്നെ പ്രധാനമാണ് ഭക്ഷണവും വ്യായാമവും.

ധരാളം വെള്ളം കുടിക്കുന്നത് ഈ സമയത്ത് ശീലമാക്കുക. ആരോഗ്യത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്ന് വ്യായാമം തന്നെയാണ്.അതിനു വേണ്ടത്ര സമയം കണ്ടെത്തുക.

 

മറ്റൊരു കാര്യം കൂടി ഉണർത്താനുള്ളത്, ഭാവിയിൽ നാം ആരാകണം? എന്തായിരിക്കണം നമ്മുടെ കരിയർ ?,

ആ കരിയറിൽ എത്തിപ്പെടാനുള്ള വഴികൾ എന്തെല്ലാമാണ് ?തുടങ്ങിയവ എഴുതി വെക്കുന്നത് നമ്മുടെ കരിയറിനെ കുറിച്ചുള്ള സങ്കൽപങ്ങൾക്ക് ഗുണപ്രദമാകും.എഴുതി വെക്കലിലൂടെ അതിലേക്ക് എത്താനായി നാം വായിക്കേണ്ട പുസ്തകങ്ങൾ,കാണേണ്ട മേഖലകൾ,കണ്ടെത്തേണ്ട മേഖലകൾ, പരിചയപ്പെടേണ്ട വ്യക്തികൾ, എന്നിവയെല്ലാം മനസ്സിലാക്കാൻ സാധിക്കും.

 

ഏതു കാര്യവും വ്യക്തതയോട് കൂടി പറയാനുള്ള അറിവും ശേഷിയും നാം സ്വായത്തമാക്കണം.

ഉദാഹരണത്തിന് ഇപ്പോൾ നമ്മളെ പേടിപ്പെടുത്തുന്ന ജീവന് വരെ ഭീഷണിയായ ഒരു വിഷയമാണല്ലോ കൊറോണ.

എന്താണ് കൊറോണ? എന്താണ് കോവിഡ് 19?, എങ്ങനെ ഇത് വരുന്നു?, പടരുന്നു? എന്തെല്ലാമാണ് പരിഹാരമാർഗങ്ങൾ? പരിശോധന എങ്ങനെ?, ഇതിനുള്ള സൗകര്യങ്ങൾ എവിടെയാണുള്ളത്? തുടങ്ങിയ ചോദ്യങ്ങൾ സ്വയം ചോദിച്ചുനോക്കൂ ഉത്തരമില്ലാത്തവ യുണ്ടെങ്കിൽ അത് കണ്ടെത്തി വ്യക്തമായ അറിവ് നേടിയെടുക്കുക. ശരിയായ അറിവുകൾ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുക. ഇങ്ങനെ എല്ലാ കാര്യങ്ങളിലും എല്ലാ വിഷയങ്ങളിലും ചെറിയൊരു അവഗാഹം നിർബന്ധമായും ഉണ്ടാക്കിയെടുക്കുക.

സാമൂഹിക അകലം പാലിച്ചു, സമ്പർക്കമില്ലാതെ,രോഗം പകരുന്ന കണ്ണികളിൽ ഒരാളാകാതിരിക്കാം നമുക്ക് ഓരോരുത്തർക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.