- നിങ്ങൾ സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്. വെള്ളമില്ലാതെ ഗുളിക കഴിക്കയുമരുത്.
- പ്രമേഹരോഗികൾ നോമ്പുതുറയ്ക്ക് ശേഷം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് പഞ്ചസാര, ശർക്കര, തേൻ എന്നിവ ഒഴിവാക്കണം. കൂടാതെ പ്രമേഹരോഗികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മൂന്ന് ഡോസ് കഴിച്ചിരുന്ന മരുന്ന് രണ്ട് ഡോസായി ക്രമീകരിക്കാവുന്നതാണ്.
- നിലവിൽ ചികിത്സയുടെ ഭാഗമായി ഭക്ഷണക്രമീകരണം നടത്തിവരുന്ന രോഗികൾ അത് തുടരാൻ ശ്രദ്ധിക്കുക.
- ഏറെ സമയം ഭക്ഷണം കഴിക്കാതിരുന്നതിനാൽ പല ആളുകളും ഭക്ഷണം കിട്ടുന്ന സമയത്ത് വലിയ അളവിൽ കഴിക്കാറുണ്ട്. ഈ പ്രവണത ഒഴിവാക്കുക. ആദ്യം മിതമായ അളവിൽ ഭക്ഷണം കഴിക്കുക.
- കൂടിയ അളവിൽ ചൂട് അനുഭവപ്പെടുന്ന സമയമായതിനാൽ നിർജലീകരണം സംഭവിച്ചേക്കാം. അതുകൊണ്ട് ഭക്ഷണം കഴിക്കാൻ വിശ്വാസപ്രകാരം അനുവദനീയമായ സമയങ്ങളിൽ നന്നായി വെള്ളം കുടിക്കുക.
- നോമ്പുതുറയ്ക്കായി ഈന്തപ്പഴം കഴിക്കുന്നതാണ് ഉത്തമം. ഈന്തപ്പഴത്തിലെ ഉയർന്ന തോതിലുളള പോഷകങ്ങൾ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം വിശപ്പ് ഉടൻ കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുളള സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുളള പൊട്ടാസ്യം നാഡികളെ ഉണർത്തി ക്ഷീണം ഇല്ലാതാക്കും.
- അത്താഴത്തിന് തലേദിവസത്തെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഴയഭക്ഷണം ആരോഗ്യപ്രദമമല്ലെന്ന് മാത്രമല്ല, പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
- അത്താഴത്തിന് അപ്പോൾ തയാറാക്കിയ കഞ്ഞി, പാൽ, പച്ചക്കറി വിഭവങ്ങൾ, സൂപ്പുകൾ എന്നിവ കഴിക്കാം.
- നോമ്പുതുറക്കുമ്പോൾ ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങ, പച്ചക്കറികൾ, ചെപഴം എന്നിവ കഴിക്കാം. ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽത്തന്നെ കഴിക്കുന്നതാണു നല്ലത്.
- മത്സ്യം, മാംസം എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
- എണ്ണയിൽ വറുത്തതും, ഉയർന്ന അളവിൽ എരിവും പുളിയുമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കാം.