spot_img

കുരങ്ങു പനിയെ ഭയപ്പെടുകയല്ല, ജാഗ്രതയോടെ നേരിടണം

കുരങ്ങു പനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടു വരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം.

ലക്ഷണങ്ങള്‍

  • ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി
  • തലകറക്കം , ഛര്‍ദ്ദി
  • കടുത്ത ക്ഷീണം
  • രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം,ദേഹത്ത് ചൊറിഞ്ഞ് തടിക്കല്‍

നവംബര്‍ മുതല്‍ മെയ് മാസം വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടു വരുന്നത്. ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗ ലക്ഷണങ്ങളുണ്ടാകാം. രോഗ ബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുള്ള സമ്പര്‍ക്കം വഴിയും മനുഷ്യരിലേക്ക് രോഗം പകരും. വളര്‍ത്തു മൃഗങ്ങളില്‍ രോഗം പ്രകടമാകുമ്പോള്‍ തന്നെ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാല്‍ കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നത് തടയാം. വളര്‍ത്തു മൃഗങ്ങളിലേക്ക് പകരുന്ന ചെള്ളുകളെ ലേപനങ്ങള്‍ ഉപയോഗിക്കുക വഴി ഫലപ്രദമായി തടയാം.

പ്രതിവിധി

കന്നു കാലികളില്‍ 1% വീര്യമുള്ള Flumethrin ലായനി ഉപയോഗിക്കാം. Flupor, Poron എന്നീ പേരുകളില്‍ 50 മി.ലി. കുപ്പികളിലും ഈ മരുന്ന് ലഭ്യമാണ്. ഉരുവിന്റെ നട്ടെല്ലിന്റെ തുടക്കം മുതല്‍ വാലിന്റെ കടഭാഗം വരെ നട്ടെല്ലിന്റെ മുകളിലൂടെ ലേപനം പുരട്ടണം. സൂര്യപ്രകാശം തട്ടിയാല്‍ തൊലിപ്പുറമെ അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതി രാവിലെയോ സന്ധ്യക്കോ ലേപനം പുരട്ടുന്നതാണ് നല്ലത്. ഒരു തവണ മരുന്ന് ഉപയോഗിച്ചാല്‍ 45 ദിവസത്തേക്ക് പ്രയോജനം ലഭിക്കും.

വളര്‍ത്തു നായ്ക്കളില്‍ 12.5% വീര്യമുള്ള Deltamethrin എന്ന മരുന്ന് ഉപയോഗിക്കണം. Butox 12.5% എന്ന പേരില്‍ 15 മി.ലി. കുപ്പികളിലും മരുന്ന് ലഭ്യമാണ്. രണ്ട് മി.ലി മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നായ്ക്കളുടെ ദേഹത്തു പുരട്ടി 10 മിനിറ്റിനു ശേഷം കുളിപ്പിക്കണം.

വനാതിര്‍ത്തിയില്‍ താമസിക്കുന്ന കന്നുകാലി ഉടമസ്ഥരും വളര്‍ത്തു നായ്ക്കള്‍ ഉള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്ന് ഉപയോഗിക്കണം. വിശദ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും മൃഗാശുപത്രികളുമായി ബന്ധപ്പെടുക.

കുരങ്ങു പനിയെ ഭയപ്പെടുകയല്ല ,ജാഗ്രതയോടെ നേരിടുകയാണ് വേണ്ടത്. താഴെ പറയുന്ന 7 കാര്യങ്ങള്‍ ശ്രദ്ധിക്കുക കുരങ്ങു പനിയെ തടയുക

  • കുരങ്ങു പനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക
  • വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള നീണ്ട വസ്ത്രങ്ങള്‍ ധരിക്കുക.
  • വസ്ത്രത്തിന് പുറമേയുള്ള ശരീര ഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക.
  • വനത്തില്‍ പോയിട്ട് തിരിച്ചു വരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിരിക്കുന്നില്ല എന്ന് വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം. ചെള്ള് കടിച്ചിരിപ്പുണ്ടെങ്കില്‍ ശ്രദ്ധയോടെ അവയെ നീക്കം ചെയ്യുക
  • വനത്തില്‍ സ്ഥിരമായി ജോലിക്ക് പോകുന്നവര്‍ കുരങ്ങുപനി തടയാനുള്ള മൂന്ന് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ നാലു ബൂസ്റ്റര്‍ ഡോസും വേണം. കുത്തിവെയ്പ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.
  • വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണ്. അവ വാങ്ങി കന്നുകാലികളുടെ ശരീരത്തില്‍ പുരട്ടുക.
  • കുരങ്ങുകള്‍ ചത്തുകിടക്കുന്നതായി കണ്ടാല്‍ വനം വകുപ്പ് അധികൃതരെയോ ആരോഗ്യപ്രവര്‍ത്തകരെയോ ഉടന്‍ വിവരം അറിയിക്കുക
  • കടുത്ത തലവേദന, ക്ഷീണം എന്നിവയോടുകൂടിയ പനിയും കിടുങ്ങലുമുള്ളവര്‍ സ്വയം ചികിത്സക്ക് മുതിരാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.