ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമാണ്. സമൂഹത്തിന് മാനസികാരോഗ്യത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഡോക്ടറെ കാണാനുള്ള മടിയും നാണക്കേടും മാറ്റുന്നതും ഇതിന്റെ ഭാഗമായാണ്. ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും ഇതുമായി ബന്ധപ്പെട്ട് സന്ദേശം നല്‍കാറുണ്ട്. ഈ വര്‍ഷത്തെ സന്ദേശം ആത്മഹത്യ തടയുക എന്നതാണ്. ആത്മഹത്യയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഇന്ന് വളരെ കുറവാണ്.
കണക്കുകള്‍ പ്രകാരം എല്ലാ 40 സെക്കന്‍ഡിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നു. ഒരു വര്‍ഷം എട്ടു ലക്ഷത്തോളം പേര്‍ ഇങ്ങനെ സ്വയം മരണത്തിന് മുന്നില്‍ കീഴടങ്ങുന്നു. പതിനഞ്ചും 29 ഉം വയസിലുള്ളവരുടെ മരണത്തില്‍ പ്രധാന കാരണം ആത്മഹത്യ തന്നെയാണ്. ആത്മഹത്യ ചെയ്തവരില്‍ 39 ശതമാനം സ്ത്രീകളും 7 ശതമാനം പുരുഷന്മാരും ഇന്ത്യയില്‍ നിന്നുമാണുള്ളത്. ഏറ്റവും കൂടുതല്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് സ്ത്രീകള്‍ ആണെങ്കിലും ആത്മഹത്യ ചെയ്യുന്നത് കൂടുതലും പുരുഷന്‍മാരാണ്. സ്ത്രീകളെ അപേക്ഷിച്ച് നാലിരട്ടിയോളം വരുമിത്. പെട്ടെന്ന് ഒരാള്‍ എടുക്കുന്ന ആത്മഹത്യ എന്ന തീരുമാനം മൂലം കുടുംബവും സുഹ്യത്തുക്കളുമാണ് വേദനപ്പെടുന്നത്.
എന്തുകൊണ്ട് ആത്മഹത്യ
ദൈനം ദിന ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍
പഠിക്കുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യാനുള്ള പ്രധാന കാരണം അവര്‍ക്ക് സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിക്കുന്ന അധിക സമ്മര്‍ദ്ദമാണ്. കുടുംബത്തില്‍ നിന്നും കൂടി സമ്മര്‍ദ്ദം ഏറുമ്പോള്‍ പ്രശ്നം ഗുരുതരമാകുന്നു. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും ആത്മഹത്യയ്ക്ക കാരണമാകുന്നു. മുതിര്‍ന്നവരില്‍ സാമ്പത്തിക ബാധ്യത, കുടുംബ പ്രശ്നങ്ങള്‍ ജോലിസ്ഥലത്തെ വിഷയങ്ങള്‍ എന്നിവയാണ് പ്രധാനമായും ആത്മഹത്യയിലേക്ക് തള്ളി വിടുന്നത്. ചെറിയ ഒരു ശതമാനം ആളുകളില്‍ മാത്രം എന്തു കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്? അവരില്‍ കോപ്പിന്‍ മെക്കാനിസം, ടെന്‍ഷന്‍, പ്രഷര്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ നേരിടണം എന്നറിയാതെ തളര്‍ന്നു പോകുന്നു. ഇത് ആത്മഹത്യയിലേക്ക് നയിക്കുന്നു. മാതാപിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും മറ്റുള്ളവര്‍ എങ്ങനെയാണ് പ്രശ്നങ്ങള്‍ നേരിടുന്നതെന്ന് കണ്ട് പഠിക്കുന്ന ഒരു കുട്ടിക്ക് പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ് താനേ ഉണ്ടാകുന്നു. അതേ സമയം പ്രശ്നങ്ങള്‍ അറിയാതെ വളരുന്നവര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നു.
മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട മാനസിക ചിന്തകള്‍
വിഷാദ രോഗം മൂലം ആത്മഹത്യ ചെയ്ത പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ നമുക്ക് ചുറ്റുമുണ്ട്. എനിക്ക് ഇനി ഭാവിയില്ല, ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന ചിന്തകള്‍ ആത്മഹത്യയിലേക്ക് ഇവരെ നയിക്കുന്നു. എടുത്തുചാട്ടവും ആത്മഹത്യയ്ക്ക് കാരണമാകറുണ്ട്. സ്വഭാവത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു
എന്തു ചെയ്യാം
ആത്മഹത്യയും ഒരു രോഗാവസ്ഥ തന്നെയാണ്. ഇതിനും ലക്ഷണങ്ങളുണ്ട്.
എനിക്ക് മരിക്കണം എന്ന് മറ്റുള്ളവരോട് പറയുന്ന ആളുകള്‍, എങ്ങനെ മരിക്കണം, എപ്പോള്‍ മരിക്കണം എന്ന് പ്ലാന്‍ ചെയ്യുന്നവര്‍, ഡയറികളിലോ മറ്റോ ആത്മഹത്യയെ കുറിച്ച് എഴുതുന്നവര്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാരില്‍ നിന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍, എപ്പോഴും സങ്കടപ്പെട്ടിരിക്കുന്നവര്‍, ഉറക്കം കുറയുന്നതും കൂടുന്നതും പ്രശ്നമാണ്. സന്തോഷം തോന്നിതിരിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. പെട്ടെന്ന് ദേഷ്യം വരുക, സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, സാധനങ്ങള്‍ എറിഞ്ഞുടയ്ക്കുക, അതിസാഹസികത കാണിക്കുക എന്നിവയും ശ്രദ്ധിക്കേണ്ടവയാണ്.
ഇത്തരം ലക്ഷണങ്ങള്‍ കാണുന്നവരില്‍ പരസ്പരം സംസാരിച്ചാലോ ഒരു യാത്ര പോയാലോ ഒന്നും ഇതിന് ശാശ്വതമായ പരിഹാരം കാണാന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്. ഡോക്ടര്‍ ക്യത്യമായ പരിശോധന നടത്തും. എന്താണ് ആത്മഹത്യയ്ക്ക് കാരണം എന്ന് കണ്ടെത്തും. മാനസിക രോഗങ്ങളാണ് കാരണമെങ്കില്‍ അതിന് വേണ്ടുന്ന ചികിത്സയയും തെറാപ്പിയും കൗണ്‍സിലിങും നല്‍കും. സ്ട്രെസ്, മാസിക പിരിമുറുക്കം പോലുള്ളവയാണെങ്കില്‍ കൗണ്‍സിലിങും ചികിത്സയും നടത്തും. ഇത്തരക്കാരെ അഡ്മിറ്റ് ചെയ്താണ് ചികിത്സ.
മരുന്ന് കഴിയ്ക്കാതെ ഇതു കൊണ്ടൊന്നും ഫലമില്ലെന്ന് ചിന്തിക്കുന്ന നിരവധി പേര്‍ ഉണ്ട്. കുടുംബവും ബന്ധുക്കളുമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. മരുന്നുകള്‍ ക്യത്യമായി എടുത്തു കൊടുക്കുക. കാര്യങ്ങള്‍ ക്യത്യമായി അന്വേഷിക്കുക. എന്തെല്ലാം കാര്യങ്ങളാണ് അവര്‍ ചെയ്യുന്നതെന്നും ശ്രദ്ധിക്കണം. ആത്മഹത്യ ഒരു പരിധി വരെ തടയാന്‍ കഴിയുന്ന ഒന്നാണ്.