ഇന്ന് ലോകഹെപ്പറ്റൈറ്റിസ് ദിനം. കരളിനെയാണ് ഈ രോഗം ബാധിക്കുന്നത്. ഹെപ്പറ്റൈറ്റിസ് സൃഷ്ടിക്കുന്ന പാര്‍ശ്വഫലങ്ങളാണ് പ്രധാനമായും ഭീതിയിലാക്കുന്നത്. അഞ്ചു വിഭാഗങ്ങളായാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് കാണുന്നത് എ, ബി, സി, ഡി, ഇ എന്നിങ്ങനെ. ഭക്ഷണ പദാര്‍ഥങ്ങളിലൂടെയാണ് എ, ഇ വിഭാഗം ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമേ ഇവ ശരീരത്തിനുള്ളില്‍ നില്‍ക്കാറുള്ളു.
മൂന്നു മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ ശരീരത്തില്‍ നിന്ന് ഈ രോഗാണു മുഴുവനായും നമ്മുടെ രോഗപ്രതിരോധശക്തി തന്നെ ഇവയെ നിര്‍മാര്‍ജ്ജനം ചെയ്യുന്നു. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വ്യത്യസ്ത സ്വഭാവം കാണിക്കുന്ന വൈറസുകളാണ്. ഇവ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഇവ വിട്ടുപോകണമെന്നില്ല. നിലവിലുള്ള ഏത് ചികിത്സാരീതികളിലൂടെ നമ്മള്‍ ചികിത്സിച്ചാല്‍ പോലും ഇവ പൂര്‍ണമായും വിട്ടുപോകാത്ത അവസ്ഥ ഉള്ളതുകൊണ്ടാണ് ഇവയെ ഭയക്കുന്നത്.
ഹെപ്പറ്റൈറ്റിസ് എയ്ക്കും ഇയ്ക്കും ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളില്‍ പനി, ഛര്‍ദ്ദി, വയറുവേദന ഇതോടൊപ്പം ഒരാഴ്ച കഴിയുമ്പോള്‍ മഞ്ഞപ്പിത്തം വരും. ഹെപ്പറ്റൈറ്റിസ് ബി.യും സിയും ലക്ഷണങ്ങള്‍ വളരെ പതുക്കെ മാത്രമേ പ്രകടമാകൂ. രോഗിയെ സംബന്ധിച്ച് ചെറിയ അസ്വസ്ഥതകള്‍ അതാതയത് ചെറിയ തോതില്‍ ദേഹം വേദന, ക്ഷീണം ഒക്കെയേ ഉണ്ടാകൂ. ബിയും സിയും പരിശോധിച്ചു നോക്കുമ്പോള്‍ മാത്രമേ ഇവ ശരീരത്തിനുള്ളിലുണ്ടെന്നത് അറിയാന്‍ സാധിക്കൂ.