1945 ഒക്ടോബർ 16 ന് ആണ് ഐക്യരാഷ്ട്ര സഭ ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്.ആ ഓർമ്മ നിലനിർത്തുന്നതിനാണ് വർഷാവർഷം ലോക ഭക്ഷ്യ ദിനമായി ഒക്ടോബർ 16 ആചരിക്കുന്നത്. സമൂഹത്തിലെ പട്ടിണി മാറ്റാൻ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ലോകം മുഴുവൻ ഒരുമിച്ച് നില്കേണ്ടതിന്റെ ആവശ്യകത ഓർമിക്കുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത് . ഏകദേശം 150 ഓളം ലോക രാജ്യങ്ങൾ ഈ പ്രവർത്തങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ഫുഡ് ഡേ.
ഭക്ഷണമെന്നത് ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ്. ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അവർക്ക് ആവശ്യമായ അളവിൽ സുരക്ഷിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം നേടാനാവശ്യമായ സാഹചര്യം എല്ലാവർക്കും ഉണ്ടാക്കുകയാണ് ഭക്ഷ്യ സുരക്ഷ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ലോകത്ത് ഒരു വിഭാഗം ജനങ്ങള്‍ അമിത ഭക്ഷണം മൂലമുള്ള പ്രയാസങ്ങള്‍ നേരിടുമ്പോള്‍ മറ്റൊരു വിഭാഗം ആവശ്യത്തിന് ഭക്ഷണമില്ലാതെ പ്രയാസപ്പെടുകയാണ്.
ഏകദേശം 820 മില്യണ്‍ ആളുകളാണ് ലോകത്ത് പട്ടിണിയെത്തുടര്‍ന്നുള്ള രോഗങ്ങളുമായി ജീവിക്കുന്നത്. അതേസമയം 670 മില്യണിലധികം ജനങ്ങള്‍ അമിതവണ്ണവും അതുമായി ബന്ധപ്പെട്ടുള്ള മറ്റ് അസുഖങ്ങളുമായി ജീവിക്കുന്നു. ലോകത്ത് ഓരോ ദിവസവും അഞ്ചു വയസ്സില്‍ താഴെയുള്ള അഞ്ചു മില്യണ്‍ കുട്ടികള്‍ പോഷകക്കുറവിനെ തുടര്‍ന്ന് മരിക്കുന്നുവെന്നാണ് കണക്കുകള്‍. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്തതിനാലാണ് പോഷകക്കുറവ് മൂലമുള്ള അസുഖങ്ങള്‍ പിടിപെടുന്നതും മരണം സംഭവിക്കുന്നതും.
എല്ലാ വര്‍ഷവും ഭക്ഷ്യദിനത്തിന് ഒരു ചിന്താവിഷയം ഉണ്ടാകാറുണ്ട്. അമിത ഭക്ഷണം കഴിക്കുന്നവര്‍ക്കും ആവശ്യത്തിനു പോലും ഭക്ഷണം ലഭിക്കാത്തവര്‍ക്കുമിടയില്‍ ഒരു സന്തുലനം കൊണ്ടു വരിക എന്നതാണ് ഈ വര്‍ഷത്തെ ലക്ഷ്യം. അതോടൊപ്പം, നിങ്ങളെന്താണോ കഴിക്കുന്നത് അതേക്കുറിച്ച് ചിന്തിക്കുക എന്നതും ഈ ഭക്ഷ്യ ദിനത്തിന്റെ വിഷയമാണ്.
കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ലോകം ലോകം ചെറുതായിക്കൊണ്ടിരിക്കുകയാണ്. വരുമാനം കൂടിയതോടെ ലോകത്തിന്റെ ഏത് കോണിൽ ഉള്ള ആഹാര സാധനങ്ങളും നമുക്ക് ലഭ്യമാവാൻ തുടങ്ങി. അതോടെ നമ്മൾ കഴിക്കുന്ന ആഹാരങ്ങളും ഭക്ഷണ രീതിയും മാറി. പണ്ടുകാലത്ത് സസ്യ ഭക്ഷണങ്ങൾ ആയിരുന്നുനമ്മുടെ പൂര്‍വ്വികര്‍ കൂടുതലായും ഉപയോഗിച്ചിരുന്നത്. ഓരോ സീസണിലും നമുക്ക് നിരവധി പഴങ്ങളും പച്ചക്കറികളും ലഭിക്കുമായിരുന്നു. അതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളില്‍ കുടുതലും process ചെയ്തവയും മാംസാഹാരവും മധുരവും കൊഴുപ്പും ഉപ്പും കൂടിയവയുമാണ്.
അതുപോലെ ഇപ്പോൾ നമുക്ക് ആഹാരം പാകം ചെയ്യാന്‍ സമയം ഇല്ലാതായിരിക്കുന്നു. അതുകൊണ്ട് ഇന്‍സ്റ്റന്റ് ഫുഡുകളെയും ഫാസ്റ്റ് ഫുഡിനെയും ആശ്രയിക്കാന്‍ തുടങ്ങി. വ്യായാമക്കുറവ് മറ്റൊരു കാര്യമാണ്. മുതിർന്നവർക്ക് ജോലിത്തിരക്കും കുട്ടികൾക്ക് സ്കൂളും ട്യൂഷനും. അതെല്ലാം കഴിയുമ്പോള്‍ കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ സമയംകൊല്ലിയാകും… ദിവസം 1 മണിക്കൂർ പോലും വ്യായാമം ചെയ്യാൻ ആർക്കും സമയം ഇല്ലാതെ ആയി .
ഇതിന്റെ എല്ലാം ഫലമാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന കൂടിയ തോതിലുള്ള പ്രമേഹവും ക്യാൻസറുകളും പക്ഷാഘാതവും പൊണ്ണത്തടിയും ഒക്കെ. ജീവിത ശൈലീ രോഗങ്ങൾ എന്നാണ് ഇവയെ പറയുന്നത്. ഇന്ന് ലോകത്ത് നടക്കുന്ന അഞ്ചില്‍ ഒരു മരണം ഇത്തരം അസുഖങ്ങൾ കാരണമാണ്.
ഇനി നമുക്ക് ചെയ്യാൻ ഉള്ളത് വരും തലമുറയെയെങ്കിലും ഇത്തരം രോഗങ്ങളിൽ നിന്നും രക്ഷിക്കുക എന്നതാണ്. പത്തോ ഇരുപതോ വർഷങ്ങൾക്ക് മുൻപ് 40 വയസ്സിന് ശേഷം മാത്രം കണ്ട് വന്നിരുന്ന രോഗങ്ങൾ ഇന്ന് 20 ഉം 25 ഉം വയസ്സ് മുതൽ കാണാൻ തുടങ്ങിയിരിക്കുന്നു. പൊണ്ണത്തടിയും കൊളസ്‌ട്രോളും ഒക്കെ കുട്ടികളിലും പ്രധാന പ്രശ്‌നമായി മാറുകയാണ് . പെൺകുട്ടികൾക്ക് pcod പോലെ ഉള്ള രോഗങ്ങളും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇനിയും നമ്മൾ ഉണർന്ന് പ്രവർത്തിക്കാൻ വൈകിക്കൂടാ ..
കുട്ടികളെ നിങ്ങൾ സ്നേഹിക്കേണ്ടത് അവർ പറയുന്ന ജങ്ക് ഫുഡ്സും പേസ്ട്രികളും ചോക്ലേറ്റും ഒന്നും വാങ്ങിക്കൊടുത്തിട്ട് ആവരുത്. അങ്ങനെ നിങ്ങൾ നൽകുന്ന സ്നേഹം അവരെ മാറാരോഗങ്ങളിലേക്ക് തള്ളി വിടും..അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണ രീതി കുട്ടികളെ ശീലിപ്പിക്കുക. നിർബന്ധമായും ശരീരം അനങ്ങുന്ന കളികളിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക..കേട്ടിട്ടില്ലേ കതിരിൽ വളം വെച്ചിട്ട് കാര്യം ഇല്ല . നിങ്ങൾ ഇപ്പോൾ എന്താണോ കുട്ടികൾക്ക് കൊടുക്കുന്നത് അതാവും അവരുടെ ഭാവി നിശ്ചയിക്കുക .
അതുപോലെ മറ്റൊരു പ്രധാന കാര്യമാണ് ലോകത്ത് നിലനിൽക്കുന്ന പട്ടിണിയെ കുറിച്ചും ബോധവാന്മാരായിരിക്കുക എന്നത്. ആവശ്യത്തിനും അനാവശ്യത്തിനും നമ്മൾ ആഹാരം കഴിക്കുമ്പോൾ , ടൺ കണക്കിന് ഭക്ഷണം വേസ്റ്റ് ആക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന ബഹുഭൂരിപക്ഷം ജനങ്ങൾ ഈ ലോകത്ത് ഉണ്ട് എന്നത് എപ്പോഴും ഓർമയിൽ ഇരിക്കട്ടെ..