spot_img

സാര്‍വദേശീയ ശിശുദിനം വെറുമൊരു ദിനമല്ല: കുട്ടികളുടെ അവകാശങ്ങളും പരിചരണവും ഓര്‍മ്മിപ്പിക്കാനൊരു ദിനം

നവംബര്‍ 20 ന് ലോകം സാര്‍വദേശീയ ശിശുദിനം ആചരിക്കുന്നു. എന്നാല്‍ ഇന്ത്യക്കാരുടെ അന്താരാഷ്ട്ര ശിശുദിനം നവംബര്‍ 14 ആണ്. എന്തിനാണ് ഓരോ ശിശുദിനവും ആചരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍, ആവശ്യങ്ങള്‍, വിദ്യാഭ്യാസം, ശ്രദ്ധ, പരിചരണം എന്നിവയെപ്പറ്റി സമൂഹത്തിന് അവബോധമുണ്ടാക്കുന്നതിനു വേണ്ടിയാണ് നാം ഓരോ വര്‍ഷവും ശിശുദിനം ആചരിക്കുന്നത്. 1954 മുതല്‍ നവംബര്‍ 20 ഐക്യരാഷ്ട്ര സഭ സാര്‍വ ദേശീയ ശിശുദിനമായി ആചരിച്ചു വരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നവംബര്‍ 20 എന്ന തീയതിക്കനുസരിച്ചാണ് ഐക്യരാഷ്ട്ര സഭ സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളാറുള്ളത്.

1959 നവംബര്‍ 20 നാണ് കുഞ്ഞുങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച ബില്‍ ഐക്യരാഷ്ട്ര സഭയില്‍ പാസ്സാക്കുന്നത്. 1989 നവംബര്‍ 20 ന് സിആര്‍സി (Convention of Rights of Children) സാധ്യമായി. ഓരോ വര്‍ഷവും ഇതുപോലെ സുപ്രധാനമായ കാര്യങ്ങള്‍ സംഭവിക്കുന്നു. ഇത് കുഞ്ഞുങ്ങളുടെ അവകാശങ്ങളെപ്പറ്റി കൂടുതല്‍ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍- ജീവിക്കാനും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങള്‍, ശാരീരിക-മാനസിക ഉപദ്രവങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനുള്ള അവകാശങ്ങള്‍ മുതലായവ- ഉറപ്പു വരുത്താനാണ് ഓരോ ശിശുദിനത്തിനും നാം പ്രതിജ്ഞയെടുക്കേണ്ടത്.

ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനുമുള്ള ആദ്യത്തെ അവകാശം മുലപ്പാലിനുള്ള അവകാശമാണ്. ആദ്യത്തെ ആറു മാസം നിര്‍ബന്ധമായും മുലപ്പാലും പിന്നീട് സമീകൃതമായ, പോഷകാഹാരം കഴിച്ചു കൊണ്ടും വളരാനുള്ള സാഹചര്യം ഓരോ കുടുംബവും ഒരുക്കേണ്ടതുണ്ട്. ഭക്ഷണത്തോടൊപ്പം തന്നെ മാനസിക-ഭൗതിക വളര്‍ച്ചയ്ക്കുള്ള സാഹചര്യവും ഓരോ രക്ഷിതാവും കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. വളര്‍ച്ചയുടെ ഘട്ടങ്ങള്‍ മനസ്സിലാക്കി പ്രതിരോധ വാക്‌സിനേഷനുകള്‍ കൃത്യമായി ലഭ്യമാക്കേണ്ടതും രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. പ്രതിരോധ വാക്സിനുകള്‍ കുഞ്ഞുങ്ങളുടെ അവകാശമാണ്. പ്രതിരോധ കുത്തിവെപ്പുകളിലൂടെ ഏതൊക്കെ രോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുമോ അതെല്ലാം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കണം. പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കേണ്ട പ്രായവും ഘട്ടങ്ങളും വിശദീകരിക്കുന്ന കാര്‍ഡ് രക്ഷിതാക്കള്‍ക്ക് കുഞ്ഞിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഏതെന്നു മനസ്സിലാക്കിത്തരുകയും കൃത്യമായ വളര്‍ച്ച ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സാധാരണയായി മൂന്നു മാസമാകുമ്പോള്‍ കുഞ്ഞിന്റെ തല ഉറക്കുന്നു. എന്നാല്‍ മൂന്നു മാസവും ആറു മാസവും പത്തു മാസവും കഴിഞ്ഞിട്ടും കുഞ്ഞിന്റെ തലയുറച്ചോ എന്നു പരിശോധിക്കാത്തത് രക്ഷിതാവിന്റെ തെറ്റാണ്. എത്ര നേരത്തേ നാം ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയുന്നോ അത്രയും നേരത്തേ പരിഹാര മാര്‍ഗങ്ങളും സ്വീകരിക്കാന്‍ കഴിയുന്നു. കുഞ്ഞിന് പ്രായത്തിനനുസരിച്ചുള്ള തൂക്കം ഉണ്ടാവണമെങ്കില്‍ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരളത്തില്‍ ഐസിഡിഎസ്, ആരോഗ്യവകുപ്പ് എന്നിവ നല്‍കി വരുന്നു. ഈ കേന്ദ്രങ്ങളെ സമീപിച്ച് കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ സംബന്ധിച്ചോ പോഷകാഹാരത്തെ സംബന്ധിച്ചോ ഉള്ള സംശയങ്ങള്‍ ഏതൊരാള്‍ക്കും അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ്. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയെടുക്കാനും സ്വതന്ത്രമായി പഠിക്കാനും ചിന്തിക്കാനുമുള്ള അവകാശം കുട്ടികള്‍ക്ക് ഉറപ്പാക്കേണ്ടത് സമൂഹവും സര്‍ക്കാരും ചേര്‍ന്നാണ്.

കുഞ്ഞുങ്ങള്‍ക്ക് അവകാശങ്ങള്‍ മാത്രമല്ല, ചുമതലകളുമുണ്ട്. ശാരീരിക ശുചിത്വം, മതിയായ ആഹാരം, ലഹരിക്ക് അടിമപ്പെടാതിരിക്കല്‍ ഇങ്ങനെ നിരവധി ചുമതലകളും കുട്ടികള്‍ക്കുണ്ട്. കൗമാര കാലത്ത് അപകടങ്ങളില്‍ച്ചെന്ന് ചാടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ കുട്ടികള്‍ക്ക് മതിയായ ലൈംഗിക വിദ്യാഭ്യാസവും മറ്റും നല്‍കേണ്ടതുണ്ട്. ഓരോ കുട്ടിയും ശരിയായ ശാരീരിക-മാനസിക ആരോഗ്യത്തോടെ വളര്‍ന്നു വരുന്നു എന്നുറപ്പാക്കാനാണ് ഓരോ ശിശുദിനവും നമ്മോട് ആവശ്യപ്പെടുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.