spot_img

ലോക മാനസിക ആരോഗ്യ ദിനം: ആത്മഹത്യാ കാരണങ്ങളും ലക്ഷണങ്ങളും പരിഹാരവും

ഒക്ടോബര്‍ 10 ലോക മാനസിക ആരോഗ്യ ദിനം. എല്ലാവരും ചിന്തിക്കുന്നുണ്ടാകും എന്തിനാണ് ഇങ്ങനൊരു ദിവസമെന്ന്. പൊതു സമൂഹത്തിനു മാനസികാരോഗ്യത്തിന്റെ പ്രധാന്യത്തെ കുറിച്ച് മനസിലാക്കാനും മാനസിക രോഗങ്ങളെ കുറിച്ച് ബോധവത്കരണം നല്‍കുക എന്നതുമാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. മാനസികമായ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഡോക്ടറെ സമീപിക്കുന്നതിലുള്ള ഒരു ബുദ്ധിമുട്ട് പലരിലും നിലനില്‍ക്കുന്നുണ്ട്. അവര്‍ ഡോക്ടറെ സമീപിക്കുന്നത് നാണക്കേടായും മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് ചിന്തിക്കും ഗുളികകള്‍ കഴിച്ചാല്‍ പിന്നെയും പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നും മറ്റുമായിരിക്കും. ഇതെല്ലാം മാറ്റിയെടുക്കുന്നതും ഈ ഒരു ദിവസത്തിന്റെ പ്രത്യേകതയാണ്. എല്ലാ വര്‍ഷവും WHO ഒരു തീം കൊണ്ട് വരാറുണ്ട്. ഈ വര്‍ഷത്തെ തീം ആത്മഹത്യയെ തടയുക എന്നതാണ്.

ആത്മഹത്യ എന്നത് വളരെ പ്രധാന്യം നല്‍കേണ്ട ഒരു വിഷയമാണ്. എന്നിരുന്നാലും ആത്മഹത്യയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ കുറവാണ്. എല്ലാ 40 സെക്കന്റിലും ഒരാള്‍ ലോകത്ത് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ആ കണക്കനുസരിച്ച് ഒരു വര്‍ഷം എട്ടു ലക്ഷത്തിലേറെ പേര്‍ ലോകത്ത് ആത്മഹത്യ ചെയ്യുന്നുണ്ട്. 15 നും 29 നും ഇടയില്‍ വയസുള്ള യുവതീ യുവാക്കളുടെ മരണത്തിന് കാരണമാകുന്നതില്‍ രണ്ടാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്. ഇത്തരത്തില്‍ മരണപ്പെട്ടവരില്‍ 34 ശതമാനം സ്ത്രീകളും 27 ശതമാനം പുരുഷന്മാരും ഇന്ത്യയില്‍ നിന്നാണ്. ആത്മഹത്യയെ കുറിച്ച് ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നത് സ്ത്രീകളാണ്. എന്നാല്‍ ആത്മഹത്യയിലൂടെ മരിക്കുന്നവരില്‍ സ്ത്രീകളേക്കാള്‍ നാലിരട്ടി കൂടുതല്‍ പുരുഷന്മാരാണ്. ആത്മഹത്യയെന്നത് പെട്ടെന്ന് ഒരാള്‍ എടുക്കുന്ന തീരുമാനമാണ്. പക്ഷേ, അവര്‍ക്ക് ചുറ്റുമുള്ള ബന്ധുമിത്രാദികളാണ് അതിന്റെ പിരിമുറുക്കം അനുഭവിക്കുന്നത്.

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ആത്മഹത്യ?

പ്രധാനമായും രണ്ട് കാരണങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമാകുന്നത്. ഒന്ന് ദൈനം ദിന ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍. രണ്ടാമത്തെ കാരണം മാനസിക രോഗവുമായി ബന്ധപ്പെട്ടുള്ള ആത്മഹത്യാ ചിന്ത. ഇതില്‍ ഒന്നാമത്തെ കാരണം പരിശോധിച്ചാല്‍ സ്‌കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികള്‍ ആത്മഹത്യയ്ക്ക് മുതിരുന്നതിനുള്ള പ്രധാന കാരണം ആക്കാഡമിക് പ്രഷറാണ്. വീട്ടില്‍ നിന്ന് ലഭിക്കുന്ന പ്രഷര്‍, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവയും അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം ഇക്കാലത്ത് കൂടുകയാണ്.

മുതിര്‍ന്നവരിലേക്ക് വന്നാല്‍ സാമ്പത്തിക പ്രശ്നം, ദാമ്പത്യ ജീവിതത്തിലെ പ്രശ്നം, മറ്റ് കുടുംബ പ്രശ്നങ്ങള്‍, ജോലിപരമായ സ്ട്രെസുകള്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവ ആത്മഹത്യയ്ക്ക് കാരണമാകാം. ഒന്നാലോചിച്ചാല്‍ ഇതെല്ലാം എല്ലാവരുടെയും ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. എന്നാല്‍ ഇവരില്‍ കുറച്ചു ശതമാനം പേര്‍ എന്തു കൊണ്ടാണ് ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത്. അതിന്റെ പ്രധാന കാരണം അവര്‍ക്ക് പ്രശ്നങ്ങളെയും മറ്റും ഫലപ്രദമായി നേരിടാന്‍ അറിയില്ല എന്നതാണ്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ തളര്‍ന്നു പോവുകയാണ് ചെയ്യുന്നത്. അപ്പോള്‍ അവരുടെ മുന്നില്‍ വരുന്ന പോംവഴി ആത്മഹത്യ ചെയ്യുക എന്നതാണ്. കോപ്പിംഗ് മെക്കാനിസം എന്നത് നമ്മുടെ മാതാപിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും മറ്റുള്ളവര്‍ പ്രശ്നങ്ങളെ നേരിടുന്നത് കണ്ടും ചെറുപ്പത്തിലെ നാം ആര്‍ജ്ജിക്കേണ്ട ഒന്നാണ്. ചെറുപ്പത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ വളരുന്നവര്‍ വലുതാകുമ്പോള്‍ ഒരു പ്രശ്നങ്ങളുണ്ടാകുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയും. അപ്പോള്‍ അവരുടെ മുമ്പിലേക്ക് ആത്മഹത്യയെന്ന പോം വഴി കടന്നു വരും.

മാനസിക രോഗത്തിലേക്ക് വന്നാല്‍ വിഷാദ രോഗമാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണം. ഇവര്‍ ചിന്തിക്കുന്നത് എനിക്ക് ഇനി ഭാവിയില്ല, ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നാണ്. അതില്‍ നിന്ന് ആത്മഹത്യാ പ്രവണതയും അവരിലേക്ക് കടന്നു വരും. വിഷാദ രോഗം മാത്രമല്ല ഉത്കണ്ഠയും മാനസിക രോഗാവസ്ഥയുടെ കാരണമായി ഉണ്ടാകുന്ന എടുത്തു ചാട്ടവും ഇത്തക്കാരെ വേട്ടയാടും. ഈ എടുത്തു ചാട്ടം മുന്‍ ചിന്തയില്ലാതെ പലതും ചെയ്യാന്‍ ഇവര്‍ക്ക് കാരണമാകുന്നു. ഉദാഹരണമായി കത്തി കാണുമ്പോള്‍ സ്വയം മുറിവേല്‍പ്പിക്കാന്‍ തോന്നുക, കുളം കാണുമ്പോള്‍ ചാടാന്‍ തോന്നുക, കയറ് കാണുമ്പോള്‍ തൂങ്ങി മരിക്കാന്‍ തോന്നുക ഇതെല്ലാം പെട്ടെന്ന് അവരിലുണ്ടാകുന്ന ചിന്തകളാണ്. ഇതൊക്കെയാണ് മാനസിക ലോകത്തേയ്ക്ക് നയിക്കുന്ന മാനസിക രോഗങ്ങള്‍.

നമുക്ക് എന്ത് ചെയ്യാനാകും?

ആത്മഹത്യ എന്നു പറയുന്നത് ഒരു രോഗാവസ്ഥ തന്നെയാണ്. മറ്റെല്ലാ രോഗങ്ങളെയും പോലെ തന്നെയാണ് ആത്മഹത്യാ പ്രവണതയും. മറ്റ് രോഗങ്ങളെ പോലെ ഇതിനും ലക്ഷണങ്ങളുണ്ട്. ഞാന്‍ മരിക്കും എനിക്ക് മരിക്കണം എന്നു പറയുന്നതാണ് ഒന്നാമത്തെ ലക്ഷണം. ഇത് അവര്‍ കൂട്ടുകാരോടും മറ്റുള്ളവരോടും എപ്പോഴും ഇത് പറഞ്ഞ് കൊണ്ട് നടക്കും. എങ്ങനെ മരിക്കണം, എപ്പോള്‍ മരിക്കണം എന്ന തീരുമാനങ്ങള്‍ എടുത്തിട്ടുള്ളവര്‍. ആത്മഹത്യയെ കുറിച്ചുള്ള എഴുത്തുകള്‍, ഡയറിയിലും മറ്റും കുറിച്ചു വയ്ക്കുന്നവര്‍ ഇവരെയും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്.

പെട്ടെന്നുള്ള സ്വഭാവമാറ്റം. മറ്റുള്ളവരില്‍ നിന്നും ഒറ്റയ്ക്ക് നില്‍ക്കാനുള്ള ഒരു പ്രവണത. ആളുകള്‍ ഒരുപാട് കൂടുന്നിടത്ത് അവരോടൊത്ത് സംസാരിക്കാന്‍ തോന്നുന്നില്ല, കൂടുതല്‍ നേരവും ഒറ്റയ്ക്ക് ഇരിക്കാന്‍ തോന്നുക. സന്തോഷമില്ലായ്മ, കരയുക, ഉറക്കമില്ലായ്മ, ഉറക്കം കൂടുതല്‍, ഉത്സാഹമില്ലായ്മ, ദേഷ്യം, ദേഷ്യത്തില്‍ സാധനങ്ങള്‍ എറിഞ്ഞ് പൊട്ടിക്കുക, ഇതുവരെ എന്നതില്‍ വ്യത്യസ്തമായി മുന്‍ ചിന്തയില്ലാതെ ഉള്ള സാഹസിക പ്രവണത ഇതെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇതൊക്കെയാണ് ആത്മഹത്യയുടെ ലക്ഷണങ്ങള്‍.

ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എന്ത് ചെയ്യണം?

ഇത്തരം ലക്ഷണങ്ങള്‍ വേണ്ടപ്പെട്ടവരില്‍ കണ്ടാല്‍ ഒന്ന് സംസാരിച്ചാല്‍ മതി, ഒന്നുറങ്ങിയാല്‍ മതി, ജോലി തിരക്കില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം ഇരുന്നാല്‍ മതി പ്രശ്‌നങ്ങള്‍ എല്ലാം മാറുമെന്നാണ് നാം സാധാരണ പറയുക. ഇത് തികച്ചും തെറ്റായ ഒന്നാണ്. ഇത്തരം ലക്ഷണങ്ങള്‍ നിങ്ങള്‍ അറിയുന്നവരില്‍ കണ്ടാല്‍ അവരെ വേഗമൊരു ഡോക്ടറെ കാണിക്കുകയാണ് വേണ്ടത്. അത് വെച്ചു കൊണ്ടിരിക്കരുത്. ആത്മഹത്യാ പ്രവണത പെട്ടെന്നാണ് അവരില്‍ ഉണ്ടാവുക. വൈകും തോറും അപകട സാധ്യത കൂടുകയാണ്. ഡോക്ടര്‍ രോഗിയുടെ അവസ്ഥ മനസിലാക്കി കൗണ്‍സലിംഗില്‍ല്‍ ആവശ്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കും. മാനസിക രോഗമാണെങ്കില്‍ അതിനെയാണ് ആദ്യം ചികിത്സിക്കുക. അതോടൊപ്പം കൗണ്‍സിലിങ്ങും നല്‍കും. ഇത്തരക്കാരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്താവും ചികിത്സാ രീതികള്‍. ചികിത്സക്ക് ശേഷം വീട്ടിലെത്തിയാലും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയും കരുതലും ആവശ്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിക്കുക. അതിന് അവരെ വേണ്ടപ്പെട്ടവര്‍ സാഹയിക്കുക. മരിക്കാന്‍ തീരുമാനിച്ചയാള്‍ എന്തു ചെയ്തായാലും മരിക്കുമെന്ന പൊതു ധാരണ വെറും തെറ്റിദ്ധാരണയാണ്. ആത്മഹത്യയെ ഒരുപിരിധി വരെ തടയാവുന്ന ഒന്നാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.