ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കുമ്പോൾ തോന്നുന്ന അമിതമായ ദേഷ്യം, ഉത്കണ്ഠ, ബുദ്ധിമുട്ട് എന്നിവയെയാണ് മിസോഫോനിയ എന്ന് പറയുന്നത്. സ്പൂൺ പ്ലേറ്റിൽ ഉരസുമ്പോൾ ഉള്ള ശബ്ദം, പാത്രങ്ങൾ നിലത്തുവീഴുമ്പോൾ തുടങ്ങി നഖം ബ്ലാക്ക്‌ബോർഡിൽ ഉരസുമ്പോൾ ഉണ്ടാകുന്ന ശബ്ദം വരെ ചിലർക്ക് അലോരസമുണ്ടാക്കുന്നു. ഇത് ഇത്തരക്കാരിൽ പെട്ടെന്ന് ദേഷ്യവും സ്വഭാവ മാറ്റത്തിനും കാരണമാകുന്നു. സാധാരാണ ആളുകളിലും ഇത്തരം മാറ്റങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സാധാരണയിൽ കവിഞ്ഞ് ഉണ്ടാകുന്ന അകാരണമായ ദേഷ്യവും മറ്റ് സ്വഭാവ മാറ്റങ്ങളേയുമാണ് മിസോഫോനിയ എന്ന് പറയുന്നത്.
മിസോഫോനിയ ഉണ്ടാകാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല, എങ്കിൽപോലും തലച്ചോറിന് ക്യത്യമായി ശബ്ദത്തെ തിരിച്ചറിയാനാവാതെ വരുമ്പോളാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നാണ് വിദ്ഗധർ അഭിപ്രായപ്പെടുന്നത്. മിസോഫോനിയ രണ്ട് തരത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരു പ്രത്യേക തരം ശബ്ദം കേൾക്കുമ്പോഴുണ്ടാകുന്ന ദേഷ്യം, അക്രമവാസന എന്നിവയാണ് ആദ്യത്തേത്. രണ്ടാമത്തേത് കുറച്ചുകൂടി ഗൗരവമുള്ളതാണ്. ശബ്ദം കേൾക്കുമ്പോൾ സ്വഭാവത്തിലും ശരീരത്തിലും പല മാറ്റങ്ങൾ ഉണ്ടാകുന്നു. അത് ഹ്യദയ സ്പന്ദനത്തെ പോലും നിയന്ത്രിക്കാൻ ശേഷിയുള്ളതാണ്. വിഷാദം, ഉത്കണ്ഠ, ചില പേഴ്‌സനാലിറ്റി ഡിസോഡർ എന്നിവ ഇത്തരക്കാരിൽ കണ്ടു വരാറുണ്ട്.
മിസോഫോനിയ ഉണ്ടാകുന്നത്
അരോചകമെന്ന് തോന്നുന്ന ശബ്ദങ്ങളിൽ നിന്നാണ് പ്രധാനമായും മിസോഫോനിയ ഉണ്ടാകുന്നത്. ഇത്തരം ശബ്ദങ്ങൾ പലപ്പോളും മറ്റുള്ള മനുഷ്യർ അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കുന്നതാകാം. എന്നാൽ മ്യഗങ്ങളുടെ ശബ്ദങ്ങൾ മൂലം ഈ അവസ്ഥ ഉണ്ടാകാറില്ല. ശബ്ദത്തോടൊപ്പമുള്ള ചില കാഴ്ചകളും മിസോഫോനിയ കൂടാൻ കാരണമാകാറുണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു. മിസോഫോനിയ അതിന്റെ മൂർഥന്യാവസ്ഥയിൽ എത്തുന്നവരിൽ അമിതമായ ദേഷ്യം, അക്രമവാസന, മറ്റുള്ളവരെ ഉപദ്രവിക്കുക എന്നിവയും കണ്ടുവരാറുണ്ട്.
വൈദ്യശാസ്ത്രത്തിൽ മിസോഫോനിയയ്ക്ക് ക്യത്യമായ ചികിത്സ ഇതുവരെ നിർവചിച്ചിട്ടില്ല. പല ഡോക്ടർമാരും ഇത്തരക്കാരുടെ ദേഷ്യം അമിതമായ ഉത്കണ്ഠ എന്നിവ കുറയ്ക്കാനുള്ള ചികിത്സകളാണ് നൽകുക. ടിനിറ്റസ് റീട്രെയ്‌നിങ് തെറാപ്പി ചെയ്യുന്നതിലൂടെ അരോചകമാകുന്ന ശബ്ദങ്ങളെ സഹിക്കാനുള്ള ട്രെയ്‌നിങ് നൽകുന്നു. കോഗ്നറ്റീവ് ബിഹേവിയറൽ തെറാപ്പിയിലൂടെ ഇത്തരം ശബ്ദങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള പരിശീലനം നൽകുന്നു. ഇവയാണ് ഇന്നുള്ളതിൽവെച്ച് ഏറ്റവും പ്രായോഗികമായ ചികിത്സയായി കണക്കാക്കുന്നത്.