പുരുഷന്മാരില് ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന കാന്‍സറുകളില്‍ ഒന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പൊതുവെ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായി കണ്ടു വന്നിരുന്നതെങ്കിലും ഇന്ന് 50-60 വയസ്സുള്ളവരും പ്രോസ്റ്റേറ്റ് കാന്‍സറിനു ചികിത്സ തേടുന്നുണ്ട്.
പ്രോസ്റ്റേറ്റ് ഗ്രന്ഥി
മൂത്ര സഞ്ചിക്ക് തൊട്ട് താഴെയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ സ്ഥാനം. ശുക്ളോല്പ്പാദനവും സ്ഖലന നിയന്ത്രണവുമാണ് പ്രോസ്റ്റേറ്റിന്റെ പ്രധാന ധര്‍മങ്ങള്‍. പ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്നതാണ് അര്‍ബുദത്തിലേക്ക് നയിക്കുന്നത്. വളരെ പതുക്കെ പിടിമുറുക്കുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ തിരിച്ചറിയാന്‍ വൈകുന്നത് പലപ്പോഴും ജീവനു തന്നെ ഭീഷണിയായി തീരാറുണ്ട്. കാന്‍സര്‍ കോശങ്ങള്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആകൃതിയിലും വലിപ്പത്തിലും മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങുന്ന അവസ്ഥയെ Prostatic itnraepithelial neoplasia (PIN) എന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ലാപ്രോസ്കോപിക് ശസ്ത്രക്രിയ ഉള്‍പ്പെടെ വ്യത്യസ്തമായ ശസ്ത്രക്രിയാ രീതികള്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സാ രംഗത്ത് ഇന്ന് നിലവിലുണ്ട്.
പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചവരില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍
- പ്രായവും ആരോഗ്യനിലയും ശസ്ത്രക്രിയയില്‍ പ്രധാന ഘടകങ്ങളാണ് .കൂടാതെ കാന്‍സര്‍ തിരിച്ചറിയുന്ന ഘട്ടത്തിനനുസരിച്ചും ശസ്ത്രക്രിയ ആവശ്യമായി വരും
- കാന്‍സര്‍ കോശങ്ങളെ നിര്‍ജ്ജീവമാക്കുന്നതിന് ശസ്ത്രക്രിയ ആവശ്യമാണ്.
- പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനൊപ്പം രോഗം മറ്റ് അവയവങ്ങളിലേക്ക് പടരുന്ന അവസ്ഥയിലും ശസ്ത്രക്രിയ ആവശ്യമാണ്. രോഗം പടരുന്നതിനനുസരിച്ച് സമീപത്തുള്ള ലിംഫ് ഗ്രന്ഥിയും ചിലപ്പോള്‍ നീക്കം ചെയ്യേണ്ടതായി വരും.
- പ്രോസ്റ്റേറ്റ് കാന്‍സര്‍ പെല്‍വിസ് ,മൂത്രസഞ്ചി ,മലാശയം, പെല്വിസിനുള്ളിലുള്ള സെമിനല്‍ ഗ്രന്ഥി എന്നിവയെ ബാധിക്കുമ്പോള്‍
ശസ്ത്രക്രിയക്ക് വേണ്ട തയ്യാറെടുപ്പുകള്‍
- ശസ്ത്രക്രിയക്കു മുന്‍പായി കഴിക്കുന്ന മരുന്നുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഡോക്ടര്‍ക്ക് നല്‍കണം. ശസ്ത്രക്രിയക്കിടയിലെ അമിത രക്തസ്രാവം ഒഴിവാക്കാനാണിത്.
- ശസ്ത്രക്രിയ നടത്തുന്ന ദിവസത്തിനു മുന്‍പത്തെ ദിവസം രാത്രി മുതല്‍ ഭക്ഷണം, മറ്റു പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. അവശ്യമെങ്കില്‍ മാത്രം വളരെ ചെറിയ അളവില്‍ വെള്ളം കുടിക്കാം
- ശസ്ത്രക്രിയക്കു മുന്നോടിയായി എനിമ ആവശ്യമായി വരും
ശസ്ത്രക്രിയാ രീതികള്‍
രണ്ടു രീതിയിലുള്ള ശസ്ത്രക്രിയാ രീതികളാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സാ രംഗത്ത് നിലവിലുള്ളത്. റാഡിക്കല്‍ പ്രോസ്റ്റാക്ടെമി (radical prostatectomy), റാഡിക്കല്‍ പെരിനല് പ്രോസ്റ്റാക്ടമി (radical perineal prostatectomy) എന്നിവയാണവ. അടിവയറിനു താഴെ മുറിവുണ്ടാക്കി പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന രീതിയാണ് റാഡിക്കല്‍ പ്രോസ്റ്റാക്ടമി. ജനറല്‍ അനസ്തേഷ്യ ആവശ്യമായി വരുന്ന ശസ്ത്രക്രിയയാണിത്. രോഗാവസ്ഥക്കനുസരിച്ച് ചിലപ്പോള്‍ ലിംഫ് ഗ്രന്ഥിയും നീക്കം ചെയ്യേണ്ടതായി വരും
മലദ്വാരത്തിനും വൃഷണ സഞ്ചിക്കും ഇടയില്‍ മുറിവുണ്ടാക്കി പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന രീതിയാണ് റാഡിക്കല്‍ പെരിനല് പ്രോസ്റ്റക്ടമി. ഈ ശസ്ത്രക്രിയക്കു ശേഷം ചിലപ്പോള്‍ രോഗിയില്‍ സ്ഖലന സംബന്ധ പ്രശ്നങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യയുണ്ട്. കൂടാതെ ഈ ശസ്ത്രക്രിയയില്‍ ലിംഫ് ഗ്രന്ഥികള്‍ നീക്കം ചെയ്യാറില്ല. ആദ്യത്തേതിനെ അപേക്ഷിച്ച് കുറഞ്ഞ സമയം മാത്രമേ റാഡിക്കല്‍ പെരിനല് പ്രോസ്റ്റക്ടമിക്ക് ആവശ്യമായി വരുന്നുള്ളൂ.
ഇതിനു പുറമേ വലിയ മുറിവുകളോ ദീര്‍ഘ സമയമോ ആവശ്യമില്ലാത്ത ലാപ്രോസ്കോപിക് ശസ്ത്രക്രിയകളും രോഗാവസ്ഥക്കനുസരിച്ച് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നു
ശസ്ത്രക്രിയക്കു ശേഷം
ശസ്ത്രക്രിയക്കു ശേഷം രണ്ടാഴ്ച്ചയോളം (രോഗിയുടെ ആരോഗ്യനിലയനുസരിച്ച് മാറാം) മൂത്രം പോകുന്നത് ട്യൂബു വഴി ക്രമീകരിച്ചിരിക്കും ( catheterization). ശസ്ത്രക്രിയക്കു ശേഷമുള്ള മുറിവുണങ്ങുന്നതിനും സമയമെടുത്തേക്കാം. കൂടാതെ ശസ്ത്രക്രിയ കഴിഞ്ഞുള്ള ദിവസങ്ങളില്‍ മൂത്രത്തില്‍ പഴുപ്പ്, മൂത്രത്തില്‍ രക്തത്തിന്റെ അംശം, മൂത്രം പോകുന്നതിനു തടസ്സമനുഭവപ്പെടല്, അസ്വസ്ഥത തുടങ്ങിയവ സാധാരണമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഈ ദിവസങ്ങളില്‍ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികള്‍ ചെയ്യരുതെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. ശസ്ത്രക്രിയക്കു ശേഷം ലൈംഗിക ബന്ധം തുടരുന്നതു സംബന്ധിച്ചും ഡോക്ടര്‍ ഉപദേശം നല്‍കും.
ശസ്ത്രക്രിയയിലെ അപകട സാധ്യതകള്‍
മറ്റേത് ശസ്ത്രക്രിയയും പോലെ പ്രോസ്റ്റേറ്റ് കാന്‍സര്‍ ശസ്ത്രക്രിയയിലും റിസ്ക് ഫാക്ടറുകള്‍ ഇല്ലാതില്ല.രോഗിയുടെ പ്രായവും ആരോഗ്യ നിലയും ശസ്ത്രക്രിയയില്‍ പ്രധാന ഘടകമാണ്. പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ അഭാവവും ഒരു പക്ഷേ അപകട സാധ്യത വര്‍ദ്ധിപ്പിച്ചേക്കാം.ചില റിസ്ക് ഫാക്ടറുകള്‍ ഇവയാണ്
- അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍
- ശ്വാസകോശം, കാലുകള്‍ എന്നിവയില്‍ രക്തം കട്ട പിടിക്കല്‍
- അണുബാധ
- മറ്റ് അവയവങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റല്‍
- ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടാവുന്ന രക്തസ്രാവം
ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയക്കിടക്ക് ആമാശയത്തിനും കുടലുകള്‍ക്കും ചെറിയ മുറിവുകള്‍ പറ്റാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല. പിന്നീട് അതിന്റെ ചികിത്സക്കായി ചിലപ്പോള്‍ മറ്റൊരു ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
ശസ്ത്രക്രിയക്കു ശേഷം ശരീരം പൂര്‍വ്വ സ്ഥിതിയിലാവാന്‍ കുറഞ്ഞത് ആറു മുതല്‍ ഏഴ് ആഴ്ച്ച വരെ എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശാരീരിക അധ്വാനം കുറവുള്ള ജോലികളാണ് നിഷ്ക്കര്‍ഷിക്കുന്നത്. കൂടാതെ വാഹനങ്ങള്‍ ഓടിക്കുന്നതിനും ഈ കാലയളവില്‍ വിലക്കുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിശ്ചിത കാലയളവില്‍ മരുന്നുകള്‍ കഴിക്കുക എന്നതും വളരെ പ്രധാനമാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ ശസ്ത്രക്രിയക്ക് ഏകദേശം 3 ലക്ഷം മുതല്‍ 4.5 ലക്ഷം രൂപ വരെ ചിലവ് പ്രതീക്ഷിക്കാവുന്നതാണ്.