spot_img

ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തെ തകര്‍ക്കും; നിദ്രാരോഗങ്ങളെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍

ഉറക്കത്തെപ്പറ്റി നാം സാധാരണ അധികം ചിന്തിക്കാറില്ല. ഇല്ലാതാകുമ്പോള്‍ മാത്രം അംഗീകരിക്കപ്പെടുന്ന ജീവിതത്തിലെ പല നന്മകളില്‍ ഒന്നാണ് ഉറക്കം! സത്യത്തില്‍ നാം എല്ലാവരും ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ഉറക്കം ഇല്ലാത്തവരായി മാറിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഭാഗ്യവശാല്‍ അത് വളരെ ചുരുങ്ങിയ സമയം മാത്രമേ ഭൂരിഭാഗം പേര്‍ക്കും നീണ്ടു നില്‍ക്കാറുള്ളൂ. എന്തെങ്കിലും പ്രത്യേക കാര്യത്തിന് അത്യധികമായി ടെന്‍ഷന്‍ അടിക്കുമ്പോഴോ അല്ലെങ്കില്‍ ചിലപ്പോള്‍ അത്യധികമായി സന്തോഷിക്കുമ്പോഴോ മറ്റോ ആണ് ഇത് സംഭവിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നമ്മുടെ മനസ്സ് സാധാരണ ഗതിയില്‍ എത്തുമ്പോള്‍ നമുക്ക് ഉറക്കം തിരികെ കിട്ടുകയും ചെയ്യുന്നു.

ഉറക്കം നമ്മുടെ മനസ്സിനും ശരീരത്തിനും ആരോഗ്യം നിലനിര്‍ത്താന്‍ വളരെ ആവശ്യമാണ്.  ഉറക്കമില്ലായ്മ തുടരുകയാണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ചില പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങും .

ഉറക്ക പ്രശ്‌നങ്ങള്‍ പൊതുവെ പല രീതിയില്‍ കണ്ടുവരുന്നു.

-ഉറക്കം തുടങ്ങി കിട്ടാനുള്ള ബുദ്ധിമുട്ട്
-കാലത്തു വളരെ നേരത്തെ എഴുന്നേല്‍ക്കുക. പിന്നീട് എത്ര ശ്രമിച്ചാലും ഉറങ്ങാന്‍ ആകുന്നില്ല
– വന്നു കഴിഞ്ഞ ഉറക്കം തുടര്‍ച്ചയായി നിലനിര്‍ത്താനുള്ള ബുദ്ധിമുട്ട്
-ഉറങ്ങി കഴിഞ്ഞിട്ടും മതിയായ ഊര്‍ജ്ജമോ പ്രസരിപ്പോ തോന്നായ്ക

ഉറക്കമില്ലായ്മ തുടര്‍ന്നാല്‍ താഴെപ്പറയുന്ന പ്രശ്‌നങ്ങളുണ്ടാകും

-അമിതമായ ക്ഷീണം
-ഉറക്കം തൂങ്ങിയിരുപ്പ്
-ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
-പ്രസരിപ്പിന്റെ കുറവ്
-പെട്ടെന്ന് ദേഷ്യം വരാനുള്ള പ്രവണത

പെട്ടെന്ന് ഉണ്ടാകുന്ന ചില ഉറക്ക പ്രശ്‌നങ്ങള്‍ ഒരു രാത്രി മുതല്‍ കുറച്ച് ആഴ്ചകള്‍ വരെ മാത്രമേ നീണ്ടു നില്‍ക്കാറുള്ളൂ. എന്തെങ്കിലും ചെറിയ വൈകാരിക പ്രശ്‌നങ്ങളോ അല്ലെങ്കില്‍ ശാരീരിക വേദനകളോ കൊണ്ടാണ് ഇവ ഉണ്ടാവുന്നത്. നമ്മുടെ ബോഡി ക്ലോക്കിന് (ഇരുട്ടുമ്പോള്‍ ഉറങ്ങാനും പ്രകാശം പരക്കുമ്പോള്‍ എഴുന്നേല്‍ക്കാനുമുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രവണതയെ ഒരു ബോഡി ക്ലോക്കായി കണക്കാക്കുന്നു ) എതിരായി ഉള്ള സമയങ്ങളില്‍ ഉറങ്ങുന്നതും ജോലി ചെയ്യാന്‍ ഇരിക്കുന്നതും മറ്റും ഇത്തരം ഉറക്ക പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം . അതുകൊണ്ടു തന്നെ രാത്രി ജോലികള്‍ ചെയ്യുന്നവരും ഫ്‌ലൈറ്റ് യാത്ര മൂലമുള്ള ജെറ്റ് ലാഗ് ഉള്ളവരും ഇത്തരം ഉറക്ക തകരാറുകള്‍ അനുഭവിക്കാറുണ്ട്. കുറെക്കാലമായി ഉറക്കം വരാത്ത അവസ്ഥ അഭിമുഖീകരിക്കുന്ന ആളുകളുടെ അവസ്ഥ വിഷമകരം തന്നെ. ഒരാഴ്ചയില്‍ മൂന്ന് ഉറക്കമില്ലാത്ത രാത്രികള്‍ എങ്കിലും ഒരു മാസത്തേക്ക് അനുഭവിക്കേണ്ടി വന്നാല്‍ നമുക്ക് രോഗം പഴകി എന്നും നിദ്രാദേവി പിണങ്ങിയിരിക്കുന്നു എന്നും മനസ്സിലാക്കാം .

വിഷാദം , ഉല്‍ക്കണ്ഠ എന്നിവ പൊതുവെ ഇത്തരത്തില്‍ ഉറക്കം നഷ്ടപ്പെടുത്താന്‍ സാധ്യത ഉള്ള മാനസിക രോഗങ്ങള്‍ ആണ്. ശാരീരിക വേദനകള്‍, അധികം ചലിക്കാനാവാതെ കുറേ നാള്‍ കിടക്കേണ്ട അവസ്ഥകള്‍ , വലിവ് മുതലായ ശ്വാസകോശ രോഗങ്ങള്‍ , ഓര്‍മക്കുറവ്, ഡിമെന്‍ഷ്യ, ഗര്‍ഭാവസ്ഥ , ആര്‍ത്തവവിരാമം എന്നിവയാണ് സാധാരണ ശാരീരികമായ വളരേ നാള്‍ നീണ്ടു നില്‍ക്കാവുന്ന ഉറക്കക്കുറവ് ഉണ്ടാക്കുന്ന കാരണങ്ങള്‍ .

ചില ശാരീരിക അസുഖങ്ങള്‍ രാത്രി സമയത്ത് തീവ്രത കൂടുന്നത് കൊണ്ട് ഉറക്കത്തെ ബാധിക്കാറുണ്ട് ആസ്ത്മ, ദഹന പ്രശ്‌നങ്ങള്‍ ( പുളിച്ച് തേട്ടല്‍, അസിഡിറ്റി- ജഗതി ഏതോ സിനിമയില്‍ പറയുന്ന പോലെ ഗ്യാസ് …ഗ്യാസ് ) പുറംവേദന എന്നിവയാണ് ഇത്തരം അസുഖങ്ങള്‍.

വിഷാദ രോഗത്തിന് കഴിക്കുന്ന ചില മരുന്നുകൾ ചിലപ്പോൾ ഉത്തേജനം സൃഷ്ടിച്ച് ഉറക്കക്കുറവ് ഉണ്ടാക്കാം . ( Fluoxetine പോലുള്ള SSRI വിഭാഗത്തിൽ പെടുന്ന മരുന്നുകൾ ) മൂക്കടപ്പ് മാറ്റാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ , കാപ്പി ( പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ ഉള്ള കാപ്പി കുടി )  മദ്യം( മദ്യം റിലക്സേഷൻ ഉണ്ടാക്കുന്നതു പോലെ തോന്നുമെങ്കിലും പലരിലും ഉറക്ക പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട് ) എക്സ്റ്റസി ( Ecstacy ) പോലുള്ള പാർട്ടി ഉത്തേജന മരുന്നുകൾ ഇവയൊക്കെയാണ് ഉറക്ക പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന മറ്റ് വരുന്നുകൾ .

പ്രത്യേകിച്ച് മറ്റു കാരണങ്ങളൊന്നും ഇല്ലെങ്കിൽ കൂടി ഉറക്കത്തകരാറ് ഉണ്ടാകാം. ഇതിനെ പ്രൈമറി ഇൻസോമ്നിയ എന്നു പറയും . വളരേ നാളുകളായി എന്തെങ്കിലും തരത്തിലുള്ള ടെൻഷൻ , എപ്പോഴും ഉത്തേജിതമായി ഉള്ള അവസ്ഥ, ( തുടർച്ചയായ തിരക്കുകൾ , പാർട്ടികൾ , ആഘോഷങ്ങൾ ) ചിട്ടയില്ലാത്ത ജീവിത ശൈലി, ചീത്തയായ ഉറക്ക ശീലങ്ങൾ (ഉറങ്ങുന്ന സമയങ്ങളിൽ മൊബൈൽ നോക്കിയിരിക്കുന്നത് ) എന്നിവ ഇത്തരം ഉറക്കമില്ലായ്മയുമായി ഒന്നിച്ച് കാണാറുണ്ട്,

നമുക്ക് എങ്ങനെ ഉറക്കക്കുറവ് പരിഹരിക്കാം എന്നു നോക്കാം. കാലങ്ങളായി ആളുകൾ ഉറക്ക ഗുളികകൾ ( Diazepam ,Alprazolam,Temazepam പോലുള്ളവ ) ഉപയോഗിച്ചു വരുന്നു . പക്ഷേ ഇവ ദീർഘ കാലം പ്രവർത്തിക്കാറില്ല എന്നതാണ് സത്യം. മാത്രമല്ല പല മരുന്നുകളും നിങ്ങളെ അടുത്ത ദിവസം ക്ഷീണം ഉള്ളവരും പെട്ടെന്ന് ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം വരുന്നവരും ആക്കാനുള്ള സാധ്യതയുണ്ട് . മരുന്നുകളുടെ ഇഫക്റ്റ് മതിയാകാത്ത പോലെ തോന്നുന്നത് കൊണ്ട് കൂടുതൽ മരുന്നു കഴിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു .  പലപ്പോഴും ഇത്തരം മരുന്നുകൾക്ക് അഡിക്റ്റ് ആകുന്ന അവസ്ഥ ഉണ്ടാകുന്നു. എത്രകാലം നിങ്ങൾ ഇത്തരം മരുന്നു തുടർച്ചയായി കഴിക്കുന്നുവോ അത്രയും നിങ്ങൾ ഇത്തരം മരുന്നുകൾക്ക് അടിമ ആയിരിക്കാനുള്ള സാധ്യത കൂടും . പുതിയ തരം ഉറക്ക മരുന്നുകൾക്കും ( zolpidem,zapelon,zopiclone) പഴയ മരുന്നുകൾ പോലെ തന്നെ അഡിക്ഷൻ പ്രവണത കണ്ടു വരുന്നു.

ചില സൈക്കോളജിക്കല്‍ ചികിത്സകള്‍ ഫലപ്രദമാണ്. കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി(സിബിറ്റി) സഹായിക്കുന്നതായി കാണാറുണ്ട്. നിങ്ങളുടെ ചിന്തകള്‍ (കൊഗ്‌നിറ്റീവ് ) നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ (ബിഹേവിയറല്‍) എന്നിവ മാറ്റാന്‍ സഹായിക്കുന്ന സൈക്കോളജിക്കല്‍ തെറാപ്പി ആണിത് . മറ്റു പല സൈക്കോളജിക്കല്‍ രീതികളില്‍ നിന്നും വ്യത്യസ്തമായി ഇത് വര്‍ത്തമാന കാലത്ത് രോഗിയുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ ആണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് . കഴിഞ്ഞു പോയ ഭൂത കാലത്തെ കാര്യങ്ങളിലോ ജീവിത പശ്ചാത്തലത്തിലോ അല്ല .ഗവേഷണ ഫലങ്ങള്‍ കാണിക്കുന്നത് ചെറിയ ഒരു കോഴ്‌സ് മരുന്നിനോടൊപ്പം ഇത്തരം സൈക്കോളജിക്കല്‍ തെറാപ്പി ചെയ്യുന്നത് ഉറക്ക പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് എന്നാണ്.

നിങ്ങൾക്ക് പല കാര്യങ്ങളും ഉറക്കത്തെ മെച്ചപ്പെടുത്താൻ സ്വയം ചെയ്യാവുന്നത് ആണ് . നിങ്ങളുടെ കിടപ്പുമുറി, കട്ടിൽ, കിടക്ക എന്നിവ ശരിയായി സുഖപ്രദമായ രീതിയിൽ ആണ് എന്നുറപ്പു വരുത്തുക. വല്ലാത്ത ചൂടുള്ള കിടപ്പു മുറിയും കൂടുതൽ തണുത്ത കിടപ്പു മുറിയും ഉറക്കത്തെ ബാധിക്കാം. മാത്രമല്ല പുറത്തു നിന്നുള്ള അമിത ശബ്ദങ്ങൾ ഉറക്കത്തെ ബാധിക്കുന്നത് കൊണ്ട് നിശബ്ദ സാഹചര്യങ്ങൾ ഉണ്ടാക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കിടക്ക വളരെ പ്രധാനപ്പെട്ടതാണ് അത് ശരീരത്തെ മതിയായ രീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഉറപ്പു കൂടിയ മെത്ത ആണെങ്കിൽ നിങ്ങളുടെ ഇടുപ്പ് ഭാഗവും തോൾ ഭാഗവും സമ്മർദ്ദത്തിലാകും. അതുപോലെ തന്നെ കുറെ അധികം സോഫ്റ്റ് ആണെങ്കിൽ നിങ്ങളുടെ ശരീരത്തിന് പൂർണമായ സപ്പോർട്ട് കൊടുക്കാതെ കിടക്ക കുഴിഞ്ഞ് പോകാം. നിങ്ങളുടെ കിടക്ക കുറേ അധികം വർഷങ്ങൾ ഉപയോഗിച്ചത് ആണെങ്കിൽ മാറ്റുന്നത് നന്നായിരിക്കും .

വ്യായാമം നല്ല ഉറക്കത്തിന് വളരേ പ്രധാനപ്പെട്ടതാണ്. പതിവായി നടക്കുക, നീന്തുക എന്നിവ നല്ലതാണ്. പക്ഷേ കൂടുതൽ അമിതമായി ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.  വ്യയാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന അഡ്രിനാലിൻ ഉത്തേജകം ഉണ്ടാക്കുന്നതിനാൽ ഉറക്കക്കുറവിനിടയാക്കാം. അതിനാൽ രാവിലെ ആണ് വ്യായാമത്തിന് നല്ല സമയം . അതിന് പറ്റില്ലെങ്കിൽ നാലു മണിക്ക് ശേഷം. പക്ഷേ വൈകുന്നേരങ്ങളിൽ ആറുമണി കഴിഞ്ഞാൽ വ്യായാമം ഒഴിവാക്കുന്നതാണ് ഉറക്കത്തിനു നല്ലത് . ഉറങ്ങാൻ പോകുന്നതിനു മുമ്പ് പൂർണമായി റിലാക്സ് ചെയ്തു എന്നുറപ്പു വരുത്തുക .നല്ല മണമുള്ള (തീവ്ര ഗന്ധങ്ങൾ ഒഴിവാക്കുക) മെഴുകുതിരികൾ , ചന്ദന ത്തരികൾ എന്നിവ കത്തിച്ചു വയ്ക്കുന്നത് നല്ലതാണ് . എന്തെങ്കിലും നിങ്ങളുടെ മനസ്സിനെ് അലട്ടുന്നുണ്ടെങ്കിൽ രാത്രിയിൽ അതിന് ഒരു പരിഹാരമില്ല എന്നു മനസ്സിലാക്കുക . അത് എഴുതി വയ്ക്കുക എന്നിട്ട് പിറ്റേദിവസം ഒരു പരിഹാരം കാണാൻ ശ്രമിക്കുക.

തീർച്ചയായും നിങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ല എന്ന് തോന്നുകയാണെങ്കിൽ എഴുന്നേറ്റ് എന്തെങ്കിലും റിലാക്സ് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുക, വായിക്കാം , കുറച്ചു സമയം ടെലിവിഷൻ കാണാം അല്ലെങ്കിൽ സംഗീതം കേൾക്കാം (ഗസൽ പോലുള്ളവ…അല്ലാതെ അസമയത്ത് ഹെവി മെറ്റൽ സംഗീതം കേട്ട് ഡാൻസ് ചെയ്യാൻ നിക്കരുത്) കുറച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് സ്വാഭാവിക ക്ഷീണം വരുമ്പോൾ കിടക്കയിലേക്ക് പോയി കിടക്കുക

ഇനി നാം ചെയ്യരുതാത്ത കാര്യങ്ങൾ എന്താണെന്ന് നോക്കാം. ഉറക്കമില്ലാതെ കുറേ അധിക സമയം രാത്രി തള്ളി നീക്കരുത് . ക്ഷീണം തോന്നുമ്പോൾ കിടക്കയിൽ കിടന്ന് ഉറങ്ങാൻ ശ്രമിക്കുക . ഒരു നിശ്ചിത സമയത്ത് എഴുന്നേൽക്കുന്നത് പതിവാക്കുക. മതിയായ ഉറക്കം ഇല്ലാതെ നിങ്ങൾക്ക് ക്ഷീണം ഉണ്ടെങ്കിലും ആ സമയത്ത് നിശ്ചയമായും എഴുന്നേറ്റ് ദിനചര്യകളിൽ മുഴുകാൻ ശ്രമിക്കുക.

കാപ്പിയിലും ചായയിലും ഉള്ള കഫീൻ നിങ്ങളുടെ ശരീരത്തിൽ മണിക്കൂറുകളോളം നില നിൽക്കും . ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. നാലു മണിക്കു ശേഷം ചായയോ കാപ്പിയോ കുടിക്കരുത് നിങ്ങൾക്ക് ചൂടുള്ള എന്തെങ്കിലും വൈകിട്ട് കുടിക്കണമെന്നു തോന്നുകയാണെങ്കിൽ ചൂടുള്ള പാൽ നല്ലതാണ് .

അമിതമായി മദ്യം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക അത് നിങ്ങളെ ഉറക്കത്തിലേക്ക് വഴുതി വീഴാൻ സഹായിച്ചേക്കാം പക്ഷേ പലപ്പോഴും പലരും രാത്രി തന്നെ ഉറക്കം മുഴുവാനാക്കാതെ എഴുന്നേൽക്കുന്നത് കാണാറുണ്ട്.

വളരെ വൈകി രാത്രിയിൽ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക ഏഴു മണിയോട് കൂടി തന്നെ രാത്രി ഭക്ഷണം അവസാനിപ്പിക്കുന്നതാണ് നല്ലത് .

ഒരു രാത്രി ഉറക്കം കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം പകൽ സമയത്ത് ഉറങ്ങാതിരിക്കുക എങ്കിലേ നിങ്ങൾക്ക് രാത്രി സമയത്ത് കൃത്യമായ ഉറക്കം കിട്ടുകയുള്ളൂ

ഇനി ഉറക്കത്തെ ബാധിക്കുന്ന മറ്റു ചില അസുഖങ്ങളെ പറ്റി പറയാം

റെസ്റ്റ് ലെസ്സ് ലെഗ്സ് സിൻഡ്രോം (Restless legs syndrome)

ഇത് സാധാരണ കണ്ടുവരുന്ന എന്നാൽ പൊതുവെ രോഗനിർണ്ണയം ചെയ്യപ്പെടാത്ത ഒരു പ്രശ്നമാണ്. നമ്മുടെ കാലുകളിൽ അസുഖകരമായ രീതിയിലുള്ള ചെറിയ ഒരു വിങ്ങലും അവ ചലിപ്പിക്കാനുള്ള ഒരു പ്രവണയും ഇതിൽ കാണുന്നു . നാം എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും എളുപ്പത്തിൽ കഴിയുകയുമില്ല . ഉറക്കത്തിലും രോഗിയുടെ കാലുകൾ ഇതു മൂലം അനങ്ങുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. ഇത് കൊണ്ട് ഉറക്കക്കുറവ് വരികയും അതു മൂലമുള്ള എല്ലാ പ്രശ്നങ്ങളും ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. 5 മുതൽ 15 ശതമാനംവരെ പ്രായപൂർത്തിയായ ആളുകളിൽ കാണുന്ന ഈ അസുഖം ഉറക്കത്തിന്റെ വിശദമായ പഠനങ്ങൾ നടത്തിയാണ് രോഗനിർണ്ണയം ചെയ്യുന്നത് . പ്രമേഹം , പാർക്കിൻസോണിസം, റുമറ്റോയിഡ് ആർത്രൈറ്റിസ് , വിളർച്ച ,ഗർഭാവസ്ഥ , ചില മരുന്നുകൾ എന്നിവ ഇതിനു കാരണമാകാം.
ക്ലോണാസെപാം (clonazepam ) പാർക്കിൻസൺസ് ത്തിന് കൊടുക്കുന്ന ചില മരുന്നുകൾ എന്നിവയാണ് ഇതിന്റെ ചികിത്സ.

നാർകോലെപ്സി (Narcolepsy)

നാർക്കോലെപ്സി എന്നുപറയുന്നത് അൽപ്പം ഗുരുതരമായ സാധാരണ കാണാത്ത ഒരസുഖമാണ്. പൊടുന്നനെ നമുക്ക് നിയന്ത്രിക്കാനാവാത്ത രീതിയിൽ ഉറക്കം വരുന്നതാണ് ഇതിന്റെ പ്രത്യേകത. 30 സെക്കന്റു മുതൽ 30 മിനിട്ടു വരെ നീണ്ടുപോകാം ചിലപ്പോൾ ഇത് . പല തരം മിഥ്യാനുഭവങ്ങൾ ( hallu cinations ), കുറച്ചു നേരം മാത്രം നിലനിൽക്കുന്ന ശരീര ഭാഗങ്ങളുടെ ശേഷി നഷ്ടപ്പെടൽ എന്നിവ ഇതിനോടനുബന്ധിച്ച് ഉണ്ടാകും .വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയാണ് . ശരീര പേശികളുടെ തളർച്ച ,സ്വപ്നാവസ്ഥ എന്നിവ ഒരു പക്ഷെ ദിവസം മുഴുവൻ നീണ്ടു നിൽക്കാം. വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ആളുകൾ പെട്ടന്ന് ഉറക്കത്തിന് അടിമപ്പെടുന്നു. ഉദാഹരണത്തിന് കാറോടിക്കുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും കായിക വിനോദത്തിൽ ഏർപ്പെടുമ്പോളും മറ്റും. ഇതിന്റെ അപകടം നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ജോലിക്കിടയിലും സംഭാഷണത്തിനിടയിലും ഇത്തരക്കാർ പെട്ടെന്ന് അനുഭവപ്പെടുന്ന ശാരീരിക തളർച്ച മൂലം കുഴഞ്ഞു വീഴാം .അതുമൂലം തലയ്ക്കും ശരീരത്തിനും മുറിവ് പറ്റാനുള്ള സാധ്യതയുണ്ട് . ഈ രോഗനിർണ്ണയം നടത്താൻ വിശദമായ ഉറക്കത്തിന്റെ പഠനവും മറ്റ് ശാരീരിക പരിശോധനകളും നടത്തേണ്ടതുണ്ട്, തലച്ചോറിൽ ഒറക്സിറ്റിൻ അല്ലെങ്കിൽ ഹൈപ്പോ ക്രെറ്റിൻ (orexetin or hypocretin ) എന്ന രാസവസ്തുവിന്റെ ഇല്ലായ്മ ഇത്തരക്കാരിൽ കണ്ടുവരുന്നു .പതിവായി ലഘുവായി വ്യായാമം ചെയ്യുക കൃത്യമായ ഒരു ചിട്ട ഉറക്കത്തിന്റെ കാര്യത്തിൽ പാലിക്കുക എന്നിവയാണ് പ്രധാനമായുള്ള ചികിത്സാ രീതികൾ . രോഗലക്ഷണങ്ങൾ അനുസരിച്ച് ചിലപ്പോൾ ചില മരുന്നുകൾ ഫലപ്രദമായേക്കാം. വിഷാദ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, അതുപോലെ തന്നെ ഉത്തേജനം നൽകുന്ന രീതിയിലുള്ള ചില മരുന്നുകൾ എന്നിവ ഗുണകരമായി കണ്ടുവരുന്നു (modafinil ) 

പകൽ സമയത്ത് ഉള്ള അമിതമായ ഉറക്കം

ഇത് നാർക്കോ ലെപ്സിയിൽ കണ്ടു വരാറുണ്ട് . പക്ഷേ മറ്റു ചില കാരണങ്ങളും ഇതിനുണ്ട് obstructive sleep apnea കൂടാതെ മുൻപ് പറഞ്ഞ restless legs syndrome എന്നിവയിലും പ്രധാനമായും കണ്ടു വരുന്നു. നിയന്ത്രിക്കാനാവാത്ത രീതിയിൽ പകൽ സമയത്ത് ഉറക്കം വരുന്നു ,രാത്രി നന്നായി ഉറങ്ങിയിട്ട് പോലും.

ഇത് നമ്മുടെ ജോലിയെയും ഡ്രൈവിംഗിനേയും മറ്റും ബാധിക്കാം . പലപ്പോഴും ആളുകൾ ഇതിനെപ്പറ്റി ശരിയായി മനസ്സിലാകാതെ കുറ്റപ്പെടുത്താം . ഇതവർക്ക് ദേഷ്യവും വിഷമവും ഉണ്ടാകുന്നു പലപ്പോഴും മടിയന്മാരായി ഇവർ മുദ്രകുത്തപ്പെടും. വിദ്യാലയങ്ങളിലും മറ്റ് പഠന കേന്ദ്രങ്ങളിലും മോശക്കാരാകുന്നത് ആത്മ വിശ്വാസത്തെ ബാധിക്കുന്നു. മാത്രമല്ല ഇവരുടെ സാമൂഹ്യ -സുഹൃത്ത് ബന്ധങ്ങളെയും ഇത് ബാധിക്കാറുണ്ട്.

ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (Obstructive sleep apnea)

ഉറങ്ങുന്നതിനിടയിൽ പെട്ടെന്ന് ശ്വാസം നിന്നു പോകുന്ന ഒരവസ്ഥയാണിത് .ഉറക്കത്തിൽ നിന്ന് അതിനാൽ ഇവർ പൊടുന്നനെ എഴുന്നേൽക്കുന്നു. ഇത് ഉള്ളവർ പൊതുവെ നന്നായി കൂർക്കം വലി ക്കാറുണ്ട് പക്ഷേ എല്ലാ കൂർക്കംവലിക്കാർക്കും ഈ അസുഖം ഉണ്ടെന്ന് തെറ്റിദ്ധരിക്കരുത്

ഇതുമൂലം അവരുടെ ശ്വാസം തടസ്സപ്പെടുന്നത് കൊണ്ട് പകൽ സമയത്ത് ഉറക്കം വരാൻ തുടങ്ങും. ഇത് ഡ്രൈവിങ്ങിനേയും മറ്റും ബാധിച്ച് അപകടത്തിൽ കലാശിക്കാം. ഓക്സിജന്റെ അപകടകരമായ രീതിയിലുള്ള കുറവ് ഹൃദയത്തെ ബാധിക്കുന്നു. വിഷാദം ,അമിത വണ്ണം ലൈംഗികശേഷിക്കുറവ് , വിട്ടുമാറാത്ത തലവേദന എന്നിവ ഇത്തരക്കാരിൽ കണ്ടു വരുന്നു. ഹൃദയാഘാതത്തിനുള്ള അമിത സാധ്യതയാണ് പ്രധാനമായുള്ള അപകട സാദ്ധ്യത.

CPAP mask ( continuous positive airway pressure mask )ആണ് ഇതിനുള്ള പ്രതിവിധി .ഇത് മൂക്കിന് മുകളിൽ അമർന്ന് ഇരിക്കുകയും ഉന്നത സമ്മർദ്ദത്തിൽ വായു നൽകി ശ്വാസനാളി തുറന്നിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആര്‍ഇഎ സ്ലീപ് ഡിസോഡര്‍

പെട്ടെന്ന് ഉറക്കത്തിനിടയില്‍ നിലവിളിക്കുകയും അടുത്തുള്ളവരെ ചവിട്ടുകയും മറ്റും ചെയ്യുക എന്നുള്ളതാണ് ഇതില്‍ സംഭവിക്കുന്നത്. സാധാരണ ഗതിയില്‍ ആര്‍ഇഎം ഉറക്കം ( ഉറക്കം പല ഘട്ടങ്ങളായി കാണപ്പെടുന്നു. അതിനിടയിലെ ഒരു സ്റ്റേജ് ആണ് ആര്‍ഇഎം ) നാം സ്വപ്നം കാണുന്ന സമയമാണ് .മാത്രമല്ല മാംസ പേശികള്‍ ഒട്ടും മുറുക്കമില്ലാതെ അയഞ്ഞിരിക്കുന്ന ഒരു സമയം ആണ് ഇത്. പക്ഷേ ഈ അസുഖം ഉള്ളവര്‍ സ്വപ്നാ വസ്ഥയ്ക്കനുസരിച്ച് ശരീരം അനക്കാനും ചലിക്കാനും ശ്രമിക്കും .

പൊതുവേ സാധാരണ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ള അവസ്ഥയാണിത് . ഈ അസുഖം ഉള്ളവരില്‍ 60% ത്തോളം പേര്‍ക്ക് ഭാവിയില്‍ പാര്‍ക്കിന്‍സോണിസം രോഗം വരാനുള്ള സാധ്യതയുണ്ട് രഹസ്യങ്ങള്‍ എല്ലാം മനസ്സിലായല്ലോ…. ഇനി സമാധാനമായി നിദ്രാദേവിയെ പുല്‍കിക്കോളൂ…

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.