spot_img

ആയുസ്സിനും ആരോഗ്യത്തിനും ചില വേറിട്ട വഴികള്‍ 

ആയുസ്സും ആരോഗ്യവും നിര്‍ണ്ണയിക്കുന്നത് ശാരീരിക ഘടകങ്ങള്‍ മാത്രമല്ല. മറ്റു ചില ഘടകങ്ങളും നിങ്ങളുടെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നുണ്ട്. 

  1. സാമൂഹിക ക്ഷേമം

സാമൂഹികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുന്ന, വിലമതിക്കാത്ത ഒന്നാണ്. എന്നാല്‍ മികച്ച സാമൂഹ്യജീവിതമുള്ള, സാമൂഹ്യ ബന്ധങ്ങളുള്ള, നിരന്തര സാമൂഹ്യ ഇടപെടലുകളുള്ളവരുടെ സമ്പൂര്‍ണ്ണ ആരോഗ്യം മികച്ചതും മരണനിരക്ക് കുറവുമായിരിക്കും എന്ന് ഗവേഷണങ്ങള്‍ പറയുന്നു.

വീട്ടിലിരുന്ന് മടുപ്പ് തോന്നുന്ന സാഹചര്യങ്ങളില്‍ പുറത്തു പോകുകയോ എന്തെങ്കിലും പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യുക. എന്തെങ്കിലും ക്ലാസ്സുകള്‍ക്ക് ചേരുകയോ ക്ലബ്ബുകളില്‍ അംഗത്വമെടുക്കുകയോ ചെയ്യാം.

  1. ശാരീരിക ക്ഷമത

നിങ്ങള്‍ ശാരീരികക്ഷമതയുള്ളവരാണോ എന്നറിയാന്‍ സാങ്കേതികവിദ്യയുടെയോ പ്രൊഫഷണലുകളുടെയോ ആവശ്യമില്ല. മിതമായ വേഗതയില്‍ (ശ്വാസം കിട്ടാതാവുന്നതു പോലെയുള്ള പ്രശ്‌നങ്ങളില്ലാതെ) കുറച്ചുദൂരം നടക്കാന്‍ കഴിയുന്നുണ്ടോ, വീഴാതെ പുറകോട്ടു നടക്കാന്‍ കഴിയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങളുടെ ആരോഗ്യം ക്ഷയിക്കുന്നുണ്ടോ എന്നു മനസ്സിലാക്കാം. നിങ്ങള്‍ 50 നും 60 നും ഇടയില്‍ പ്രായമുള്ള പുരുഷനാണെങ്കില്‍ ഒരു മൈല്‍ ദൂരം എട്ടു മിനിറ്റില്‍ ഓടാന്‍ കഴിയുന്നുണ്ടോ, സ്ത്രീയാണെങ്കില്‍ ഒന്‍പതു മിനിറ്റില്‍ ഓടാന്‍ കഴിയുന്നുണ്ടോ എന്നു പരിശോധിക്കുക.

ഈ കാര്യങ്ങള്‍ പരിശോധിച്ചു നോക്കിയാല്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ നില എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ചെറിയ വ്യായാമങ്ങളും (കാര്‍ഡിയോവാസ്‌കുലാറിന് പ്രാധാന്യം നല്‍കുന്ന) മറ്റും ചെയ്ത് ശാരീരിക ക്ഷമത ഉറപ്പുവരുത്താവുന്നതേയുള്ളൂ. പ്രായമാകുന്നതിനാല്‍ പേശികള്‍ക്ക് ശക്തി നല്‍കുന്ന പ്രോട്ടീന്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയ ഭക്ഷണരീതിയും പിന്തുടരുക.

  1. വൈകാരിക ആരോഗ്യം

വൈകാരിക ആരോഗ്യവും, ജീവിതത്തിലെ സന്തോഷങ്ങളും സംതൃപ്തിയും ആയുസ്സിനെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യമുണ്ടെന്ന ആത്മധൈര്യം ആളുകളെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു. സമ്മര്‍ദ്ദം നിയന്ത്രിക്കുകയും അവനവനു വേണ്ടി കുറച്ച് സമയം കണ്ടെത്തുകയും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുകയും വിജയങ്ങളും സന്തോഷങ്ങളും ആഘോഷിക്കുകയും സ്വന്തമായി അഭിനന്ദിക്കുകയുമൊക്കെ ചെയ്യുന്നത് വൈകാരികാരോഗ്യത്തെ ശക്തിപ്പെടുത്തും.

  1. ഓര്‍മ്മ

മറവി പ്രായമാകുന്നതിന്റെ ലക്ഷണമാണ്. ബില്ലുകളടക്കാന്‍ മറന്നുപോകുക, ചില സ്ഥലങ്ങളില്‍ ഉപയോഗിക്കേണ്ട വാക്കുകള്‍ മറന്നുപോകുക ഇവ സാധാരണമാണ്. മറവിയെ അതിജീവിക്കാനായി വായന, ഗെയിമുകളിലേര്‍പ്പെടുക, കംപ്യൂട്ടര്‍ ഉപയോഗിക്കുക, മ്യൂസിക് ഉപകരണങ്ങള്‍ വായിക്കുക, ചര്‍ച്ചകളില്‍ പങ്കെടുക്കുക എന്നിവ ചെയ്യാവുന്നതാണ്. ഏതെങ്കിലും അക്കാദമിക് ക്ലാസ്സുകളില്‍ ചേരുന്നതും ചിന്തയും ഓര്‍മ്മയും വര്‍ധിപ്പിക്കാന്‍ നല്ലതാണ്. 

  1. വിരമിക്കല്‍ പ്രായം

നേരത്തേ ജോലിയില്‍ നിന്ന് വിരമിക്കുന്നത് നല്ലതാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഗവേഷണങ്ങള്‍ പറയുന്നത് നേരത്തേ വിരമിക്കുന്നത് ആയുസ്സ് കുറക്കുമെന്നാണ്. നേരത്തേ വിരമിക്കുന്നത് അര്‍ബുദം, ഹൃദ്രോഗങ്ങള്‍, മറവി, വിഷാദം തുടങ്ങിയ രോഗങ്ങള്‍ക്കിടയാക്കുമെന്നാണ് പഠനങ്ങള്‍. ജോലി ഉപേക്ഷിക്കരുത് എന്നല്ല ഇതിനര്‍ത്ഥം. നിങ്ങള്‍ നേരത്തേ ജോലി വിടുകയാണെങ്കില്‍ സ്വന്തമായി മറ്റെന്തെങ്കിലും ചെയ്യുകയോ വിനോദങ്ങളിലേര്‍പ്പെടുകയോ യാത്രകള്‍ ചെയ്യുകയോ ചെയ്യുക.

  1. സാമ്പത്തിക സുരക്ഷ

സാമ്പത്തിക സുരക്ഷയ്ക്ക് ആയുസ്സുമായി യാതൊരു ബന്ധവുമില്ലെന്ന് തോന്നിയേക്കാം. എന്നാല്‍ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള ടെന്‍ഷനും ഉല്‍ക്കണ്ഠയും നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. നേരത്തേ വിരമിക്കുന്നത് ഈ സാഹചര്യത്തെ കൂടുതല്‍ മോശമാക്കും.

സാമ്പത്തിക പ്രയാസങ്ങളുള്ളവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍, അനാരോഗ്യകരമായ അവസ്ഥ എന്നിവയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വിരമിക്കലും തുടര്‍ന്നുള്ള സാമ്പത്തിക കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്ത് ഈ പ്രശ്‌നത്തെ തരണം ചെയ്യാവുന്നതാണ്.

  1. നിങ്ങളുടെ മെഡിസിന്‍ കാബിനറ്റിന്റെ വലുപ്പം

ഒരു ഡ്രോയര്‍ മുഴുവന്‍ മരുന്നുള്ള, ചെറിയ രോഗങ്ങള്‍ക്കുള്ള പല മരുന്നുകളും വാങ്ങി സ്റ്റോക്ക് ചെയ്തുവെച്ചിരിക്കുന്ന ആളാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങള്‍ അനാരോഗ്യവാനായ ആളാണ്. ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പരിഹരിക്കാവുന്നവയായിരിക്കും പല രോഗങ്ങളും. അതിനു പകരമാവും നിങ്ങള്‍ പല മരുന്നുകളും വാങ്ങിവെച്ചിരിക്കുന്നത്. ഒരു ഡോക്ടറോട് സംസാരിച്ച് ചില മരുന്നുകളെങ്കിലും ഒഴിവാക്കാന്‍ ആരോഗ്യകരമായ എന്തു ശീലം പിന്തുടരണമെന്ന് അന്വേഷിക്കുക. 

മുകളില്‍ പറഞ്ഞ കാര്യങ്ങളോടൊപ്പം നല്ല ഭക്ഷണശീലവും വ്യായാമവും കൂടി ഉണ്ടാക്കിയെടുത്താല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയും നല്ല ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.