കുട്ടികൾ ഡിസ്ലെക്സിയയോട് മല്ലിടുന്നതു കാണാൻ പ്രയാസമാണ്. എന്നാൽ ഈ കുട്ടികൾക്ക് ബുദ്ധിപരമായി സാധാരണ കുട്ടികളിൽ നിന്ന് യാതൊരു വ്യത്യാസവുമില്ല. അവർക്ക് സാധാരണ കുട്ടികളെപ്പോലെ തന്നെ പഠിക്കാനും ചില മേഖലകളിലൊഴികെ വിജയകരമായ കരിയർ നയിക്കാനും കഴിയുന്നു. ഇതിനായി ഒരു രക്ഷിതാവിന് തന്റെ കുട്ടിയെ പലവിധത്തിൽ സഹായിക്കാൻ പറ്റും. എഴുതാനും വായിക്കാനും പ്രത്യേക ശ്രദ്ധയും പഠനരീതിയും ലഭ്യമാക്കാൻ ആവശ്യത്തിന് പിന്തുണ നൽകുക എന്നതാണ് ഒരു രക്ഷിതാവിന് ചെയ്യാനുള്ളത്. എത്ര നേരത്തേ ഈ ശ്രദ്ധ നൽകുന്നുവോ അത്രയും നല്ലതാണ്.
വായിക്കാനും ഉച്ചരിക്കാനുമുള്ള പ്രയാസമാണ് ഡിസ്ലെക്സിയയുള്ള കുട്ടികളുടെ പ്രധാന പ്രശ്നം. ചില ശബ്ദങ്ങൾ ഉച്ചരിക്കാൻ അവർക്ക് പ്രയാസം നേരിടുന്നു. പ്രൈമറി ക്ലാസ്സുകളിൽ പോകാൻ തുടങ്ങുമ്പോൾ കുട്ടിയ്ക്ക് b,d അല്ലെങ്കിൽ m,w എന്നീ അക്ഷരങ്ങൾ പരസ്പരം മാറിപ്പോകുന്നു. വാക്കുകൾ തലതിരിച്ച് പിന്നോട്ടെഴുതുന്നതും ഡിസ്ലെക്സിയ കുട്ടികളുടെ ലക്ഷണങ്ങളാണ്.
സ്പെഷ്യൽ എഡ്യുക്കേഷൻ ലഭ്യമാക്കുക
ഡിസ്ലെക്സിയയുള്ള കുട്ടികളെ സഹായിക്കാൻ വിദ്യാഭ്യാസത്തിൽ നിരവധി ഇടപെടലുകൾ നടത്താൻ കഴിയും. വാക്കുകളിലെ അക്ഷരങ്ങൾ ഉച്ചരിക്കുന്ന കഴിവിനെ മെച്ചപ്പെടുത്തുന്ന ഫോണോളജിക്കൽ സ്കിൽസ് അത്തരം ഇടപെടലുകളിൽ ഒന്നാണ്. ഇത് വളരെ ഘടനാപരമായി പഠിപ്പിക്കുന്നതും നിരന്തരം പരിശീലിപ്പിക്കുന്നതുമാണ്. ഒന്നിലധികം ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് പഠനം സാധ്യമാക്കുന്ന മൾട്ടി സെൻസറി ടീച്ചിങ് രീതി മറ്റൊരു ഉദാഹരണമാണ്.
വായനാഭിരുചി ഉണ്ടാക്കിയെടുക്കുക
കുട്ടികൾക്ക് പുസ്തകങ്ങളോടും വായനയോടും താൽപര്യം ഉണ്ടാക്കിയെടുക്കുന്നത് ഒരു പരിധിവരെ ഡിസ്ലെക്സിയയെ അതിജീവിക്കാൻ സഹായിക്കും. കുട്ടികൾക്ക് അവർക്കിഷ്ടമുള്ള കഥകളും മറ്റും വായിച്ചുകൊടുക്കുക. അവർക്ക് വായിക്കാൻ അനുയോജ്യമായ സാഹചര്യം ഒരുക്കിക്കൊടുക്കുകയും വേണം. അവരെ ഒറ്റയ്ക്ക് വായിക്കാൻ അനുവദിക്കുന്നത് കൂടുതൽ ഉച്ചാരണശുദ്ധി കൈവരാൻ സഹായിക്കും.
ആവർത്തനം സഹായിക്കും
ഒരു പാഠഭാഗം അല്ലെങ്കിൽ കഥ പലയാവർത്തി വായിക്കുന്നത് അത് ഓർത്തിരിക്കാൻ സഹായിക്കും. വീണ്ടും വീണ്ടും ഒരേ കാര്യം വായിക്കുന്നത് രസമുള്ള അനുഭവമല്ല. എന്നാൽ കാര്യം മനസ്സിലാക്കാനും പാഠഭാഗം പരിചിതമായിരിക്കാനും അത് അവരെ സഹായിക്കും.
നിങ്ങളുടെ കുട്ടിയുടെ വക്താവായിരിക്കുക
സ്കൂളിൽ അധ്യാപകർക്ക് നിങ്ങളുടെ കുട്ടിയ്ക്ക് മാത്രമായി കൂടുതൽ ശ്രദ്ധനൽകാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ കുട്ടിയുടെ കാര്യങ്ങൾ ശ്രദ്ധിച്ച് സ്കൂളുമായി നിരന്തരം ബന്ധപ്പെടാൻ രക്ഷിതാവ് പ്രത്യേകം ശ്രമിക്കണം. കുട്ടിയ്ക്ക് പഠിക്കാൻ പ്രയാസം നേരിടുന്ന കാര്യം, വിഷയം, പാഠഭാഗം ഏതാണെന്നും എന്തൊക്കെ പഠിക്കുന്നതിന് കൂടുതൽ മികവുണ്ടെന്നും കണ്ടെത്തുക. ഇത്തരം കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന പ്രൊഫഷണലുകളുടെ സഹായം സ്വീകരിക്കാൻ മടി കാണിക്കരുത്.
സ്കൂളുമായി ചേർന്ന് പ്രവർത്തിക്കുക
പാരന്റ്-ടീച്ചേഴ്സ് മീറ്റിങിനു പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മടി കാണിക്കാതിരിക്കുക. കുട്ടിയ്ക്ക് ആവശ്യമായ പിന്തുണകളെക്കുറിച്ച് അധ്യാപകരോട് തുറന്നു സംസാരിക്കുക. നിങ്ങൾ കുട്ടിയെ പഠിപ്പിക്കാൻ ഉപയോഗിക്കുന്ന രീതികൾ അധ്യാപകർക്ക് വിശദീകരിച്ചു കൊടുക്കുക. കുട്ടിയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്നതിനും അനുയോജ്യമായ മറ്റു പഠന രീതികൾ നിർദ്ദേശിക്കുന്നതിനും ഇത് അധ്യാപകരെ സഹായിക്കും. കുട്ടിയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുന്ന അധ്യാപകരുണ്ടെങ്കിൽ അവരെ അനുമോദിക്കാനും മറക്കരുത്.
പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
ഡിസ്ലെക്സിയയുള്ള കുട്ടികൾക്ക് പലപ്പോഴും ആത്മവിശ്വാസവും ആത്മാഭിമാനവും കുറവായിരിക്കും. അതിനാൽ അവരെ പരമാവധി പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും വേണം. നിങ്ങളുടെ കുട്ടി ചിത്രരചനയിലോ സ്പോർട്സിലോ മികവു കാണിക്കുന്നുണ്ടെങ്കിൽ അവയിൽ പരമാവധി മുഴുകുന്നതിനും പങ്കെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുക. ആവശ്യമായ പിന്തുണയും നൽകുക. ഇത് അവർക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും വളരാൻ സഹായിക്കും.
സാങ്കേതികവിദ്യ ലഭ്യമാക്കുക
ചിലപ്പോൾ നിങ്ങളുടെ കുട്ടി പുസ്തകങ്ങളേക്കാൾ കംപ്യൂട്ടറിൽ പഠിക്കാനായിരിക്കും മിടുക്ക് കാണിക്കുന്നത്. അങ്ങനെയെങ്കിൽ അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുക. അക്ഷരത്തെറ്റുകൾ ശരിയാക്കുന്ന സോഫ്റ്റ്വെയറുകളും പറയുന്നത് എഴുതുന്നതും എഴുതുന്നത് പറയുന്നതുമായ സോഫ്റ്റ്വെയറുകളുമുണ്ട്. ഇവ കുട്ടിയ്ക്ക് വാക്കുകളും അക്ഷരങ്ങളും ശരിയായി മനസ്സിലാക്കാൻ സഹായകമാകും.