ഗര്‍ഭകാലം ഓരോ അമ്മമാരും ആസ്വദിക്കാറുണ്ട്. എന്നാല്‍ ഗര്‍ഭിണികളില്‍ രാവിലെ ഉറക്കമുണരുമ്പോള്‍ ഉണ്ടാകുന്ന മനംപുരട്ടലും അസ്വസ്ഥതകളും സ്വാഭാവികമാണ്. ഗര്‍ഭാവസ്ഥയുടെ ആദ്യ 12 ആഴ്ചകളില്‍ 80 ശതമാനം സ്ത്രീകളും ഓക്കാനം അനുഭവിക്കുന്നുണ്ട്. 50 ശതമാനം പേര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ ഛര്‍ദ്ദിയും ഉണ്ടാകും. ഇത്തരത്തിലുള്ള മോര്‍ണിങ് സിക്ക്നസ്സ് അത്ര സുഖകരമല്ലെങ്കിലും മറ്റ് ദോഷങ്ങളൊന്നും വരുത്തില്ല. ഇത് സാധാരണയായി 16 മുതല്‍ 20 ആഴ്ച വരെയെ കാണൂ.
എന്നാല്‍ അമിതമായ ഓക്കാനവും ഛര്‍ദ്ദിയും ഹൈപ്പര്‍ ഗ്രാവിഡാം എന്ന രോഗാവസ്ഥയാകാം. ഇത്തരത്തിലുള്ളവര്‍ ചികിത്സ നേടണം. അല്ലാത്തവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ രാവിലെയുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒരു പരിധിവരെ മാറ്റാം.
- മൊരിച്ച ബ്രഡ് പോലുള്ള ഭക്ഷണം കഴിക്കുക
രാവിലെ ഉറക്കമെണീറ്റയുടന്‍ ബ്രഡ് ടോസ്റ്റോ മറ്റ് മൊരിച്ച ഭക്ഷണമോ കഴിക്കുന്നത് ഓക്കാനം തടയാന്‍ നല്ലതാണ്. ഉറങ്ങിയെണീറ്റയുടന്‍ ബെഡില്‍ നിന്നും നിലത്തിറങ്ങാതെ അല്‍പ്പനേരം ബെഡില്‍ തന്നെ ഇരുന്ന് മനസ്സും ശരീരവും ശാന്തമാക്കിയതിനു ശേഷം പതിയെ നിലത്തിറങ്ങുക.
- ഇടയ്ക്കിടെ ഭക്ഷണവും ധാരാളം വെള്ളവും കുടിക്കുക
ഭക്ഷണം ഒറ്റയിരുപ്പിന് കഴിക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ചെറിയ രീതിയില്‍ ഭക്ഷണം കഴിക്കണം. ഒഴിഞ്ഞ വയര്‍ ഓക്കാനം ഉണ്ടാക്കുന്നതിനാല്‍ കൃത്യമായ ഇടവേളകളില്‍ കുറച്ച് ഭക്ഷണം കഴിക്കുന്നതു നല്ലതാണ്. ജലാംശം നിലനിര്‍ത്താന്‍ പതിവായി വെള്ളം കുടിക്കുക. ഒറ്റയടിക്ക് വലിയ അളവില്‍ കുടിക്കുന്നതിനേക്കാള്‍ കുറച്ചുകുറച്ച് വെള്ളം കുടിക്കുന്നത് ഛര്‍ദ്ദിയുടെ സാധ്യത കുറയ്ക്കും. വെള്ളം മാത്രം കുടിക്കാതെ പോഷകസമൃദ്ധമായ തേങ്ങാവെള്ളം, പഴം അല്ലെങ്കില്‍ പച്ചക്കറി ജ്യൂസുകള്‍, പാല്‍ എന്നിവ കുടിക്കുന്നതും നല്ലതാണ്.
3.ചൂടുള്ള ഭക്ഷണം ഒഴിവാക്കുക
നിങ്ങള്‍ എപ്പോഴും ചൂടുള്ള ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ ഇടക്ക് വ്യത്യസ്തമായ പരീക്ഷണങ്ങളും നടത്തണം. ചൂടുള്ള ഭക്ഷണത്തിന്റെ ഗന്ധം പോലെ വിശപ്പുണ്ടാക്കുന്ന ഒന്നും തന്നെയില്ല. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഈ ഗന്ധം ഓക്കാനം ഉണ്ടാക്കുന്നു. അതിനാല്‍ റൂമിന്റെ ഊഷ്മാവിലുള്ള അല്ലെങ്കില്‍ അല്‍പ്പം തണുപ്പുള്ള ഭക്ഷണം കഴിക്കുന്നത് ഗര്‍ഭിണികളെ ഓക്കാനത്തില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. കാരണം തണുത്ത ഭക്ഷണത്തില്‍ ചൂടുള്ള ഭക്ഷണത്തെപ്പോലെ ശക്തമായ മസാലയുടെ ഗന്ധം കാണില്ല.
കൊഴുപ്പുള്ളതും എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
കൊഴുപ്പ്, വറുത്ത ഭക്ഷണം അല്ലെങ്കില്‍ മസാലകള്‍ എന്നിവ ഗര്‍ഭാവസ്ഥയില്‍ ഓക്കാനം ഉണ്ടാക്കുമെന്ന് പല സ്ത്രീകളുടെയും അനുഭവത്തില്‍ നിന്നും വ്യക്തമാണ്. പകരം കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍ തിരഞ്ഞെടുക്കുക. ഈ കാലയളവില്‍ അരിയും പയറുവര്‍ഗ്ഗങ്ങളും പാലും ചേര്‍ത്തുള്ള കഞ്ഞിയാണ് ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നത്.
- ഡയറി സൂക്ഷിക്കുക.
ഗര്‍ഭാവസ്ഥയില്‍ ഓക്കാനം വരാത്തതും വയറിനുപിടിക്കുന്നതും ഇഷ്ടമുള്ളതുമായ ഭക്ഷണങ്ങള്‍ എഴുതി സൂക്ഷിക്കുന്നതു നല്ലതാണ്. മാത്രമല്ല ദിവസത്തില്‍ ഏതു സമയത്താണ് കൂടുതലായി ഓക്കാനം വരുന്നതെന്നും കുറിച്ചിടുക. ചിലപ്പോള്‍ പെട്ടെന്ന് എണീക്കുമ്പോള്‍, ചായയുടെയോ കാപ്പിയുടെയോ ഗന്ധമടിക്കുമ്പോള്‍ ഓക്കാനം വരാം. ഇത്തരത്തിള്‍ ഒരു ഡയറി സൂക്ഷിച്ചാല്‍ ഓരോ ദിവസവും നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ തീരുമാനിക്കാം. അങ്ങനെ ഓക്കാനം കുറയ്ക്കാം. ഓക്കാനം ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങള്‍ കണ്ടെത്തിയേക്കാം. ദിവസത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇത് ചെയ്യുകയോ അല്ലെങ്കില്‍ ഓരോ രണ്ട് മണിക്കൂറിലും ലഘുഭക്ഷണം കഴിക്കുകയോ ചെയ്യുക.
- വിശ്രമിക്കുക
ക്ഷീണം കൂടുതലുള്ളപ്പോള്‍ ഓക്കാനവും മന്ദതയും തോന്നാം. ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ നന്നായി വിശ്രമിക്കണം. എന്നാല്‍ ചില സ്ത്രീകളില്‍ കിടക്കുമ്പോള്‍ മനംപുരട്ടലും ഓക്കാനവും ഉണ്ടാകാറുണ്ട്. ഏതാണ് നിങ്ങള്‍ക്കിണങ്ങിയതെന്നു കണ്ടെത്തുക.
- നാരങ്ങ മണക്കുക
ഗര്‍ഭിണികള്‍ പൊതുവേ നാരങ്ങയുടെ മണം ഇഷ്ടപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നാരങ്ങയുടെ എണ്ണ ഒന്നു രണ്ടുതുള്ളി തുവാലയില്‍ പുരട്ടുകയോ റൂം ഫ്രഷ്ണറില്‍ ചേര്‍ക്കുകയോ ചെയ്താല്‍ നാരങ്ങയുടെ നറുമണം ലഭിക്കും. ഫ്രഷ് നാരങ്ങ കയ്യില്‍ കരുതിയാലും മതി. മറ്റ് സുഗന്ധതൈലങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുകയോ തൂവാലയില്‍ പുരട്ടുകയോ ചെയ്താലും നല്ല മാറ്റമുണ്ടാകും.
- ഇഞ്ചിച്ചായ കുടിക്കുക
ഓക്കാനം ശമിപ്പിക്കാന്‍ ഇഞ്ചി ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. 6 ജിഞ്ചെറോള്‍ എന്ന സംയുക്തം ഈ ഗുണം ചെയ്യും. അര ടീസ്പൂണ്‍ പുതുതായി അരച്ച ഇഞ്ചി ചൂടുവെള്ളത്തില്‍ ഒഴിച്ച് ഒരു കപ്പ് ഇഞ്ചി ചായ ഉണ്ടാക്കുക. ഓക്കാനം ലഘൂകരിക്കാന്‍ മികച്ച ചായയാണിത്.
- വിറ്റാമിന്‍ ബി6 കഴിക്കുക
നിങ്ങളുടെ കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിന് വിറ്റാമിന്‍ ബി 6 പ്രധാനമാണ്. ഗര്‍ഭാവസ്ഥയില്‍ ഓക്കാനം കുറയ്ക്കാനും ഇത് സഹായിക്കും. ഒരു പഠനത്തില്‍ ഗര്‍ഭിണികള്‍ക്ക് 72 മണിക്കൂര്‍ നേരത്തേക്ക് ഓരോ 8 മണിക്കൂറിലും 25 മില്ലിഗ്രാം വിറ്റാമിന്‍ ബി 6 ഗുളികകള്‍ നല്‍കുമ്പോള്‍ കടുത്ത ഓക്കാനം ഉള്ളവര്‍ക്ക് കാര്യമായ ആശ്വാസം അനുഭവപ്പെട്ടു. മത്സ്യം, ചിക്കന്‍, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങളില്‍ ഈ വിറ്റാമിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബ്രെഡ്, പാല്‍, തവിട്ടുനിറത്തിലുള്ള ധാന്യങ്ങളായ റൈസ്, ഗോതമ്പ്, ഓട്ട്മീല്‍ എന്നിവയിലും ഇതുണ്ട്. നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മറ്റ് സപ്ലിമെന്റുകളും കഴിക്കാം. 100 മില്ലിഗ്രാമില്‍ കൂടുതല്‍ വിറ്റാമിന്‍ ബി6 കഴിക്കുന്നത് ദോഷകരമാകാം. അതിനാല്‍ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
- യോഗ ശീലമാക്കുക
ഗര്‍ഭാവസ്ഥയില്‍ യോഗ പരിശീലനം സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, വിഷാദം, ഉറക്കപ്രശ്‌നങ്ങള്‍, നടുവേദന എന്നിവയകറ്റാന്‍ സഹായിക്കുന്നു. ഇത് രാവിലത്തെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ സഹായിക്കും. ബാലാസാന (കുട്ടികളുടെ പോസ്), അര്‍ദ്ധ ചന്ദ്രാസന (അര്‍ദ്ധചന്ദ്രന്‍ പോസ്), പ്രസരിത പടോട്ടനാസന (വൈഡ്ലെഗ് ഫോര്‍വേഡ് ബെന്‍ഡ്) എന്നിവ പ്രത്യേകിച്ചും സഹായകമാകും.