spot_img

പച്ചക്കറികളും പഴവര്‍ഗങ്ങളും അണുവിമുക്തമാക്കാം

നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അവ കഴിക്കുന്നതിനു മുമ്പ് ശരിയായ രീതിയില്‍ കഴുകേണ്ടതെങ്ങനെയെന്ന് പലര്‍ക്കുമറിയില്ല.

ഇന്ന് നമുക്ക് ലഭ്യമാകുന്ന ഒരു ഭക്ഷണ പദാര്‍ത്ഥവും 100 ശതമാനം കീടനാശിനി വിമുക്തമല്ല. ഭക്ഷ്യ അണുബാധ തടയുന്നതിനും ഭക്ഷണത്തില്‍ നിന്ന് കീടനാശിനികളുടെ സാന്നിധ്യം പരമാവധി കുറക്കുന്നതിനും അവ നന്നായി കഴുകേണ്ടത് അത്യാവശ്യമാണ്.

ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ നമുക്ക് ലഭിക്കുന്നവയില്‍ പോലും കീടനാശിനികളുടെ അംശം ഉണ്ടാകും. അതിനാല്‍ കഴിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മുന്‍പ് നന്നായി കഴുകി വൃത്തിയാക്കണം. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഉപയോഗിക്കുന്ന കീടനാശിനികള്‍ അര്‍ബുദം, പ്രമേഹം, പാര്‍ക്കിന്‍സണ്‍സ്, അള്‍ഷിമേഴ്‌സ്, ആസ്ത്മ, പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി രോഗങ്ങള്‍ക്കു കാരണമാകും.

ജൈവ പച്ചക്കറികളും പഴവര്‍ഗങ്ങളും തികച്ചും കീടനാശിനി വിമുക്തമാണെന്നു വിശ്വസിക്കുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍ ചെടിക്കു ദോഷമായി വരുന്ന ചെറിയ വണ്ടുകളെ തുരത്താനും മറ്റുമായി ചിലരെങ്കിലും കീടനാശിനികള്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ മറ്റുള്ള കൃഷികളെ അപേക്ഷിച്ച് ഹോര്‍മോണ്‍, ആന്റി ബയോട്ടിക് കുത്തിവയ്പുകള്‍ എന്നിവ പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഉണ്ടാകാറില്ല. അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഇവ കഴിക്കാം. നന്നായി കഴുകണമെന്നു മാത്രം.

പച്ചക്കറികളും പഴവര്‍ഗങ്ങളും എങ്ങനെ കഴുകണം ?

ഒരു പാത്രത്തിലിരിക്കുന്ന വെള്ളത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉലച്ചു കഴുകുന്നതിലും നല്ലത് തുറന്നു വച്ചിരിക്കുന്ന പൈപ്പിന്‍ ചുവട്ടില്‍ കഴുകുന്നതാണ്. ഉപ്പ്, വിനാഗിരി, ബേക്കിങ്ങ് സോഡ, മഞ്ഞള്‍, വാളന്‍പുളി എന്നിവ ഉത്തമ വിഷസംഹാരികളാണ്. ഇവ ചേര്‍ത്ത വെള്ളത്തില്‍ പച്ചക്കറികള്‍ കഴുകി ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.

ഉപ്പ്/വിനാഗിരി ചേര്‍ത്ത വെള്ളം

ഉപ്പ് അല്ലെങ്കില്‍ വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ പച്ചക്കറികള്‍ 20 മിനിറ്റെങ്കിലും മുക്കിവെക്കുന്നത് പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന കീടനാശിനികളെ നശിപ്പിക്കാന്‍ ഉത്തമമാണ്. സാധാരണ വെള്ളത്തില്‍ കഴുകുന്നതിനേക്കാള്‍ ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബേക്കിങ്ങ് സോഡ ചേര്‍ത്ത വെള്ളം

100 ഔണ്‍സ് വെളളത്തില്‍ ഒരു ഔണ്‍സ് ബേക്കിങ്ങ് സോഡ ചേര്‍ത്താല്‍ മികച്ച ഒരു അണുനാശിനി ലഭിക്കും. മറ്റുള്ള ലായനികളെ അപേക്ഷിച്ച് ആപ്പിളിന്റെ തൊലിപ്പുറത്തെ കീടനാശിനികളെ വേഗത്തില്‍ തുരത്താന്‍ ബേക്കിങ്ങ് സോഡ ചേര്‍ത്ത വെള്ളത്തിനു കഴിയും. 10-15 മിനിറ്റെങ്കിലും ബേക്കിങ്ങ് സോഡ ലായനിയില്‍ പച്ചക്കറി/പഴവര്‍ഗങ്ങള്‍ മുക്കിവെക്കുന്നത് നല്ലതാണ്. കട്ടികുറഞ്ഞ തൊലിയുള്ള പഴവര്‍ഗങ്ങള്‍ ശ്രദ്ധയോടെ കഴുകണം.

മഞ്ഞള്‍ പൊടി / വാളന്‍പുളി ചേര്‍ത്ത വെളളം

മഞ്ഞള്‍ പൊടി ഒരു മികച്ച അണുനാശിനിയാണെന്ന് എല്ലാവര്‍ക്കും അറിയാം. പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന മാരകമായ വിഷങ്ങളെ തുരത്താന്‍ മഞ്ഞള്‍ പൊടിക്കു സാധിക്കും. മഞ്ഞള്‍ പൊടി ചേര്‍ത്ത് നേര്‍പ്പിച്ച വെളളത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും 20-30 മിനിറ്റ് നേരം മുക്കി വെച്ചതിനു ശേഷം നന്നായി കഴുകിയെടുക്കാം. മഞ്ഞള്‍പൊടി പോലെ തന്നെ വാളന്‍പുളി ചേര്‍ത്ത വെള്ളത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴുകുന്നതും കീടനാശിനികളെ തുരത്താനുള്ള പ്രതിവിധിയാണ്.

വെജിവാഷ്

കടകളില്‍ വാങ്ങാന്‍ കിട്ടുന്ന വെജി വാഷ് എന്ന ദ്രാവകം പച്ചക്കറി/പഴവര്‍ഗങ്ങള്‍ അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്നു. വെജി വാഷ് ഉപയോഗിച്ച് കഴുകുന്നതും കീടനാശിനികളെ ഇല്ലാതാക്കാന്‍ ഉത്തമമാണ്.

പരമാവധി ഓര്‍ഗാനിക്

കഴിവതും ജൈവ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോഗിക്കുന്നതാണ് രോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രതിവിധി. എന്നാല്‍ ജൈവമെന്ന പേരില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ മറക്കരുത്. പലപ്പോഴും ജൈവ ഉല്‍പ്പന്നങ്ങളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല. അതിനാല്‍ പരമാവധി കീടനാശിനി വിമുക്തമാക്കി ഉപയോഗിക്കാന്‍ ശ്രമിക്കുക എന്നതാണ് വഴി.

ഏറ്റവും കൂടുതല്‍ കീടനാശിനി ഉപയോഗം കണ്ടുവരുന്നത് താഴെപ്പറയുന്ന ഉല്‍പ്പന്നങ്ങളിലാണ്. ഈ ഉല്‍പ്പന്നങ്ങള്‍ പരമാവധി ഒഴിവാക്കുകയോ ജൈവ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയോ ചെയ്യുക.

സ്ട്രോബറി
ചീര
ആപ്പിള്‍
മുന്തിരി
പീച്ച്
ചെറിപ്പഴം
തക്കാളി

ഏറ്റവും കുറവ് കീടനാശിനിയുടെ അളവ് കണ്ടുവരുന്ന ഉല്‍പ്പന്നങ്ങളാണ് താഴെ.

അവോകാഡോ
ചോളം
പൈനാപ്പിള്‍
കാബേജ്
ഉള്ളി
പപ്പായ
മാങ്ങ
കിവി
കോളിഫ്ളവര്‍
ബ്രൊക്കോളി
തണ്ണിമത്തങ്ങ
വഴുതന
ശതാവരിച്ചെടി
മത്തങ്ങ

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.