ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം ഇന്ന് യുവാക്കള്‍ക്കിടയില്‍ ഏറിവരികയാണ്. ലോകാരോഗ്യസംഘടന വരെ കഴിഞ്ഞ ദിവസം ഇ- സിഗരറ്റ് പോലെയുള്ള വേപ്പിങ് (vaping) വസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കിയിരുന്നു. Nicotine Liquids അടങ്ങിയതാണ് ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍. ഇത് തുടര്‍ച്ചയായി വലിച്ചാല്‍ സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം.
പുകയിലയോളം മാരകമല്ല എന്ന നിലയ്ക്കാണ് ഇത്തരം ഉപകരണങ്ങള്‍ വിപണിയില്‍ എത്തുക. എന്നാല്‍ ENDS (Electronic Nicotine Delivery Systems) പല തരത്തില്‍ അപകടകരം തന്നെയാണ്. ഇന്ന് മിക്ക രാജ്യങ്ങളിലും ഇ സിഗരറ്റ് ലഭ്യമാണ്. പുകയിലയ്ക്ക് പകരം സുരക്ഷിതമായ ഒന്ന് എന്ന നിലയ്ക്കാണ് പലരും ഇ സിഗരറ്റിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്ന യാതൊരു ഫലവുമില്ല എന്നതാണ് വാസ്തവം. വന്‍കിട പുകയില ഉല്‍പാദകര്‍ പോലും ഇ സിഗരറ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഇ സിഗരറ്റ് സുരക്ഷിതമാണ് തുടങ്ങിയ തെറ്റായ പ്രചാരണങ്ങള്‍ക്ക് എതിരെ ഇപ്പോള്‍ ലോകാരോഗ്യസംഘടന രംഗത്തു വന്നിട്ടുണ്ട്. metal-laced aerosols അടങ്ങിയതാണ് ഇ സിഗരറ്റുകള്‍ എന്ന് ലോകാരോഗ്യസംഘടനയുടെ ടുബാക്കോ ഫ്രീ ക്യാംപെയ്ന്‍ നടത്തുന്ന വിനായക് പ്രസാദ് പറയുന്നു. പുകയില പോലെ ഇവയും ഹൃദയത്തെയും ശ്വാസകോശത്തെയും അപകടത്തിലാക്കുന്നു. ലോകത്താകമാനം ഇതിനു നിയന്ത്രണം വരുത്തണം എന്നാണ് ഇപ്പോള്‍ ലോകാരോഗ്യസംഘടന പറയുന്നത്.
കഴിഞ്ഞ മാസം സാന്‍ഫ്രാന്‍സിസ്‌കോ ഇ സിഗരറ്റ് നിരോധിച്ചിരുന്നു. ചൈനയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പുകവലിക്കാര്‍ ഉള്ളതായി കണക്കാക്കുന്നത്. അവിടെയും വേപ്പിങ് പ്രോഡക്ടുകള്‍ നിരോധിക്കാന്‍ അധികൃതര്‍ ആലോചിക്കുകയാണിപ്പോള്‍. എണ്‍പതു ലക്ഷം ആളുകളാണ് ഒരു വര്‍ഷം പുകയിലയുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഉപയോഗം വഴി ലോകത്താകമാനം മരണമടയുന്നത് എന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ അതുകൊണ്ടുതന്നെ ഇ സിഗരറ്റ് ഒട്ടും തന്നെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്ന് ലോകാരോഗ്യസംഘടന പറയുന്നു.