രോഗ പ്രതിരോധ വാക്സിനേഷന്‍ വര്‍ഷങ്ങളായി ജനങ്ങളില്‍ ഏറെ സ്വീകര്യമായതും അതേസമയം ചുരുക്കം ചിലരിലെങ്കിലും ആശങ്കയുണ്ടാക്കുന്നതുമായ സംവിധാനമാണ്. സര്‍ക്കാര്‍ തലത്തില്‍ കാര്യക്ഷമമായി വാക്സിനേഷന്‍ കൈകാര്യം ചെയ്യുന്ന രീതിയുണ്ട്. വാക്സിനേഷനു വേണ്ട മരുന്നുകള്‍ നിര്‍മിച്ച് നല്‍കുന്ന കമ്പനികള്‍ മുതല്‍ വാക്സിന്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതു വരെയുള്ള എല്ലാ മേഖലകളും നൂറു ശതമാനവും ശീതികരണ സംവിധാനം ഉപയോഗപ്പെടുത്തിയാണ് കൈകാര്യം ചെയ്യുന്നത്. ഇത്രയും ശ്രദ്ധ നല്‍കുന്നതിനാലാണ് വാക്സിനേഷന്‍ രംഗത്ത് മികച്ച റിസള്‍ട്ട് ലഭിക്കുന്നത്.
ആശുപത്രികള്‍ക്ക് പുറമേ സ്‌കൂളുകള്‍, അങ്കണ്‍വാടികള്‍ എന്നിവ കേന്ദ്രീകരിച്ചും വിദഗ്ധ ഡോക്ടര്‍മാരുടെ നേതത്വത്തില്‍ വാക്സിനേഷന്‍ നടത്തി വരാറുണ്ട്. നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലൂടെയാണ് വാക്സിനേഷന്‍ അതിജീവിച്ച് പോരുന്നത്. രോഗം വന്നിട്ട് ചികിത്സിച്ചാല്‍ പോരേ എന്തിനാണ് മുന്‍കൂട്ടി വാക്സിനേഷന്‍ നടത്തുന്നത് എന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. ചിക്കന്‍ പോക്സ്, റൂബെല്ല, മീസില്‍സ് എന്നീ രോഗങ്ങള്‍ വന്നതിന് ശേഷം പ്രതിരോധ ശേഷി കൂടുന്നതായി കാണാറുണ്ട്. അതേസമയം, മറ്റു ചില രോഗങ്ങള്‍ പിടിപെടുന്നതിന് മുന്‍പേ രോഗപ്രതിരോധ ശേഷി നല്‍കുന്ന മരുന്നുകള്‍ കഴിയ്ക്കേണ്ടത് അത്യാവശ്യമാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് രോഗങ്ങള്‍ അപകടകരമാം വിധം ശരീരത്തെ ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കുന്നു. ഇവ സാധാരണയായി റുട്ടീന്‍ വാക്സിനേഷന്‍ എന്നറിയപ്പെടുന്നു. പോളിയോ, ഡിപിടി എന്നിവയെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയാണ്.
അതേസമയം ശരീരത്തില്‍ ബാധിച്ച രോഗാണുവിനെ ഇല്ലാതാക്കാനും വാക്സിനേഷന്‍ ചെയ്യാറുണ്ട്. രോഗം വന്നതിന് ശേഷമാണ് ഇവ ശരീരത്തില്‍ പ്രയോഗിക്കുക. പാമ്പ് കടിയേറ്റാല്‍ നല്‍കുന്ന മരുന്ന്, പേവിഷബാധയ്ക്ക് നല്‍കുന്ന മരുന്ന് എന്നിവയെല്ലാം ഈ ഗണത്തില്‍പ്പെടുന്നു. പാസീവ് ഇമ്യൂണൈസേഷന്‍ എന്നാണ് ഇതിനെ പറയുക. ഇത്തരത്തില്‍ ക്യത്യമായി രീതിയില്‍ വാക്സിനേഷന്‍ നടത്തി രാജ്യത്ത് മികച്ച ഫലം സ്യഷ്ടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ 94 ശതമാനത്തിനും ക്യത്യമായി വാക്സിനേഷന്‍ നല്‍കുന്നുണ്ടെന്നാണ് കണക്കുകള്‍.
വാക്സിനേഷനെ സംബന്ധിച്ച് ഇപ്പോഴും ആശങ്കകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം ഇംഗ്ലീഷ് മരുന്നുകളെ കുറിച്ചുള്ള അറിവില്ലായ്മയാണ്. വാക്സിനേഷന്‍ മരുന്നുകള്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമോ, ഭാവിയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമോ എന്നൊക്കെയാണ് ആളുകളുടെ ആശങ്കകള്‍. ഇവയില്‍ അധികവും ജനങ്ങളുടെ അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്നതാണ്. ഇത് പരിഹരിച്ച് നല്‍കാന്‍ ബോധവത്കരണ ക്ലാസുകള്‍, യോഗങ്ങള്‍ എന്നിവയിലൂടെ ആരോഗ്യ വകുപ്പ് പരമാവധി ശ്രമിക്കാറുണ്ട്.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും രോഗങ്ങള്‍ തടയുന്നതിനും വേണ്ടി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതികളില്‍ ഒന്നാണ് വാക്സിനേഷന്‍ ഊര്‍ജിതമാക്കുക എന്ന ക്യാമ്പെയ്ന്‍. സമ്പൂര്‍ണ വാക്സിനേഷനാണ് ലക്ഷ്യമിടുന്നത്. അതിനായുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. മൊത്തം ജനസംഖ്യയുടെ 80 ശതമാനമെങ്കിലും വാക്സിനേഷന്‍ എടുത്താല്‍ രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണം നേടാന്‍ സാധിക്കുമെങ്കിലും 100 ശതമാനത്തിലേക്ക് എത്തിയാല്‍ വൈകി വരുന്ന ഡിഫ്തീരിയ പോലുള്ള രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിന് ഉണ്ടാകും. അതിനാല്‍ സമ്പൂര്‍ണ വാക്സിനേഷന്‍ എന്ന ലക്ഷ്യത്തിലേക്ക് ഒരുമിച്ച് ചുവടു വെക്കാം…