spot_img

അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനുള്ള വഴികള്‍

സെപ്തംബര്‍ 16, ലോക ഓസോണ്‍ ദിനമാണ്. സൂര്യനില്‍ നിന്നുവരുന്ന അള്‍ട്രാ വയലറ്റ് (യുവി) കിരണങ്ങളെ ഭൂമിയില്‍ പതിക്കാതെ സംരക്ഷിക്കുന്ന കവചമാണ് ഓസോണ്‍ പാളി. എന്നാല്‍ ദിനംപ്രതി ഓസോണ്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. വന്‍കിട വ്യവസായങ്ങളുടെയും മലിനീകരണങ്ങളുടെയും ഫലമായി ഓസോണില്‍ വിള്ളല്‍ വീഴുന്നതായി ശാസ്ത്രലോകം പറയുന്നു. ഓസോണിനു വിള്ളലുണ്ടായി അള്‍ട്രാവയലറ്റ് രശ്മികള്‍ താഴേക്കെത്തുമ്പോള്‍ വളരെ മാരകമായ പ്രത്യാഘാതങ്ങളുണ്ടാകും. അതിലൊന്നാണ് മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍. ചര്‍മത്തില്‍ യുവി കിരണങ്ങളേല്‍ക്കുമ്പോള്‍ പാടുകള്‍, നിറവ്യത്യാസം, പ്രായം തോന്നുക, ചില തരം കാന്‍സറുകള്‍ എന്നിവയുണ്ടാകുന്നു. യുവി കിരണങ്ങള്‍ മൂലമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് പോളിമോര്‍ഫിസ് ലൈറ്റ് ഇറപ്ഷന്‍ (PMLE) ആണ്. ഏറ്റവും നിസ്സാരമാണെങ്കിലും കൂടുതലായി കാണപ്പെടുന്നതാണിത്.

വെയില്‍ ഏറ്റവും മൂര്‍ധന്യത്തിലായിരിക്കുന്ന 11 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയത്താണ് യുവി കിരണങ്ങള്‍ ഭൂമിയിലെത്തുന്നത്. അതിനാല്‍ ആ സമയത്ത് വെയില്‍ കൊള്ളാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവര്‍ക്കും സൂര്യപ്രകാശത്തെ ഒരുപോലെ നേരിടാനാവില്ല. ഓരോരുത്തരുടെയും ശരീരത്തിന്റെ സ്വഭാവമനുസരിച്ച് വെയില്‍ കൊള്ളുന്നതില്‍ ശ്രദ്ധ ചെലുത്തുക. വെയില്‍ കൊള്ളുന്ന സമയത്ത് കുട ചൂടുകയും, സണ്‍ ഗ്ലാസ് ഉപയോഗിക്കുകയും ചെയ്യുക. ബ്രോഡ് റിം ഉള്ള തൊപ്പി ഉപയോഗിക്കുന്നതും വെയിലില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ നല്ലതാണ്. ഇവയൊന്നും ഉപയോഗിക്കാന്‍ മടിയോ നാണമോ ഉണ്ടാകാതിരിക്കുകയാണ് ഏറ്റവുമാദ്യം വേണ്ടത്.

സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കലാണ് മറ്റൊരു പോംവഴി. സാധാരണ രണ്ടുതരം സണ്‍സ്‌ക്രീനുകളാണ് മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ളത് – ഫിസിക്കല്‍ സണ്‍സ്‌ക്രീനും കെമിക്കല്‍ സണ്‍സ്‌ക്രീനും. ഫിസിക്കല്‍ സണ്‍സ്‌ക്രീന്‍ ത്വക്കില്‍ ലേപനം ചെയ്യുമ്പോള്‍ അതൊരു പാളി പോലെ നിന്ന് യുവി കിരണങ്ങളെ തടയുന്നു. കെമിക്കല്‍ സണ്‍സ്‌ക്രീന്‍ ഒരു സ്പോഞ്ചു പോലെയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അവ യുവി കിരണങ്ങളെ ആഗിരണം ചെയ്ത് ത്വക്കിലെത്താതെ തടയുന്നു. പെട്ടെന്നുള്ള ഫലം ലഭിക്കാന്‍ ഫിസിക്കല്‍ സണ്‍സ്‌ക്രീനാണ് നല്ലത്. കുട്ടികള്‍ക്കും ഇതാണ് നല്ലത്.

അസുഖമുള്ളവര്‍ക്കും സമയമുള്ളവര്‍ക്കും കെമിക്കല്‍ സണ്‍സ്‌ക്രീനാണ് നല്ലത്. പുറത്തേക്ക് ഇറങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഇത് പുരട്ടണം എന്നാണ് കണക്ക്. ജെല്‍, ക്രീം, ലോഷന്‍, സ്പ്രേ എന്നിങ്ങനെ പല രൂപത്തില്‍ സണ്‍സ്‌ക്രീനുകള്‍ ലഭ്യമാണ്. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് ലോഷന്‍ അനുയോജ്യമല്ല. ജെല്‍, സ്പ്രേ രൂപത്തിലുള്ളവയാണ് ഇവര്‍ക്ക് അനുയോജ്യം. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ (എസ്പിഎഫ്) 20 നു മുകളിലുള്ള സണ്‍സ്‌ക്രീനുകളാണ് ഉപയോഗിക്കേണ്ടത്. അള്‍ട്രാ വയലറ്റ് എ, അള്‍ട്രാ വയലറ്റ് ബി എന്നിങ്ങനെ രണ്ടുവിധത്തിലുള്ള കിരണങ്ങളുണ്ട്. അള്‍ട്രാ വയലറ്റ് ബിയില്‍ നിന്നുള്ള സംരക്ഷണമാണ് എസ്പിഎഫ് നല്‍കുന്നത്.

പാടത്തും പറമ്പിലും ജോലി ചെയ്യുന്നവര്‍ക്കു മാത്രമല്ല സംരക്ഷണം ആവശ്യമായിട്ടുള്ളത്. ട്രാഫിക് പൊലീസുകാര്‍, വഴിയോരക്കച്ചവടക്കാര്‍, കായിക താരങ്ങള്‍ അങ്ങനെ വെയിലേല്‍ക്കാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍, ചില രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കും യുവി കിരണങ്ങളില്‍ നിന്നും സംരക്ഷണം ആവശ്യമാണ്. ഒരു സണ്‍സ്‌ക്രീന്‍ മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ സംരക്ഷണം നല്‍കുന്നു. അതില്‍ക്കൂടുതല്‍ സമയം പുറത്തു ചെലവഴിക്കുന്നവര്‍ ഈ സമയം കഴിഞ്ഞ് വീണ്ടും സണ്‍സ്‌ക്രീന്‍ പുരട്ടണം. സണ്‍സ്‌ക്രീന്‍ മുഖത്തും കഴുത്തിലും കൈയിലും പുരട്ടുകയാണ് ചെയ്യേണ്ടത്. തിരുമ്മി പിടിപ്പിക്കേണ്ട കാര്യമില്ല. ഒരു ടീ സ്പൂണ്‍ സണ്‍സ്‌ക്രീന്‍ ഒരു കൈയിന് എന്ന കണക്കില്‍ വേണം ഉപയോഗിക്കാന്‍. കെമിക്കല്‍ സണ്‍സ്‌ക്രീനാണ് ഉപയോഗിക്കുന്നതെങ്കില്‍ പുറത്തിറങ്ങുന്നതിന് അര മണിക്കൂര്‍ മുന്നേ പുരട്ടണം. സ്ഥിരമായ ഉപയോഗത്തിന് കെമിക്കല്‍ സണ്‍സ്‌ക്രീനാണ് നല്ലത്. പെട്ടെന്നുള്ള ഉപയോഗത്തിന് ഫിസിക്കല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റു ഉല്‍പ്പന്നങ്ങളേക്കാള്‍ യുവി കിരണങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ ഏറ്റവും അനുയോജ്യം സണ്‍സ്‌ക്രീനാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.