‘പണ്ടൊക്കെ ഒരു വീട്ടില്‍ പത്തും പന്ത്രണ്ടും കുട്ടികള്‍ വരെയുണ്ടായിരുന്നു, രക്ഷിതാക്കള്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധയോ പരിഗണനയോ ഒന്നും കൊടുക്കാതെ തന്നെ എല്ലാവരും വളര്‍ന്നു’ വീട്ടിലെ പ്രായമുള്ളവര്‍ സ്ഥിരമായി ഇങ്ങനെ പറയുന്നത് നമ്മളില്‍ പലരും കേട്ടിരിക്കും. എന്നാല്‍ ഇന്നത്തെ അവസ്ഥ എന്താണ്? മിക്ക കുടുംബങ്ങളിലും ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമേയുള്ളൂ. അച്ഛനും അമ്മയും ജോലിക്കാര്‍. എന്നിട്ടും പാരന്റിംഗിനെ കുറിച്ച് അനാവശ്യമായ ഒരു ആശങ്ക മിക്ക അച്ഛനമ്മമാര്ക്കുമുണ്ട്. പാരന്റിംഗ് കോഴ്സുകള്‍ ചെയ്യുന്നവര്‍ തന്നെ നിരവധിയാണ്. പാരന്റിംഗ് എന്താണ്, പാരന്റിംഗ് ഏതൊക്കെ തരത്തിലാണ് എന്ന് അറിയുന്നത് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുമായി ഇടപെടുന്നതിന് പ്രയോജനപ്പെടും. പാരന്റിംഗ് നാലു വിധത്തിലാണ്.
1. ദുര്‍ബല രക്ഷകര്‍തൃത്വം (Permissive Parenting)
കുട്ടികളെ ഒരുപാട് സ്നേഹിക്കുകയും അവര്‍ ആവശ്യപ്പെടുന്നതെല്ലാം ചെയ്തു കൊടുക്കുകയും ചെയ്യുന്ന രക്ഷിതാക്കളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഈ രീതിയുടെ പ്രധാന പ്രശ്നം കുട്ടികള്‍ തീരെ അച്ചടക്കമില്ലാതെ വളരുന്നു എന്നതാണ്. പറയുന്നതെല്ലാം ചെയ്തുകൊടുക്കുക വഴി അവര്‍ അനാവശ്യ വാശി പഠിക്കുകയും തികഞ്ഞ അച്ചടക്കരാഹിത്യത്തോടെ വളരുകയും ചെയ്യുന്നു.
2. അവഗണനാ രക്ഷകര്‍തൃത്വം (Neglective Parenting)
കുട്ടികള്‍ക്ക് ആവശ്യത്തിന് ശ്രദ്ധയും കരുതലും കൊടുക്കാത്ത തരത്തിലുള്ള പരിപാലന രീതിയാണിത്. രക്ഷിതാക്കളുടെ ജോലിത്തിരക്ക് കൊണ്ടോ മറ്റെന്തെങ്കിലും കാരണത്താലോ ഒക്കെയാവാം കുട്ടികള്‍ക്ക് മതിയായ സ്നേഹവും സമയവും നല്കാന് കഴിയാതെ വരുന്നത്. ഇങ്ങനെ വളരുന്ന കുട്ടികള്‍ തെറ്റായ കൂട്ടുകെട്ടുകളിലും ബന്ധങ്ങളിലും ചെന്നുപെടാനും ചതിക്കപ്പെടാനുമെല്ലാം സാധ്യതയുണ്ട്.
3. ഏകാധിപത്യ രക്ഷകര്‍തൃത്വം (Authoritarian Parenting)
കര്‍ശനമായ രീതിയില്‍ കുട്ടികളെ വളര്‍ത്തുന്ന രീതിയാണിത്. എല്ലാ കാര്യങ്ങള്‍ക്കും കടുത്ത നിയന്ത്രണവും ശിക്ഷയും അച്ചടക്കവും അടിച്ചേല്‍പ്പിക്കുന്നത് കുട്ടികളില്‍ വലിയ സമ്മര്‍ദ്ദത്തിന് വഴിയൊരുക്കും. അതിനാല്‍ തന്നെ എപ്പോഴെങ്കിലും ചെറിയൊരു അയവ് കിട്ടിയാല്‍ അവര്‍ ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെട്ടേക്കും. ഈ രീതിയില്‍ വളരുന്ന കുട്ടികള്‍ കുറ്റവാസനയുള്ളവരായും ക്രിമിനലുകളായും മാറാനുള്ള സാധ്യതയുണ്ട്.
4. ആധികാരിക രക്ഷകര്‍തൃത്വം (Authoritative Parenting)
ആവശ്യത്തിന് നിയന്ത്രണങ്ങളുണ്ടാവുകയും എന്നാല്‍ മതിയായ സ്വാതന്ത്ര്യം കുട്ടികള്‍ക്ക് അനുവദിച്ചു കൊടുക്കുകയും ചെയ്യുന്ന രക്ഷകര്‍ത്താക്കളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. പട്ടം പറത്തുന്നതിനോട് ഈ രീതിയെ ഉപമിക്കാം. പട്ടം എത്ര ഉയരങ്ങളില്‍ പറന്നാലും അതിന്റെ നിയന്ത്രണച്ചരട് പറത്തുന്നയാളുടെ കൈയില്‍ തന്നെയുണ്ടാകും. അത് കൈവിട്ടു പോയാല്‍ മാത്രമേ പട്ടം കണ്‍വെട്ടത്തു നിന്ന് മാഞ്ഞു പോകുന്നുള്ളൂ. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുന്നതിന് ഏറ്റവും അനുയോജ്യമായ രീതിയാണിത്.
നിങ്ങള്‍ ഈ പറഞ്ഞ വിഭാഗത്തില്‍ ഏതില്‍ പെടുന്നു എന്ന് നോക്കൂ. ആദ്യത്തെ മൂന്നു വിഭാഗത്തിലാണ് പെടുന്നതെങ്കില്‍ കഴിയാവുന്നതു പോലെ പരിശ്രമിച്ച് നാലാമത്തേതില്‍ എത്താന്‍ നോക്കുക. നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും സന്തോഷവും സമാധാനവും ഉണ്ടാവാന്‍ ഈ രീതിയാണ് ഉചിതം.
(കുന്നക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലറാണ് ലേഖിക)