spot_img

എന്നെന്നും യുവത്വമുള്ള ചര്‍മം കാത്തു സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍

യുവത്വമുള്ള ചര്‍മം കാത്തു സൂക്ഷിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ജോലിത്തിരക്കുകള്‍ക്കിടയില്‍ സ്വന്തം ശരീരത്തിനും ചര്‍മത്തിനും വേണ്ടത്ര ശ്രദ്ധകൊടുക്കാത്തവരാണ് ഭൂരിഭാഗവും. പോഷകാഹാരക്കുറവ്, ഉറക്കമില്ലായ്മ, അധികമായി വെയില്‍ കൊള്ളുക ഇതെല്ലാം നിങ്ങളുടെ ചര്‍മത്തിനു കൂടുതല്‍ പ്രായം തോന്നുന്നതിന് കാരണമാകുന്നു. നമ്മുടെ ചര്‍മത്തെ യുവത്വത്തോടെയും ചുളിവുകളില്ലാതെയും നിലനിര്‍ത്തുന്നത് കൊളാജനാണ്. ചര്‍മത്തിന് ഉറപ്പും ഇലാസ്തികതയും നല്‍കി കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പ്രോട്ടീനാണ് കൊളാജന്‍. പ്രായം കൂടുന്തോറും ഇതിന്റെ ഉല്‍പാദനം കുറയും. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊളാജന്റെ ഉല്‍പാദനം ഒരു പരിധിവരെ വര്‍ധിപ്പിക്കാന്‍ സാധിക്കും. ആന്റിഓക്സിഡന്റായ വിറ്റാമിന്‍ സി ചര്‍മത്തിനു യുവത്വം നല്‍കും. ഓക്സിഡേറ്റീവ് സ്ട്രസ്സ് മൂലമുണ്ടാകുന്ന ചര്‍മ പ്രശ്നത്തിന്റെ പരിഹാര മാര്‍ഗമാണ് വിറ്റാമിന്‍ സി. പുറത്തുപോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് സൂര്യപ്രകാശം നേരിട്ട് ചര്‍മത്തില്‍ പതിയുന്നത് തടയും.

സൂര്യപ്രകാശത്തില്‍ നിന്നും കൊളാജന്‍ ഉല്‍പാദനക്കുറവില്‍ നിന്നും ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മ്മത്തെ കാത്തുസൂക്ഷിച്ച് യുവത്വമുള്ളതാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.

 1. ആരോഗ്യകരമായ ഭക്ഷണ ശീലം

നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവികത നിലനിര്‍ത്താന്‍ ആരോഗ്യകരമായ ഭക്ഷണ രീതികള്‍ ആവശ്യമാണ്. സന്തുലിതമായ ഭക്ഷണക്രമത്തിന് നിങ്ങളുടെ ചര്‍മത്തിന് പ്രായം കൂടുതല്‍ തോന്നിക്കുന്നത് തടയാന്‍ സാധിക്കുമെന്ന് വിവിധ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.  ഭക്ഷണക്രമത്തില്‍ ഈ മാറ്റങ്ങള്‍ സ്വീകരിക്കുക:

വിറ്റാമിന്‍ സി ഉള്‍പ്പെടുത്തുക : വിറ്റാമിന്‍ സി ധാരാളമായടങ്ങിയ നാരങ്ങ, ഓറഞ്ച് പോലുള്ള പഴവര്‍ഗങ്ങള്‍, ഇലവര്‍ഗങ്ങള്‍, ബ്രോക്കോളി, പപ്പായ, സ്ട്രോബറി മുതലായവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. തക്കാളി, കിഴങ്ങ്, ചുവന്നതോ പച്ചയോ ആയ കാപ്സികം, മധുരമുള്ള മത്തങ്ങ, ബ്രസ്സല്‍സ് സ്പ്രൗറ്റ്സ്, കിവി എന്നിവയും വിറ്റാമിന്‍ സിയുടെ കലവറയാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം പുതുമ നഷ്ടപ്പെട്ട പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും വിറ്റമിന്‍ സി കുറവായിരിക്കും. അതുപോലെ പാകം ചെയ്തവയിലും വിറ്റാമിന്‍ സിയുടെ സാന്നിധ്യം കുറവായിരിക്കും. ഇതൊഴിവാക്കാന്‍ ആവി കയറ്റിയെടുക്കുകയോ മൈക്രോവേവില്‍ പാകം ചെയ്യുകയോ ചെയ്യാം. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ ചര്‍മത്തിനു വളരെ നല്ലതാണ്. ഇവ കൊളാജന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് ചര്‍മത്തിന് ഉറപ്പും ഇലാസ്തികതയും നല്‍കും.

ആന്റിഓക്സിഡന്‍സ് ഉള്‍പ്പെടുത്തുക : ആന്റിഓക്സിഡന്റ് ധാരാളമടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പടുത്തിയാല്‍ ചര്‍മത്തിന് എന്നും യുവത്വമുണ്ടാകും. നട്ട്സ്, ഹെര്‍ബ്സ്, സ്‌പൈസസ്, ബീന്‍സ്, മറ്റ് പയര്‍വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം ആന്റിഓക്സിഡന്റ് ധാരാളമുണ്ട്. ആന്റിഓക്സിഡന്റ് സപ്ലിമെന്റുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും പ്രകൃതിദത്തമായതാണ് എപ്പോഴും നല്ലത്. 

പഞ്ചസാര ഒഴിവാക്കുക : ചര്‍മത്തിനു പ്രായം കൂടുതല്‍ തോന്നാനുള്ള ഒരു പ്രധാന കാരണം പഞ്ചസാരയുടെ ഉപയോഗമാണ്.

ഒമേഗ 3 അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക : ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തി ചെറുപ്പമായിരിക്കാന്‍ ഒമേഗ 3 കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. കടല്‍ മത്സ്യത്തില്‍ നിന്നും സസ്യങ്ങളില്‍ നിന്നുമെല്ലാം ഇത് ലഭിക്കും. കോര, മത്തി, അയല എന്നീ മത്സ്യങ്ങളിലാണ് ഒമേഗ 3 കൂടുതലുള്ളത്. ഫാറ്റി ആസിഡിന്റെ സപ്ലിമെന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഒമേഗ 3 കൊഴുപ്പടങ്ങിയ ഭക്ഷണം വെയിലേല്‍ക്കുമ്പോഴുണ്ടാകുന്ന കരുവാളിപ്പ് തടയുക മാത്രമല്ല അള്‍ട്രാവയലറ്റ് കിരണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

 1. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ പുറത്തിറങ്ങുന്നതിനു മുന്‍പ് സണ്‍സ്‌ക്രീന്‍ പുരട്ടണം. ചര്‍മത്തില്‍ നേരിട്ട് സൂര്യരശ്മികളേറ്റാല്‍ ചര്‍മം കരുവാളിക്കുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. രാവിലെ 10 മണി മുതല്‍ 2 മണിവരെയുള്ള വെയില്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

 1. നന്നായി ഉറങ്ങുക

ഉറക്കം കുറവുള്ളവര്‍ മറ്റുളളവരെ അപേക്ഷിച്ച് വളരെ ക്ഷീണിതരായിരിക്കും. ശരീരത്തിനാവശ്യമായ വിശ്രമം ലഭിച്ചില്ലെങ്കില്‍ ചര്‍മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും പ്രായം തോന്നുകയും ചെയ്യും. നല്ല ഉറക്കം കിട്ടുന്നില്ലെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

 • എന്നും ഒരേ സമയത്ത് ഉറങ്ങാന്‍ കിടക്കുക
 • കിടക്കുന്നതിന് മുന്‍പ് ഒരുപാട് ഭക്ഷണം കഴിക്കാതിരിക്കുക
 • ഭക്ഷണത്തിനു ശേഷം 2-3 മണിക്കൂറിനു ശേഷം കിടക്കുക
 • നിക്കോട്ടിന്‍, കഫീന്‍ എന്നിവ ഒഴിവാക്കുക. 
 1. സമ്മര്‍ദ്ദം ഒഴിവാക്കുക

ചര്‍മവും മാനസിക സമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ട്. സമ്മര്‍ദ്ദമനുഭവിക്കുമ്പോള്‍ ശരീരത്തിലെ മിക്ക കോശങ്ങളും പ്രവര്‍ത്തിക്കും. സ്ട്രെസ്സ് ഹോര്‍മോണ്‍ കൂടുതലായി ഉല്‍പാദിപ്പിക്കും. സ്ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍, കൊളാജന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇതുമൂലം ചര്‍മത്തില്‍ ചുളിവുകള്‍ വീഴുകയും ചെയ്യും.

 1. മെഡിറ്റേഷന്‍ ശീലമാക്കുക

മാനസിക സമ്മര്‍ദ്ദത്തെ തുരത്താനുള്ള എളുപ്പവഴിയാണ് മെഡിറ്റേഷന്‍. അടുത്തിടെ നടത്തിയ പഠനത്തില്‍ സമ്മര്‍ദ്ദം കുറക്കാന്‍ മാത്രമല്ല ചര്‍മത്തെ ചെറുപ്പമാക്കി നിര്‍ത്താനും മെഡിറ്റേഷന്‍ കൊണ്ടു സാധിക്കുമെന്ന് കണ്ടെത്തി. മെഡിറ്റേഷന്‍ ശീലമാക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന, ഡി.എന്‍.എയെ സംരക്ഷിക്കുന്ന ടെലോമറസിന്റെ പ്രവര്‍ത്തനം മികച്ചതാകുന്നു. വാര്‍ധക്യമാകുമ്പോള്‍ ടെലോമറസ് ചുരുങ്ങുന്നു. ഇത് എത്ര ചുരുങ്ങുന്നുവോ അത്രകണ്ട് ചര്‍മവും ചുളുങ്ങും. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സ്ഥിരമായി മെഡിറ്റേഷന്‍ ചെയ്യുന്നവരില്‍ ടെലോമറസ് കൂടുതലായി കാണുന്നുവെന്നാണ്.

 1. വ്യായാമം സ്ഥിരമാക്കുക

രോഗപ്രതിരോധശേഷി കൂട്ടാന്‍ വ്യായാമം സ്ഥിരമാക്കുന്നതാണ് നല്ലത്. ഇതുവഴി ചര്‍മത്തെ ആരോഗ്യമുള്ളതാക്കി സൂക്ഷിക്കാം. രക്തചംക്രമണം കൂട്ടാനും ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് നീക്കാനും സ്ഥിരം വ്യായാമം ശീലമാക്കുക. ഇതുവഴി ചര്‍മം എന്നെന്നും യുവത്വമുള്ളതാക്കി സൂക്ഷിക്കാം.

 1. പുകവലി നിര്‍ത്തുക

നിങ്ങള്‍ പുകവലി ശീലമാക്കിയവരാണെങ്കില്‍ ചര്‍മത്തെ ചെറുപ്പമാക്കി സംരക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവരുടെ ചര്‍മം വരണ്ടതും മിനുസമില്ലാത്തതുമായി മാറും. ഇരട്ടകളില്‍ നടത്തിയ പഠനത്തില്‍ പുകവലിക്കുന്നയാള്‍ക്ക് തന്റെ സഹോദരനെക്കാള്‍ 5 വയസ്സിനു മേലെ പ്രായം തോന്നിക്കുന്നുണ്ടെന്നു കണ്ടെത്തി.

 1. ഗ്രീന്‍ ടീ കുടിക്കാം

ഗ്രീന്‍ ടീ കുടിക്കുന്നത് ചര്‍മത്തിന് ഉണര്‍വേകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് രക്തം ശുദ്ധിയാക്കുന്നതിനൊപ്പം മുഖത്തെ കരുവാളിപ്പ് നീക്കാനും നല്ലതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.