spot_img

മഴക്കാലത്തെ പകര്‍ച്ചാവ്യാധി: സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗ്ഗങ്ങളും

മഴയോടൊപ്പം എത്തുന്ന പകര്‍ച്ചാ വ്യാധികള്‍ ആരോഗ്യ രംഗത്ത് വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്‌. നിര്‍മാര്‍ജനം ചെയ്തെന്ന് കരുതപ്പെടുന്ന പല അസുഖങ്ങളും തിരികെയെത്തുകയാണ്. അതോടൊപ്പം പുതിയ രോഗങ്ങളുടെ ഉത്ഭവവും ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനാല്‍ ജനപങ്കാളിത്തതോടെ സമഗ്രമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

പകര്‍ച്ചവ്യാധികള്‍ ഏതെല്ലാം

വെള്ളത്തിലൂടെ പകരുന്നവ, കൊതുകിലൂടെ പകരുന്നവ, എലി മറ്റ് മൃഗങ്ങളുടെ വിസര്‍ജ്യം എന്നിവയിലൂടെ പകരുന്നത് എന്നിങ്ങനെ പലതരം രോഗങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കൊതുകുജന്യ രോഗങ്ങള്‍. നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യങ്ങളില്‍ നിന്നാണ് കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാകുന്നത്. പലപ്പോഴും അത് നാം തന്നെ ഉണ്ടാക്കിക്കൊടുക്കുകയാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് പറയുന്നത് ഈ ഭീഷണി ഒഴിവാക്കാന്‍ വേണ്ടിയാണ്. കൊതുകിന് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം നാം വലിച്ചെറിയുന്ന മാലിന്യങ്ങളില്‍നിന്നും ലഭിക്കുന്നു. ചിരട്ട, ടയര്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയില്‍ വെള്ളം കെട്ടിനിന്ന് കൊതുകിന് വളരാനുള്ള സാഹചര്യം ഉണ്ടാകുന്നു. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനിയാണ് മഴക്കാലത്തെ പ്രധാന വെല്ലുവിളി. മലേറിയ, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിങ്ങനെ മറ്റു അസുഖങ്ങളും ഇക്കാലയളവില്‍ കണ്ടുവരാറുണ്ട്.

ഡെങ്കിയുടെ രോഗലക്ഷണങ്ങള്‍

ശക്തമായ പനി, തലവേദന, കണ്ണിനു പുറത്തുള്ള വേദന, ക്ഷീണം  എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കൃത്യമായ ചികിത്സയും വിശ്രമവും ലഭിച്ചില്ലെങ്കില്‍ മരണത്തിന് വരെ കാരണമായേക്കാം. രോഗം പിടിപെടുന്നവര്‍ക്ക് ധാരാളം വെള്ളം കൊടുക്കുക, കൊതുകു വലയുള്ള കിടക്ക നല്‍കുക, വീട്ടിലും സമീപ പ്ര ദേശങ്ങളിലും കൊതുകു വളരാനുള്ള സാഹചര്യമില്ലെന്ന് ആഴ്ചയില്‍ ഒരിക്കല്‍ പരിശോധിക്കുക. ജലാശയങ്ങളില്‍ ഗപ്പി പോലുള്ള മത്സ്യങ്ങളെ വളര്‍ത്താം, ആഴമുള്ള കിണറുകള്‍, ടാങ്കുകള്‍ എന്നിവ കൊതുകു വലയിട്ട് സംരക്ഷിക്കാവുന്നതാണ്.

എലിപ്പനി

ക്യഷിപ്പണി ചെയ്യുന്നവര്‍, തൊഴിലുറപ്പ് ജോലികള്‍ക്ക് പോകുന്നവര്‍, തോടുകള്‍, കുളങ്ങള്‍, വെള്ളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഒക്കെയാണ് കൂടുതലായും എലിപ്പനി കണ്ടുവരുന്നത്. ശക്തമായ പനി, തലവേദന, പേശിവേദന, ക്ഷീണം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക എന്നീ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ശരിയായ ചികിത്സയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. പ്രതിരോധ മാര്‍ഗം എന്ന നിലയില്‍ പുറത്ത് ജോലി ചെയ്യുന്നവര്‍ ഗ്ലൗസ്, കാലുറകള്‍ എന്നിവ നിര്‍ബന്ധമായും ധരിക്കുക. ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക, ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക ഭക്ഷണത്തിന് ശേഷം കഴിയ്ക്കുക. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ മരുന്ന് ലഭ്യമാണ്.

വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ ഒഴിവാക്കാന്‍ എപ്പോഴും തിളപ്പിച്ച വെള്ളം മാത്രം കുടിയ്ക്കുക. കിണറുകളിലടക്കം വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കുമ്പോള്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടു വരാറുണ്ട്. അതിനാല്‍ നന്നായി വെട്ടിത്തിളപ്പിച്ച ശേഷം വെള്ളം കുടിയ്ക്കുക, മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പിട്ട് കഴുകുക, തുറന്നുവെച്ച, പഴകിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ജലസ്രോതസുകളില്‍ ക്യത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ ചെയ്യുക. കെട്ടി നില്‍ക്കുന്ന വെള്ളം, മലിനജലം എന്നിവ ഉപയോഗിച്ച് കുളിക്കുന്നതും രോഗങ്ങള്‍ വരാന്‍ കാരണമാകും.

വായുവിലൂടെ പകരുന്ന രോഗങ്ങള്‍

മഴക്കാലമെത്തുന്നതോടെ പനി, ചുമ, ജലദോഷം, തുമ്മല്‍ എന്നിവ സാധാരണയായി കണ്ടു വരാറുണ്ട്. ഇത്തരം ആളുകള്‍ കഴിവതും വീടുകളില്‍ തന്നെ പൂര്‍ണ വിശ്രമം എടുക്കുക. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ വായുവിലൂടെ ബാക്ടീരിയ പകരാന്‍ സാധ്യതയുണ്ട്. പനിയും ജലദോഷവും മാറാതെ കുട്ടികളെ സ്‌കൂളില്‍ വിടരുത്. നല്ല വിശ്രമം എടുത്ത് രോഗം പൂര്‍ണമായും മാറിയതിന് ശേഷം മാത്രം പുറത്തു പോകുക. വിറ്റമിന്‍ സി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുക.

കുട്ടികള്‍, ഗര്‍ഭിണികള്‍, പലവിധ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍, 70 വയസിന് മുകളിലുള്ള ആളുകള്‍ എന്നിവര്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ എച്ച്1എന്‍1  ഉള്ളവരുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടെങ്കില്‍ പ്രതിരോധത്തിന്റെ ഭാഗമായി ഒസിറ്റാലിന്‍ ഗുളിക നല്‍കുക. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കുക. പനി വരുമ്പോള്‍ ഗര്‍ഭിണികള്‍ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല കൊണ്ട് മൂക്കും വായയും പൊത്തിപ്പിടിക്കുക. മഴക്കാലത്ത് രോഗം ബാധിച്ചവരെ കാണുന്ന ശീലം ഒഴിവാക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതെ നോക്കുന്നതാണെന്ന വസ്തുത മനസിലാക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.