2015ലാണ് ആദ്യമായി ഞാന്‍ ട്രക്കിങ്ങിന് പോകുന്നത്. ഉത്തരാഖണ്ഡിലെ കുവാരി പാസിലേക്കായിരുന്നു യാത്ര. താഴ്വാരങ്ങളുടെ ഭംഗിയും പ്രകൃതിയോടുള്ള അടങ്ങാത്ത അഭിനിവേശവും മൂലം ട്രക്കിങ്ങിനോട് വീണ്ടും താല്‍പര്യം വര്‍ധിച്ചു. 2018 ല്‍ ബേസ് ക്യാമ്പ് വരെ ട്രക്കിങ് ചെയ്തു. അന്ന് മൗണ്ട് എവറസ്റ്റിനടുത്ത് മനോഹരമായ സൂര്യോദയം കാണാനുള്ള അവസരമുണ്ടായി. എവറസ്റ്റ് കൊടുമുടി കയറണം എന്ന ആഗ്രഹം അന്നാണ് മനസില്‍ ദൃഢമായി പതിഞ്ഞത്. മാരത്തോണുകളില്‍ പങ്കെടുത്തിട്ടുള്ളതിനു പുറമേ ട്രയത്തലോണിലേക്കും ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷമായി ട്രയത്തലോണ്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നു. സ്വിമ്മിങ്, സൈക്ലിങ്, റണ്ണിങ് ഇവ മൂന്നും കൂടി ചേര്‍ന്നതാണ് ട്രയത്തലോണ്‍. 2018 ഐറണ്‍ മാന്‍ എന്ന ടൈറ്റില്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. 3.8 കിമീ സീ സ്വിം ചെയ്ത് 180കിമീ സൈക്ലിംഗ് ചെയ്ത് 42 കിമീ മാരത്തോണ്‍ എന്നിവ 17 മണിക്കൂറിനുള്ളില്‍ ചെയ്ത് തീര്‍ക്കണം. പതിനഞ്ച് മണിക്കൂറിനുള്ളില്‍ അത് പൂര്‍ത്തീകരിക്കാന്‍
സാധിച്ചു. ഈ ഈവന്റിന് ശേഷമാണ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിച്ച്
മൗണ്ടന്‍ എയ്റിങിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2018ല്‍ തന്നെ എറസ്റ്റ് കൊടുമുടി കയറാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.
ശരീര സംരക്ഷണത്തോടൊപ്പം തന്നെ സ്ട്രെങ്ത്ത് വര്‍ധിപ്പിക്കാനായി ജിമ്മില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. എവറസ്റ്റ് കീഴടക്കിയവരുടെ നിര്‍ദേശ പ്രകാരമായിരുന്നു അത്. ആരോഗ്യമുള്ള ശരീരത്തിനുമപ്പുറം ശരീരം ശക്തിപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. മെഡിക്കല്‍ ഇവാക്വേഷന് വേണ്ടിയുള്ള ഇന്‍ഷുറന്‍സ് എടുത്തിരുന്നു. ഇതിനു പുറമേ ഒരു ക്ലംബിങ് കോഴ്സും ചെയ്തു. ആറു മാസത്തോളം കഠിന പരിശീലനത്തിലായിരുന്നു. ഇതിന് ശേഷമായിരുന്നു ഏപ്രിലില്‍ യാത്ര തുടങ്ങുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ കാലഘട്ടമാണ് ഇതിന്റെ സീസണ്‍. കാഠ്മണ്ഡുവില്‍ ആദ്യം എത്തി, ചെറിയ ഫ്ളൈറ്റില്‍ ലുക്ല വരെ പോകുന്നു. ലുക്ലയില്‍ നിന്ന് 7 ദിവസം ട്രക്കിങ് ചെയ്ത് ബേസ് ക്യാമ്പിലെത്തുന്നു. അവിടെ എത്തിയ ശേഷം ക്ലൈമറ്റെസേഷന്‍ ആദ്യം ചെയ്യുന്നു. ക്യാമ്പ് വണ്ണില്‍ പോയി ഒരു ദിവസം താമസിച്ച് തിരിച്ചു വരുന്നു. ക്യാമ്പ് ടൂവിലേക്ക് പോകുന്നു, തിരികെയെത്തുന്നു. ഇങ്ങനെ രണ്ടാഴ്ച ക്ലൈമറ്റൈസേഷന്‍ പ്രോസസിലൂടെ ശരീരത്തെ ഹൈ ആള്‍ടിട്യൂഡുമായി പൊരുത്തപ്പെടുത്തിയെടുക്കുന്നു. അവസാന ഘട്ടത്തിലാണ് ക്ലൈമറ്റ് അനുകൂലമാകുന്ന സാഹചര്യത്തില്‍ എവറസ്റ്റിലേക്കുള്ള യാത്ര തുടങ്ങുന്നത്.
ഡയമോക്സ് എന്ന ഗുളിക പലരും ഈ സാഹചര്യത്തില്‍ കഴിയ്ക്കാറുണ്ട്. ബ്ലഡ് ക്ലോട്ട് ചെയ്യുന്നത് കുറയ്ക്കാനുള്ള സാഹചര്യം മരുന്ന് കഴിയ്ക്കുന്നതിലൂടെ ലഭിക്കുമെന്നാണ് പറയുന്നത്. മുകളിലേക്ക് പോകുമ്പോള്‍ 30-40 നും ഇടയിലായിരിക്കും ഓക്സിജന്റെ അളവ് ഉണ്ടാകുക. അതിനാല്‍ ഹ്യദയ സ്തംഭനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഓക്സിജന്‍ സിലിണ്ടറുകളുടെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. ഫസ്റ്റ് എയ്ഡ് ബോക്സും ഒപ്പം കരുതും. മുറിവുകള്‍ കെട്ടിവെക്കാനുള്ള മരുന്നുകളും, ആന്റി ബയോട്ടിക്കുമെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും.
എവറസ്റ്റ് കീഴടക്കുന്നത് എത്ര സാഹസികമാണെങ്കിലും അതിന് മുന്നില്‍ തോറ്റു പോയ നിരവധിയാളുകള്‍ ഉണ്ട്. യാത്രക്കിടയില്‍ മരണം വരെ സംഭവിക്കാറുണ്ട്. ക്ലൈമറ്റ് മോശമാകുന്നതു മൂലം പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. കൂടുതലും മരണങ്ങള്‍ സംഭവിക്കുന്നത് തിരികെ ഇറങ്ങി വരുമ്പോഴാണ്. പലപ്പോഴും ആളുകളുടെ ഊര്‍ജം ഈ സമയത്ത് നഷ്ടമാകുന്നതാണ് മരണത്തിന് കാരണം. മൗണ്ടന്‍ സിക്നസിലൂടെ ബുദ്ധിമുട്ടുന്നവരുണ്ട്. ശരീര ഊഷ്മാവും പുറത്തെ ഊഷ്മാവും തമ്മിലുള്ള വലിയ വ്യത്യാസങ്ങളൊക്കെയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഈ സാഹചര്യത്തില്‍ ആള്‍ടിറ്റിയൂഡ് കുറയ്ക്കാന്‍ ശ്രമിക്കുക. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലെത്താന്‍ ഇത് സഹായിക്കുന്നു. മെഡിക്കല്‍ ട്രീറ്റ്മെന്റുകളോ മറ്റു സഹായങ്ങളോ ഒന്നും അത്തരം സാഹചര്യങ്ങളില്‍ ലഭ്യമല്ല.
10 കിലോയോളം വരുന്ന ഓക്സിജന്‍ സിലിണ്ടറിന്റെ ഭാരം താങ്ങാനുള്ള ശേഷിയേ ശരീരത്തിന് ആ സമയത്ത് ഉണ്ടാകൂ. അധികം ഓക്‌സിജന്‍ സിലിണ്ടറുകള്‍ പര്‍വ്വതങ്ങളില്‍ താമസിക്കുന്നവരാണ് ചുമന്ന് തരുന്നത്. അവര്‍ അവിടെ ജനിച്ചു വളര്‍ന്നതായതിനാല്‍ കാലാവസ്ഥയുമായി ശരീരം പൊരുത്തപ്പെട്ടിട്ടുണ്ടാകും. മരണമോ, അസ്വസ്ഥതയോ സംഭവിച്ചാല്‍ ഷേര്‍പ്പുകള്‍ക്ക് പോലും സഹായിക്കാന്‍ സാധിക്കില്ല. മരണം സംഭവിച്ചാല്‍ ബോഡി അവിടെ തന്നെ ഉപേക്ഷിക്കേണ്ടി വരും. നിരവധി മ്യതദേഹങ്ങള്‍ ഇത്തരത്തില്‍ വഴികളില്‍ കിടക്കുന്നത് സര്‍വ സാധാരണമാണ്.
ഭക്ഷണവും വെള്ളവുമെല്ലാം സ്വയം ചുമക്കേണ്ട അവസ്ഥയാണ്. ക്ലംബിങ്ങിന് മുന്നേ ചെറിയ സ്റ്റൗ കൈയ്യില്‍ കരുതും. ഐസ് ഉരുക്കി വെള്ളമാക്കിയാണ് കുടിക്കുന്നത്. കാലാവസ്ഥ മോശമായാലോ, കയറുന്നതോ ഇറങ്ങുന്നതോ ആയ സമയം കണക്കുകൂട്ടിയതിലും കൂടുതല്‍ ആയാല്‍ കൈയ്യില്‍ കരുതിയവ തീര്‍ന്നു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. മുന്നോട്ടുള്ള പ്രയാണത്തേയും ഇത് ബാധിക്കും. ഓക്സിജന്‍ തീര്‍ന്നു പോകാം, ഡീസലോ മറ്റ് ഇന്ധനങ്ങളോ തീര്‍ന്നു പോകാം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ഇറങ്ങുന്ന സമയത്ത് ഇതേ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. ഓക്സിജന്‍ തീര്‍ന്നു പോയി. സാറ്റ്ലൈറ്റ് ഫോണിലൂടെ വിവരം അറിയിച്ച ശേഷം അര മണിക്കൂറോളം കഴിഞ്ഞാണ് സിലിണ്ടര്‍ പുതിയത് കിട്ടിയത്. ആ സമയം കടന്നു പോകാന്‍ വളരെ കഷ്ടപ്പെടേണ്ടി വന്നു. യാത്രക്കിടയില്‍ വെള്ളം തീര്‍ന്നു പോകുന്ന സാഹചര്യവുമുണ്ടായി.
ആള്‍ടിറ്റിയൂഡ് മൗണ്ടന്‍ സിക്നസിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത് ശക്തമായ തലവേദനയാണ്. അതോടൊപ്പം ഛര്‍ദിയും ഉണ്ടാകുന്നു. ഇതില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ കയറുന്നതിന്റെ സ്പീഡ് കുറയ്ക്കുകയോ, സുരക്ഷിതമായ താഴേക്ക് ഇറങ്ങുകയോ ചെയ്യാം. എവറസ്റ്റ് കീഴടക്കണമെന്ന ആഗ്രഹമുള്ള നിരവധിയാളുകള്‍ ഉണ്ട്. സ്പോര്‍ട്സിലോ മൗണ്ടന്‍ എയ്റിങ്ങിലോ പരിചയമില്ലാത്തവര്‍ തങ്ങളുടെ ശരീരം അതിന് വഴങ്ങുന്നതാണോയെന്ന് പരിശോധിച്ചതിന് ശേഷം മാത്രം ഈ ഉദ്യമത്തിലേക്ക് കടക്കുക. നല്ല തയ്യാറെടുപ്പോടു കൂടി ചെയ്യേണ്ടതാണ് എവറസ്റ്റ് കയറുക എന്നുള്ളത്. അതിനാല്‍ ആദ്യ പടിയെന്നോണം, ഇന്ത്യയിലെ മറ്റ് പലയിടങ്ങിലും പര്‍വതാരോഹണം ചെയ്ത് ശരീരത്തെ മെച്ചപ്പെടുത്തിയെടുക്കുക. കേരളത്തെ സംബന്ധിച്ച് ഓക്സിജന്‍ ലെവല്‍ വളരെ കൂടുതലുള്ള പ്രദേശമാണിത്. കടല്‍ നിരപ്പില്‍ കിടക്കുന്ന സ്ഥലം.അതിനാല്‍ ഓക്സിജന്റെ അളവ് കുറയുന്നതു മൂലം എന്തെല്ലാം പ്രശ്നങ്ങളാണ് ശരീരത്തിന് ഉണ്ടാകുന്നതെന്ന് തിരിച്ചറിയണം. ഇതിനായി ചെറിയ ഉയരങ്ങള്‍ താണ്ടി തുടങ്ങുക. പിന്നീട് ഘട്ടം ഘട്ടമായി വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കാവുന്നതാണ്. അതോടൊപ്പം തന്നെ
ശരീര സംരക്ഷണത്തിനും ബലം വര്‍ധിപ്പിക്കുന്നതിനും വേണ്ടുന്ന പരീശീലനങ്ങള്‍ എടുക്കുക. രാജ്യത്ത് ക്ലൈമ്പിങ് ക്ലോഴ്സുകള്‍ ധാരാളമുണ്ട്. ഇവയില്‍ ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാം. അങ്ങനെ ഘട്ടം ഘട്ടമായി എവറസ്റ്റിനെ സമീപിക്കണം.