spot_img

നിർജലീകരണം തടയാൻ ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

വേനൽക്കാലം കഴിഞ്ഞു, ഇനി മഴക്കാലമാണ്. പ്രത്യേകിച്ചും വെള്ളം കുടിയ്ക്കാൻ മറന്നുപോകുന്ന സമയം. എന്നാൽ ക്യത്യമായ അളവിൽ ശരീരത്തിനുള്ളിൽ വെള്ളം ചെന്നില്ലെങ്കിൽ നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാകുക. ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോഴുണ്ടാകുന്ന പ്രധാന പ്രശ്‌നം നിർജലീകരണമാണ്. സാധാരണ ഒരു മനുഷ്യന്റെ ശരീരത്തിലെ മുക്കാൽ ഭാഗവും ജലമാണ്. അതിനാൽ തന്നെ വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യവുമാണ്. വായ ഉണങ്ങിയിരിക്കുക, ചുണ്ടുകളും ചർമ്മവും വരണ്ടിരിക്കുക, മൂത്രത്തിന്റെ നിറത്തിലുണ്ടാകുന്ന വ്യത്യാസം എന്നിവയെല്ലാം  നിങ്ങളുടെ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറവാണെന്നതിന്റെ സൂചനകളാണ്. വ്യക്കസംബന്ധമായ രോഗങ്ങൾ, ഹ്യദ്രോഗം, കോമ, ഷോക്ക് എന്നിവയെല്ലാം ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞാലുണ്ടാകുന്ന മാരകരോഗങ്ങളാണ്. നിർജലീകരണം തടയാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം..

വല്ലപ്പോഴും അല്ലാതെ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുക

നിർജലീകരണം തടയാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം നന്നായി വെള്ളം കുടിയ്ക്കുക എന്നതുതന്നെയാണ്. ഒരാൾ ഒരു ദിവസം 8 മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിയ്ക്കണമെന്നാണ് കണക്ക്. ദിവസവും ഇടയ്ക്കിടെ കുറച്ചു കുറച്ചായി വെള്ളം കുടിയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ധാരാളം വെള്ളം ഇടവിട്ട് ശരീരത്തിലെത്തുന്നു. എന്നാൽ ഏറെ നേരത്തിന് ശേഷം വലിയ അളവിൽ വെള്ളം കുടിയ്ക്കുന്നത് അത്ര നല്ലതല്ല. ഇത്തരക്കാർക്ക് പിന്നീട് വെള്ളം കുടിയ്ക്കാൻ തോന്നില്ല. അതുമാത്രമല്ല, രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകളോ, ശാരീരിക അസ്വസ്ഥതകളോ സംഭവിക്കാം. വല്ലപ്പോഴും മാത്രം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിൽ സോഡിയത്തിന്റെ അളവ് വർധിക്കാനും രക്തസമ്മർദത്തിനും കാരണമാകും.

കാലാവസ്ഥയ്ക്ക് അനുസരിച്ച് വേഷം ധരിക്കുക

കഠിനമായ ചൂടും, തണുപ്പും ശരീരദ്രവങ്ങളെ ബാധിക്കുന്നു. വേനൽക്കാലത്ത് വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം നഷ്ടമാകുന്നു. അതേസമയം മഴക്കാലത്തും മഞ്ഞുകാലത്തും മൂത്രത്തിലൂടെയാകും ജലം നഷ്ടമാകുന്നത്. ഈ സമയത്ത് കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. വേനൽക്കാലത്ത് സൂര്യരശ്മികൾ ഏൽക്കാത്ത കോട്ടൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം, തണുപ്പ് കാലത്ത് കമ്പിളി പോലുള്ള കട്ടി കൂടിയ വസ്ത്രങ്ങളും ഉപയോഗിക്കാം.

മദ്യം, കാപ്പി എന്നിവ പതിവാക്കരുത്

മദ്യം, കഫീൻ എന്നിവ അടങ്ങിയ പാനീയങ്ങൾ കുടിയ്ക്കുന്നതു മൂലം ശരീരത്തിൽ നിന്നും പുറന്തള്ളുന്ന മൂത്രത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ചും ഇവ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് നിർജലീകരണം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ മദ്യത്തിന്റേയും കാപ്പി പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങളുടേയും ഉപയോഗം പരിമിതപ്പെടുത്തകയോ നിർത്തുകയോ ചെയ്യുന്നതാണ് ഉത്തമം. കുടിയ്ക്കണം എന്ന് നിർബന്ധമുള്ളവർ ഇവ കഴിച്ചതിന് ശേഷം ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുകയും വേണം.

വ്യായാമ സമയത്ത് സ്‌പോർട്‌സ് ഡ്രിങ്കുകൾ ഉപയോഗിക്കുക

വ്യായാമത്തിന് ഇറങ്ങിത്തിരിക്കും മുമ്പ് നന്നായി വെള്ളം കുടിച്ച് ശരീരത്തെ സജ്ജമാക്കുക. അല്ലാത്ത പക്ഷം വ്യായാമം ചെയ്യുന്നതിനിടെ തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യായാമത്തിന് ശേഷം ശരീരത്തിന്റെ ക്ഷീണം അകറ്റാൻ വെള്ളത്തിന് പകരം സ്‌പോർട്‌സ് ഡ്രിങ്കുകൾ ഉപയോഗിക്കുക. ഈ സാഹചര്യങ്ങളിൽ നഷ്ടപ്പെട്ട ഊർജം തിരികെ ലഭിക്കാൻ വെള്ളം കുടിച്ചതുകൊണ്ട് മാത്രം കാര്യമില്ല. സ്‌പോർട്‌സ് ഡ്രിങ്കുകൾ കുടിയ്ക്കാൻ താൽപര്യമില്ലാത്തവർക്ക് ഫ്രഷ് ജൂസുകൾ തിരഞ്ഞെടുക്കാവുന്നതാണ്. അതും പഞ്ചസാര ചേർക്കാത്തത്. 50 ശതമാനം വെള്ളം അടങ്ങിയ ഫ്രൂട്ട് ജൂസുകൾ ശരീരത്തിന് നഷ്ടമായ ഉൻമേഷവും ഊർജവും തിരികെ നൽകുന്നു.

പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക

ധാരാളം ജലമടങ്ങിയ പച്ചക്കറികളും പഴങ്ങളും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് നിർജലീകരണം തടയാൻ സഹായകരമാണ്. പ്രത്യേകിച്ചും വെള്ളം അധികം കുടിയ്ക്കാൻ താൽപര്യമില്ലാത്തവർക്ക് ഇവ കഴിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താനാകും. ശരീരത്തിൽ വെള്ളത്തിന്റെ അളവ് നിലനിർത്തുന്നതിനൊപ്പം പോഷകങ്ങളും വിറ്റമിനുകളും അടങ്ങിയതാണ് പച്ചക്കറികളും പഴങ്ങളും. അതിനാൽ ആരോഗ്യം മെച്ചപ്പെടുന്നതിനും ഇവ കാരണമാകുന്നു..

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.