നമ്മുടെ ദൈനംദിന സംസാരങ്ങളില്‍ വളരെയധികം കടന്നു വരുന്ന വാക്കാണ് ഈഗോ. വ്യക്തിത്വത്തിന്റെ ഭാഗമാണ് ഈഗോ, പലരിലും ഇത് ഏറിയും കുറഞ്ഞുമിരിക്കുമെന്നു മാത്രം. ചിലരില്‍ വളരെ കുറഞ്ഞും ചിലരില്‍ കൂടിയും ചിലരില്‍ വളരെ അപകടകരമായും ഈഗോ കാണപ്പെടുന്നു. നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സ്വത്വബോധമാണ് ഈഗോ. സമ്മിശ്രമായ വികാരങ്ങളും വിശ്വാസങ്ങളും സാമൂഹിക ചുറ്റുപാടുകളും അങ്ങനെ പലതും ചേര്‍ന്നതാണ് ഓരോരുത്തരുടെയും ഈഗോ.
അമിത ഈഗോ പൊതുവെ മോശമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ഈഗോയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും ഈഗോ നിങ്ങളെ നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാല്‍ നിങ്ങള്‍ ദൃഢവിശ്വാസമുള്ള, അസ്വസ്ഥനായ, അരോചക സ്വഭാവ രീതികളുള്ള, ശത്രുതയുള്ള, വിദ്വേഷിയായ ഒരാളായി മാറും. അത്തരം ആളുകളെ വ്യക്തിജീവിതത്തിലും തൊഴിലിടത്തിലും നേരിടുക പ്രയാസമാണ്. ഈഗോയുള്ള ഒരാള്‍ക്ക് അമിതമായി അപകര്‍ഷതാബോധവും ഉണ്ടായിരിക്കും.അറിവില്ലായ്മയും, അധികാരമില്ലായ്മയും അവരില്‍ ഭയമുണ്ടാക്കുന്നതു കൊണ്ടാണ് അവര്‍ ധിക്കാരവും ധാര്‍ഷ്ട്യവും കാണിക്കുന്നത്. അവനവനെക്കുറിച്ചുള്ള ബോധ്യമാണ് ഈഗോ എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഈഗോ തീരെ കുറയുന്നതും വളരെ കൂടുന്നതും ആരോഗ്യകരമല്ലെന്നു മാത്രം.
നിങ്ങളുടെ ഈഗോ എങ്ങനെ തിരിച്ചറിയാം ?
മറ്റുള്ളവരെക്കുറിച്ച് വളരെ പെട്ടെന്നുതന്നെ മുന്‍വിധിയിലെത്തുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. ഒരാള്‍ ഈഗോയോസ്റ്റിക് ആണെന്ന് കാര്യമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ നമ്മള്‍ വിധിയെഴുതും. ഉയര്‍ന്ന ഈഗോയുള്ള ഒരാള്‍ താഴെപ്പറയും പോലെ പെരുമാറുന്നു.
- സ്ഥിരമായി പരാതി പറയുക
- മറ്റുള്ളവരുമായി തര്‍ക്കിക്കുകയും വഴക്കിടുകയും ചെയ്യുക
- വിമര്‍ശിക്കപ്പെടുമ്പോഴെല്ലാം പ്രതിരോധപരമായി നേരിടുക
- ക്ഷമാപണം നടത്തുന്നതിന് വളരെ പ്രയാസപ്പെടുക
- സ്വയം വിമര്‍ശന സ്വഭാവമുള്ളവര്‍- അവരെക്കുറിച്ച് തന്നെ വളരെ മോശമായി സംസാരിക്കുക
- ക്ഷമയും സഹിഷ്ണുതയും ഇല്ലാതിരിക്കുക
- മറ്റുള്ളവരെക്കുറിച്ച് മുന്‍വിധിയോടെ പെരുമാറുക
മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലുമൊക്കെ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈഗോ നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുന്നുണ്ടെന്ന് സാരം, പ്രത്യേകിച്ച് ബന്ധങ്ങളില്‍. ഇവ സ്ഥിരമായും നിയന്ത്രണാതീതമായും തുടരുന്നുണ്ടെങ്കില്‍ ഈഗോയുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കണം.
ഈഗോയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള ചില മാര്‍ഗങ്ങള്‍
- താന്‍ തന്നെ ശരി എന്ന നയം ഉപേക്ഷിക്കുക
മിക്ക ബന്ധങ്ങളും മുറിഞ്ഞു പോകുന്നതിന്റെ പ്രധാന കാരണം എപ്പോഴും താന്‍ മാത്രമാണ് ശരി എന്നുള്ള നിര്‍ബന്ധ ബുദ്ധിയാണ്. വളരെ അടുപ്പമുള്ള ആളുകളുടെ ഇടയില്‍ ഇത് അകല്‍ച്ചയ്ക്ക് കാരണമാകുന്നു. തര്‍ക്കത്തിലും വാദങ്ങളിലും ജയിക്കാന്‍ വേണ്ടി ശഠിക്കുന്നത് പലപ്പോഴും സന്തോഷവും സമാധാനവും നശിപ്പിക്കും. ഈഗോ മാറ്റിവെച്ച് ഇടയ്‌ക്കൊക്കെ വിട്ടുകൊടുക്കുന്നതും തോറ്റുകൊടുക്കുന്നതും സന്തോഷം മാത്രമേ തരികയുള്ളൂ. എല്ലായ്‌പ്പോഴും വിട്ടുകൊടുക്കണമെന്നല്ല പറയുന്നത്, ചിലപ്പോഴെങ്കിലും. നിങ്ങളുടെ പങ്കാളി / സുഹൃത്തിന് മുറിവേല്‍ക്കുന്നു എന്ന് മനസ്സിലായാല്‍ ശരികള്‍ക്കു വേണ്ടിയുള്ള വാശി മതിയാക്കി രമ്യതയിലെത്താന്‍ ശ്രമിക്കുക.
- സഹിഷ്ണുതയും സംതൃപ്തിയും
അമിത ഈഗോയുള്ള ഒരാള്‍ എപ്പോഴും അവഹേളിച്ചു സംസാരിക്കും. അങ്ങനെയൊരാള്‍ക്ക് ഈഗോയെ നിയന്ത്രിക്കാന്‍ മനപ്പൂര്‍വമായി സഹിഷ്ണുത ശീലിച്ചേ മതിയാകൂ. മറ്റുള്ളവര്‍ വ്യത്യസ്ത നിലപാടും താല്‍പ്പര്യങ്ങളും കാഴ്ചപ്പാടുമുള്ളവരാണെന്നും അതൊന്നും തന്നെ ബാധിക്കേണ്ടതില്ലെന്നും തിരിച്ചറിയുക. അവനവനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവര്‍ക്കേ ഇതിന് കഴിയൂ. ഇവിടെയാണ് സംതൃപ്തിയുടെ റോള്‍. തനിക്കുള്ളതുകൊണ്ട് സംതൃപ്തനാണെന്നും തനിക്കാവശ്യമുള്ളതെല്ലാം ഉണ്ടെന്നുമുള്ള സംതൃപ്തി വികസിപ്പിച്ചാല്‍ മാത്രമേ സഹിഷ്ണുതയും വളര്‍ത്താന്‍ കഴിയൂ. ഇവ രണ്ടും ഈഗോയ്‌ക്കെതിരെ മികച്ച പ്രതിരോധങ്ങളാണ്.
- ഏറ്റവും മികച്ചതാവുക എന്ന ആവശ്യത്തെ മറി കടക്കുക
മറ്റാരേക്കാളും മികച്ചത് താനാണെന്ന് വിചാരിക്കുന്നവരാണ് മിക്ക ഈഗോയിസ്റ്റ് വ്യക്തികളും. ഇത് കൂടെയുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ എളുപ്പത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള മാറ്റങ്ങള്‍ അവരുടെ പെരുമാറ്റത്തില്‍ വരുത്തുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അധീശത്വ രീതിയിലുള്ള സ്വഭാവവും എപ്പോഴും ശരിയായിരിക്കാനുള്ള ശ്രമവും ഉപേക്ഷിക്കുന്നതാണ് നല്ലത്. എപ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ മികച്ചതാവണമെന്ന് തോന്നുന്നുവോ ആ നിമിഷം തന്നെ അവിടെയുള്ള മിടുക്കരായ, ശക്തരായ, സ്മാര്‍ടായ ആളുകളെ കുറിച്ചായിരിക്കും നിങ്ങള്‍ ഓര്‍ക്കുക. വേഗം ആ ചിന്തയില്‍ നിന്ന് പുറത്തുകടക്കുന്നതാണ് ഈഗോ മുറിവേല്‍ക്കപ്പെടാതിരിക്കാന്‍ ഏറ്റവും നല്ലത്. അവരേക്കാള്‍ മികച്ചതാകാന്‍ മത്സരിക്കുന്നതിനു പകരം നിങ്ങളെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുന്നതാവും നല്ലത്.
- ധ്യാനം പരിശീലിക്കുക
ധ്യാനം പരിശീലിക്കുന്നത് ഈഗോയെ മറികടക്കാന്‍ വളരെ ഫലവത്താണ്. നിങ്ങളുടെ സ്വത്വത്തെ മനസ്സിലാക്കാന്‍ ധ്യാനം സഹായിക്കുന്നു. നിങ്ങളുടെ ഈഗോയെ മനസ്സിലാക്കുന്നതിലൂടെ തന്നെ അതിനെ നിയന്ത്രിക്കാനും കഴിയുന്നു. ധ്യാനിക്കുന്നത് മനസിനെ സ്വതന്ത്രമാക്കാനും നിങ്ങളുടെ ഉള്‍ച്ചേതനകളെ മനസിലാക്കാനും സഹായിക്കും. നിങ്ങളെയും നിങ്ങളുടെ ഈഗോയെയും അതിന്റെ അഭിലാഷങ്ങളെയും തിരിച്ചറിഞ്ഞാല്‍ തന്നെ അതിനെ നിയന്ത്രിക്കാന്‍ കഴിയും.
- ഓരോ ദിവസവും അവലോകനം ചെയ്യുക
എല്ലാ ദിവസവും അന്നന്നത്തെ കാര്യങ്ങള്‍ അവലോകനം ചെയ്യുന്നത് ഈഗോയെ നിയന്ത്രിക്കാന്‍ നല്ലൊരു മാര്‍ഗമാണ്. ഓരോ സാഹചര്യത്തിലും നിങ്ങള്‍ എങ്ങനെ പെരുമാറിയെന്നും പ്രതികരിച്ചെന്നും വിലയിരുത്തുക. മറ്റേതു തരത്തില്‍ നിങ്ങള്‍ക്ക് അതൊക്കെ ചെയ്യാമായിരുന്നുവെന്നും ആലോചിക്കുക. ഈ സ്വയം പരിശോധന സ്വയം നിയന്ത്രണവും, സംതൃപ്തിയും സന്തോഷവും ഉണ്ടാകാന്‍ സഹായിക്കുന്നു.