spot_img

വാട്ടര്‍ ബോട്ടിലുകളും ടിഫിന്‍ ബോക്സുകളും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ? ഗുണമേന്മ ഉറപ്പുവരുത്തി അപകടസാധ്യത ഇല്ലാതാക്കൂ…

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടവേളകളില്‍ കഴിക്കാന്‍ ഭക്ഷണവും വെള്ളവുമെല്ലാം നമ്മള്‍ കൊടുത്തയക്കാറുണ്ട്. ഇതിനായി ഏറ്റവും നല്ല വാട്ടര്‍ ബോട്ടിലും ടിഫിന്‍ ബോക്സുമാണ് നമ്മള്‍ മക്കള്‍ക്കായി വാങ്ങിക്കാറ്. കുട്ടികള്‍ക്കിഷ്ടപ്പെട്ടത്, ഏറ്റവും നല്ലത്, കാണാന്‍ ഭംഗിയുള്ളത് എന്നൊക്കെ കരുതിയാണ് നമ്മള്‍ ഇവ വാങ്ങിക്കുന്നത്. പക്ഷേ അതിന്റെ ഗുണനിലവാരം എത്രത്തോളമുണ്ടെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മളില്‍ ഭൂരിഭാഗം പേരും സ്റ്റീല്‍ പാത്രങ്ങള്‍ക്കു പകരം പ്ലാസ്റ്റിക് പാത്രങ്ങളാണ് ഭക്ഷണവും വെള്ളവും കൊടുത്തുവിടാന്‍ ഉപയോഗിക്കുന്നത്. സ്റ്റീല്‍പാത്രം കാണാന്‍ ഭംഗിയില്ലാത്തതു കൊണ്ടാണ് പലപ്പോഴും പ്ലാസ്റ്റിക് പാത്രങ്ങള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത്. കാണാന്‍ നല്ല ഭംഗിയുള്ള, ഡോറയുടെയും സോഫിയുടെയും ഒക്കെ കാര്‍ട്ടൂണ്‍ ചിത്രങ്ങളുള്ള ഇത്തരം പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നല്ല കമ്പനി സാധനങ്ങള്‍ വാങ്ങിക്കുമെന്നല്ലാതെ അത് നിര്‍മിച്ച മെറ്റീരിയില്‍ എന്താണെന്ന് അന്വേഷിക്കാന്‍ നാം തുനിയാറില്ല.

ഭംഗിയും കുട്ടികള്‍ക്കിഷ്ടപ്പെടുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രവും മാത്രം നോക്കി വാട്ടര്‍ ബോട്ടിലുകളും ടിഫിന്‍ ബോക്സുകളും വാങ്ങിക്കരുത്. അതിന്റെ ഗുണനിലവാരം കൂടി നോക്കണം. നമ്മള്‍ ഉപയോഗിക്കുന്ന പലതരം പ്ലാസ്റ്റിക് പാത്രങ്ങളും ചൂടാകുമ്പോള്‍ അതില്‍ നിന്ന് വിവിധതരം രാസവസ്തുക്കള്‍ പുറത്തുവരും. അവ ശരീരത്തിന് അത്യധികം ഹാനികരമാണ്. പണ്ടുകാലങ്ങളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം നന്നേ കുറവായിരുന്നു. പക്ഷേ ഇന്ന് കാന്‍സര്‍ രോഗികളുടെ എണ്ണം എത്രയോ കൂടി. ഭക്ഷണത്തിലും ജീവിത രീതിയിലും ഉണ്ടായ മാറ്റമാണ് അതിന് പ്രധാന കാരണം. കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തു വിടാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഗുണനിലവാരക്കുറവും കാന്‍സറുണ്ടാകുന്നതിന് ഒരു കാരണമാണ്.

ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങളാണ് ഭക്ഷണം കൊണ്ടുപോകുന്നതിനായി ഭൂരിഭാഗം കുട്ടികളും ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. രാവിലെ വളരെ നേരത്തെ കുട്ടികളെ സ്‌കൂളിലേക്കയക്കേണ്ടി വരുമ്പോള്‍ പലപ്പോഴും ചൂടാറാത്ത ഭക്ഷണമാണ് നമ്മള്‍ ഇത്തരം പാത്രങ്ങളില്‍ കുട്ടികള്‍ക്ക് കൊടുത്തു വിടാറുള്ളത്. ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഈ ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഹാനികരമായ രാസവസ്തുക്കള്‍ ഉണ്ടാകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ബോട്ടിലുകളും പാത്രങ്ങളും വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക എന്നതാണ് ഇതിനൊരു പരിഹാരമാര്‍ഗം. പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടലിന്റെയും, കണ്ടെയ്നറിന്റെയും പുറത്ത് ത്രികോണാകൃതിയിലുള്ള ഒരു ചിഹ്നവും അതിനുള്ളില്‍ ഏതെങ്കിലും നമ്പരും ഉണ്ടോ എന്ന് നോക്കുക. ഒന്നു മുതല്‍ ഏഴു വരെയുള്ള അക്കങ്ങളാണ് ത്രികോണത്തില്‍ ഉണ്ടാവുക. ഇതില്ലാത്ത ഏതുല്‍പ്പന്നവും തീര്‍ത്തും നിലവാരമില്ലാത്തതായിരിക്കും. അത്തരം ഉല്‍പ്പന്നങ്ങള്‍ ഒരു കാരണവശാലും വാങ്ങരുത്.

പാത്രങ്ങളും ബോട്ടിലും വാങ്ങിക്കുമ്പോള്‍ ആദ്യപടിയായി ത്രികോണവും അതിലൊരു നമ്പരും ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഓരോ നമ്പരിനും ഓരോ പ്രത്യേകതയുണ്ട്.

നമ്പര്‍ 1 ആണെങ്കില്‍ അത് PETE കൊണ്ട് ഉണ്ടാക്കിയതാണ് എന്നാണ് അര്‍ത്ഥം. Polyethylene terephthalate കൊണ്ടുണ്ടാക്കിയ കുപ്പികള്‍ ശീതള പാനീയങ്ങള്‍, ജ്യൂസുകള്‍, പാചക എണ്ണ, കുപ്പിവെള്ളം എന്നിവ പാക്ക് ചെയ്യാനാണ് ഉപയോഗിക്കുന്നത്. 30 ഡിഗ്രിയില്‍ താഴെ ചൂടുള്ളവ മാത്രമേ ഇതില്‍ നിറയ്ക്കാന്‍ പാടുള്ളൂ. തിളപ്പിച്ചാറിയ വെള്ളം കുട്ടികള്‍ക്ക് കൊടുത്തു വിടാന്‍ കഴിയുന്ന ഒരേയൊരു പ്ലാസ്റ്റിക് ഇതാണ്.

പാല്‍, ഷാംപൂ, ഡിറ്റര്‍ജന്റ് എന്നിവ ശേഖരിക്കാവുന്ന പ്ലാസ്റ്റിക്കാണ് high density polyethylene. ഇതിന്റെ നമ്പര്‍ 2 ആണ്.

കോഡ് നമ്പര്‍ 3 PVC (Polyvinyl Chloride) കൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക്കാണ്. ഇവ ഭക്ഷണം പാക്ക് ചെയ്യുന്ന ബോക്‌സുകള്‍ ഉണ്ടാക്കാനാണ് പൊതുവെ ഉപയോഗിക്കുന്നത്. ചൂടില്ലാത്ത ഭക്ഷണം പാക്ക് ചെയ്യുന്നതിന് (ലഞ്ച് ബോക്‌സ്, സ്‌നാക്‌സ് ബോക്‌സ്) ഇതുപയോഗിക്കാം.

Low density polyethylene കൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക്കാണ് കോഡ് നമ്പര്‍ 4. ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന വെള്ളക്കുപ്പികള്‍, ഷോപ്പിങ് ബാഗുകള്‍ എന്നിവ നിര്‍മ്മിക്കാനാണ് ഈ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്.

കോഡ് നമ്പര്‍ 5 poly propelene കൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക്കാണ്. കളിപ്പാട്ടങ്ങള്‍, ഫര്‍ണീച്ചറുകള്‍, ബാഗുകള്‍ എന്നിവ നിര്‍മ്മിക്കാനാണ് കോഡ് നമ്പര്‍ 5 ല്‍ വരുന്ന പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്.

കോഡ് നമ്പര്‍ 6- PS (polystrene). ഇതില്‍ സിഡി കവറുകള്‍, ടോയ്‌സുകള്‍ , ആഭരണങ്ങള്‍ എന്നിവയാണ് ഉണ്ടാക്കുന്നത്
കോഡ് നമ്പര്‍ 7- Other. ഫീഡിങ് ബോട്ടിലുകള്‍, നിപ്പിളുകള്‍ എന്നിവയാണ് ഇത്തരം പ്ലാസ്റ്റിക് കൊണ്ട് നിര്‍മിക്കുന്നത്

വെറും വില നോക്കി മാത്രം റോഡ് സൈഡില്‍ നിന്നോ മറ്റോ ആണ് നമ്മള്‍ പ്ലാസ്റ്റിക് ഉപകരണങ്ങള്‍ വാങ്ങുന്നതെങ്കില്‍ ഇത്തരം കോഡ് ഒരിക്കലും കാണാന്‍ സാധിക്കില്ല. അതുകൊണ്ട് ഒരിക്കലും ഇത്തരം ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ നൂറോ ഇരുനൂറോ രൂപയുടെ ലാഭം മാത്രം കാണാതിരിക്കുക. അത് നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയാണ് തുലാസിലാക്കുന്നതെന്ന് ഓര്‍ക്കുക. ഇങ്ങനെ ലാഭിക്കുന്ന തുക ഭാവിയില്‍ ഒരുപക്ഷേ അവരുടെ ഭീകര രോഗത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടാം.

ഇത്തരം ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഭംഗിയല്ല, ഗുണമേന്മയാണ് നിങ്ങള്‍ പരിഗണിക്കേണ്ടത്. നിങ്ങള്‍ വീട്ടിലേക്ക് വാങ്ങുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും ഈ ചിഹ്നമുണ്ടെന്ന് ഉറപ്പ് വരുത്തുക. ആ ചിഹ്നത്തിന്റെ ഉള്ളില്‍ കാണുന്ന കോഡ് നമ്പര്‍ എന്താണെന്ന് നോക്കുക. അതാത്‌ കോഡ് നമ്പര്‍ അനുസരിച്ചാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്നും ഉറപ്പാക്കുക.

സ്വാഭാവികമായും ഇത്തരം കാര്യങ്ങളില്‍ തല പുകയ്ക്കുന്നതിനേക്കാള്‍ നല്ലത് സ്റ്റീല്‍ ഉപയോഗിക്കുന്നത് അല്ലേ എന്ന്‌ നിങ്ങള്‍ ചിന്തിക്കാം. സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ ഈ സ്റ്റീലില്‍ പോലും അടക്കാന്‍ ഉപയോഗിക്കുന്ന ഭാഗം അഥവാ ലിഡ് പ്ലാസ്റ്റിക് ആയിരിക്കും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് കാര്യമില്ല. മുഴുവന്‍ സ്റ്റീല്‍ ആയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.