ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക് മുൻപിലേക്ക്…. വയോജന ദിനം എന്ന് കേൾക്കുമ്പോൾ തന്നെ നാമൊക്കെ മനസിൽ ഓർക്കുന്ന കാര്യം ഇത് പ്രായമായവർക്ക് വേണ്ടിയുള്ള ദിനാചരണം അല്ലേ എന്നാണ്. പക്ഷേ മറക്കാതിരിക്കേണ്ടത് ഒന്ന് മാത്രമാണ്… നമുക്കും നാളെ ഇങ്ങനെയൊരു ദിനം ഉണ്ട് എന്നുള്ളത്.
പ്രായമായവരെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്നതിന് കൂടുതൽ ശ്രദ്ധയും സ്നേഹവും ആവശ്യമാണ്. ശാരീരിക, മാനസിക പ്രയാസങ്ങൾ പലപ്പോഴും വയോധികർക്ക് ഒന്നിൽ കൂടുതൽ അസുഖങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു. അസുഖങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് മരുന്നുകളുടെ എണ്ണവും കൂടും.
ദിവസം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെക്കാൾ കൂടുതൽ മരുന്നുകളുണ്ടെന്ന് ചിലർ പരാതി പറയാറുണ്ട്. നേരേ വിപരീതമായി മരുന്നുകളെ സ്നേഹിക്കുന്ന വയോധികരുമുണ്ട്. മരുന്നുകളുടെ എണ്ണം കുറഞ്ഞാൽ അവർക്കൊരു സന്തോഷവുമില്ല. വിറ്റാമിൻ ഗുളികകൾ ലഭിച്ചാൽ അസുഖങ്ങൾ താനേ മാറിക്കൊള്ളും എന്ന് കരുതുന്നവരുമുണ്ട്. മരുന്നുകൾ അത്യാവശ്യത്തിന് മാത്രമാണ് ഉപയോഗിക്കേണ്ടത്. മരുന്നുകളെ ഭയമുള്ളവർ അത്യാവശ്യ രോഗങ്ങൾക്കുവേണ്ടി കുറിച്ചുകൊടുക്കുന്ന മരുന്നുകൾതന്നെ പൂർണമായും കഴിക്കാറുമില്ല.
ശാരീരിക ബുദ്ധിമുട്ടുകൾ ഓരോന്നായി വന്നുചേരുമ്പോൾ മാനസികസുഖം നഷ്ടമാകുന്നു. പതുക്കെ വിഷാദരോഗത്തിന് അടിമപ്പെടുകയും ചെയ്യും. വലിയൊരു ശതമാനം വയോജനങ്ങളും ശാരീരികബുദ്ധിമുട്ടുകൾ വന്നാൽ ഇങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചേരാനിടയുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ധൈര്യശാലികളായ വയോധികരെയും നമുക്കിടയിൽ കാണാൻ സാധിക്കും.
പ്രായമായവർക്കായി പ്രത്യേക ചികിത്സ
60നു മുകളിൽ പ്രായമുള്ള വ്യക്തികളെ പരിചരിക്കുന്നതിനുള്ള പ്രത്യേക വിഭാഗമാണ് ജെറിയാട്രിക്സ് (Geriatrics). വീഴ്ച, വീണുപോകുമോ എന്ന ഭയം, വിഷാദരോഗം, ഓർമക്കുറവ്, താത്കാലികമായി കണ്ടുവരുന്ന മാനസികവിഭ്രാന്തി, മൂത്രത്തിന്റെ നിയന്ത്രണമില്ലായ്മ, മലബന്ധം എന്നിവയാണ് പ്രായമാകുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ഈ പ്രശ്നങ്ങളുമായി ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് പലപ്പോഴും ചുരുക്കമാണ്. മിക്കപ്പോഴും ഇക്കാര്യങ്ങൾ ഡോക്ടർ ചോദിച്ച് മനസ്സിലാക്കുകയാണ് പതിവ്. ഓരോ രോഗത്തിന്റെയും കാരണങ്ങൾ കണ്ടുപിടിക്കുന്നതിന് ശ്രമിച്ച് ആ കാരണങ്ങളെ നിയന്ത്രിക്കുന്നതനുസരിച്ച് രോഗിക്ക് സുഖം ലഭിക്കും. പൂർണമായി ഭേദമാക്കാൻ സാധിക്കുകയില്ലെങ്കിലും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്ന അവസ്ഥയെങ്കിലും രോഗിക്ക് നേടിക്കൊടുക്കുവാൻ ഇതിലൂടെ സാധിക്കുന്നതാണ്.
മരുന്നുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക
ഡോക്ടർ നിർദേശിച്ച പ്രകാരംതന്നെ വേണം മരുന്നുകൾ കഴിക്കാൻ. സമയം തെറ്റരുത്. സ്വയം മാറ്റംവരുത്തരുത്. പലരും അവരവരുടെ സൗകര്യമനുസരിച്ച് മരുന്നുകൾ കഴിക്കും. ഈ പ്രവണത തെറ്റാണ്. മരുന്നുകളുടെ പ്രവർത്തനക്ഷമതയും രീതിയും അനുസരിച്ചാണ് മരുന്നുകൾ കഴിക്കെണ്ടുന്ന സമയം തരുന്നത്. എന്തെങ്കിലും പ്രയാസം അനുഭവപ്പെടുകയാണെങ്കിൽ സ്വയംചികിൽസിക്കാതെ ഡോക്ടറുടെ ഉപദേശമനുസരിച്ച് മരുന്നുകളിൽ മാറ്റം വരുത്തുക.
വീഴാതെ നോക്കേണ്ടത് അത്യാവശ്യം
ഒരു തവണ വീഴ്ച സംഭവിച്ചാൽ ഇനിയും വീണുപോകുമോ എന്ന ഭയം വയോജനങ്ങളെ അലട്ടാറുണ്ട്. പിച്ചവെക്കുന്ന രീതിയിലായിപ്പോകും പിന്നീട് അവരുടെ നടത്തം. അങ്ങനെ അവർ സ്വയം ഒതുങ്ങിക്കൂടാനുമിടയുണ്ട്. വീഴ്ചയിൽ എല്ല് പൊട്ടുക, തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുക എന്നീ അവസ്ഥകളിലേക്കും ചിലപ്പോൾ പോകാം. ഇങ്ങനെയായാൽ അവർ കിടപ്പിലാകും. കിടപ്പിലാകുകയാണെങ്കിൽ തൊലി പൊട്ടാനുള്ള സാധ്യതതയും കൂടുതലാണ്.
പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വയോജനങ്ങൾക്ക് ഉറക്കം വളരെ പ്രധാനമായതിനാൽ എട്ടു മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം.
- ദിവസം പല സമയങ്ങളിലായി 45 മിനിറ്റ് എങ്കിലും നടക്കുന്നത് നല്ലതാണ്.
- തുടർച്ചയായി ഒരുമണിക്കൂറിൽ കൂടുതൽ ഒരേ ഇരിപ്പ് ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുക.
- ഒരു രോഗവുമില്ലെങ്കിലും ആറു മാസത്തിൽ ഒരിക്കൽ എങ്കിലും കുടുംബഡോക്ടറെ കണ്ട് ഹെൽത്ത് ചെക്ക് അപ് നടത്തണം.
- ഇൻഫ്ലുവൻസ, ന്യൂമോണിയ വാക്സിനുകൾ, 50 വയസ്സിനു ശേഷം നൽകുന്ന ഹെർപിസ് സോസ്റ്റർ തുടങ്ങിയ പ്രതിരോധ കുത്തിവയ്പുകൾ (അഡൽറ്റ് വാക്സിനേഷൻ) കൃത്യമായ ഇടവേളകളിൽ എടുക്കുക.
- കാൻസർ സാധ്യതകൾ കണ്ടെത്താനുള്ള പരിശോധനകൾ നിർബന്ധമായും നടത്തുക.
- കാഴ്ചയും കേൾവിയും കുറയുന്ന ഘട്ടമെത്തിയതിനു ശേഷം ചികിൽസ തേടരുത്. അതിനു മുൻപുതന്നെ പരിശോധനകൾ നടത്തുക.
- വിറ്റാമിൻ ഡി യുടെ ലഭ്യത ഉറപ്പുവരുത്തുക. സൂര്യപ്രകാശം ഏൽക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം എടുക്കാൻ ശ്രദ്ധിക്കുക.
- പല വയോജനങ്ങളും പേരക്കുട്ടികളെ നോക്കി മാനസിക ഉല്ലാസം കണ്ടെത്തുന്നുണ്ടെങ്കിലും അച്ഛനും അമ്മയ്ക്കും പ്രായമായെന്ന ബോധ്യം മക്കൾക്കുമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്.
വിറ്റാമിൻ ഡി
പ്രായമായവർ കൂടുതൽ സമയവും വീടിനുള്ളിൽ തന്നെ കഴിയുന്നതിനാൽ വിറ്റാമിൻ ഡി യുടെ കുറവ് വളരെയധികം കണ്ടുവരുന്നുണ്ട്. വിറ്റാമിൻ ഡി സൂര്യപ്രകാശത്തിൽ നിന്ന് തന്നെ ലഭ്യമാകുന്ന ഒന്നാണ്. അതിനായി വെയിൽ കൊള്ളുകയാണെങ്കിൽ ശരീരത്തിന് വേണ്ടുന്ന വിറ്റാമിൻ ഡി വെയിലിൽ നിന്ന് തന്നെ നമ്മുടെ ശരീരം ഉണ്ടാക്കുന്നതാണ്. ദിവസത്തിൽ അഞ്ചോ പത്തോ മിനിറ്റോ അതല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ 30 മിനിറ്റ് എങ്കിലും (രാവിലെ 11 നും വൈകീട്ട് 3 നും ഇടയിൽ) സൂര്യപ്രകാശം കൊള്ളുകയാണെങ്കിൽ ശരീരത്തിന് വേണ്ടുന്ന വിറ്റാമിൻ ഡി ശരീരം തന്നെ ഉണ്ടാക്കുന്നതാണ്.
വെയിൽ കൊള്ളാൻ സാധിക്കാത്തവർ നിർബന്ധമായും ഡോക്ടറെ കണ്ട് വിറ്റാമിൻ ഡി യുടെ കുറവുണ്ടെങ്കിൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം സപ്ലിമെന്റുകൾ എടുക്കേണ്ടതുമാണ്.
ഭക്ഷണത്തിന്റെ പ്രാധാന്യം
സന്തുലിതവും ചിട്ട ഇല്ലാത്തതുമായ ഭക്ഷണരീതിയാണ് ഇന്നത്തെ പല ജീവിതശൈലി രോഗങ്ങളുടെയും മൂലകാരണം. 60 വയസ്സ് കഴിയുന്നതോടെ ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. പലരും സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നതും, വറുത്തതും പൊരിച്ചതും ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതും ചെയ്യുന്നതിലൂടെ വിവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കിൽ അത് വ്യായാമത്തിലൂടെ എരിച്ചു കളയണം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാലറി കുറച്ചാൽ തന്നെ ആരോഗ്യം കൂട്ടാം. ഓരോ വ്യക്തിക്കും അവരുടെ രോഗാവസ്ഥകൾ കൂടി കണക്കാക്കി ഡോക്ടറെയും ഡയറ്റീഷ്യനെയും കണ്ട് ഒരു ഡയറ്റ് ചാർട്ട് ഉണ്ടാക്കുന്നതാണ് നല്ലത്.
എല്ലാവർക്കും ഒരേ പോഷക ആവശ്യങ്ങൾ അല്ല ഉള്ളത്. ഏറിയും കുറഞ്ഞതുമായ രോഗാവസ്ഥകൾ ഭക്ഷണത്തിൽ കൃത്യതയുള്ള നിയന്ത്രണമാണ് ആവശ്യപ്പെടുന്നത്. ഉദാഹരണത്തിന് പ്രമേഹമുള്ള ഒരാൾ കാർബോഹൈഡ്രേറ്റുകളും കാലറിയും ഭക്ഷണത്തിൽ ശ്രദ്ധിക്കണം. ഉയർന്ന രക്തസമ്മർദ്ദം ഉള്ള ഒരു വ്യക്തിക്ക് മറ്റു പോഷണങ്ങളെ അപേക്ഷിച്ച് സോഡിയത്തിന്റെ അളവ് ശ്രദ്ധിക്കേണ്ടി വന്നേക്കാം. വൃക്ക രോഗമുള്ളവർ പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം, വെള്ളം എന്നിവയുടെ അളവുകളിൽ ശ്രദ്ധിക്കേണ്ടതായി വരും.
പൊതുവെ ജോലി ഭാരം കുറവായതിനാൽ കാലറി കുറച്ചുള്ള ഭക്ഷണ ക്രമീകരണം മതി.
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഒപ്പം ബേക്കറി സാധനങ്ങൾ, പൊരിച്ച കടികൾ, എണ്ണക്കടികൾ, മൈദ വിഭവങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ഇലക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വിവിധയിനം ചീരകൾ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ആണ് ഇതിന് സഹായിക്കുന്നത്.ഇവയിലെ ഫ്ലാവനോയിഡുകളും ആന്റിഓക്സിഡന്റുകളും പ്രതിരോധശക്തി വർദ്ധിപ്പിക്കാനും സഹായിക്കും.
എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്ന കാൽസ്യം ധാരാളമായിട്ടുള്ള ഭക്ഷണം ഉൾപ്പെടുത്തുക.
സൂര്യപ്രകാശം കൊള്ളുന്നതിനോടൊപ്പം വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ധാരാളമായി ഉള്ള ചെറു മത്സ്യങ്ങൾ കറിവെച്ച് കഴിക്കുക. രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാനും രക്തചംക്രമണം അനായാസമാക്കാനും ഇത് സഹായിക്കും.
നട്സ് ചെറിയ അളവിൽ ദിവസവും കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കുന്നതോടൊപ്പം കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. ബദാം, പിസ്ത, വാൽനട്ട് എന്നിവ മിതമായി ഉൾപ്പെടുത്താവുന്നതാണ്.
പ്രായം കൂടുന്നതിനനുസരിച്ച് മിക്കവരെയും അലട്ടുന്ന കാര്യമാണ് മലബന്ധം. ഇത് പരിഹരിക്കാൻ ചില കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നതിനോടൊപ്പം വെള്ളം നന്നായി കുടിക്കുകയും സാധിക്കാവുന്നത്ര വ്യായാമവും ചെയ്യുക. നാരുകൾ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. അതായത് ഇലക്കറികൾ, പഴങ്ങൾ, വാഴപ്പിണ്ടി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സീസണായി ലഭിക്കുന്ന പഴങ്ങൾ രണ്ടോ മൂന്നോ തവണ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അത് ആന്റി ഓക്സിഡന്റുകൾ ആയി പ്രവർത്തിക്കുകയും ഒപ്പം മലബന്ധം തടയുകയും ചെയ്യും.
പ്രായമാകുകയെന്നതു ജീവിതത്തിന്റെ ഭാഗമാണ്. ബാല്യവും കൗമാരവും യൗവനവും പോലെ ഈ ഘട്ടവും ആസ്വദിക്കാനാകണം. ഇതിനായി സ്വയം ശ്രമിക്കുന്നതിനൊപ്പം സമൂഹത്തിന്റെയും പരിഗണനയും അത്യാവശ്യമാണ് . നമ്മുടെ അസുഖത്തിനനുസരിച്ചുള്ള എല്ലാ കാര്യങ്ങളും ചിട്ടയായി ശ്രദ്ധിക്കുകയാണെങ്കിൽ ഏതൊരാൾക്കും ആരോഗ്യത്തോടുകൂടിയുള്ള ഒരു സന്തോഷജീവിതം ഈ വയോജനദിനത്തിലും സാധ്യമാകുന്നതാണ്.
തയ്യാറാക്കിയത്
Sudha Sreejesh
Dietitian, Diabetes Educator & Insulin Pump Trainer
Endodiab Superspeciality Center
Perinthalmanna
[email protected]