spot_img

ശരീരവും മനസും ശാന്തമാക്കാനുളള വഴികള്‍

പലവിധ കാരണങ്ങളാല്‍ ഇന്നത്തെ കാലത്ത് ഓരോ മനുഷ്യന്റെയും ശരീരവും മനസും കലുഷിതമാണ്. ജോലി, കുടുംബം, കരിയര്‍, കുട്ടികള്‍, സമ്പാദ്യം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഓരോരുത്തരേയും അലട്ടിക്കൊണ്ടിരിക്കുന്നത്. പണ്ടുകാലത്തെ അപേക്ഷിച്ച് ജീവിതം വളരെ സ്പീഡില്‍ മുന്നോട്ടുകാെണ്ടു പോകുന്നതിനിടയില്‍ സ്വയം സന്തോഷിക്കാന്‍ പലരും മറന്നു പോകുന്നു. ഇത് പിന്നീട് വിഷാദം, സ്ട്രെസ്, ഒറ്റപ്പെടല്‍ തുടങ്ങി നിരവധി മാനസിക പ്രശ്നങ്ങളിലേക്കാണ് ആളുകളെ തള്ളിവിടുക. ഇതില്‍ നിന്നും രക്ഷനേടാന്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കും. യോഗ, മെഡിറ്റേഷന്‍ എന്നിവയിലൂടെ നിരവധിയാളുകള്‍ മനശാന്തി കണ്ടെത്തുന്നുണ്ട്. ക്യത്യമായ വ്യായാമ മുറകളിലൂടെയും ശരീരത്തിനും മനസിനും പുത്തനുണര്‍വ് സമ്മാനിക്കാം. വേറെ എന്തെല്ലാം വഴികളുണ്ടെന്ന് നമുക്ക് പരിശോധിക്കാം.

ബ്രീത്തിങ് എക്സസൈസ് പരിശീലിക്കുക
വളരെ സ്ട്രെസ്, ടെന്‍ഷന്‍ ഉണ്ടാകുന്ന സമയങ്ങളില്‍ നിവര്‍ന്ന് നിന്നോ ഇരുന്നോ കണ്ണുകളടച്ച് ദീര്‍ഘശ്വാസം എടുക്കുക. കുറഞ്ഞത് 10 തവണയെങ്കിലും ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ശ്വാസകോശത്തിലേക്ക് കൂടുതല്‍ ഓക്സിജന്‍ കടക്കുന്നു. ഇത് ഉയര്‍ന്നു നില്‍ക്കുന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നു. സ്ട്രെസ് ഉയര്‍ത്തുന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയുന്നു. അനാവശ്യമായ, നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ വിട്ടുമാറാന്‍ ഇത്തരം പരിശീലനങ്ങള്‍ സഹായിക്കും. ബെല്ലി ബ്രീത്തിങ്,4-7-8 ബ്രീത്തിങ്,റോള്‍ ബ്രീത്തിങ്, മോര്‍ണിംഗ് ബ്രീത്തിങ് എന്നിങ്ങനെ പലതരത്തിലുള്ള ബ്രീത്തിങ് പ്രാക്ടീസുകളും നിങ്ങള്‍ക്ക് ചെയ്തു നോക്കാവുന്നതാണ്.

കുളിയ്ക്കുക
ശരീരത്തിലെ മാലിന്യങ്ങള്‍ പോകാന്‍ വേണ്ടി മാത്രമല്ല കുളിയ്ക്കുന്നത്. അത് മനസിന് ഒരു പുത്തന്‍ ഉണര്‍വ് നല്‍കുന്നു. ചെറുചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ഉത്തമമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ടെന്‍ഷനും മാനസിക പിരിമുറുക്കവും അനുഭവപ്പെടുന്നവര്‍ ബാത്ത്റൂമില്‍ പോയി കുറച്ചു നേരം ഷവറിന് കീഴേ നിന്ന് നോക്കുക. ശരീരം തണുക്കുന്നതിനൊപ്പം മനസിനും ആശ്വാസം തോന്നുന്നത് മനസിലാക്കാന്‍ സാധിക്കും.

സംഗീതം കേള്‍ക്കുക
വളരെ ടെന്‍ഷനടിച്ചിരിക്കുന്ന ഒരാളെ റിലാക്സ് ആക്കാന്‍ നല്ലൊരു ഗാനത്തിന് സാധിക്കും. ടെന്‍ഷനും പ്രശ്നങ്ങളുമായി ചിന്തയിലായിരിക്കുന്നവര്‍ ഒരല്‍പ സമയം ആ വിഷയങ്ങളെല്ലാം മാറ്റിവെച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള സംഗീതം ആസ്വാദിക്കുക. സംഗീതത്തിന് മനുഷ്യ മനസിന്റെ വേദനകളെ അകറ്റി നിര്‍ത്താനുള്ള കഴിവുണ്ട്. മ്യൂസിക് തെറാപ്പികള്‍ ഇന്ന് ലോകത്ത് വളരെ സജീവമാണ്.

യോഗ, മെഡിറ്റേഷന്‍
യോഗ,മെഡിറ്റേഷന്‍ എന്നിവ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മാനസിക പിരിമുറുക്കം കുറവുള്ളതായി കാണുന്നു. യോഗ ചെയ്യുന്നവരില്‍ കൂടുതല്‍ സന്തോഷവും സമാധാനവും പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവും ശ്രദ്ധയും കാണുന്നു. മാനസികമായും ശാരീരികമായും യോഗ മനുഷ്യനിലുള്ള നല്ലതിനെ പുറത്തെത്തിക്കുന്നു. യോഗ പരീശീലിക്കുന്നവരില്‍ ആയാസരഹിതമായ പേശികള്‍, ചുറുചുറുക്കുള്ള പ്രക്യതം, തിളക്കമുള്ള ചര്‍മ്മം, മനശാന്തി എന്നിവ കണ്ടുവരുന്നു.

എഴുതുക
എഴുത്തിനും പേനയ്ക്കും വലിയ ശക്തിയുണ്ടെന്ന് പറയുന്നത് വെറുതെയല്ല. നിങ്ങള്‍ക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും തുറന്നു പറയാന്‍ പറ്റുന്ന മറ്റൊരു മാധ്യമം വേറെയുണ്ടാകില്ല. സുഹ്യത്തുക്കളോട് പോലും പലതും മറച്ചുവെച്ചെന്ന് വരും. പക്ഷേ സ്വന്തമായി ഒരു ഡയറി എഴുതുന്ന ശീലമുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി എഴുതാന്‍ സാധിക്കും. മനസില്‍ നിന്ന് ഭാരം ഇറക്കിവെച്ച ഒരു അവസ്ഥയായിരിക്കും അപ്പോള്‍ ഉണ്ടാകുക. നിങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങളും സ്ട്രെസും മനോവിഷമവുമെല്ലാം എഴുതിവെക്കുക. പിന്നീട് അത് വായിക്കുമ്പോള്‍ ഇത്രനാളും എങ്ങനെയാണ് താന്‍ കടന്നുപോയത് എന്ന് വ്യക്തമാകും. ചിലപ്പോള്‍ പല തിരിച്ചറിവുകളും ഉണ്ടായെന്നിരിക്കാം.

മസാജ് ചെയ്യുക
മസാജ് ചെയ്യുന്നത് പലപ്പോഴും ശരീരത്തിന്റെ സുഖത്തിന് വേണ്ടിയാണ്. എന്നാല്‍ ചില മാനസിക പ്രശ്നങ്ങള്‍ക്കും ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്കും ഇത്തരം മസാജുകള്‍ ഗുണകരമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശരീരത്തിനൊപ്പം മനസിനും മസാജിങ്ങിലൂടെ പ്രശ്നങ്ങളില്‍ നിന്ന് വിടുതല്‍ ലഭിക്കുന്നു. നിങ്ങള്‍ക്ക് സ്വയം മസാജ് ചെയ്യാവുന്നതാണ്. മസാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

ശാരീരികമായി റിലാക്സ് ചെയ്യാന്‍ സാധിക്കുന്നു
മസാജ് ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാകുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ ടോക്സിനുകളെ പുറന്തള്ളാന്‍ ഇത് സഹായിക്കും.
തലവേദനയില്‍ നിന്നും പേശിവലിവില്‍ നിന്നും ആശ്വാസം ലഭിക്കും
കൂടുതല്‍ ഊര്‍ജവും ഉന്‍മേഷവും നല്‍കുന്നു

മോശം സമയങ്ങളെ പറ്റി ചിന്തിക്കാതിരിക്കുക പ്രയാസമുള്ള കാര്യമാണ്. എങ്കില്‍ പോലും ജീവിതത്തെ എപ്പോഴും പോസിറ്റീവായി കാണാനുള്ള ഒരു മനോഭാവം കൂടി വളര്‍ത്തിയെടുക്കുക. ഇത് നിങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസം കൂടി നല്‍കുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.