ഇന്ത്യക്കാരോട്, പ്രത്യേകിച്ച് മലയാളികളോട് ചക്ക മാഹാത്മ്യം പറഞ്ഞ് ഫലപ്പിക്കേണ്ടതില്ല. നഗരങ്ങളില്‍ അത്ര സുലഭമല്ലെങ്കിലും ഗ്രാമപ്രദേശങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ് ചക്ക. തണുപ്പ് കാലാവസ്ഥകളില്‍ വളരാത്ത ചക്ക ഉഷ്ണമേഖലാ വിളയാണ്. പോഷകങ്ങളാലും ധാതുക്കളാലും സമ്പന്നമായ ചക്ക നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്. ഒരു സാധാരണ ചക്കയില്‍ 150 തോളം ചക്കക്കുരുകള്‍ ഉണ്ടായിരിക്കും.
ചക്കയുടെ ഉള്‍ഭാഗത്തെ മാംസളമായ ഭാഗവും ചക്കക്കുരുവുമാണ് പ്രധാനമായും ഭക്ഷ്യയോഗ്യമായത്. പഴുത്ത ചക്കകള്‍ക്ക് നല്ല മധുരമായിരിക്കും. അവ ഉപയോഗിച്ച് പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതേ സമയം പച്ച ചക്ക ഉപയോഗിച്ച് പുഴുക്ക്, തോരന്‍ എന്നിവയും അടുക്കളയില്‍ പരീക്ഷിക്കുന്നവര്‍ ധാരാളമാണ്. ടിന്നിലടച്ച് ലഭ്യമാകുന്ന ചക്കയെ വെജിറ്റബിള്‍ മീറ്റ് എന്നും വിശേഷിപ്പിക്കാറുണ്ട്.
ചക്കയിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍
ഫാറ്റ്, കൊളസ്ട്രോള്‍ ഫ്രീ ആയ ചക്കയും ചക്കക്കുരുവും പോഷക സമ്പുഷ്ടമാണ്. 100 ഗ്രാം ചക്കയില്‍ 94 ഗ്രാം കലോറി അടങ്ങിയിരിക്കുന്നു. ഡയട്രി ഫൈബര്‍, പ്രോട്ടീന്‍, പൊട്ടാസ്യം,കാല്‍ഷ്യം, കാര്‍ബോഹൈഡ്രേറ്റ്, ഫോലറ്റ്, ഇരുമ്പ് തുടങ്ങി പോഷകങ്ങളുടെയും ധാതുക്കളുടെയും ഒരു കലവറ തന്നെയാണ് ചക്ക.
ചക്ക കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
ചക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സിയും ആന്റിയോക്സിഡന്റുകളും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് രോഗങ്ങള്‍ വരാനുള്ള സാധ്യതകള്‍ തടയുന്നു. ആരോഗ്യം മെച്ചപ്പെടാനും ഇത് സഹായകരമാണ്.
ഊര്‍ജം നല്കുന്നു
100 ഗ്രാം ചക്കയില്‍ 94 ഗ്രാം കലോറിയും വലിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഊര്‍ജം നിലനിര്‍ത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സഹായിക്കുന്നു. ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ് എന്നിവ മാറ്റി എപ്പോഴും ഉത്സാഹത്തോടെയിരിക്കാന്‍ സഹായിക്കുന്നു. പെട്ടെന്ന് ദഹിക്കുന്നതിനാല്‍ ചക്ക ആരോഗ്യത്തിന് ഉത്തമമാണ്.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നു, രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു
പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്തി ഹൃദയത്തിനുണ്ടാകാവുന്ന രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ പേശികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും പ്രൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. ചക്കയില്‍ പൊട്ടാസ്യം വളരെയധികം അടങ്ങിയിരിക്കുന്നു. ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം നിലനിര്‍ത്തി രക്തം സമ്മര്‍ദം ഉയരുന്നത് തടയുന്നു.
ദഹനം സുഗമമാക്കുന്നു
ചക്കയില്‍ അടങ്ങിയിരിക്കുന്ന സോല്യുബിള്‍, ഇന്‍സോല്യുബിള്‍ ( അലിയുന്നതും അലിയാത്തതുമായ) ഫൈബറുകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനപ്രക്രിയ എളുപ്പമുള്ളതാക്കുന്നു. ആഹാരം പെട്ടെന്ന് ദഹിപ്പിച്ച് ഊര്‍ജമാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേഗമെത്താന്‍ ഇവ സഹായിക്കുന്നു.
കാന്‍സറിനെ തടയുന്നു
ചക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റുകളും ഫ്ളെവനോയിഡുകളും മറ്റ് ന്യൂട്രിയന്‍സുകളും കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരത്തില്‍ ഉണ്ടാകുന്ന ടോക്സിനുകളെ നശിപ്പിച്ച് കാന്‍സറിന്റെ സാധ്യത തടയുകയാണ് ഇവ ചെയ്യുന്നത്.
കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു
ചക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച ശക്തി വര്‍ധിക്കുന്നതിനും സഹായകരമാണ്. ബാക്ടീരിയ, വൈറല്‍ ഇന്‍ഫെക്ഷനുകളില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നതിനൊപ്പം അള്‍ട്രാവൈലറ്റ് പോലുള്ള ഹാനികരമായ രശ്മികളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു. കാറ്ററാക്ട് വരാനുള്ള സാധ്യത കുറയ്ക്കുകയും റെറ്റിനയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുന്നു.
ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന് തടയുന്നു
ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ചില മൂലകങ്ങളുടെ പ്രവര്‍ത്തനം മൂലമാണ് ചര്‍മ്മം പ്രായമാകുന്നത്. പല തത്തിലുള്ള മലിനീകരണവും ശരീരത്തിനുള്ളിലെ പ്രവര്‍ത്തനത്തെ ബാധിച്ച് പെട്ടെന്ന് പ്രായമുള്ള അവസ്ഥയില്‍ ചര്‍മ്മത്തെ കൊണ്ടെത്തിക്കുന്നു. എന്നാല്‍ ചക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ബി പ്രായത്തെ അതിജീവിച്ച് യുവത്വമുള്ള ചര്‍മ്മം പ്രദാനം ചെയ്യുന്നു.
എല്ലുകളുടെ ബലം
ചക്കയില്‍ അടങ്ങിയിരിക്കുന്ന കാല്‍ഷ്യം ശരീരത്തിലെ എല്ലുകള്‍ക്ക് ബലമേകുകയും പൊട്ടാസ്യം, വൃക്കയിലൂടെ കാല്‍ഷ്യം നഷ്ടപ്പെടുന്നത് എന്നിവ തടയുകയും ചെയ്യുന്നു. ഒസ്റ്റിയോ പോറോസിസ്, ആര്‍തറൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ചക്ക മികച്ച ഒരു പ്രതിവിധിയാണ്.
രക്ത ചംക്രമണം സുഗമമാക്കുന്നു
ചക്കയില്‍ സമ്പുഷ്ടമായിരിക്കുന്ന ഇരുമ്പിന്റെ അംശം അനീമിയ തടയുകയും മെറ്റബോളിസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മഗ്നീഷ്യം, വിറ്റമിന്‍ സി, കോപ്പര്‍ എന്നിവ രക്തസമ്മര്‍ദം നിയന്ത്രിച്ച് രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു.
ആസ്ത്മ നിയന്ത്രിക്കുന്നു
ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങളില്‍ നിന്നും ചക്ക സംരക്ഷണം നല്കുന്നു. മലിനീകരണം മൂലം ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥ എന്നീ സാഹചര്യങ്ങളെല്ലാം ഒഴിവാക്കാന്‍ ചക്ക സഹായിക്കുന്നു. ചക്കയില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ ശരീരത്തിലെ അനാവശ്യ മൂലകങ്ങളെ പുറന്തള്ളി ആസ്ത്മ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ചക്കയില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍, തൈറോയിഡ് പോലുള്ള രോഗങ്ങള്‍ക്കും പ്രതിവിധിയാണ്. ഹോര്‍മോണിലുണ്ടാകുന്ന മാറ്റങ്ങള്‍ നിയന്ത്രിച്ച് തൈറോയിഡ് വരാതെ നോക്കുന്നു. ഒപ്പം തന്നെ ചര്‍മ്മരോഗങ്ങള്‍ ഉണ്ടാക്കാതിരിക്കാനും ചക്ക ഉപയോഗിക്കുന്നവര്‍ നിരവധിയാണ്.