spot_img

കണിക്കൊന്ന ചായ മുതല്‍ ഉണങ്ങിയ പ്ലം പഴത്തിന്റെ ജൂസ് വരെ; വയര്‍ വൃത്തിയാക്കാനുള്ള ഒന്‍പത് മാര്‍ഗങ്ങള്‍

പുരാതന കാലം മുതലേ വയറു വൃത്തിയാക്കുന്ന ശീലം മനുഷ്യര്‍ക്ക് ഉണ്ട്. ഇതിനെ ആരോഗ്യ സംരക്ഷണ മാര്‍ഗമായും കണക്കാക്കാറുണ്ട്. ഉണങ്ങിയ പ്ലം പഴത്തിന്റെ ജൂസ്, ജീരക ചായ എന്നിവയാണ് ഇതിന് പലപ്പോഴും ഉപയോഗിക്കുന്നത്. വയര്‍ വൃത്തിയാക്കുന്നതിനായി ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം, അതോടൊപ്പം തന്നെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിയ്ക്കുക. വസ്തി/ ആയുര്‍വേദ എനിമകള്‍ നിലവിലുണ്ടെങ്കിലും വിദഗ്ധരുടെ അടുത്ത് മാത്രം പോയി അവ ചെയ്യാവൂ.

കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങളും ശ്വാസവായുവിലും നമ്മുടെ ശരീരത്തിനകത്തും പുറത്തും മാലിന്യങ്ങളെ സൃഷ്ടിക്കുന്നു. പ്രത്യേകിച്ചും ശരീരത്തിനുള്ളിലെ ടോക്‌സിനിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. പുറമേ നിന്ന് ശരീരം വൃത്തിയാക്കുന്നതു പോലെ പ്രധാനപ്പെട്ടതാണ് ഉള്ളില്‍ നിന്നുമുള്ള സംരക്ഷണവും. വയറു വൃത്തിയാക്കല്‍ ഈജിപ്തുകാരും ഗ്രീക്കുകാരും വരെ പിന്‍തുടന്ന് പോന്നിരുന്ന ഒരു സമ്പ്രദായമാണ്. ഭക്ഷണം കൃത്യമായി ദഹിക്കാതിരുന്നാല്‍ അതിലെ വിഷാംശങ്ങളെല്ലാം രക്തത്തില്‍ കലരുകയും പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ആയുര്‍വേദം.

ദഹനപ്രശ്‌നങ്ങള്‍ വല്ലാതെ അലട്ടുന്നവര്‍ക്ക് വയറു വൃത്തിയാക്കാനുളള ചില മാര്‍ഗങ്ങള്‍ ഇവിടെ പങ്കു വെയ്ക്കുകയാണ്. വളരെ സുരക്ഷിതമായതും എളുപ്പവുമാണ് ഇവ. എന്നാല്‍ വാസ്തി എനിമ എന്നിവ തിരഞ്ഞെടുക്കുന്നവര്‍ തീര്‍ച്ചയായും ഒരു വിദഗ്ധനെ സമീപിച്ച ശേഷമേ പരീക്ഷിക്കാവൂ….

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക

ശരീരത്തിന് പുറത്തെന്ന പോലെ ഉള്ളിലും വെളളം വൃത്തിയാക്കുക എന്നൊരു പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായാല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ദിവസവും ആറു മുതല്‍ എട്ട് ഗ്ലാസ് വരെ വെള്ളം ഒരാള്‍ കുടിക്കണമെന്നാണ് പറയുന്നത്. ശരീരത്തിനുള്ളില്‍ എത്തുന്ന വെള്ളം ഫ്‌ളൂയിഡുകളുടെ സഹായത്തോടെ വയര്‍ വൃത്തിയാക്കുന്നു. വെള്ളം കുടിയ്ക്കാന്‍ മടിയുളളവര്‍ക്ക് പാല്‍, പഴച്ചാറുകള്‍, സൂപ്പ് എന്നിവയും കഴിക്കാം. ആയുര്‍വേദ വിധി പ്രകാരം വെറും വയറ്റില്‍ രാവിലെ ഇളം ചൂടുവെള്ളം കുടിയ്ക്കുന്നത് വയറു വൃത്തിയാകാന്‍ സഹായിക്കും.

പാനീയങ്ങള്‍ മാത്രം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക

ഖര രൂപത്തിലുള്ള ആഹാരങ്ങള്‍ ഒഴിവാക്കി ദ്രാവക രൂപത്തിലുള്ളവ കൂടുതലായി കഴിയ്ക്കുന്നത് വയറിന് ഗുണം ചെയ്യും. ദഹന പ്രശ്‌നങ്ങള്‍ തടയാനും ഇതിലൂടെ സാധിക്കും. എന്നാല്‍ സോഡ, കോള, മദ്യത്തിന്റെ അംശം അടങ്ങിയ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. പഴച്ചാറുകളും മറ്റ് ദ്രാവകങ്ങളും വയറു വ്യത്തിയാക്കുന്നില്ലെങ്കിലും ശരീരത്തിലുള്ള ടോക്‌സിനുകളെ പുറന്തള്ളാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് ആയുര്‍വേദ, യുനാനി വിദഗ്ധര്‍ പറയുന്നത്.

പെരും ജീരകത്തിന്റെ ചായ കുടിക്കുക

വയറു വൃത്തിയാക്കുന്നതിനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്ഥിരമായി ഉപയോഗിക്കരുത്. കാരണം അത്തരം വയറിളക്ക മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവരുടെ കുടലിന്റെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും സ്ഥിരമായ ഉപയോഗത്തിലൂടെ നഷ്ടപ്പെട്ടെന്ന് വരാം.

പെരുംജീരകത്തിന്റെ ചായ വയറിളകാനും ഗ്യാസ്ട്രബിള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. വൃക്കയിലും കരളിലുമായി അടഞ്ഞു കൂടുന്ന ടോക്‌സിനുകളെ പുറന്തള്ളാന്‍ പെരുംജീരക ചായയ്ക്ക് സാധിക്കുമെന്ന് ഹെര്‍ബല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഒരു ദിവസം മൂന്ന് പെരുംജീരക ചായ കുടിയ്ക്കുന്നത് വളരെ ഗുണകരമാണ്. ഒരു ടീസ്പൂണ്‍ പെരുംജീരകം ആറ് ഔണ്‍സ് വെള്ളത്തിലിട്ട് 3-5 മിനിറ്റ് വരെ തിളപ്പിച്ചാണ് ചായ ഉണ്ടാക്കുന്നത്.

കണിക്കൊന്ന കൊണ്ടുള്ള ചായ

വയറു വൃത്തിയാക്കാന്‍ പറ്റുന്ന നല്ലൊരു മാര്‍ഗമാണ് കണിക്കൊന്ന കൊണ്ട് ഉണ്ടാക്കിയ ചായ. കണിക്കൊന്നയുടെ 1-2 ഗ്രാം ഇലകള്‍ ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും രണ്ട് നേരം കുടിയ്ക്കുകയാണ് വേണ്ടത്. അപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാദിവസവും ഇത് ശീലിക്കരുത്. നിങ്ങള്‍ക്ക് കുടല്‍ സംബന്ധമായ അസുഖങ്ങള്‍ നേരത്തേ ഉണ്ടായിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രം കണിക്കൊന്ന ചായ കുടിക്കുക.

ഉണങ്ങിയ പ്ലം പഴത്തിന്റെ ജൂസ്

ഉണങ്ങിയ പ്ലം പഴത്തിന്റെ ജൂസ് പണ്ടു കാലം മുതലേ വയറു വൃത്തിയാക്കാന്‍ ഉപയോഗിക്കാറുണ്ട്.  ഒരു ദിവസം രണ്ടു തവണ 125 മില്ലി ജൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അതിനൊപ്പം തന്നെ വായുക്ഷോഭം ഉണ്ടാകാനും ഉണങ്ങിയ പ്ലം പളത്തിന്റെ ജൂസ് കാരണമാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍ എപ്പോഴും ഇവ കുടിക്കുന്നത് നല്ലതല്ല.

ഫൈബര്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക

പ്ലാന്റാഗോ ഒവാറ്റ എന്ന ഔഷധത്തില്‍ നിന്നാണ് ഫൈബര്‍ ധാരാളം അടങ്ങിയ സൈലിയം വരുന്നത്. ശരീരത്തിനുള്ളില്‍ വെള്ളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം പുറന്തള്ളുന്ന മലത്തിന്റെ അളവ് വര്‍ധിക്കും. എന്നാല്‍ സൈലിയം കഴിയ്ക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. അല്ലെങ്കില്‍ തൊണ്ടയിലോ കുടലിലോ കുരുങ്ങാന്‍ സാധ്യതയുണ്ട്.

ദിവസവും 25-30 ഗ്രാം ഫൈബര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം സുഗമമാക്കി വയറ് വൃത്തിയാകുന്നതിനും കുടലുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതിനും സഹായകരമാണ്. കാരറ്റ്, ബ്രൊക്കോളി, ബീന്‍സ്, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയെല്ലാം ഫൈബര്‍ അടങ്ങിയവയാണ്. ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും ഫൈബര്‍ സമ്പുഷ്ടമായ ആഹാരം ശീലമാക്കണം.

പ്രോബയോട്ടിക്‌സ് ഉള്‍പ്പെടുത്തുക

യോഗര്‍ട്ട്, ചീസ്, കിംച്ചി സാലഡ് എന്നിവയിലെല്ലാം പ്രോബയോട്ടിക് അടങ്ങിയിരിട്ടുണ്ട്. പ്രോ ബയോടിക്‌സ് ആന്തരിക ശരീരത്തിനും ബാഹ്യ ശരീരത്തിനും ഒരുപോലെ ഉപകാരപ്രദമായ ബാക്ടീരിയയാണ്. ശരീരത്തിലെ ദഹനപ്രക്രിയ സുഗമമായ രീതിയില്‍ നടക്കുന്നതിനും ടോക്‌സിനുകളെ പുറത്തു കളയുന്നതിനും ഈ നല്ല ബാക്ടീരിയകളുടെ സഹായം അനിവാര്യമാണ്. വയറു വൃത്തിയാക്കുന്നതിനൊപ്പം കുടലിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ഈ ബാക്ടീരികള്‍ വേണം. അതിനാല്‍, വയറു വൃത്തിയാക്കാനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കുടലിലെ ബാക്ടീരിയകളെ പുനര്‍ നിര്‍മിക്കാനും ഇവയ്ക്ക് സാധിക്കും. യോഗര്‍ട്ട് പോലുള്ളവയില്‍ ഇത്തരം ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവ കഴിക്കുന്നത് ഉത്തമമാണ്.

ആവണക്കെണ്ണ ഉപയോഗിക്കുക

പണ്ടു കാലങ്ങളില്‍ വയറിളക്കാന്‍ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു മാര്‍മാണ് ആവണക്കെണ്ണ. റിസിനോളെറ്റിക് ആസിഡിന്റെ സാനിധ്യം മൂലമാണ് ആവണക്കെണ്ണ വയറിളക്കാന്‍ ഉപയോഗിക്കുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ ആവണക്കെണ്ണ ഉപയോഗിക്കരുത്. ഗര്‍ഭം അലസിപ്പോകാന്‍ സാധ്യതയുണ്ട്. ആവണക്കെണ്ണ അമിതമായ കഴിച്ചാല്‍ അതിസാരമുണ്ടാകും.

ആയുര്‍വേദിക് എനിമ തെറാപ്പികള്‍

തെറാപ്പികളിലെ മരുന്നുകള്‍, എനിമ, നിര്‍ദേശങ്ങള്‍ എന്നിവ പ്രത്യേക രോഗമോ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കോ മാത്രമുള്ളതാണ്. കാലാകാലങ്ങളായി എനിമ അല്ലെങ്കില്‍ ബസ്തി തെറാപ്പി ആയുര്‍വേദത്തില്‍ നിലനില്‍ക്കുന്നതാണ്. ശരീരത്തിനുള്ളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം തന്നെ ടോക്‌സിനുകളെ പുറന്തള്ളാനും ഇതിലൂടെ സാധിക്കുന്നു. മലബന്ധം, ആര്‍തറൈറ്റിസ്, സന്ധിവാതം എന്നീ അവസ്ഥകളിലാണ് സാധാരണയായി ചെയ്യുക.

ഓരോ വ്യക്തിയുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുസരിച്ച് അനുവാസന, അസ്ഥാപനം എന്നിങ്ങനെ രണ്ട് രീതിയിലാണ് എനിമ ചെയ്യുന്നത്. അനുവാസനയില്‍ നെയ്, ചില ഔഷധക്കൂട്ടുകളുടെ എണ്ണകള്‍ എന്നിവ ചേര്‍ത്തിട്ടുണ്ട്‌. അസ്ഥാപനയില്‍ ഔഷധ മൂലികകളും ചില എണ്ണകളും പാലും ചേര്‍ത്തിരിക്കുന്നു.

ഈ എനിമകള്‍ വീട്ടിലും ചെയ്യാവുന്നതാണ്. ഉപ്പു കലര്‍ന്ന ഒരു ബാഗില്‍ ഈ കൂട്ട് ഇട്ടതിന് ശേഷം ട്യൂബിന്റെ അഗ്രഭാഗം മലദ്വാരത്തില്‍ വെക്കുക. ബാഗ് ഉയര്‍ത്തി അതിലെ കൂട്ട് ഉള്ളിലേക്ക് വിടുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഉളളിലെ മലബന്ധം മാറുകയും ശരീരത്തിനുള്ളിലെ അഴുക്കുകളെല്ലാം പുറന്തള്ളാനും സാധിക്കും. വീടുകളില്‍ ചെയ്യാനുള്ള കിറ്റുകള്‍ ലഭ്യമാണെങ്കിലും ഡോക്ടറിന്റെ നിര്‍ദേശത്തിന് ശേഷം ഇവ പരീക്ഷിക്കണം. കൃത്യമായ രീതിയില്‍ ചെയ്തില്ലെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

വെള്ളമുപയോഗിച്ച് വയറു കഴുകാന്‍ വിദഗ്ധര്‍ വേണം

ശരീരത്തിലെ അഴുക്കുകളെ പുറന്തള്ളാന്‍ ചെറു ചുടുവെള്ളം മലദ്വാരത്തിലൂടെ കടത്തി വിടാറുണ്ട്. ഒരു ട്യൂബിലൂടെ ശരീരത്തിലെ അഴുക്കുകളെല്ലാം പുറത്തെത്തും. എന്നാല്‍ ഇത്തരം എനിമകള്‍ക്ക് 60 ലിറ്ററോളം വെള്ളം വയറിനുള്ളില്‍ കടത്തി വിടാനാകും. ചില ഔഷധങ്ങളും വെള്ളത്തോടൊപ്പം കടത്തി വിടാറുണ്ട്. എന്നാല്‍ എല്ലാത്തരം ആളുകളിലും ഇതു നടത്താനാവില്ല. ബ്ലഡ് പ്രഷര്‍, ശരീരവീക്കം, കരള്‍ രോഗങ്ങള്‍ ഹൃദ്രോഗങ്ങള്‍ എന്നിവയുള്ളവര്‍ ഇവ ചെയ്യാന്‍ പാടില്ല. ഗര്‍ഭിണികളും ഇത് പരീക്ഷിക്കരുത്.

ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ചെയ്യരുത്

വയറു കഴുകല്‍ ശരീരത്തിന് ഗുണം ചെയ്യുമെങ്കിലും ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരിക്കലും ചെയ്യാന്‍ പാടില്ല. ഒരു സ്പായില്‍ പോയി ചെയ്യാന്‍ പറ്റുന്നതോ, നിങ്ങള്‍ക്ക് തോന്നുമ്പോള്‍ ചെയ്യാന്‍ സാധിക്കുന്നതോ ആയ ഒന്നല്ല ഇത്. ഔഷധക്കൂട്ടുകള്‍ വെച്ച് വീട്ടില്‍ പരീക്ഷിക്കാമെന്ന് വെച്ചാലും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെന്ന് മനസിലാക്കണം. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശം അത്യാവശ്യമാണ്.

വയറ് വൃത്തിയാക്കുന്നതിനായി എനിമകളും ഔഷധക്കൂട്ടുകളും വാട്ടര്‍ ട്രീറ്റ്‌മെന്റുകളുമൊക്കെയുണ്ടെങ്കിലും ഇതിന് മറ്റൊരു വശം കൂടിയുണ്ട്. വിമര്‍ശകരുടെ മറ്റൊരു വാദം വയറു വൃത്തിയാക്കാനും ടോക്‌സിനുകളെ പുറന്തള്ളാനും ശരീരത്തിന് തന്നെ കഴിവുണ്ടെന്നും അതിനായി പ്രത്യേകം ഒന്നും ചെയ്യേണ്ടതില്ലെന്നുമാണ്. കൃത്യമായി ചെയ്തില്ലെങ്കില്‍ കരളിനും വൃക്കയ്ക്കും വരെ തകരാറും സംഭവിക്കും, ശാസ്ത്രീയമായ ഒരു പഠനവും നടന്നിട്ടില്ലാത്തതാണ് മറ്റൊരു വശം. ശരീര ഭാരം കുറഞ്ഞതായും, സ്‌കിന്‍ ടോണില്‍ നല്ല മാറ്റം ഉണ്ടായെന്നും മലബന്ധ പ്രശ്‌നങ്ങള്‍ മാറിയെന്നുമാണ് ഇവ പരീക്ഷിച്ച ചിലര്‍ പറയുന്നത്.

എല്ലാത്തരം ആളുകള്‍ക്കും വയറു വൃത്തിയാക്കുന്ന മാര്‍ഗങ്ങല്‍ സ്വീകരിക്കേണ്ടി വരുന്നില്ല. കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാത്തതും, അലര്‍ജി, എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇത്‌ ഉപകാരപ്രദമാണ്. അതിനാല്‍ ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതി എടുത്തു ചാടി ഇവയൊന്നും ചെയ്യാതിരിക്കുക. അഥവാ ഇനി വേണമെന്ന് തോന്നിയാല്‍ ഡോക്ടറെ കണ്ട് നിര്‍ദേശം വാങ്ങിയശേഷം പരീക്ഷിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.