മത്തങ്ങ നിങ്ങളുടെ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പ്രാതലിന് ഓട്സിനൊപ്പം കഴിക്കുന്നത് ഒരു പുതിയ അനുഭവമായിരിക്കും. ബ്രഡ് ടോസ്റ്റിനൊപ്പം പംകിന്‍ ബട്ടര്‍ ചേര്‍ത്ത് കഴിക്കാം, ഉന്‍മേഷത്തിനും ആരോഗ്യത്തിനുമായി പംകിന്‍ സൂപ്പ്, സ്നാക്സ് കഴിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് പംകിന്‍ ബ്രഡോ, പച്ചക്കറികളോടൊപ്പം പംകിന്‍ ഹുമൂസോ തിരഞ്ഞെടുക്കാവുന്നതാണ്.
ഒക്ടോബര്‍ മാസങ്ങളാണ് പംകിന്‍ വാങ്ങാന്‍ അനുയോജ്യമായ സമയം. മത്തനുകളുടെ സീസണ്‍ ആ സമയത്താണ്. പോഷകങ്ങള്‍ നിറഞ്ഞ മത്തനുകള്‍ കഴിക്കുന്നത് ശരീരത്തിന് പല രീതിയില്‍ ഗുണം ചെയ്യും.
മത്തന്‍ കഴിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഒപ്പം തന്നെ കണ്ണുകള്‍, ഹൃദയം, എന്നിവയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. കാന്‍സര്‍ വരാനുള്ള സാധ്യത തടയുന്നതിലും മത്തന്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ചര്‍മ്മത്തെ ചെറുപ്പമായി നിലനിര്‍ത്താനും, നല്ല ഉറക്കം ലഭിക്കാനും വയറു കത്തല്‍ എന്നീ അവസ്ഥകള്‍ക്കും മത്തന്‍ പരിഹാരമാണ്.
മത്തങ്ങ ഉപയോഗിച്ച് എന്തെല്ലാം വിഭവങ്ങള്‍ തയ്യാറാക്കാമെന്നോര്‍ത്ത് ഇനി ടെന്‍ഷന്‍ അടിക്കേണ്ട.
മത്തന്‍ കൊണ്ട് ഉണ്ടാക്കാവുന്ന അഞ്ച് ആരോഗ്യകരമായ ഡിഷുകള്‍ പരിചയപ്പെടാം:
പംകിന്‍ ഓവര്‍നൈറ്റ് ഓട്സ്
എന്നും ഒരേ രീതിയിലുള്ള പ്രാതല്‍ കഴിച്ച് മടുത്തവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന വിഭവമാണിത്. രാവിലെ കഴിക്കുന്ന ഓട്സിനൊപ്പം ഫ്രഷ് പംകിനോ ടിന്നിലടച്ച നിലയില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ പംകിനോ ഇട്ട് ഓട്സ തയ്യാറാക്കി നോക്കൂ.. ശരീരത്തിന് ഉന്‍മേഷവും ഒരേ ടൈപ്പ് ഭക്ഷണത്തില്‍ നിന്നൊരു മോചനവുമായിരിക്കും. ജോലി തിരക്കുള്ളവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. ഓട്സാണ് ഈ വിഭവത്തിന്റെ പ്രധാനപ്പെട്ട ചേരുവ. വിഭവം ഉണ്ടാക്കിയെടുക്കാന്‍ കുറച്ചധികം സമയം ആവശ്യമുള്ളതിനാല്‍ തലേന്ന് രാത്രി തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്
ചേരുവകള്‍
ഒന്നര കപ്പ് സ്റ്റീല്‍ കട്ട് ഓട്സ്
3 കപ്പ് വെള്ളം
2 കപ്പ് പാല്‍
1 കാന്‍ പംകിന്‍ പൂരി
കാല്‍ കപ്പ് ശുദ്ധമായ മേപ്പിള്‍ സിറപ്പ്
കാല്‍ കപ്പ് ഫല്‍ക്സീഡ് ( ഇതേ അളവില്‍ ചിയാ സീഡ്, ഹെം സീഡ്
അല്ലെങ്കില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ സ്റ്റീല്‍ കട്ട് ഓട്സോ പകരമായി ചേര്‍ക്കാവുന്നതാണ്)
ഒരു ടേബിള്‍ സ്പൂണ്‍ വാനില എക്സ്ട്രാക്റ്റ്
ഒരു ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട
ഒരു ടീസ്പൂണ്‍ ഇഞ്ചി
ഒരു ടീസ്പൂണ്‍ ജാതിക്ക
അര ടീസ്പൂണ്ട ഗ്രാമ്പൂ അല്ലെങ്കില്‍ സര്‍വസുഗന്ധി
അര ടീസ്പൂണ്‍ കല്ലുപ്പ്
എങ്ങനെ തയ്യാറാക്കാം
നാലു മുതല്‍ ആറു ലിറ്ററിന്റെ കുക്കറില്‍ ചേരുവകളെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. കുക്കര്‍ അടച്ചുവെച്ച് ചെറുതീയില്‍ രാത്രി ഏഴ് മണിക്കൂറോളം വെക്കുക, അല്ലെങ്കില്‍ മൂന്നര മുതല്‍ നാലു മണിക്കൂര്‍ വരെ തീ കൂട്ടിവെച്ച് വിഭവം തയ്യാറാക്കാവുന്നതാണ്. ഓട്സ് സോഫ്റ്റാകുന്നതാണ് അതിന്റെ പാകം. ഓട്സ് പാകമായാല്‍ കുക്കര്‍ തുറന്ന് വീണ്ടും ഇളക്കുക. സെര്‍വിങ് പ്ലേറ്റിലേക്ക് മാറ്റുന്ന പംകിന്‍ ഓട്സ്മീല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പഴങ്ങള്‍ ഉപയോഗിച്ചോ, ഡ്രൈഡ് ക്രാന്‍ബെറീസ്, പീനട്ട് ബട്ടര്‍, ചോക്കലേറ്റ് ചിംപ്സ് എന്നിവ കൊണ്ട് അലങ്കരിക്കാവുന്നതാണ്.
സ്പൈസി പംകിന്‍ സൂപ്പ്
മഴക്കാലത്തോ തണുത്ത കാലാവസ്ഥയിലോ ശരീരത്തിന് ഊര്‍ജം ഉന്‍മേഷവും നല്‍കാന്‍ സൂപ്പുകള്‍ക്ക് സാധിക്കും. പല വെറൈറ്റി സൂപ്പുകളും പരീക്ഷിച്ചവര്‍ക്ക് മത്തന്‍ കൊണ്ടുള്ള ഈ സൂപ്പ് കൂടി പരീക്ഷിക്കാവുന്നതാണ്. കുറച്ച് എരിവുള്ള ഈ സൂപ്പിന്റെ ടോപ്പിങ്ങായി പംകിന്‍ സീഡ് കൂടി ചേര്‍ത്താല്‍ പോഷകം ഇരട്ടിയാകും.
ഈ വിഭവം തയ്യാറാക്കാന്‍ മള്‍ട്ടി കുക്കറാണ് ഉപയോഗിക്കേണ്ടത്. നിങ്ങളുടെ പക്കല്‍ അതില്ലെങ്കില്‍ സാധാരണ രീതിയില്‍ വലിയ സോസ്പാനിലോ, കലത്തിലോ ഉണ്ടാക്കാവുന്നതാണ്.
ചേരുവകള്‍
ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍
ഒരു സവാള നന്നായി അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത്
അര ടീസ്പൂണ്‍ കറുവാപ്പട്ട
അര ടീസ്പൂണ്‍ സര്‍വസുഗന്ധി
രണ്ട് മധുരക്കിഴങ്ങ് (400ഗ്രാം) തൊലികളഞ്ഞത് അരിഞ്ഞത്
രണ്ട് വലിയ കാരറ്റ് (200 ഗ്രാം) തൊലികളഞ്ഞത് അരിഞ്ഞത്
400 ഗ്രാം പംകിന്‍ തൊലികളഞ്ഞ് വൃത്തിയാക്കിയത് അരിഞ്ഞത്
ഒരു ലിറ്റര്‍ വെജിറ്റബിള്‍ സ്റ്റോക്ക്
അര ടീസ്പൂണ്‍ വാനില എക്സ്ട്രാക്റ്റ്
30 ഗ്രാം വെണ്ണ
കുരുമുളക് പൊടിയും ഉപ്പും ആവശ്യത്തിന്
എങ്ങനെ തയ്യാറാക്കാം
മള്‍ട്ടികുക്കറിനുള്ളില്‍ ഓയില്‍ ഒഴിച്ച് സവാള, ഇഞ്ചി എന്നിവ ഗോള്‍ഡന്‍ നിറമാകുന്നവരെ വഴറ്റുക. പിന്നാലെ കറുവാപ്പട്ടയും സര്‍വസുഗന്ധിയും അതിലേക്ക് ചേര്‍ക്കുക. ചേരുവയുടെ മണം വരുന്നതുവരെ വഴറ്റുക. മധുരക്കിഴങ്ങ്, കാരറ്റ്, മത്തന്‍, എന്നിവയിട്ട് വീണ്ടും വഴറ്റുക. കുരുമുളകും ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് കുക്കര്‍ അടച്ചുവെച്ച് 20 മിനിറ്റോളം പച്ചക്കറികള്‍ വേവിക്കുക
വെന്തുവന്നതിലേക്ക് ബട്ടര്‍ ചേര്‍ത്തശേഷം കുറച്ച് തണുക്കാനായി മാറ്റിവെക്കുക. അല്‍പം തണുത്തതിന് ശേഷം ഒരു ബ്ലെന്‍ഡര്‍ ഉപയോഗിച്ച് വേവിച്ച ചേരുവകള്‍ നന്നായി ഉടച്ചെടുക്കുക. സൂപ്പിന്റെ പരുവത്തിലാക്കുക. സൂപ്പ് കൂടുതല്‍ കുറുകിയിരിക്കുന്നതായി തോന്നിയാല്‍ വെജിറ്റബിള്‍ സ്റ്റോക്കോ വെള്ളമോ ഉപയോഗിച്ച് നീട്ടിയെടുക്കാം. സൂപ്പിന് ടോപ്പിങായി സണ്‍ഫല്‍വര്‍ സീഡോ, പംകിന്‍ സീഡോ, ക്രീമോ ഉപയോഗിക്കാം
ഹോംമേഡ് പംകിന്‍ ബട്ടര്‍
എന്നും ഒരേ തരം ടോസ്റ്റുകളും, ബട്ടറുകളും കഴിച്ച് നിങ്ങള്‍ മടുത്തോ? സ്നാക്സിനൊപ്പം വ്യത്യസ്തമായ രുചി കണ്ടെത്താന്‍ ആഗ്രഹിക്കുന്നില്ലേ? വായില്‍ കൊതിയൂറുന്ന ഒരു ബട്ടര്‍ വീട്ടിലുണ്ടാക്കിയാലോ. പിന്നെ എന്നും സ്നാക്ക്സുകള്‍ ഹെല്‍ത്തിയും ടേസ്റ്റിയും ആയിരിക്കും.
ചേരുവകള്‍
1 കാന്‍ പംകിന്‍ പൂരി
അരകപ്പ് പൊടിച്ച പഞ്ചസാര
അരകപ്പ് ലൈറ്റ് ബ്രൗണ്‍ ഷുഗര്‍
ഫ്രഷ് ആപ്പിള്‍ ജൂസ് ഒരു കപ്പ്
2 ടീസ്പൂണ്‍ കറുവാപ്പട്ട
ഒരുടീസ്പൂണ്‍ ഇഞ്ചി
ഗ്രേറ്റ് ചെയ്ത ജാതിക്ക മുക്കാല്‍ ടീസ്പൂണ്‍
അര ടീസ്പൂണ്‍ ഗ്രാമ്പൂ
2 ടീസ്പൂണ്‍ നാരങ്ങാ നീര്
എങ്ങനെ തയ്യാറാക്കാം
മൈക്രോവേവില്‍ വെക്കാന്‍ പാകത്തിനുള്ള ഒരു ഗ്ലാസ് ബൗളില്‍ നാരങ്ങാ നീര് ഒഴിച്ചുള്ള ചേരുവകളെല്ലാം ഇട്ട് നന്നായി കൂട്ടി യോജിപ്പിക്കുക. ഒരു പേപ്പര്‍ ടവ്വലോ, വാക്സ് പേപ്പറോ കൊണ്ട് അത് മൂടിവെക്കുക. ഹൈ പവറില്‍ മിനിറ്റോളം ഓവനില്‍ പാകമാകാന്‍ വെക്കുക. ശേഷം അവ നന്നായി ഇളക്കുക. വീണ്ടും മൈക്രോവേവില്‍ വെച്ച് മിനിറ്റ് വേവിക്കുക. തിരികെ എടുത്ത് ഇളക്കുക. ഒരു മൂന്ന് മിനിറ്റ് കൂടി മൈക്രോവേവില്‍ വെച്ച് വീണ്ടും പാകം ചെയ്ത് തിരികെ എടുത്ത് നന്നായി ഇളക്കുക. മൈക്രോവേവില്‍ നിന്ന് ബൗള്‍ എടുത്ത മുകളിലെ കവറിങ് മാറ്റി നാരങ്ങാനീരു ചേര്‍ത്ത് നന്നായി ഇളക്കുക. പംകിന്‍ ബട്ടര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ആശ്യമുള്ളപ്പോഴൊക്കെ സ്നാക്സിനൊപ്പം കഴിക്കാം
ഹെല്‍ത്തി പംകിന്‍ ബ്രഡ് ലോഫ്
പലപ്പോഴും ബ്രഡില്‍ നമ്മള്‍ പരീക്ഷണങ്ങല്‍ നടത്താറില്ല. മാര്‍ക്കറ്റില്‍ നിന്നായാലും വീട്ടില്‍ ഉണ്ടാക്കിയാലും ബ്രെഡ് എന്നും അതേ പഴയ ബ്രെഡ് തന്നെയാണ്. എന്നാല്‍ പരീക്ഷണങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക്, പുത്തന്‍ രുചികള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഹെല്‍ത്തി പംകിന്‍ ലോഫ് പരീക്ഷിച്ചു നോക്കാവുന്നതാണ്. മൈദ ചേര്‍ക്കാത്ത ഏറ്റവും ആരോഗ്യസമ്പുഷ്ടമായ ഒരു വിഭവമാണിത്.
ചേരുവകള്‍
രണ്ട് കപ്പ് ഓട്സ്
ഒരു കാന്‍ പംകിന്‍
അര കപ്പ് മേപ്പിള്‍ സിറപ്പ്
രണ്ട് വലിയ മുട്ട
ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ
ഒരു ടീസ്പൂണ്‍ കറുവാപ്പട്ട
എങ്ങനെ തയ്യാറാക്കാം
300(———–) മുകളില്‍ ഓവന്‍ പ്രീഹീറ്റ് ചെയ്യുക. ബ്രെഡ് ഉണ്ടാക്കുന്ന പാനില്‍ കുക്കിങ് സ്്രേപ ചെയ്ത് മാറ്റിവെക്കുക. ചേരുവകളെല്ലാം നന്നായി ബ്ലെന്‍ഡ് ചെയ്തെടുക്കുക. നന്നായി സോഫ്റ്റായ ബാറ്റര്‍ ബ്രെഡ് പാനിലേക്ക് ഒഴിക്കുക. 30 മിനിറ്റോളം ഓവനിലിട്ട് ബേക്ക് ചെയ്യുക ഒരു ടൂത്ത് പിക്കുകൂടി അതിനൊപ്പം വെക്കുക. ബ്രഡ് നന്നായി വെന്തില്ലെന്ന് തോന്നിയാല്‍ ഒരു ഫോയില്‍ വെച്ച് കവര്‍ ചെയ്യുക. ബ്രെഡ് നന്നായി വേകാന്‍ ഇത് സഹായിക്കും. വായുകടക്കാത്ത ഒരു കണ്ടെയ്നറിലേക്ക് പാകമായ പംകിന്‍ ബ്രഡ് മാറ്റുക.വായുകടക്കാത്ത കണ്ടെയ്നറില്‍ ഇരുന്ന് ബ്രഡ് തനിയെ തണുത്തുകൊള്ളും. ഓരോ തവണയും എടുത്തതിന് ശഷം ബ്രഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
മെഡിറ്ററേനിയന്‍ പംകിന്‍ ഹുമൂസ്
ഹുമൂസ് കഴിയ്ക്കാനൊക്കെ കൊള്ളാം. പക്ഷേ ആരോഗ്യത്തിന് നല്ലതാണോ എന്നു നെറ്റി ചുളിക്കുന്നവരുണ്ടാകും. ടേസ്റ്റിയായും ഹെല്‍ത്തിയായും പംകിന്‍ ഹുമുസ് ഉണ്ടാക്കി കഴിയക്കാം. പച്ചക്കറികള്‍ക്കൊപ്പവും പിത്ത ബ്രെഡിനൊപ്പവുമെല്ലാം രുചിയോടെ കഴിയ്ക്കാം. ഒരു ടെന്‍ഷനും വേണ്ട. ഹുമൂസ് ലൗവേഴ്സ് പ്ലീസ് സ്റ്റെപ്പ് ഫോര്‍വേഡ്. കൂട്ടുകാരേയും വീട്ടുകാരേയും ഞെട്ടിക്കാനും ഈ വിഭവം ഒന്ന് വീട്ടില്‍ പരീക്ഷിക്കാവുന്നതാണ്.
ചേരുവകള്‍
അരകപ്പ് പംകിന്‍ പൂരി
ഒരു കാന്‍ വെള്ളക്കടല കഴുകി ഉണക്കിയത്
നാരങ്ങയുടെ പകുതി (നാരങ്ങാ നീരിന്)
ഇഞ്ചി
രണ്ട് ടേബിള്‍ സ്പൂണ്‍ താഹിനി
നാല്‍ ടേബിള്‍ സ്പൂണ്‍ എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍
അര ടീസ്പൂണ്‍ ടീ സോള്‍ട്ട് (രുചിക്കനുസരിച്ച് അളവ് കൂട്ടാം)
അര ടീസ്പൂണ്‍ ജീരകം
അര ടീസ്പൂണ്‍ മുളക്പൊടി
കാല്‍ ടീസ്പൂണ്‍ കറുവാപ്പട്ട
മുക്കാല്‍ ടീസ്പൂണ്‍ ചുവന്ന മുളക്
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം കൂടി ബ്ലെന്‍ഡറിലിട്ട് സ്മൂത്തായി ബ്ലെന്‍ഡ് ചെയ്തെടുക്കുക. ഇടയ്ക്കിടക്ക് ബ്ലെന്‍ഡിങ് നിര്‍ത്തി സൈഡിലേക്ക് മാറുന്ന ചേരുവകള്‍ യോജിപ്പിച്ച് വീണ്ടും ബ്ലെന്‍ഡ് ചെയ്യുക. ഹുമ്മൂസ് ഒരു പ്ലേറ്റിലേക്ക് മാറ്റിയ ശേഷം കുറച്ച് വിര്‍ജിന്‍ ഓയില്‍ കൂടി അഥിന് മുകളില്‍ ഒഴിയ്ക്കുക. പംകിനുകള്‍ ഡിഷുകള്‍ക്കൊപ്പം അലങ്കാരത്തിനായി മാത്രം വെക്കുന്നതാണെന്ന ധാരണയുള്ളവര്‍ ഇവയൊക്കെ ഒന്നു പരീക്ഷിച്ച് നോക്കൂ..
കൊതിയൂറുന്ന വിഭവങ്ങള്‍ നിങ്ങളുടെ മുന്നിലെത്തും. ആരോഗ്യ കാര്യത്തില്‍ ഒട്ടും വിട്ടു വീഴ്ച ചെയ്യേണ്ടിയും വരുന്നില്ല. രുചിയും മണവും മാത്രമല്ല ആരോഗ്യവും സംരക്ഷിക്കുന്നവയാണ് പംകിനുകല്‍ കൊണ്ട് തയ്യാറാക്കുന്ന ഈ വിഭവങ്ങള്‍.. ഇനി നിങ്ങള്‍ക്കും വീട്ടിലെ സ്റ്റാറാകാം..