വേനലിന് ചൂടേറുകയാണ്. പ്രത്യേകിച്ച് പ്രളയ ശേഷമുള്ള വേനല്‍ച്ചൂടിന്റെ തീവ്രത കൂടുതലാണ്. മാര്‍ച്ച് എത്തിയില്ല, എന്നിട്ടേ ചൂടു തുടങ്ങിയെങ്കില്‍ വരുന്ന മാസങ്ങളില്‍ എന്തായിരിക്കും അവസ്ഥ എന്നാണ് എല്ലാവരുടെയും ആശങ്ക. കാലാവസ്ഥാ പഠനങ്ങള്‍ പ്രകാരം ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ കൊടും ചൂടാണ് വരാന്‍ പോകുന്നത്. കേരളത്തില്‍ ഈ സമയത്തെ താപനില 37 മുതല്‍ 40 ഡിഗ്രീ സെല്‍ഷ്യസ് വരെയാകുമെന്നാണ് പ്രവചനം. വേനല്‍ കടുക്കും തോറും വേനല്‍ക്കാല രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടി വരുന്നു.
മഞ്ഞപ്പിത്തം, ചിക്കന്‍ പോക്‌സ്, വയറിളക്കം, ചെങ്കണ്ണ്, ത്വക് രോഗങ്ങള്‍, വൈറല്‍ പനി, ടൈഫോയ്ഡ്, എന്നിവയാണ് വേനല്‍ക്കാലത്ത് പൊതുവേ പേടിക്കേണ്ട അസുഖങ്ങള്‍. വെള്ളം കുടിക്കാത്തത് മൂലം ഉണ്ടാകുന്ന നിര്‍ജലീകരണം, മൂത്രത്തിലെ അണുബാധ എന്നിവയും വേനല്‍ക്കാലത്ത് കാര്യമായി കണ്ടു വരുന്നു. ഇത് കൂടാതെ സൂര്യാഘാതം, ഉഷ്ണാഘാതം എന്നിങ്ങനെയുള്ള അസുഖങ്ങളും കാണപ്പെടുന്നുണ്ട്.
മഞ്ഞപ്പിത്തം
പ്രായഭേദമന്യേ കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പ്രധാനമായും കരളിനെയാണ് ഈ രോഗം ബാധിക്കുന്നത്. കരളിനെ ബാധിക്കുന്ന രോഗങ്ങളുടെയെല്ലാം ലക്ഷണമായും മഞ്ഞപ്പിത്തം വരാറുണ്ട്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. ഹെപ്പറ്റൈറ്റിസ് വിഭാഗത്തില്‍ പെട്ട വൈറസുകളാണ് രോഗത്തിന് കാരണം.
കടുത്ത ക്ഷീണം, ഛര്‍ദ്ദി, പനി, വിശപ്പില്ലായ്മ, തലകറക്കം, മഞ്ഞ നിറമുള്ള മൂത്രം, കണ്ണുകളില്‍ മഞ്ഞളിപ്പ് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ആഹാരവും വെള്ളവും ശുചിയായി സൂക്ഷിക്കുന്നത് രോഗം പടരാതിരിക്കാന്‍ സഹായിക്കും.
രോഗം പടരാതിരിക്കാനായി ചില കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ എപ്പോഴും അടച്ചു സൂക്ഷിക്കണം. ശരീരത്തിന്റെ വൃത്തിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും കിണറ്റിലെ വെള്ളത്തില്‍ ക്ലോറിന്‍ കലര്‍ത്തി വൃത്തിയാക്കാനും മറക്കണ്ട. കിണറുകള്‍ സെപ്റ്റിക്ക് ടാങ്കില്‍ നിന്നും അകലം പാലിച്ചു മാത്രം നിര്‍മിക്കുക.
രോഗം ബാധിച്ചാല്‍ രോഗി ധാരാളം വിശ്രമിക്കേണ്ടതുണ്ട്. വെള്ളം കാര്യമായി കുടിക്കാനും എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളും പഴങ്ങളും കഴിക്കാനും മറക്കണ്ട. രോഗം പ്രതിരോധിക്കാനുള്ള വാക്‌സിനുകളും ഇന്ന് ലഭ്യമാണ്.
ചിക്കന്‍ പോക്‌സ്
വേനല്‍ക്കാലത്ത് പടര്‍ന്നു പിടിക്കുന്ന രോഗങ്ങളില്‍ പ്രധാനിയാണ് ചിക്കന്‍ പോക്‌സ്. വാരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് രോഗം പടര്‍ത്തുന്നത്. വായുവില്‍ നിന്നുമാണ് രോഗകാരിയായ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത്. സാധാരണയായി അത്ര അപകടകാരി അല്ലെങ്കിലും പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരില്‍ അസുഖം പ്രശ്‌നക്കാരനാകാന്‍ സാധ്യതയുണ്ട്. കഫക്കെട്ടോ ചുമയോ ഉള്ളവര്‍ക്ക് രോഗം ന്യുമോണിയ ആയി മാറാനുള്ള സാധ്യതയുമുണ്ട്.
ശരീരത്തില്‍ നേരിയ ചൊറിച്ചിലോട് കൂടിയുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് ചിക്കന്‍ പോക്‌സിന്റെ തുടക്കം. ഇത് ക്രമേണ തിണര്‍ത്തു കുമിളകളായി മാറും. ഉള്ളില്‍ വെള്ളം നിറഞ്ഞ കുമിളകളായാണ് ഇവ കാണപ്പെടുന്നത്. നെഞ്ചിലോ പുറത്തോ കണ്ടു തുടങ്ങുന്ന കുരുക്കള്‍ പിന്നീട് ദേഹമാസകലം വ്യാപിക്കും. ഗുഹ്യഭാഗങ്ങള്‍ വരെ ചിലപ്പോള്‍ ഇവ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം ശരീരം മുഴുവന്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഈ കുരുക്കള്‍ പതിയെ പൊട്ടി പൊറ്റകളായി മാറും.
ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോഴാണ് വൈറസ് അന്തരീക്ഷത്തിലേക്ക് പടരുന്നത്. രോഗിയുടെ ശരീരത്ത് കുരുക്കള്‍ രൂപപ്പെടുന്നതിന് മുന്‍പ് തന്നെ രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നിരിക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് പത്ത് മുതല്‍ ഇരുപത് ദിവസങ്ങള്‍ വരെ കഴിഞ്ഞാകും കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക.
വൈറസ് പെറ്റു പെരുകുന്നത് തടയാനുള്ള മരുന്നുകളാണ് ഇതിന്റെ പ്രധാന ചികിത്സ. അസൈക്ലോവിര്‍, വാലാസൈക്ലോവിര്‍ എന്നീ മരുന്നുകളാണ് ഇതിനായി നല്‍കുന്നത്. രോഗിയുടെ വേദനക്ക് ആശ്വാസം നല്‍കാനായി പാരസെറ്റാമോള്‍ നല്‍കാറുണ്ട്. ഇതോടൊപ്പം തൊലിപ്പുറത്തെ ചൊറിച്ചിലും അസ്വസ്ഥതയും അകറ്റാനായി ലാക്‌റ്റോ കലാമിന്‍ ലോഷനും നല്‍കി വരുന്നു. നിര്‍ജലീകരണം സംഭവിക്കാനുള്ള സാധ്യതയുള്ളത് കൊണ്ട് ഈ സമയത്ത് വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ്. രോഗം വന്നു എന്ന് പറഞ്ഞ് കുളിക്കാതിരിക്കരുത്. വൃണങ്ങള്‍ പഴുക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ദിവസവും കുളിക്കണം.
ചെങ്കണ്ണ്
വേനല്‍ക്കാലത്ത് സാധാരണയായി കണ്ടുവരുന്ന നേത്രരോഗങ്ങളില്‍ ഒന്നാണ് ചെങ്കണ്ണ് അഥവാ കണ്‍ജങ്ക്ടിവൈറ്റിസ്. ബാക്ടീരിയ, വൈറസ് എന്നിവയാണ് ഈ രോഗത്തിന് കാരണം. കണ്ണിനുള്ളിലെ വെളുത്ത പാടയെ ആണ് ഇത് ബാധിക്കുന്നത്. അലര്‍ജി, രാസവസ്തുക്കള്‍ എന്നിങ്ങനെ പലതും ചെങ്കണ്ണിനു കാരണമായേക്കാം. എങ്കിലും ബാക്ടീരിയയോ വൈറസോ ഉണ്ടാക്കുന്ന അണുബാധയാണ് പ്രധാനമായും രോഗം വരുത്തുന്നത്.
കണ്ണിന് ചുവപ്പ്, ചൊറിച്ചില്‍, കണ്ണില്‍ വെള്ളം നിറയുക, വെളിച്ചത്തിലേക്ക് നോക്കുമ്പോള്‍ അസ്വസ്ഥത തോന്നുക എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍. ഇത് കൂടാതെ കണ്ണില്‍ നിന്നും പഴുപ്പ് വരുന്നതും മണല്‍ത്തരി വീണത് പോലെ തോന്നുന്നതും കണ്‍ പോളകള്‍ തടിക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. മൂന്ന് ദിവസം മുതല്‍ ഒരാഴ്ച വരെ രോഗം നീണ്ടു നില്‍ക്കാം.
പൊടി, അഴുക്ക്, മറ്റ് അലര്‍ജികള്‍ എന്നിവ രോഗത്തിന് കാരണമായേക്കാം. അടുത്ത് പെരുമാറുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട്. അസുഖം തിരിച്ചറിഞ്ഞാലുടന്‍ തന്നെ ചികിത്സ തേടുന്നതാണ് ഉത്തമം. കണ്ണില്‍ ഒഴിക്കാവുന്ന തുള്ളിമരുന്നുകള്‍, ഗുളികകള്‍, ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ ഓയിന്‍മെന്റ് എന്നിവ വഴി രോഗം തടയാം.
വയറിളക്കം
ജലത്തിലൂടെ പകരുന്ന രോഗമാണ് വയറിളക്കം. പാതയോരത്ത് നിന്നും മറ്റും കിട്ടുന്ന വെള്ളം വാങ്ങി കുടിക്കുന്നതിലൂടെയാണ് മിക്കവാറും ഇത് ഉണ്ടാകുന്നത്. നിയന്ത്രിക്കാന്‍ പറ്റാത്ത വണ്ണം മലവിസര്‍ജനം നടക്കുന്നതാണ് ഇതിന്റെ ലക്ഷണം. ഭക്ഷ്യവിഷബാധ, അലര്‍ജി, ആമാശയത്തില്‍ ഉണ്ടാകുന്ന അന്നുബാധ എന്നിവ മൂലവും രോഗം വരാം. തുടര്‍ച്ചയായി മലവിസര്‍ജനം നടത്തുന്നത് ശരീരത്തില്‍ നിന്നും ജലനഷ്ടം ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് നിര്‍ജലീകരണം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.
വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളാണ് രോഗം വരാനുള്ള സാധ്യത കൂട്ടുന്നത്. നമ്മളും ചുറ്റുപാടും വൃത്തിയായി ഇരിക്കട്ടെ. വയറിളക്ക രോഗിയുടെ ഏറ്റവും വലിയ പ്രശ്‌നം ജലനഷ്ടമാണ്. അതുകൊണ്ട് രോഗം വന്നാല്‍ ധാരാളം വെള്ളം കുടിക്കാന്‍ മറക്കണ്ട. ഇതോടൊപ്പം ഓആര്‍എസ് ലായനി കലക്കി കുടിച്ചാല്‍ രോഗിക്ക് ആശ്വാസം ലഭിക്കും.
സൂര്യതാപം
വേനല്‍ക്കാലത്ത് പേടിക്കേണ്ട മറ്റൊരു പ്രതിഭാസമാണ് സൂര്യാതാപം. അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ശരീരത്ത് പതിക്കുമ്പോള്‍ ശരീര കോശങ്ങള്‍ കൂട്ടത്തോടെ നശിപ്പിക്കപ്പെടുന്നു. മരണം വരെ സംഭവിക്കാവുന്ന ഈ പ്രതിഭാസമാണ് സൂര്യാതാപം. സൂര്യാഘാതം, ഉഷ്ണാഘാതം എന്നും ഇത് അറിയപ്പെടുന്നു. വെയിലത്തുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കാണ് സൂര്യാഘാതം എല്‍ക്കാനുള്ള സാധ്യത കൂടുതല്‍. ഇത് സംഭവിച്ചാലുടന്‍ തന്നെ അടിയന്തിരമായി ചികിത്സ തേടണം.
ക്ഷീണം, ശ്വാസതടസം, പൊള്ളല്‍ ഏല്‍ക്കുക,ബോധം നഷ്ടപ്പെടുക എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. ചൂടു കൂടുന്നതിനനുസരിച്ച് ശരീരത്തിലെ താപനിലയും കൂടി വരുന്നു. ഇത് നിയന്ത്രിക്കാനാവാതെ വരുന്നത് ആന്തരികാവയവങ്ങളെ ബാധിക്കുന്നു. തലച്ചോര്‍, വൃക്ക, കരള്‍, ശ്വാസകോശം, ഹൃദയം എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയാണ് ഇത് ബാധിക്കുന്നത്. ആഘാതം ഏറ്റാല്‍ ഉടന്‍ തന്നെ രോഗിയെ തണലത്തേക്ക് മാറ്റി കിടത്തണം. വെള്ളം കുടിപ്പിക്കുകയും നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുകയും ചെയ്യണം. തുടര്‍ന്ന് ചികിത്സക്കായി കൊണ്ടുപോകാം.
പതിനൊന്ന് മണി മുതല്‍ മൂന്ന് മണി വരെയുള്ള വെയില്‍ കൊള്ളാതിരിക്കുന്നതാകും ഉത്തമം. കുട്ടികളുടെ കളി ഈ സമയം കഴിഞ്ഞിട്ടാകാന്‍ ശ്രദ്ധിക്കണം. തണുത്ത വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കാം. വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാവുന്നതാണ്.