spot_img

ചര്‍മ സംരക്ഷണത്തിന് പാല്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍

കാത്സ്യവും പ്രോട്ടീനും വലിയ തോതിലടങ്ങിയ പാല്‍ ഒരു സമീകൃതാഹാരമാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും പാല്‍ പ്രധാന ഘടകമാണെങ്കിലോ.

തിളപ്പിക്കാത്ത പാല്‍, പുളിപ്പിച്ച പാല്‍ (ബട്ടര്‍ മില്‍ക്ക്) എന്നിവ നിങ്ങളുടെ ചര്‍മ സംരക്ഷണത്തിന് വളരെ നല്ലതാണ്.

 

  1. ചര്‍മം ചുളിയാതെ കാക്കുന്നു

പ്രായമാകുമ്പോള്‍ മാത്രമല്ല ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നത്. ശരിയായ രീതിയില്‍ ചര്‍മ സംരക്ഷണം നടത്തിയില്ലെങ്കിലും അധികമായി സൂര്യപ്രകാശമേറ്റാലും ചര്‍മം കേടുവരും. പാല്‍ നിങ്ങളുടെ ചര്‍മത്തെ ചുളിവുകളില്‍ നിന്നും മടക്കുകളില്‍ നിന്നും സംരക്ഷിക്കുന്നു. പാലിലടങ്ങിയിരിക്കുന്ന ആല്‍ഫാ ഹൈഡ്രോക്‌സി ആസിഡായ ലാക്റ്റിക് ആസിഡാണ് ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നത്. പഠനങ്ങളനുസരിച്ച് ദിവസവും രണ്ടു തവണ വീതം മൂന്നു മാസത്തോളം ചര്‍മത്തില്‍ ലാക്റ്റിക് ആസിഡ് ഉപയോഗിച്ചവരില്‍ ചര്‍മത്തിലെ വരകളും ചുളിവുകളും ഇല്ലാതാകുകയും ചര്‍മം മിനുസമുള്ളതാകുകയും ത്വക്കിന്റെ കട്ടിയും ദൃഢതയും കൂടുകയും ചെയ്തു. പാല്‍ പുളിപ്പിക്കുമ്പോഴാണ് അതില്‍ ലാക്റ്റിക് ആസിഡ് രൂപപ്പെടുന്നത്. അതിനാല്‍ പച്ചപ്പാലോ ചെറുതായി പുളിപ്പിച്ച പാലോ വേണം ചര്‍മത്തില്‍ ഉപയോഗിക്കാന്‍.

 

  1. തൊലി അടര്‍ന്നു പോകാന്‍ ഉത്തമമാണ്

ചര്‍മം കൃത്യമായ ഇടവേളകളില്‍ അടര്‍ന്നുപോകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിര്‍ജീവമായ കോശങ്ങള്‍ ഇല്ലാതാകുകയുള്ളൂ. നിര്‍ജീവ കോശങ്ങളാണ് ചര്‍മത്തിന്റെ നിറത്തെ ഇരുണ്ടതും മങ്ങിയതുമാക്കുന്നത്. പാലിലെ ലാക്റ്റിക് ആസിഡ് നിര്‍ജീവ കോശങ്ങള്‍ വിഘടിച്ച് അടര്‍ന്നുപോകുന്നതിന് സഹായിക്കുന്നു. മാരകമായ രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്നതു പോലെയുള്ള കേടുപാടുകള്‍ ഉണ്ടാകുന്നുമില്ല.

പാല്‍ ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കുകയോ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുകയോ ചെയ്യാം. കട്ടികൂടിയ, എണ്ണമയമുള്ള ചര്‍മമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇപ്രകാരം ചര്‍മം ഇളകിപ്പോകേണ്ടതുണ്ട്. മൃദുലമായ ചര്‍മമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ അടര്‍ന്നുപോയാല്‍ മതിയാകും.

 

  1. സൂര്യപ്രകാശവും സൂര്യാതപവുമേറ്റ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു

സൂര്യപ്രകാശമേല്‍ക്കുന്ന ചര്‍മം പെട്ടെന്ന് ചുളിയുകയും ചര്‍മത്തിന്റെ കട്ടി കുറയുകയും ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുകയും ചെയ്യും. പഠനങ്ങള്‍ പറയുന്നത് ലാക്റ്റ്ക് ആസിഡിന് ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ്. ഇത് പുറംതൊലി അടര്‍ത്തിക്കളഞ്ഞ് ജീവസ്സുറ്റ പുതിയ തൊലി ഉണ്ടാക്കുന്നു. ലാക്റ്റിക് ആസിഡ് ഉപയോഗിച്ചുള്ള പരിചരണം കൊളാജന്‍ എന്ന പ്രോട്ടീന്‍ വര്‍ധിപ്പിക്കുന്നു. ചര്‍മത്തിന്റെ ശക്തിയും ദൃഢതയും വര്‍ധിപ്പിക്കുന്ന പ്രോട്ടീനാണിത്. വെയിലേറ്റ പാടുകള്‍ മായ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

സൂര്യാതപം ശമിപ്പിക്കുന്നതിന് പാല്‍ ഉപയോഗിക്കാനാണ് ആയുര്‍വേദം പറയുന്നത്. പാലിലെ ആന്റിഓക്‌സിഡന്റുകള്‍ ചാര്‍മത്തിന്റെ വേദനയും പഴുപ്പും ഇല്ലാതാക്കുന്നു. ഒരു ഗോസ് പാഡ് തണുത്ത പാലില്‍ മുക്കി പൊള്ളലേറ്റ ചര്‍മത്തില്‍ വെക്കുന്നത് വലിയ ആശ്വാസമാണ്.

 

  1. നിരപ്പല്ലാത്ത ചര്‍മത്തിന്

ചുണങ്ങ്, കറ, വെയിലേറ്റ പാട്, ത്വക്ക് രോഗമായ മെലാസ്മ എന്നിവയുടെ കാരണം മെലാനിനാണ്. ചര്‍മത്തിനു നിറം നല്‍കുന്നത് മെലാനിനാണ്. മെലാനിന്‍ കൂടുന്നതിനനുസരിച്ച് ചര്‍മത്തിന്റെ നിറം ഇരുണ്ടതാകുന്നു. മെലാനിന്‍ അമിതമായി ഉണ്ടായാല്‍ ചര്‍മം നിരപ്പല്ലാത്തതായിത്തീരും. പച്ചപ്പാലോ പുളിപ്പിച്ച പാലോ പ്രയോജനപ്രദമാണ്. ലാക്റ്റിക് ആസിഡ് ഉപയോഗിക്കുന്ന ചര്‍മത്തില്‍ മെലാനിന്‍ നിക്ഷേപം കുറവായിരിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

പച്ചപ്പാലിലോ ബട്ടര്‍ മില്‍ക്കിലോ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി ഇരുണ്ട ചര്‍മത്തിലോ വെയിലേറ്റ ഭാഗത്തോ പുരട്ടാം. പാലിനോട് മഞ്ഞള്‍ ചേരുമ്പോള്‍ ചര്‍മത്തിന് തെളിച്ചം ലഭിക്കുന്നു. മെലാനിന്റെ ഉല്‍പാദനം കുറക്കാന്‍ കഴിവുള്ള കുര്‍ക്കുമിന്‍ എന്ന വസ്തു മഞ്ഞളില്‍ അടങ്ങിയിരിക്കുന്നതിനാലാണിത്.

 

  1. ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കുന്നു

വരണ്ട ചര്‍മം പലരുടെയും പ്രശ്‌നമാണ്. വരണ്ട ചര്‍മം നിരപ്പില്ലാതെയും മൊരി പിടിച്ചും കാണപ്പെടുകയും തൊട്ടാല്‍ പരുപരുത്തതായി അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ ചര്‍മത്തിന് ചൊറിച്ചിലും പൊട്ടലുമുണ്ടാകുന്നു. ലാക്റ്റിക് ആസിഡ് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണ്. പാലിലടങ്ങിയിരിക്കുന്ന കൊഴുപ്പ് ചര്‍മത്തെ പുതഞ്ഞു നില്‍ക്കുന്നതു വഴി ഈര്‍പ്പം വിട്ടുപോകാതെ കാക്കുന്നു. പാലിലടങ്ങിയിരിക്കുന്ന പ്രോട്ടീനും ചര്‍മത്തെ മിനുസമുള്ളതാക്കുന്നു. ക്രീം രൂപത്തിലുള്ള പാല്‍ എല്ലാ ദിവസവും ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മത്തെ ഈര്‍പ്പമുള്ളതും മിനുസമുള്ളതുമാക്കുന്നു.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.