spot_img

വൃക്കകള്‍ ശരീരത്തിലെ ഹീറോയാണ് ഹീറോ..!, വൃക്കയുടെ ആരോഗ്യ പരിപാലനത്തിന് പത്ത് വഴികള്‍

നമ്മുടെ ശരീരത്തിലെ വൃക്കകള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുടേത് തന്നെയാണ്. വൃക്കകളുടെ സംരക്ഷണത്തിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. നന്നായി വെള്ളം കുടിക്കുക, കൃത്രിമ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക, സോഡിയത്തിന്റെ ഉപയോഗം 3.5 എം.ജിയില്‍ താഴെയാക്കുക, പ്രോട്ടീന്‍ മാത്രമടങ്ങിയ ഡയറ്റ് ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക എന്നിവയിലൂടെ വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താം. അതോടൊപ്പം തന്നെ ശരീരഭാരം നിയന്ത്രിച്ച് രക്ത സമ്മര്‍ദവും കൊളസ്‌ട്രോളും നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. സോയാബീന്‍, ഇലക്കറികള്‍, ബ്ലൂബെറി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയുടെ ആരോഗ്യം നിലനിര്‍ത്തും.

വൃക്കകള്‍ എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ ഹീറോയാണ്. രക്തത്തിലെ മാലിന്യങ്ങളെ അരിച്ച് കളയുന്നതിനൊപ്പം തന്നെ ചുവന്ന രക്താണുക്കളുടെ വളര്‍ച്ചയ്ക്കും വൃക്കകള്‍ പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്. ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നതും, എല്ലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിലും രക്തത്തിലെ ഇലക്ട്രോലൈറ്റുകളുടെ ലെവല്‍ നിയന്ത്രിക്കുന്നതിലുമെല്ലാം വൃക്കകളുടെ സേവനം വലുതാണ്. ഇത്രയധികം കാര്യങ്ങള്‍ ചെയ്യുന്ന വൃക്കകള്‍ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. വൃക്കകളുടെ സംരക്ഷണത്തിന് നമ്മുക്ക് എന്തെല്ലാം ചെയ്യാമെന്ന് നോക്കാം…

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക

ശരീരത്തിലെ നിര്‍ജലീകരണം തടയുന്നതിനൊപ്പം തന്നെ വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ അനാവശ്യ വസ്തുക്കളെ വൃക്കകള്‍ അരിച്ച് പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്. ഒരു സ്ത്രീ ദിവസവും ഏകദേശം 2.1 ലിറ്ററും പുരുഷന്‍ 2.6 ലീറ്ററും വെള്ളം കുടിക്കണമെന്നാണ് പറയുന്നത്. എന്നാല്‍ ചൂട് കാലങ്ങളിലും ഏറെ വ്യായാമം ചെയ്തതിനു ശേഷവും ശരീരത്തിലെ ഫ്‌ളൂയിഡുകള്‍ വിയര്‍പ്പിലൂടെ പുറത്തു പോകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മേല്‍പ്പറഞ്ഞതിലും അധികം വെള്ളം കുടിക്കണം. നിങ്ങള്‍ എത്രമാത്രം വെള്ളം കുടിക്കുന്നു എന്നത് മൂത്രത്തിന്റെ നിറം നോക്കിയാല്‍ മനസിലാക്കാം. മൂത്രത്തിന് കടുംനിറമാണെങ്കില്‍ നിങ്ങള്‍ വേണ്ടത്ര വെള്ളം കുടിയ്ക്കുന്നില്ലെന്നാണ് അര്‍ഥം.

രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിക്കുക

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും വൃക്കകളെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും ഉയര്‍ന്ന രക്ത സമ്മര്‍ദം വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. എന്നാല്‍, ബ്ലഡ് പ്രഷറിന് പ്രത്യേക രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ ഇടയ്ക്കിടെ രക്ത സമ്മര്‍ദം പരിശോധിക്കുന്നത് നല്ലതാണ്. വേദന രഹിതമായ, ചുരുങ്ങിയ ചിലവില്‍ നടത്താവുന്ന പരിശോധനയാണിത്. മേല്‍പ്പറഞ്ഞ പ്രശനങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ പോലും അതിനെ കുറിച്ചോര്‍ത്ത് നിരാശപ്പെടേണ്ടതില്ല. ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ആരോഗ്യകരമായ ഭക്ഷണ ശീലവും കൃത്യമായ വ്യായാമവും കൊണ്ട് ഇവയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. അതോടൊപ്പം തന്നെ നിങ്ങളുടെ ഡോക്ടറിന്റെ നിര്‍ദേശമനുസരിച്ചുള്ള മരുന്നുകളും കഴിക്കുക.

സോഡിയത്തിന്റെ അളവ് കുറയ്ക്കുക

ഭക്ഷണത്തില്‍ ഉപ്പു കുറഞ്ഞു പോയതിന് പഴി കേള്‍ക്കാത്ത വീട്ടമ്മമാര്‍ കാണില്ല. ഉപ്പും സോഡിയവും അത്രമേല്‍ നമുക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്ന പോലെ ഇവയുടെ അമിത ഉപയോഗം വൃക്കകളുടെ തകരാറിന് കാരണമാകും. നമ്മുടെ ശരീരത്തിന് ആവശ്യമായതിലും 50 ശതമാനം അധികം ഉപ്പാണ് പലരും ഉപയോഗിക്കുന്നത്. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത് രക്ത സമ്മര്‍ദ്ദത്തിന് കാരണമാകും. ശരീരത്തിലെ രക്തയോട്ടത്തെ ഇത് സാരമായി ബാധിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യും. വൃക്ക തകരാറുകള്‍ ഉണ്ടാകുന്നതിന്റെ രണ്ടാമത്തെ കാരണം ഉയര്‍ന്ന രക്തസമ്മര്‍ദമാണ്.

ഒരു ദിവസം സാധാരണയായി 3.5 ഗ്രാം അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. നിങ്ങള്‍ കഴിയ്ക്കുന്ന കൃത്രിമ ഭക്ഷണങ്ങളായ സൂപ്പ്, ടൊമാറ്റോ സോസ്, ടിന്നിലടച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവയിലും ഉപ്പിന്റെ അംശം വളരെ കൂടുതലായിരിക്കും. നിങ്ങള്‍ വാങ്ങുന്ന സാധനത്തിന് പുറത്ത് സോഡിയം, സോഡ എന്നിങ്ങനെ എഴുതിയിട്ടുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ അതില്‍ സോഡിയത്തിന്റെ സാന്നിധ്യം ഉണ്ടായിരിക്കും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നത് നിയന്ത്രിക്കുക

ഫിറ്റ്‌നസിനായും, ആരോഗ്യത്തിനായും ഇന്നത്തെ തലമുറയില്‍പ്പെട്ട നിരവധി പേര്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നുണ്ട്. എന്നാല്‍ ഇതു നിങ്ങളുടെ വൃക്കകള്‍ക്ക് ദോഷം ചെയ്യുമെന്ന് അറിയുക. പ്രോട്ടീനില്‍ തന്നെ അടങ്ങിയിരിക്കുന്ന അമോണിയയുടെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അമോണിയയുടെ അളവ് വര്‍ധിക്കുമ്പോള്‍ അതു യൂറിയായി മാറ്റിയതിന് ശേഷം മൂത്രത്തിലൂടെ പുറന്തള്ളുന്നു. അതിനാല്‍ വൃക്കകളുടെ ജോലി വീണ്ടും കഠിനമാകുന്നു.

നിങ്ങളുടെ ഓരോ കിലോ ശരീരഭാരത്തിനും 75 ഗ്രാം പ്രോട്ടീനാണ് സാധാരണയായി ആവശ്യമുള്ളത്. സ്ത്രീകള്‍ക്ക് ഇത് .84 ഉം പുരുഷന്‍മാര്‍ക്ക് അവര്‍ ചെയ്യുന്ന ജോലികള്‍ക്കനുസരിച്ചും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാം. ഇക്കാര്യം മനസില്‍ വെച്ച് വേണം പ്രോട്ടീന്‍ ഇനി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍. ഇറച്ചി, മീന്‍, മുട്ട, ടോഫു, അച്ചിങ്ങാ പയര്‍ നട്‌സ് എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമാണ്.

കൃത്രിമ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, ചീസ്, പീസ ഇവയൊക്കെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ് പലരും. എന്നാല്‍ ഇത്തരം ഭക്ഷണശീലങ്ങള്‍ വൃക്കയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. ഇത്തരം ഭക്ഷണങ്ങളില്‍ കൂടിയ അളവില്‍ സോഡിയവും ഫോസ്‌ഫേറ്റും അടങ്ങിയിരിക്കുന്നു. ഇവ വൃക്കകള്‍ക്ക് തകരാറുകള്‍ സൃഷ്ടിക്കും. കോളകളില്‍ വലിയ അളവില്‍ ഫോസ്‌ഫേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി വൃക്കയുടെ പ്രവര്‍ത്തനം സുഗമമാക്കുന്ന ഭക്ഷണം ശീലമാക്കുക.

മദ്യപാനം നിയന്ത്രിക്കുക

മദ്യപാനം വൃക്കകള്‍ക്ക് ഹാനികരമാണെന്ന് ആര്‍ക്കും പറഞ്ഞ് മനസിലാക്കേണ്ട കാര്യമില്ല. രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കേണ്ട ഒരു ടോക്‌സിന്‍ ആണ് മദ്യം. ശരീരത്തിലെ ജലാംശം ഇല്ലാതാക്കുകയും വൃക്കകളുടെ പ്രവര്‍ത്തനത്തെ മദ്യം സാരമായി ബാധിക്കുകയും ചെയ്യുന്നു. മദ്യ ഉപഭോഗം കൂടുന്നത് രക്ത സമ്മര്‍ദം ഉയരാനും കരള്‍ രോഗങ്ങള്‍ക്കും കാരണമാകും. ഇതു പിന്നീട് വൃക്കകളെയും ബാധിക്കുന്നു.

ഏറ്റവും നല്ലത് മദ്യപാനം ഉപേക്ഷിക്കുന്നത് തന്നെയാണ്. എങ്കിലും മിതമായ അളവില്‍ മദ്യം ഉപയോഗിക്കുന്നവരുടെ വൃക്കകള്‍ക്ക് വലിയ പ്രശ്‌നങ്ങളില്ലെന്നാണ് പറയപ്പെടുന്നത്. ബിയര്‍ ആണെങ്കില്‍ 12 ഔണ്‍സ്, വൈന്‍ 5 ഔണ്‍സ്, ലിക്കര്‍ 1.5 എന്നിങ്ങനെയാണ് ആരോഗ്യകരമായ രീതി.

പുക വലിക്കരുത്/പുകവലി ഉപേക്ഷിക്കുക

പുകവലി മൂലം ശരീരത്തിന് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പറയാതെ തന്നെ നമുക്ക് എല്ലാവര്‍ക്കും അറിയാം. പുകവലി ഹൃദയത്തിനും ശ്വാസകോശത്തിനും ദോഷകരവും കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വൃക്കകളിലേക്കുള്ള രക്തയോട്ടത്തിന്റെ വേഗത കുറക്കാനും രക്ത സമ്മര്‍ദം ഉയരാനും പുകവലി കാരണമാകുന്നു. നിങ്ങള്‍ പുകവലി ഉപേക്ഷിക്കാന്‍ കൗണ്‍സിലിങ് നല്ലൊരു മാര്‍ഗമാണ്. നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പികളിലൂടെ പുകവലിയോട് എന്നന്നേക്കുമായി ഗുഡ് ബൈ പറയാം. ഇത്തരം തെറാപ്പികളില്‍ പുകവലി ശീലമാക്കിയവര്‍ക്ക് നിയന്ത്രിതമായ അളവില്‍ നിക്കോട്ടിന്‍ നല്‍കിയാണ് പുകവലിയില്‍ നിന്നും മോചനം നല്‍കുന്നത്.

ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം വര്‍ധിക്കുന്നതും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടാകാനും അതുവഴി വൃക്കരോഗങ്ങളിലേക്കും അമിതമായ ശരീരഭാരം നമ്മെ കൊണ്ടെത്തിക്കുന്നു. സമീകൃതാഹാരവും കൃത്യമായ വ്യായാമവും ചെയ്ത് ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും. ധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍,പഴങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങള്‍, പഞ്ചസാരം അധികം ചേര്‍ന്നിട്ടില്ലാത്ത ഭക്ഷണങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഓരോ ആഴ്ചയും 150 മണിക്കൂര്‍ സൈക്ലിങ്, നടത്തം, നീന്തല്‍ എന്നിങ്ങനെയുള്ള വ്യായാമത്തിന് വേണ്ടിയും സമയം കണ്ടെത്തണം.

സോയാബീന്‍, ബ്ലൂബൈറി, ഇലക്കറികള്‍ അടങ്ങിയ പച്ചക്കറികള്‍ ഉപയോഗിക്കുക

പ്രോട്ടീന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ എന്താണ് സംഭവിക്കുകയെന്ന് നമ്മള്‍ നേരത്തേ കണ്ടു. എന്നാല്‍ എല്ലത്തരം പ്രോട്ടീനുകളും ശരീരത്തിന് ദോഷം ചെയ്യുന്നവയല്ല. മൃഗങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍ മാംസാഹാരത്തില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീനുകളെക്കാള്‍ മെച്ചം സോയ പ്രോട്ടീന്‍ ആണെന്നും വൃക്കകളുടെ ആരോഗ്യത്തിന് ഇവ നല്ലതെന്നും കണ്ടെത്തിയിട്ടുണ്ട്.
വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിന് ബ്ലൂബെറികള്‍ കഴിക്കുന്നതും നല്ലതാണ്. ആന്റിയോക്‌സിഡന്‍സാല്‍ സമ്പുഷ്ടമായ ബ്ലൂബെറികള്‍ വൃക്കരോഗങ്ങളെ തടയുകയും വൃക്കവീക്കത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കാല്‍സ്യം നിറഞ്ഞ ഇലക്കറികളും പച്ചക്കറികളും വൃക്കയില്‍ കല്ലുണ്ടാകുന്നത് തടയുന്നു.

ചൈനീസ് ഹുബാര്‍ബ് ഗോള്‍ഡന്‍ റോഡ്- വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാണ്

ചൈനീസ് ഹുബാര്‍ബ് ഗോള്‍ഡന്‍ റോഡ് എന്നിവയുടെ ഉപയോഗം വൃക്കകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഹെര്‍ബല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഗോള്‍ഡന്‍ റോഡ് വൃക്കയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കാന്‍ സഹായിക്കുന്നു, ചൈനീസ് ഹുബാര്‍ബ് വൃക്കകളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു നാചുറോപതി വിദഗ്ധന്റെ നിര്‍ദേശത്തിന് അനുസരിച്ച് മാത്രം ഇവ ഉപയോഗിക്കുക. ചില പാര്‍ശ്വ ഫലങ്ങള്‍ ഇവയ്ക്ക് ഉള്ളതിനാല്‍ കൃത്യമായി ഡോക്ടറിനോട് വിവരങ്ങള്‍ ധരിപ്പിക്കുക, മറ്റു രോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍ നിര്‍ബന്ധമായും ഡോക്ടറിനെ കാണണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.