spot_img

കൗമാരകാലത്തെ ലൈംഗിക പ്രശ്നങ്ങളും തെറ്റിദ്ധാരണകളും

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് കൗമാരകാലം. കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിരവധിയാണ്. ഒരു ആണ്‍കുട്ടി പുരുഷനാകുന്നതും പെണ്‍കുട്ടി സ്ത്രീയാകുന്നതും ജീവശാസ്ത്രപരമായി കൗമാര പ്രായത്തിലാണ്. കൗമാര പ്രായക്കാരില്‍ ഒരു ഘട്ടത്തില്‍ സെക്കന്‍ഡറി സെക്ഷ്വല്‍ ക്യാരക്ടേഴ്സ് പ്രത്യക്ഷപ്പെടുന്നു. താടി, മീശ, സ്വരത്തിനു കനം വെക്കുക, ലിംഗത്തിനു വലുപ്പം കൂടുക, ഗുഹ്യഭാഗത്തും കക്ഷത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും രോമവളര്‍ച്ചയുണ്ടാകുക എന്നിവയാണ് സെക്കന്‍ഡറി സെക്ഷ്വല്‍ ക്യാരക്ടേഴ്സ്. ഒരു ആണ്‍കുട്ടി പുരുഷനാകുന്നതിന്റെ പ്രാഥമിക പടിയാണത്. പെണ്‍കുട്ടികള്‍ക്ക് മാറിടത്തിന് വലുപ്പം വെക്കുന്നു, ഗുഹ്യഭാഗത്തുള്ള രോമങ്ങള്‍ കനം വെക്കുന്നു. ഇങ്ങനെ പെണ്‍കുട്ടി ജീവശാസ്ത്രപരമായി ഒരു സ്ത്രീയായി മാറ്റപ്പെടുന്നു

ഈ കാലഘട്ടത്തില്‍ ഇവര്‍ക്ക് ലൈംഗികപരമായി ധാരാളം സംശയങ്ങളുണ്ടാകുന്നു. ഈ സമയത്ത് കൂട്ടുകാരില്‍ നിന്നും അധ്യാപകരില്‍ നിന്നും അച്ചനമ്മമാരില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഇവരുടെ തെറ്റിദ്ധാരണ വര്‍ധിപ്പിക്കുകയേയുള്ളൂ.

എന്തൊക്കെയാണ് കൗമാരക്കാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ ?

നൊക്ടേണല്‍ എമിഷന്‍ അഥവാ സ്വപ്ന സ്ഖലനം- പലപ്പോഴും ലൈംഗികമായി പുരുഷനായി മാറിയ ആണ്‍കുട്ടിയ്ക്ക് രാത്രി ലിംഗോദ്ധാരണം ഉണ്ടാകുന്നു. ഇതേത്തുടര്‍ന്ന് ശുക്ലം തനിയേ വിസര്‍ജ്ജിക്കുന്നു. പലപ്പോഴും പല കുട്ടികളും കൗമാരകാലത്തിനു മുന്‍പേ സ്വയംഭോഗം പോലുള്ള ശീലങ്ങള്‍ തുടങ്ങിയിട്ടുണ്ടാവില്ല. അങ്ങനെയുള്ളവരില്‍ ഇത് സാധാരണമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇതുപോലെ ശുക്ലം പുറത്തുപോകുന്നു.

പലപ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ലിംഗം ഉദ്ധരിച്ചുനില്‍ക്കുന്നതായും വസ്ത്രത്തില്‍ ദ്രവം പറ്റിയതായും കാണുന്നു. പുറത്തുപറയാന്‍ കഴിയാതെ അതേക്കുറിച്ച് തെറ്റിദ്ധാരണ വെച്ചുപുലര്‍ത്തുന്നു. പലരും ഇതൊരു രോഗമാണെന്നു പോലും കരുതുന്നു. വളരെ ചുരുക്കം മുതിര്‍ന്നവരിലും സ്വപ്ന സ്ഖലനം സംഭവിക്കാറുണ്ട്. ഇതൊരു രോഗമല്ല. രാത്രി ഉറക്കത്തില്‍ സംഭവിക്കുന്ന ചില ആവേഗങ്ങളുടെയും ഉത്തേജനങ്ങളുടെയും ഭാഗമായി ലിംഗോദ്ധാരണം സംഭവിക്കുന്നതാണ്. വളരെ നാളായി സെക്സോ സ്വയംഭോഗമോ ചെയ്യാത്തവരിലാണ് കൂടുതലായും ഇത് കാണുന്നത്. ഇത് തികച്ചും സ്വാഭാവികമായ കാര്യം മാത്രമാണ്. ഒരു രോഗമായി ഇതിനെ കാണേണ്ടതില്ല. ഇതിന് ചികിത്സയുടെ ആവശ്യവുമില്ല. ആരോഗ്യപരമായ ലൈംഗികശേഷിയുടെ ലക്ഷണമാണിത്.

കൗമാരപ്രായക്കാര്‍ക്കിടയിലുള്ള മറ്റൊരു സംശയമാണ് പ്രീ കം അഥവാ പ്രീ ഇജാക്കുലേഷനുമായി ബന്ധപ്പെട്ട കാര്യം. സ്വയംഭോഗം ചെയ്യാത്തപ്പോള്‍ പോലും ലിംഗത്തില്‍ നിന്ന് പശിമയുള്ള ഒരു ദ്രാവകം പുറത്തുവരുന്നു. ഇതൊരു രോഗമാണോ, ഇത് തനിയേ ശുക്ല വിസര്‍ജ്ജനം നടക്കുന്നതാണോ എന്നെല്ലാമുള്ള സംശയങ്ങളുണ്ടാകുന്നു. ഇതിനെ പ്രീ ഇജാക്കുലേറ്റ് എന്നാണ് പറയുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ലിംഗോദ്ധാരണം ഉണ്ടാകുമ്പോള്‍ വലിയൊരു ശതമാനം പുരുഷന്മാരില്‍ ലൈംഗികബന്ധം സുഗമമാക്കുന്നതിനായി പുറത്തേക്കുവരുന്ന ഒരു ലൂബ്രിക്കന്റാണ് പ്രീ കം അല്ലെങ്കില്‍ പ്രീ ഇജാക്കുലേറ്റ്. നിറമില്ലാത്ത ഒരു ദ്രവമാണിത്. ഇതൊരു ആസിഡ് ന്യൂട്രിലൈസ്ഡായും ലൂബ്രിക്കന്റായും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ലൈംഗികബന്ധം സുഗമമാക്കുന്നതിന് പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു ക്രമീകരണം മാത്രമാണിത്. പലരും ഇതിനെ തെറ്റായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്. ഇതൊരു രോഗമായി ധരിച്ച് പലരും ചികിത്സയ്ക്കു വരാറുണ്ട്. ഇത്തരം തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചു ആളുകളെ പറ്റിക്കുന്ന ധാരാളം വൈദ്യന്മാരും സെക്സ് ക്ലിനിക്കുകളും നമ്മുടെ നാട്ടിലുണ്ട്. ഇത് രോഗമാണെന്ന് ഇവരെ തെറ്റിദ്ധരിപ്പിച്ച് ചികിത്സയും കൗണ്‍സിലിങും കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കാവശ്യം ലൈംഗിക വിദ്യാഭ്യാസമാണ്.

പോണ്‍ സിനിമകള്‍ കാണുന്നത് ഇന്ന് കൗമാരക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും സാധാരണമാണ്. ഇത് പലപ്പോഴും പലരെയും തെറ്റിദ്ധാരണകള്‍ക്ക് വിധേയമാക്കുന്നുണ്ട്. പോണ്‍ സിനിമകളില്‍ കാണുന്നതുപോലെ ആരോഗ്യകരമായ ലൈംഗികബന്ധം അര മണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് എന്നൊരു തെറ്റിദ്ധാരണ എല്ലാവര്‍ക്കുമുണ്ട്. പോണ്‍ സിനിമകള്‍ പലതും അര മണിക്കൂറെങ്കിലും സെക്സ് നടക്കുന്നതായാണ് കാണിക്കുന്നത്. അതിനാല്‍ പല പൊസിഷനുകളും പരീക്ഷണങ്ങളും നിറഞ്ഞ സെക്സ് മാത്രമാണ് ആരോഗ്യകരമായ ലൈംഗികബന്ധം എന്ന് ഇവര്‍ വിശ്വസിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവ പലപ്പോഴായി ഷൂട്ട് ചെയ്ത് ഒരുമിച്ചു ചേര്‍ക്കുന്നതാണ് എന്ന വസ്തുത ഇവര്‍ മനസ്സിലാക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ ലൈംഗികജീവിതത്തിലേക്കു വരുമ്പോള്‍ ഇവര്‍ക്ക് ഈ തെറ്റിദ്ധാരണ പ്രയാസമുണ്ടാക്കുന്നു. എനിക്ക് 10 മിനിറ്റില്‍ അല്ലെങ്കില്‍ 20 മിനിറ്റില്‍ ഇജാക്കുലേഷന്‍ ഉണ്ടായി എന്ന പരാതിയുമായി വരാറുണ്ട്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണ് ലൈംഗികത എന്ന ധാരണയാണ് ഇവരില്‍ വേരുറച്ചിരിക്കുന്നത്.
യോനീ ലിംഗ ബന്ധം പരമാവധി 10 മുതല്‍ 20 മിനിറ്റു വരെയേ സംഭവിക്കാറുള്ളൂ. ഫോര്‍ പ്ലേ അഥവാ ബാഹ്യകേളികള്‍ എന്നു പറയുന്ന യോനീ ലിംഗ ബന്ധത്തിനു മുമ്പുള്ള പ്രക്രിയകള്‍ (ചുംബനം, തലോടല്‍, ആലിംഗനം എന്നിവ പോലെയുള്ള) ആണ് ലൈംഗികതയുടെ ഏറ്റവും ആസ്വാദ്യകരമായിട്ടുള്ള ഘട്ടം എന്ന് പലപ്പോഴും യുവാക്കള്‍ തിരിച്ചറിയുന്നില്ല.

ലിംഗ വലുപ്പവുമായി ബന്ധപ്പെട്ടും കൗമാരക്കാരിലും മുതിര്‍ന്ന പുരുഷന്മാരിലും തെറ്റിദ്ധാരണകളുണ്ടാകാറുണ്ട്. ആസ്വാദ്യകരമായ ലൈംഗികതയ്ക്ക് വലിയ ലിംഗം വേണമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. യഥാര്‍ത്ഥത്തില്‍ രണ്ടര ഇഞ്ചിനു താഴെയാണ് ലിംഗ വലുപ്പം (അതും ഉദ്ധരിച്ച അവസ്ഥയില്‍) എങ്കില്‍ മാത്രമേ ഇതൊരു പ്രശ്നമായി കണക്കാക്കേണ്ടതുള്ളൂ. വര്‍ധിച്ച ലിംഗ വലുപ്പം പലപ്പോഴും ലൈംഗികതയുടെ ആസ്വാദ്യതയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ലിംഗ വലുപ്പമില്ല എന്ന പരാതിയുമായി പലരും ഡോക്ടറെ സന്ദര്‍ശിക്കാറുണ്ട്. മറ്റു ചിലര്‍ ഇന്റര്‍നെറ്റില്‍ ഉള്‍പ്പെടെയുള്ള ചികിത്സാ മാര്‍ഗങ്ങള്‍ അന്വേഷിച്ച് വഞ്ചിതരാകുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ലിംഗ വലുപ്പവും ലൈംഗികതയും തമ്മില്‍ യാതൊരു ബന്ധവുമില്ല. കൂടാതെ ഉദ്ധരിച്ച അവസ്ഥയില്‍ രണ്ടര ഇഞ്ച്, മൂന്നിഞ്ച് വലുപ്പമുള്ള ലിംഗമുള്ളയാള്‍ക്ക് ആരോഗ്യപരമായ സെക്സ് ആസ്വദിക്കാനും കഴിയുന്നു. പലപ്പോഴും കുട്ടികള്‍ തങ്ങളുടെ സുഹൃത്തുക്കളുടെയോ സഹപാഠികളുടെയോ ലിംഗ വലുപ്പവുമായി താരതമ്യം ചെയ്താണ് തനിക്ക് ലിംഗവലുപ്പം കുറവാണെന്ന് കണ്ടെത്തുന്നത്.

അതുപോലെതന്നെ ഓറല്‍ സെക്സ് അഥവാ വദന സുരതം തെറ്റായ കാര്യമാണ് എന്നൊരു തെറ്റിദ്ധാരണയുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇണകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വളരെ ആസ്വാദ്യകരമായ സെക്സാണ് വദന സുരതം. ഇതേക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അടിസ്ഥാനരഹിതമാണ്. ഗുഹ്യ ഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുകയും ചെയ്യുന്നവരില്‍ ഇതുകൊണ്ട് യാതൊരു പ്രശ്നവും സംഭവിക്കുന്നില്ല. വദനസുരതം പൂര്‍ണ്ണമായും ആരോഗ്യപരവും സുരക്ഷിതവും ആസ്വദ്യകരവുമായ ലൈംഗികാനുഭവമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.