കുട്ടികൾ പൊതുവെ വളരെയേറെ ഉത്സാഹവും പ്രസരിപ്പും എനർജിയും ഉള്ളവരായിരിക്കും. കുട്ടികളുടെ പിന്നാലെ ഓടുന്നത് മുതിർന്നവർക്ക് വലിയ പ്രയാസം തന്നെയാണ്. എവിടുന്നാണ് അവർക്കിത്ര ഊർജ്ജമെന്ന് നാം അത്ഭുതപ്പെടാറുണ്ട്. ചിലപ്പോൾ നിങ്ങളുടെ കുസൃതിക്കുരുന്നിന്റെ ഹൈപ്പർ ആക്ടിവിറ്റിക്ക് കാരണം എഡിഎച്ച്ഡി എന്ന ബ്രെയിൻ ഡിസോർഡറാവാം. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡറാണ് എഡിഎച്ച്ഡി എന്ന് അറിയപ്പെടുന്നത്. ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റാതെ സദാ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതാണ് ഈ കുട്ടികളുടെ പ്രകൃതം. ഇവരെ നിയന്ത്രിച്ചുനിർത്താൻ പ്രയാസമാണ്. മികച്ച ആരോഗ്യമുള്ള കുട്ടികളും ചിലപ്പോൾ ഹൈപ്പർആക്ടീവായി പെരുമാറാറുണ്ട്. അതിനാൽ എഡിഎച്ച്ഡി ബാധിക്കപ്പെട്ട കുട്ടികളെ തിരിച്ചറിയാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. താഴെ പറയുന്ന ലക്ഷണങ്ങളാണ് എഡിഎച്ച്ഡി കുട്ടികൾ പൊതുവെ പ്രകടിപ്പിക്കുന്നത്.
- ശ്രദ്ധയില്ലായ്മ
എഡിഎച്ച്ഡിയുള്ള കുട്ടികൾക്ക് താഴെ പറയുന്ന കാര്യങ്ങളിൽ പ്രയാസം നേരിടുന്നു.
- ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ചെയ്തുകൊണ്ടിരിക്കുന്ന കാര്യം പൂർത്തീകരിക്കുന്നതിനും
- ദീർഘനേരം കേട്ടിരിക്കാൻ
- നിർദ്ദേശങ്ങൾ ഓർത്തുവെച്ച് പിന്തുടരാൻ
- വിശദാംശങ്ങൾ ഓർത്തുവെക്കാൻ
- കളിപ്പാട്ടങ്ങൾ ചിട്ടയായി എടുത്തുവെക്കാൻ
- സാധനങ്ങൾ എവിടെയാണെന്ന് ഓർമ്മിക്കാൻ
എഡിഎച്ച്ഡി കുട്ടികൾ എല്ലായ്‌പ്പോഴും ശ്രദ്ധയില്ലാത്തവരല്ല. കാര്യങ്ങൾ ആവർത്തിക്കുകയും മടുപ്പിക്കുകയും ചെയ്യുമ്പോഴാണ് അവർക്ക് പലപ്പോഴും ശ്രദ്ധ നഷ്ടപ്പെടുന്നത്. അവർ ഒരു കാര്യത്തിൽ നിന്ന് അടുത്ത കാര്യത്തിലേക്ക് പെട്ടെന്നു പെട്ടെന്നു മാറുന്നു. ഒരു കാര്യവും പൂർത്തിയാക്കുകയുമില്ല. അവർക്ക് കാര്യങ്ങൾ കൃത്യമായും പെട്ടെന്നും മനസ്സിലാകാൻ പ്രയാസമാണ്. ഇത് കുട്ടികളിൽ സാധാരണമാണ്. അതിനാൽ എല്ലായ്‌പ്പോഴും എഡിഎച്ച്ഡി തന്നെ ആയിരിക്കണമെന്നില്ല.
- ഹൈപ്പർആക്ടിവിറ്റി
ഈ കുട്ടികൾ ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയും സ്ഥിരമായി ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
എഡിഎച്ച്ഡി കുട്ടികൾ താഴെ പറയുന്ന ലക്ഷണങ്ങൾ സ്ഥിരമായി പ്രകടിപ്പിക്കുന്നു.
- വിശ്രമമില്ലാതെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക
- അൽപ നേരത്തിൽ കൂടുതൽ ശാന്തരായി അടങ്ങിയിരിക്കാൻ കഴിയാതെ വരിക
- നിരന്തരം സംസാരിക്കുക
- ചുറ്റുപാടും ഓടിനടക്കുക
- ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കോ, ഒരു കളിപ്പാട്ടത്തിൽ നിന്ന് മറ്റൊരു കളിപ്പാട്ടത്തിലേക്കോ മാറിക്കൊണ്ടിരിക്കുക.
- ആവേശം നിറഞ്ഞ പെരുമാറ്റം
അവർ പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളിൽ അവർക്ക് നിയന്ത്രണമുണ്ടാവില്ല. എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ആലോചിക്കുകയോ അതിനുള്ള ക്ഷമയോ ഇല്ല. അവർ വളരെ സെൻസിറ്റീവും പെട്ടെന്ന് ദേഷ്യപ്പെടുന്നവരും അമിത വൈകാരികതയുള്ളവരുമായിരിക്കും.
എഡിഎച്ച്ഡിയുടെ മറ്റു പൊതു ലക്ഷണങ്ങൾ
- കളിക്കുമ്പോഴും അമിതമായ അക്രമ വാസന
- അപരിചിതരോട് പെട്ടെന്ന് അടുക്കുക
- കൂസലില്ലായ്മ, സുരക്ഷയെക്കുറിച്ച് ഭയമില്ലായ്മ
എഡിഎച്ച്ഡിയുടെ നല്ല വശങ്ങൾ
- വളരെ ഊർജ്ജസ്വലരും കളിക്കാനും ജോലി ചെയ്യാനും എപ്പോഴും തയ്യാറുമായിരിക്കും.
- പ്രചോദിതരും ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താൻ കഴിയുന്നവരുമായിരിക്കും.
- ഒന്നിൽ മാത്രം ഉറച്ചു നിൽക്കാതെ വിവിധ ആശയങ്ങളോട് തുറന്ന സമീപനമുള്ളവരായിരിക്കും.
- അങ്ങേയറ്റം സർഗാത്മക ചിന്തയുള്ളവരും ഭാവനാശേഷിയുള്ളവരുമായിരിക്കും.
എഡിഎച്ച്ഡി പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെങ്കിലും നിയന്ത്രിച്ചു നിർത്തി കുട്ടികളുടെ ജീവിതം പ്രശ്‌നരഹിതമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും.