spot_img

വിഷാദരോഗം നിങ്ങളെ പിടികൂടിയോ?, ജീവിതം തകര്‍ക്കുന്ന വില്ലന്റെ ലക്ഷണങ്ങളും പ്രതിവിധികളും

ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ വിഷാദം നമ്മെ പിടികൂടും. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയോ മോശമായി എന്തെങ്കിലും സംഭവിക്കുകയോ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത് സാധാരണമാണ്. കാലക്രമേണ ഇത് നമ്മെ വിട്ട് പോവുകയും ചെയ്യും. എന്നാല്‍ ദു:ഖവും നിരാശയും താല്‍പ്പര്യക്കുറവും ദീര്‍ഘകാലം നീണ്ടു നില്‍ക്കുകയും ദൈനംദിന ജീവിത്തെ ബാധിക്കുകയും ചെയ്താല്‍ അത് വിഷാദ രോഗമാണ്. ചികിത്സിച്ചില്ലെങ്കില്‍ മരണത്തില്‍ വരെ കൊണ്ടെത്തിക്കും ഈ രോഗം.

സന്തോഷമില്ലായ്മ, നഷ്ടബോധം, ദേഷ്യം എന്നിങ്ങനെയുള്ള വികാരങ്ങള്‍ മൂലം വ്യക്തിയുടെ സാമൂഹിക ജീവിതം തന്നെ പ്രശ്‌നത്തിലാകുന്ന ഈ അവസ്ഥയെ ക്ലിനിക്കല്‍ / മേജര്‍ ഡിപ്രഷന്‍ എന്നും വിളിക്കുന്നു. ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടു നില്‍ക്കുന്ന രോഗമാണിത്. ശാരീരികമായി വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും മാനസികാരോഗ്യത്തെ തകര്‍ത്തു കളയും ഈ രോഗം. തങ്ങള്‍ അകപ്പെട്ടിരിക്കുന്ന ഒരു തമോ ഗര്‍ത്തമായാണ് രോഗബാധിതരായ പലരും വിഷാദ രോഗത്തെ കാണുന്നത്.

കാരണങ്ങള്‍


വിഷാദ രോഗത്തിന്റെ കാരണങ്ങള്‍ ഒരു പരിധി വരെ ജനിതകമാണ്. അതായത് കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും രോഗം വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ എന്ന രാസ ഘടകങ്ങള്‍ക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് പ്രധാനമായും ഇതിന് കാരണം.

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ക്ലിനിക്കല്‍ ഡിപ്രഷന്‍ ബാധിക്കാനുള്ള സാധ്യത കൂടുതല്‍. ഗര്‍ഭകാലം സ്ത്രീകള്‍ക്ക് വിഷാദ രോഗ കാലം കൂടിയാണ്. ഇത് തിരിച്ചറിയാതെ വിഷമിക്കുന്നവര്‍ ധാരാളമുണ്ട്.

ഇതിന് പുറമേ ജീവിതത്തിലെ അങ്ങേയറ്റം വിഷമകരമായ അവസ്ഥകളും വിഷാദ രോഗത്തിന് ഉദ്ദീപനമായി പ്രവര്‍ത്തിച്ചേക്കാം. ഉദാഹരണത്തിന് അച്ഛന്‍, അമ്മ പോലെ ഏറ്റവും അടുത്ത ആളുകളുടെ മരണം, ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങള്‍ എന്നിവയും രോഗത്തിന് കാരണമാകാം. സാമ്പത്തിക പ്രതിസന്ധി, മദ്യം ഉള്‍പ്പെടെ മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ഗാര്‍ഹിക പീഡനം, ബന്ധങ്ങളിലെ താളപ്പിഴകള്‍ എന്നിവയും രോഗം വരാനുള്ള സാധ്യത കൂട്ടും.

ഹൃദയാഘാതം ഉണ്ടായിട്ടുള്ളവരില്‍ ഇരുപത്തിയഞ്ച് ശതമാനം പേര്‍ക്ക് തൊട്ടടുത്ത മൂന്ന് മാസങ്ങളില്‍ വിഷാദ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതിന് കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇവര്‍ക്ക് ഹൃദയാഘാതം വന്നേക്കാം. പാര്‍ക്കിന്‍സണ്‍സ് രോഗം പോലെയുള്ള മാനസിക രോഗങ്ങളുടെ ലക്ഷണമായും വിഷാദ രോഗം നമ്മെ തേടിയെത്തും. നിങ്ങളുടെ പ്രിയപ്പെട്ടവരോ നിങ്ങളോ ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ വിദഗ്ദ്ധ സഹായം തേടാന്‍ ശ്രദ്ധിക്കുമല്ലോ.

ലക്ഷണങ്ങള്‍


ഉറക്കത്തിന് തടസം നേരിടുക, ഒന്നുകില്‍ അമിതമായ ഉറക്കം അല്ലെങ്കില്‍ ഉറക്കമില്ലായ്മ, ക്ഷീണം, തളര്‍ച്ച, അമിതമായി കരയുക, വിശപ്പ് തീരെ കുറയുകയോ കൂടുകയോ ചെയ്യുക, ശരീര ഭാരം കുറയുകയോ ക്രമാതീതമായി കൂടുകയോ ചെയ്യുക എന്നിവ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വിഷാദ രോഗത്തിന്റെ ലക്ഷണമാണ്.

ഇതോടൊപ്പം ശരീര വേദന, വയറിളക്കം, ലൈംഗിക ചോദന കുറയുക, ശ്രദ്ധക്കുറവ്, സ്വാഭിമാനവും മതിപ്പും നഷ്ടപ്പെടുക, നിസ്സഹായത, കുറ്റബോധം, ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ പോലും താല്‍പ്പര്യം നഷ്ടപ്പെടുക എന്നതും ഡിപ്രഷന്റെ ലക്ഷണങ്ങളാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ മാറി മറിയുന്ന വികാരങ്ങള്‍ ഈ സമയത്ത് ഉണ്ടാകാം. മേല്‍പ്പറഞ്ഞ കാര്യങ്ങളോടൊപ്പം ആത്മഹത്യാ ചിന്തകളും ശ്രമങ്ങളും നടത്തുന്നതും വിഷാദരോഗം കൊണ്ടാകാം.

പുരുഷന്മാരില്‍ വിഷാദ രോഗം മുന്‍കോപത്തിന് കാരണമാകുന്നു. ഒപ്പം മദ്യപാനാസക്തി, ലഹരി ഉപയോഗം എന്നിങ്ങനെയാകും ഇത് പുറത്ത് വരിക. മിക്കവാറും തിരിച്ചറിയപ്പെടാതെ പോകുന്നത് കൊണ്ട് പുരുഷന്മാരിലെ വിഷാദരോഗം വഷളാവുകയാണ് പതിവ്.

ചികിത്സ


മരുന്നുകളും മനശാസ്ത്ര ചികിത്സയും ജീവിത ശൈലിയിലെ ചെറിയ മാറ്റങ്ങളും കൊണ്ട് വിഷാദ രോഗം ചികിത്സിക്കാം. തലച്ചോറിലെ രാസവസ്തുവായ സെറോട്ടോണിന്റെ അളവ് കൂട്ടുന്ന മരുന്നുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ആന്റി ഡിപ്രസന്റ് മരുന്നുകളാണ് പ്രധാനമായും നല്‍കുക. ഇവ രോഗിയെ ശാന്തയാക്കാനും ഉറക്കം സംബന്ധിച്ച പ്രശ്‌നങ്ങളകറ്റാനും സഹായിക്കും. ഇതിനോടൊപ്പം തെറാപ്പിയുടെ സഹായത്തോടെ രോഗിയുടെ മനോനില മെച്ചപ്പെടുത്താനുള്ള ചികിത്സയുമുണ്ടാകും.

ഗുരുതരമായ കേസുകളില്‍ ഷോക്ക് ട്രീറ്റ്‌മെന്റ് വരെ നല്‍കും. ഡിപ്രഷന്‍ വഷളായി മരുന്നുകള്‍ ഫലം ചെയ്യുന്നത് വരെ കാത്തിരിക്കാന്‍ വയ്യാത്തവര്‍ക്കാണ് ഈ ചികിത്സ നല്‍കുക. മനസിനെ വിഷമം പിടിപ്പിക്കുന്ന ചിന്തകള്‍ ഒഴിവാക്കാനായി കോഗ്‌നിറ്റീവ് ബീഹേവിയര്‍ തെറാപ്പി, റിലാക്‌സേഷന്‍, മൈന്‍ഡ്ഫുള്‍നെസ് എന്നീ മന:ശാസ്ത്ര ചികിത്സകളും നല്‍കി വരുന്നുണ്ട്.

പകല്‍ വെളിച്ചത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് വിഷാദ രോഗികള്‍ക്ക് ഗുണം ചെയ്യും. ഇത് തലച്ചോറിലെ സെറോട്ടോണിന്റെ അളവ് കൂട്ടുന്നതായാണ് പഠനം. പണ്ട് കൂടുതല്‍ സമയത്തും വെയിലത്തിറങ്ങി ജോലി ചെയ്യുമായിരുന്നു നമ്മുടെ പൂര്‍വികര്‍. ഇത് മനോനില ശരിയാക്കാനുള്ള മരുന്ന് കൂടിയായിരുന്നു. ഇതോടൊപ്പം കൃത്യമായ വ്യായാമവും ശീലമാക്കിയാല്‍ രോഗത്തെ പിടിച്ചു നിര്‍ത്താം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.