spot_img

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, പ്രശ്‌നങ്ങള്‍ തുറന്ന് പറയുക, പോസിറ്റീവായിരിക്കുക

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ഇന്ത്യയിലാണ്. മൊത്തം ആത്മഹത്യയുടെ 17 ശതമാനം വരും ഇത്. ഇന്ത്യയില്‍ തന്നെ കേരളത്തിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത്. എന്തു കൊണ്ടാവാം ഇത്രയുമധികം ആത്മഹത്യകളുണ്ടാകുന്നത് ? എന്താണ് ഇതിനു കാരണം ? ജീവിതത്തിലെ പരാജയങ്ങളോ ബിസിനസിലെ നഷ്ടമോ വ്യക്തി ബന്ധങ്ങളിലെ വിള്ളലുകളോ അങ്ങനെ പലതുമാവാം ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങള്‍. ഒരാള്‍ ആത്മഹത്യ ചെയ്തതിനു ശേഷം അയാളെച്ചൊല്ലി ദു:ഖിച്ചതു കൊണ്ടോ ആത്മഹത്യയുടെ കാരണം കണ്ടെത്തിയതു കൊണ്ടോ പ്രയോജനമില്ലല്ലോ. കാരണങ്ങള്‍ എന്തൊക്കെ തന്നെയായാലും ആത്മഹത്യാനിരക്ക് ദിനംപ്രതി കൂടി വരികയാണ്.

എങ്ങനെ ആത്മഹത്യകള്‍ ഒഴിവാക്കാം ?

ഒരു വ്യക്തി രാവിലെ ഉറക്കമുണര്‍ന്ന് തീരുമാനിക്കുന്നതല്ല അയാളുടെ ആത്മഹത്യ. അതിനു മുന്നേ അയാള്‍ കടന്നു പോയ നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും അതിന് കാരണമാകാം. ജീവിതത്തിലെ പരാജയങ്ങളാവാം അയാളെ ആത്മഹത്യയെന്ന തുരുത്തില്‍ എത്തിച്ചിട്ടുണ്ടാവുക. ഇതുപോലെ നമുക്കു ചുറ്റും, നമ്മുടെ കുടുംബത്തിലോ സുഹൃദ് വലയങ്ങളിലോ പ്രയാസം അനുഭവിക്കുന്നവരുണ്ടാകാം. അവസരം കിട്ടുമ്പോഴൊക്കെ അവരെ ഉപദേശിക്കുന്നതല്ലാതെ അവര്‍ക്ക് പറയാനുള്ളത് പലപ്പോഴും നാം കേള്‍ക്കാറില്ല. മറ്റുള്ളവരെ കേള്‍ക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. വിഷമങ്ങളും സങ്കടങ്ങളും ആരോടെങ്കിലുമൊക്കെ പങ്കുവെക്കാന്‍ കഴിഞ്ഞാല്‍ തന്നെ ചിലപ്പോള്‍ ആത്മഹത്യാ ചിന്തകള്‍ അവരില്‍ നിന്ന് അകന്നു പോയേക്കും.

ജീവിതത്തില്‍ വിജയിച്ചവരെന്ന് പൊതുസമൂഹം വിലയിരുത്തുന്നവര്‍ പോലും എന്തുകൊണ്ടാണ് ആത്മഹത്യ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ? അടുത്തിടെ ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്റെ കാര്യമെടുക്കാം. നിരന്തരമായ വെല്ലുവിളികളെ നേരിട്ടു തന്നെയാവണം അദ്ദേഹം വിജയങ്ങള്‍ നേടിയത്. എന്നിട്ടും ഒരു പരാജയം ഉണ്ടായപ്പോള്‍ അയാള്‍ മരണത്തെയാണ് ആശ്രയിച്ചത്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒരു ഭാഗം വിറ്റാല്‍ തന്നെ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമായിരുന്നു അദ്ദേഹത്തിന്റെ കടബാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍, സമ്മര്‍ദ്ദങ്ങളുടെ സമയത്ത് തികച്ചും വൈകാരികമായി മാത്രമേ നമുക്ക് കാര്യങ്ങളെ കാണാന്‍ സാധിക്കുകയുള്ളൂ. ആ സമയത്ത് യുക്തിചിന്ത ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ അവരെ മനസ്സിലാക്കാനും അവരോട് സംസാരിക്കാനുമൊക്കെ കഴിഞ്ഞാല്‍ അവരുടെ പ്രയാസങ്ങള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. അത് അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. ആത്മഹത്യാ ചിന്തകള്‍ മനസ്സില്‍ നിന്ന് അകലാന്‍ അത്തരം പുനര്‍ചിന്തനങ്ങള്‍ സഹായിച്ചേക്കും.

പ്രയാസങ്ങള്‍ പ്രകടിപ്പിക്കലാണ് മറ്റൊരു വഴി. സങ്കടങ്ങളും വിഷമങ്ങളും സുഹൃത്തുക്കളോടോ പ്രിയപ്പെട്ടവരോടോ തുറന്നു പറയാനും കരയാനുമൊന്നും മടി കാണിക്കരുത്. എല്ലാ പ്രയാസങ്ങളും തുറന്നുപറഞ്ഞ് കരയാന്‍ പ്രിയപ്പെട്ട ഒരാളുടെ ചുമലുണ്ടാകുന്നതു തന്നെയാണ് ജീവിതത്തിലെ പ്രധാന നേട്ടം. സങ്കടങ്ങളുടെ സമയത്ത് പ്രഷര്‍ കുക്കര്‍ പോലെയാണ് മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടത്. പ്രഷര്‍ പുറത്തേക്ക് വിട്ടില്ലെങ്കില്‍ അത് പൊട്ടിത്തെറിക്കും. മനുഷ്യന്റെ പൊട്ടിത്തെറി ആത്മഹത്യയോ മറ്റു അപകടങ്ങളോ ആയിരിക്കുമെന്നു മാത്രം. സങ്കടങ്ങളുടെ സമയത്ത് കരയുന്നതിന് മടിയോ നാണക്കേടോ കരുതേണ്ട കാര്യമില്ല.

നല്ല സൗഹൃദങ്ങളുണ്ടാകുക, നല്ല ബന്ധങ്ങളുണ്ടാകുക എന്നതാണ് ഒരു മനുഷ്യനെ പരമാവധി പോസിറ്റീവായിരിക്കാന്‍ സഹായിക്കുന്നത്. എത്ര മികച്ച ബന്ധങ്ങളുണ്ടാകുന്നുവോ അയാള്‍ അത്രയ്ക്കും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കും. മികച്ച സാമൂഹികമായ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനാകും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.