spot_img

സ്‌ട്രോക്ക് / മസ്തിഷ്‌കാഘാതം : അറിയേണ്ടതെല്ലാം

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിനെത്തുടര്‍ന്നോ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നതുമൂലമോ സംഭവിക്കുന്ന രോഗാവസ്ഥയാണ് മസ്തിഷ്‌ക്കാഘാതം അഥവാ സ്‌ട്രോക്ക്. 

ശരീരത്തിന്റെ ഒരു വശം തളരുക, മുഖം കോടിപ്പോവുക, സംസാരശേഷി നഷ്ടപ്പെടുക, കാഴ്ച നഷ്ടപ്പെടുക, നില്‍ക്കുമ്പോഴും നടക്കുമ്പോഴും ആടുക, ബോധം നഷ്ടപ്പെടുക എന്നിവ വളരെപ്പെട്ടെന്ന് സംഭവിക്കുന്നതാണ് മസ്തിഷ്‌കാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഭക്ഷണവും വെള്ളവും ഇറക്കാന്‍ പ്രയാസമനുഭവിക്കുന്നതും സാധാരണ ലക്ഷണമാണ്. മസ്തിഷ്‌കാഘാതം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുന്നത്. 

മസ്തിഷ്‌കാഘാതം ഉണ്ടാകാനുള്ള കാരണങ്ങള്‍

 • അമിതമായ രക്തസമ്മര്‍ദ്ദം
 • പ്രമേഹം
 • പുകവലി
 • രക്തത്തിലെ കൊഴുപ്പ്
 • വ്യായാമമില്ലാത്ത ജീവിതരീതി
 • ഹൃദയസംബന്ധമായ അസുഖങ്ങള്‍
 • പാരമ്പര്യ ഘടകങ്ങള്‍

ഇവയാണ് പ്രധാന കാരണങ്ങളെങ്കിലും മറ്റു കാരണങ്ങള്‍ കൊണ്ടും സ്‌ട്രോക്ക് ഉണ്ടാകാറുണ്ട്. ജീവിതരീതിയില്‍ ശ്രദ്ധിക്കുകയാണ് ഇതൊഴിവാക്കാനുള്ള പ്രധാന പോംവഴി. 

ചികിത്സിച്ചു മാറ്റാം

രോഗത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സാരീതികള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. സിടി സ്‌കാന്‍ പരിശോധനയിലൂടെ രോഗത്തിന്റെ തീവ്രത മനസ്സിലാക്കി വേണ്ട ചികിത്സ കൃത്യസമയത്ത് നല്‍കിയാല്‍ രോഗമുക്തി സാധ്യമാണ്. 

രക്തക്കുഴല്‍ അടഞ്ഞുപോയ മസ്തിഷ്‌ക്കാഘാതം :  രോഗിയെ ആശുപത്രിയിലേയ്ക്ക് പെട്ടെന്ന് എത്തിക്കുകയാണെങ്കില്‍ ധമനിയിലെ തടസ്സം നീക്കുന്നതിന് മരുന്ന് കൊടുക്കാം. ആദ്യ ലക്ഷണം തുടങ്ങിയതിന് ശേഷം നാലര മണിക്കൂറിനുള്ളില്‍ ഈ ചികിത്സ ചെയ്യാവുന്നതാണ്. ഇതിനെ ത്രോംബോ ലൈറ്റിക് ചികിത്സാരീതി എന്നു പറയുന്നു. നാലര മണിക്കൂര്‍ കഴിഞ്ഞാല്‍ ഈ ചികിത്സാരീതി ഫലപ്രദമല്ല. ഈ സമയത്തിനുള്ളില്‍ രോഗിക്ക് രക്തക്കട്ടയെ അലിയിക്കുവാനുള്ള മരുന്ന് കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ കൂടുതല്‍ തകരാറ് പറ്റാതിരിക്കുവാനും കൂടുതല്‍ രക്തക്കുഴലുകള്‍ അടഞ്ഞുപോകാതിരിക്കുവാനുമുള്ള ചികിത്സയാണ് നിര്‍ദേശിക്കുക.

തീവ്രപരിചരണം : രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ രക്തസമ്മര്‍ദ്ദം, ശരീരത്തിന്റെ താപനില, രക്തത്തില്‍ പ്രാണവായുവിന്റെ അളവ്, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ശ്രദ്ധിക്കുവാനും തക്കതായ ചികിത്സ തത്സമയം നടപ്പിലാക്കുവാനും ഇത് സഹായിക്കും.

രക്തക്കട്ടകള്‍ ഉണ്ടാകുന്നത് തടയുവാനുള്ള മരുന്നുകള്‍ : ഗുളികരൂപത്തില്‍ വായിലൂടെ കഴിക്കേണ്ട ഇവ ആജീവനാന്തം തുടരേണ്ടതാണ്.

രക്തക്കുഴലുകള്‍ക്ക് തകരാറ് സംഭവിക്കാനുള്ള കാരണങ്ങളായ അമിതരക്തസമ്മര്‍ദ്ദം, പ്രമേഹം, രക്തത്തിലെ കൊഴുപ്പ് കൂടുതല്‍, ഹൃദയ രോഗങ്ങള്‍ എന്നിവ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍ ഭാവിയില്‍ വീണ്ടും മസ്തിഷ്‌ക്കാഘാതം ഉണ്ടാകുന്നത് തടയുവാന്‍ കഴിയും.

രക്തക്കുഴലുകള്‍ പൊട്ടിയുണ്ടാകുന്ന മസ്തിഷ്‌ക്കാഘാതം :  ഇതില്‍ തലച്ചോറിന് സംഭവിക്കുന്ന അപകടം കുറക്കാനും നീര് കുറക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമായി മരുന്ന് കൊടുക്കുന്നു. തീവ്രപരിചരണം ആദ്യഘട്ടങ്ങളില്‍ വളരെ സഹായിക്കും. 

രണ്ടുതരം മസ്തിഷ്‌ക്കാഘാതങ്ങളിലും പ്രത്യേക സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കും. സാധാരണയായി അമിതമായ നീരിനാല്‍ ജീവന് അപകട സാധ്യത കാണുമ്പോഴാണ് ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കുക. മസ്തിഷ്‌ക്കാഘാതത്തെത്തുടര്‍ന്ന് തലച്ചോറിന് സംഭവിച്ചേക്കാവുന്ന അപകടം കുറക്കാന്‍ ശസ്ത്രക്രിയയ്ക്ക് കഴിയില്ല.

പ്രതിരോധ മാര്‍ഗങ്ങള്‍ 

 • ജീവിതശൈലീ രോഗങ്ങള്‍ നിങ്ങള്‍ക്കുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ നില എന്താണ് എന്നിവ അറിയുകയും സ്ഥിരമായി പരിശോധിക്കുകയും ചെയ്യുക.
 • സ്ഥിരമായി വ്യായാമം ചെയ്യുക.
 • ആരോഗ്യകരമായ ഭക്ഷണ രീതി പാലിച്ച് അമിതവണ്ണം ഒഴിവാക്കുക.
 • അമിത മദ്യപാനം ഒഴിവാക്കുക.
 • പുകവലി ഒഴിവാക്കുക.
 • മസ്തിഷ്‌ക്കാഘാതത്തിന്റെ ആരംഭ ലക്ഷണങ്ങളും ചികിത്സാരീതികളും അറിയുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.