spot_img

മുതുക് വേദനയാണോ? ശ്രദ്ധിക്കുക, സ്പോണ്ടിലൈറ്റിസ് ആകാം

തുടര്‍ച്ചയായി കമ്പ്യൂട്ടറിന് മുന്‍പിലിരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് സ്പോണ്ടിലൈറ്റിസ് വരാനുള്ള സാധ്യതയുണ്ട്. നട്ടെല്ലിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളില്‍ ഒന്നാണ് സ്പോണ്ടിലൈറ്റിസ്. സാധാരണയായി പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നതെങ്കിലും യുവാക്കളിലും ഇത് കാണപ്പെടുന്നു. ദീര്‍ഘനേരം ഒരേയിരിപ്പിരുന്ന് ജോലി ചെയ്യുന്നതാണ്‌ ചെറുപ്പക്കാരില്‍ ഈ അസുഖത്തിന് കാരണം.

ഇന്ത്യയില്‍ ലക്ഷത്തില്‍ ഏഴു  പേര്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. പതിനഞ്ച് മുതല്‍ നാല്‍പ്പത്തിയഞ്ച് വയസ് വരെ പ്രായമുള്ള പുരുഷന്മാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. കാര്യമാക്കാതെ വിട്ടാല്‍ സ്പോണ്ടിലൈറ്റിസ് നിങ്ങളുടെ ദൈനംദിന ജീവിതത്തെ തന്നെ പ്രശ്നത്തിലാക്കും.

നട്ടെല്ലില്‍ സുഷുമ്ന നാഡിയെ ബാധിക്കുന്ന ഈ രോഗം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും. കൈ, തോള്‍, ഇടുപ്പ് എന്നിവിടങ്ങളിലാകും രോഗം തുടക്കത്തില്‍ ബാധിക്കുക. വഷളാവുകയാണെങ്കില്‍ രോഗിയുടെ ഇടുപ്പെല്ല് വരെ മാറ്റി വയ്ക്കേണ്ടിവരും.  

ലക്ഷണങ്ങള്‍

പിന്‍ഭാഗം, കഴുത്ത്, ചുമല്‍, ഉപ്പൂറ്റി എന്നിവിടങ്ങളിലെ വേദനയാണ് ഇതിന്‍റെ പ്രധാന ലക്ഷണം. കടുത്ത നടുവേദന, ക്ഷീണം, തളര്‍ച്ച, ശരീരഭാരം കൂടുക, ദഹനം സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടാവുക, എന്നിവയും രോഗ ലക്ഷണങ്ങളാണ്. സന്ധികളില്‍ മുറുക്കവും വീക്കവും അനുഭവപ്പെടുന്നതും സ്പോണ്ടിലൈറ്റിസ് ലക്ഷണങ്ങളാണ്.

ഇരുന്നയിരുപ്പില്‍ പെട്ടെന്ന് തലചുറ്റല്‍ ഉണ്ടാകുന്നത് രോഗത്തിന്‍റെ മറ്റൊരു ലക്ഷണമാണ്. ഇത് കൂടാതെ കാലങ്ങളായി സ്പോണ്ടിലൈറ്റിസ് ബാധിച്ചവരുടെ നടപ്പിന്‍റെ രീതിയില്‍ തന്നെ മാറ്റം സംഭവിക്കാം. രോഗം ശരീരത്തിലെ അസ്ഥികളുടെ ഘടനയില്‍ മാറ്റം വരുത്തുന്നതാണ് ഇതിന് കാരണം.

സന്ധികള്‍, കഴുത്ത്, ചുമല്‍ എന്നിവിടങ്ങളില്‍ മരവിപ്പ് അനുഭവപ്പെടുന്നത് ഇതിന്‍റെ ലക്ഷണങ്ങളാണ്. രോഗബാധിതരില്‍ അസ്ഥികള്‍ ഒന്നിച്ച് ചേരുന്ന അവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനെ ബോണ്‍ ഫ്യൂഷന്‍ അഥവാ അസ്ഥി സംയോജനം എന്ന് പറയുന്നു. ഇതോടൊപ്പം ഉപ്പൂറ്റിയുടെ പിന്‍ഭാഗത്തെ ഞരമ്പുകള്‍ക്ക് വീക്കമുണ്ടാവുകയും വേദനിക്കുകയും ചെയ്യും.

കാരണങ്ങള്‍

രോഗം വരാന്‍ ജനിതക കാരണങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഇത്തരത്തിലുള്ള വേദനകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇവരുടെ വരും തലമുറക്കും രോഗം വരാനുള്ള സാധ്യതയുണ്ട്.

മെയ്യനങ്ങാതെയുള്ള ജീവിത രീതികളാണ് മറ്റൊരു പ്രധാന കാരണം. തുടര്‍ച്ചയായി ഇരുന്ന് ജോലിയെടുക്കുന്നവര്‍ക്ക് സ്പോണ്ടിലൈറ്റിസ് വരാം. മാനസിക സംഘര്‍ഷം,  നേരമുള്ള ജോലി, പൊണ്ണത്തടി എന്നിവയും സ്പോണ്ടിലൈറ്റിസിന് കാരണമാകാം.

പ്രതിരോധം

രോഗം തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടണം. ഡോക്ടര്‍ നടു, ഇടുപ്പ് എന്നിവിടങ്ങളുടെ എക്സ്-റേ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കും. സ്റ്റിറോയ്ഡ് അടങ്ങാത്ത ആന്‍റി ഇന്‍ഫ്ലമേറ്ററി മരുന്നുകളാണ് പ്രധാന പ്രതിവിധി. ഐബൂപ്രൂഫിന്‍ പോലെയുള്ള മരുന്നുകളാണ് ഇതിനായി കൊടുക്കുന്നത്.

ഫിസിക്കല്‍ ഒക്യുപ്പേഷണല്‍ തെറാപ്പികളാണ് മറ്റൊരു ചികിത്സ. ഇതോടൊപ്പം വ്യായാമം, യോഗ എന്നിവയും ഫലപ്രദമാണ്. വക്രാസനം, ശലഭാസനം, അര്‍ദ്ധ ചക്രാസനം, ധനുരാസനം, ശവാസനം എന്നീ യോഗാസനങ്ങള്‍ ചെയ്യുന്നത് രോഗികള്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശത്തോടെ മാത്രമേ ഇത് ചെയ്യാവൂ.

ഇരുപ്പ് രീതികളില്‍ ശ്രദ്ധിച്ചാല്‍ രോഗം കുറേയൊക്കെ ഭേദമാക്കാം. തുടര്‍ച്ചയായി ജോലി ചെയ്യുമ്പോള്‍ കൂനിക്കൂടി ഇരിക്കുന്നത് ഒഴിവാക്കണം. നട്ടെല്ല് നിവര്‍ത്തി വേണം ഇരിക്കാന്‍ എന്ന് മറക്കണ്ട.

വേദനയുള്ള ഭാഗങ്ങളില്‍ ചൂട് വെക്കുന്നതോ ഐസ് പാക്ക് ഉപയോഗിക്കുന്നതോ ചെയ്യുന്നത് നന്നാകും. ഇതോടൊപ്പം മസാജ് ചെയ്യുന്നത് വേദനക്ക് ആശ്വാസം നല്‍കും. കഴുത്തിനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് വേദനയകറ്റാന്‍ സഹായിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.