സൗന്ദര്യവര്‍ധക ഉല്‍പ്പന്ന വ്യവസായം വ്യാപകമായതോടെ എല്ലാവരും ചര്മത്തെക്കുറിച്ചും മുടിയെക്കുറിച്ചും ജാഗ്രതയുള്ളവരായി. എല്ലാവരുടെയും ശരീരത്തില്‍ പരമാവധി രാസവസ്തുക്കള്‍ എത്താനും തുടങ്ങി. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്തമായ നിരവധി വഴികള്‍ ആയുര്‍വേദം മുന്നോട്ടുവെക്കുന്നുണ്ട്. അറിവില്ലായ്മയോ സന്നദ്ധതക്കുറവോ കാരണം ഭൂരിഭാഗം പേരും അതൊന്നും ഗൗനിക്കാറില്ല എന്നു മാത്രം.
ഇവിടെ ചര്‍മ സംരക്ഷണത്തിന് ഉത്തമമായ ചില ഔഷധച്ചെടികളെ പരിചയപ്പെടുത്താം.
- കറ്റാര്‍ വാഴ (Aloe Vera)
വിപണിയിലുള്ള ഭൂരിഭാഗം സൗന്ദര്യവര്‍ധക വസ്തുക്കളിലും കറ്റാര്വാഴയുണ്ടെന്നാണ് പരസ്യങ്ങളില്‍ പറയുന്നത്. അതെത്ര മാത്രം സത്യമാണെങ്കിലും കറ്റാര്‍വാഴ ബ്യൂട്ടീഷ്യന്മാരുടെ പ്രിയങ്കരിയാണ്. കറ്റാര്‍വാഴയുടെ നീര് ചര്‍മത്തിന് തിളക്കവും ഈര്‍പ്പവും നല്കുന്നു. വരണ്ട ചര്‍മത്തെ ഇല്ലാതാക്കി മൃദുലമായ ചര്‍മം പ്രദാനം ചെയ്യുന്നു. തൊലിയിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും മുഖക്കുരു ഇല്ലാതാക്കാനും ഇത് ഫലപ്രദമാണ്.
- ആര്യവേപ്പ് (Neem)
വേപ്പ് മൃദുലമായ ചര്‍മം പ്രദാനം ചെയ്യുക മാത്രമല്ല, തൊലിയിലെ അണുബാധകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ത്വക്കിലെ വിഷാംശങ്ങള്‍ നീക്കി ആരോഗ്യകരമായ ചര്‍മം പ്രദാനം ചെയ്യുക മാത്രമല്ല, ചര്‍മത്തിലെ കുരുക്കളെ അകറ്റി ‘ക്ലിയര്‍ സ്കിന്‍’ നല്കുന്നു. കൂടാതെ രക്തം ശുദ്ധീകരിക്കുന്ന ധര്‍മവും വേപ്പ് ചെയ്യുന്നു. വേപ്പിന് കുരുവെണ്ണയിലെ ഒരു ഘടകമായ ഗെഡുനിന്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ളവയാണ്.
- മഞ്ഞള്‍ (Turmeric)
4000 വര്‍ഷത്തിലധികമായി ഉപയോഗിച്ചുവരുന്ന ഔഷധമാണ് മഞ്ഞള്‍. നിരവധി ത്വക്ക് രോഗങ്ങള്‍ക്ക് മഞ്ഞള്‍ മികച്ച ഔഷധമാണ്. തൊലി മൃദുലവും മയവുമുള്ളതാക്കാന് കഴിയുന്ന മഞ്ഞളിന് ഫംഗല്‍ അണുബാധ ഇല്ലാതാക്കാനും തൊലിയിലെ എരിച്ചിലിന് മരുന്നാകാനും കഴിയുന്നു.
- ചന്ദനം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സുഗന്ധമുള്ള ഔഷധച്ചെടിയാണ് ചന്ദനം എന്നു പറയാം. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ മുഖക്കുരു, മുറിവുകള്‍, സോറിയാസിസ് എന്നിവ സുഖപ്പെടുത്തുന്നു. റേഡിയേഷന്, കീമോതെറാപ്പി എന്നിവയുടെ ഫലമായി കാന്‍സര്‍ രോഗികളുടെ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പോലെയുള്ള പ്രശ്നങ്ങള്‍ക്കും ചന്ദനം ഉപയോഗിച്ചുവരുന്നു.
- റോസ്
ചര്‍മത്തിന്റെ കട്ടിയും വരണ്ട പ്രകൃതവും മാറ്റാന്‍ റോസ് നല്ലൊരു മാര്‍ഗമാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി തൊലിയില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് തടയുകയും ചര്‍മത്തെ മൃദുലമാക്കുകയും അതുവഴി പ്രായമാകുന്നത് തടയുകയും ചെയ്യുന്നു. ശരീരത്തില്‍ അധികമായുള്ള ചൂട് പുറന്തള്ളുകയും ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.
- കുങ്കുമം
രക്തം ശുദ്ധീകരിക്കുകയും മാലിന്യം നീക്കം ചെയ്യുകയും വഴി കുങ്കുമം ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു. ഇത് ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കുകയും വരണ്ട ചര്‍മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. സൂര്യപ്രകാശത്തില്‍ നിന്ന് തൊലിയ്ക്ക് സംരക്ഷണം നല്കുവാനും കുങ്കുമത്തിന് കഴിവുണ്ട്.
തിളങ്ങുന്ന, മനോഹരമായ ചര്‍മത്തിന് ഇത്തരം പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഇത് ശരീരത്തില്‍ രാസവസ്തുക്കള്‍ എത്തുന്നത് തടയുക മാത്രമല്ല, ഏറ്റവും മികച്ച ഗുണം നല്‍കുകയും ചെയ്യുന്നു.