spot_img

സ്ട്രെച് മാര്‍ക്കിന് പരിഹാരം

പ്രായഭേദമില്ലാതെ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് സ്ട്രെച് മാര്‍ക്ക്. ത്വക്കില്‍ കാണുന്ന വെളുത്തതോ ചുവന്നതോ ആയ നീണ്ട പാടുകളാണ് സ്ട്രെച് മാര്‍ക്ക്. പെട്ടെന്ന് തടി കുറയുകയോ കൂടുകയോ ചെയ്യുമ്പോള്‍ ചര്‍മത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. പുറത്തു കാണാനുള്ള സാധ്യതയുള്ളത് കൊണ്ട് തന്നെ പലര്‍ക്കും വലിയൊരു പ്രശ്നം തന്നെയാണ് ഈ പാടുകള്‍.

പലരുടെയും ആത്മവിശ്വാസത്തെ തന്നെ തളര്‍ത്തും ഇവ. കുടുംബത്തില്‍ ഉള്ളവര്‍ക്ക് സ്ട്രെച് മാര്‍ക്ക് ഉണ്ടെങ്കില്‍ ഇവരുടെ മക്കളിലും ഇത് വരാനുള്ള സാധ്യതയുണ്ട്. ഭാരം കൂടുതലുള്ള കുട്ടികളെ പ്രസവിക്കുന്ന അമ്മമാരിലും ഇതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പ്രായപൂര്‍ത്തിയാകുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മൂലവും ഇതുണ്ടാകും. ഗര്‍ഭിണികളില്‍ ഗര്‍ഭകാലത്ത് ചര്‍മം വലിയാന്‍ സാധ്യതയുണ്ട്. ഇതും സ്ട്രെച് മാര്‍ക്ക് ഉണ്ടാകാനുള്ള കാരണമാണ്. സാധാരണയായി തുട, വയര്‍, സ്തനങ്ങള്‍, അരക്കെട്ട്, പിന്‍ ഭാഗം എന്നീ ഭാഗങ്ങളിലാണ് ഇത് കാണപ്പെടുന്നത്. ഗര്‍ഭകാലത്ത് ഏതാണ്ട് 50 മുതല്‍ 90 ശതമാനം സ്ത്രീകളിലും ഇത് സംഭവിക്കാറുണ്ട്.

ശരീരത്തിന് രൂപം കൊടുക്കുന്ന സ്ട്രക്ച്ചറല്‍ പ്രോട്ടീനുകളാണ് കൊലാജനും ഇലാസ്റ്റിനും. ഇവയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് സ്ട്രെച് മാര്‍ക്കുകള്‍ രൂപപ്പെടാന്‍ കാരണം. തൊലി വലിയുമ്പോള്‍ തൊലിക്ക് താഴെയുള്ള പാളികളിലെ കൊളാജന്‍ ഫൈബര്‍ പൊട്ടുന്നു. ഇത് മൂലം അടിയിലുള്ള രക്തക്കുഴലുകള്‍ തെളിഞ്ഞു വരുന്നു. ഇതാണ് സ്ട്രെച് മാര്‍ക്കുകള്‍ ചുവന്ന നിറത്തില്‍ കാണപ്പെടുന്നത്. ഇവ തൊലിപ്പുറമേ പൊങ്ങി നില്‍ക്കാനും സാധ്യതയുണ്ട്.

സ്ട്രെച് മാര്‍ക്ക് ഗര്‍ഭിണികളില്‍ മാത്രം കാണപ്പെടുന്ന പ്രശ്നമല്ല. ശരീരം പെട്ടെന്ന് തടിക്കുകയോ ചുരുങ്ങുകയോ ചെയ്യുമ്പോള്‍ ആര്‍ക്കും ഉണ്ടാകാം ഈ പാടുകള്‍. ഹോര്‍മോണ്‍ വ്യതിയാനം മൂലവും ഇതുണ്ടാകാം. സ്ട്രെച്ച് മാര്‍ക്ക് മായ്ക്കാന്‍ പ്രയാസമാണ്. എന്നാല്‍ ചികിത്സയിലൂടെ ഇവയുടെ കടുത്ത നിറം കുറച്ച്‌ മങ്ങിയ രീതിയില്‍ ആക്കാന്‍ സാധിക്കും. ഗര്‍ഭിണികള്‍ ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ മരുന്നുകള്‍ ഉപയോഗിക്കാവൂ. ശരീരഭാരം കൃത്യമായി നില നിര്‍ത്തുന്നത് സ്ട്രെച് മാര്‍ക്കുകള്‍ വരാതിരിക്കാന്‍ സഹായിക്കും.

വിറ്റാമിനുകളും ധാതുക്കളും ധാരളമടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. വിറ്റാമിന്‍ എ, സി എന്നിവ ചര്‍മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ സിങ്ക്, സിലിക്കണ്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങളും കാര്യമായി കഴിക്കുക. ഗര്‍ഭകാലത്ത് പതിയെ ശരീരഭാരം കൂടുന്ന രീതി പിന്തുടരാന്‍ ശ്രമിക്കുക. ഒപ്പം ദിവസവും കുറഞ്ഞത്‌ ആറു മുതല്‍ എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. തുടക്ക സമയത്തെ പാടുകള്‍ പെട്ടെന്ന് മാറ്റാവുന്നതാണ്.

വിപണിയില്‍ കാണുന്ന മരുന്നുകളെല്ലാം പാടുകള്‍ മായ്ക്കാന്‍ സഹായിക്കില്ല. ഏതെങ്കിലുമൊക്കെ ക്രീമുകള്‍ വാങ്ങി തേച്ച് കുഴപ്പത്തിലാകാതെ ഡോക്ടറുടെ അഭിപ്രായം തേടി മാത്രം ചികിത്സ തേടുക. വയറ്റിലെ മസിലുകള്‍ മുറുകാനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും പാടുകള്‍ മാറാന്‍ സഹായിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.