മുടി വളര്‍ച്ചക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ് നമ്മള്‍. മുടി സംരക്ഷണത്തില്‍ ശ്രദ്ധ കൊടുക്കുന്ന എല്ലാവരും നേരിടുന്ന പ്രശ്നമാണ് താരന്‍. അസഹ്യമായ ചൊറിച്ചില്‍, തലയില്‍ വെളുത്ത പൊടികള്‍ , ഈ പൊടികള്‍ മുഖത്തും ശരീരത്തിലേക്കും ഇളകി വീഴുക എന്നിങ്ങനെ പോകുന്നു താരന്‍റെ പ്രശ്നങ്ങള്‍. കൂട്ടുകാരുടെ കൂടെ ഇരിക്കുമ്പോഴും പൊതു സ്ഥലങ്ങളില്‍ വച്ചും മറ്റും താരന്‍ ഇളകി വീഴുന്നത് വലിയ ബുദ്ധിമുട്ട് തന്നെയാണ്.
ചൊറിച്ചില്‍ കൂടുമ്പോള്‍ തലയില്‍ തടിപ്പുകള്‍ ഉണ്ടായി നീരൊലിക്കാന്‍ സാധ്യതയുണ്ട്. ഇതിനെ സേബോറിക് ഡെര്‍മറ്റൈറ്റിസ് എന്ന് പറയുന്നു. ചൊറിച്ചില്‍ കൂടുമ്പോള്‍ തലയിലെ ചര്‍മത്തിലുണ്ടാകുന്ന മുറിവുകളില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വഷളായാല്‍ മുഖം, കക്ഷം, പുരികം, നെഞ്ച്, തുടയിടുക്കുകള്‍, പുറം എന്നിവിടങ്ങളിലേക്കും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. പിന്നീട് മുടി കൊഴിച്ചിലിലേക്കും കൊണ്ടെത്തിക്കും ഇത്.
എണ്ണ മയമുള്ള താരനും അല്ലാത്തതുമായ രണ്ട് തരം താരനാണ് പ്രധാനമായും കാണപ്പെടുന്നത്. തലയിലെ ചര്‍മത്തില്‍ എണ്ണമയം കൂടുന്നത് പൂപ്പലുകള്‍ ഉണ്ടാകുന്നു. ഇതാണ് എണ്ണ മയമുള്ള താരന്‍ ഉണ്ടാകുന്നതിന്‍റെ കാരണം. തലയോട്ടിയില്‍ കാണപ്പെടുന്ന ഒരു ഫംഗസും താരന് കാരണമാകാറുണ്ട്. മലസീസിയ ഫര്‍ഫര്‍ എന്ന പൂപ്പലാണ് പ്രധാനമായും താരന്‍ ഉണ്ടാക്കുന്നത്. തലയോട്ടിയിലെ വരള്‍ച്ചയാണ് താരന്‍ ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണം. ചില ഹെയര്‍ കെയര്‍ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നത് മൂലവും ഇത് വരാനുള്ള സാധ്യതയുണ്ട്. തല വൃത്തിയായി സൂക്ഷിക്കാത്തത് താരന് കാരണമാകാറുണ്ട്. ഇത് കൂടാതെ മാനസിക സംഘര്‍ഷങ്ങള്‍ താരന്‍ വരാനുള്ള സാധ്യത കൂട്ടുന്നു.
ഇതോടൊപ്പം ചില വിറ്റാമിനുകളുടെ കുറവും താരന്‍ ഉണ്ടാക്കുന്നുണ്ട്. ബി കോമ്പ്ലക്സ് വിറ്റാമിനുകളായ ബയോട്ടിന്‍, പാന്റോതനിക് ആസിഡ്, റിബോഫ്ലേവിന്‍ എന്നിവയുടെ അഭാവം താരന്‍ വരാനുള്ള സാധ്യത കൂട്ടുന്നു. എളുപ്പത്തില്‍ താരന്‍ അകറ്റാനായി ചില വഴികളുണ്ട്. വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പരിഹാരങ്ങളാണിവ. നല്ലൊരു മോയ്സ്ചറൈസര്‍ ആണ് ചെറുനാരങ്ങ. ആരോഗ്യത്തിനും സൌന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്ന വസ്തു കൂടിയാണിത്. വെള്ളത്തില്‍ അല്‍പം നാരങ്ങാ നീര്‍ ചേര്‍ക്കുക. ഇങ്ങനെ സ്ഥിരമായി തല കഴുകുന്നത് താരന്‍ പോകാന്‍ സഹായിക്കും.
രൂക്ഷ ഗന്ധമാണെങ്കിലും ഗുണങ്ങളില്‍ മുമ്പനാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ച് തലയില്‍ തേക്കുന്നത് താരന്‍ അകറ്റാന്‍ നല്ലതാണ്. ഇത് പോലെ തന്നെ മിക്കവാറും വീടുകളിലെല്ലാം കണ്ടു വരുന്ന കറ്റാര്‍വാഴ മുടി വളര്‍ച്ചയ്ക്ക് നന്നായി സഹായം ചെയ്യും. ഇത് കൂടാതെ താരന്‍ പോയി മുടി ആരോഗ്യത്തോടെ വളരാന്‍ കറ്റാര്‍വാഴ പള്‍പ്പ് ആക്കി തലയില്‍ പുരട്ടുക. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാവുന്നതാണ്.
ബേക്കിംഗ് സോഡ തലയോട്ടിയില്‍ കൂടുതലായുള്ള സെബം നീക്കം ചെയ്യും. ഫംഗസുകള്‍ മൂലമുണ്ടാകുന്ന തടിപ്പും തിണര്‍പ്പും മാറാന്‍ ഇത് സഹായിക്കും. ബേക്കിംഗ് സോഡയില്‍ കുറച്ച് ആപ്പിള്‍ സിഡര്‍ വിനഗര്‍ ചേര്‍ത്ത് തലയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അല്‍പ സമയത്തിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ പോകാന്‍ സഹായിക്കും. ഒലിവ് ഓയില്‍ തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കും. ഇതില്‍ ധാരാളം ആന്‍റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ മുടി പൊട്ടാതിരിക്കാനും ഡാമേജ് കുറയ്ക്കാനും സഹായിക്കും. ഒലിവ് ഓയില്‍ നന്നായി തലയില്‍ തേച്ചു മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകി കളയാം.
മാനസികാരോഗ്യം ശരീരാരോഗ്യത്തെ കൂടി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാനസിക സംഘര്‍ഷം ഉണ്ടാക്കാത്ത പ്രശ്നങ്ങളില്ല. ഇത് കുറക്കാന്‍ വേണ്ട തെറാപ്പിയും മറ്റും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് താരന്‍ പോലെയുള്ള പ്രശ്നങ്ങളില്‍ നിന്നും മോചനം നേടാന്‍ സഹായിക്കും. എണ്ണമയമുള്ള മുടിയാണ് നിങ്ങളുടേതെങ്കില്‍ ഇടക്കിടെ ഷാമ്പൂ ചെയ്യണം. ഇതോടൊപ്പം സിങ്ക്, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തില്‍ ധാരാളം ഇലക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.