spot_img

ചില്ലറക്കാര്യമല്ല കൂര്‍ക്കം വലി

കൂര്‍ക്കം വലി ഒരു പ്രശ്നം തന്നെയാണ്. സ്വന്തം ഉറക്കത്തെ മാത്രമല്ല കൂടെ ഉറങ്ങുന്ന ആളുകളുടെ ഉറക്കത്തേയും കൂടി ബാധിക്കുന്ന പ്രശ്നം. ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഉറക്കം തന്നെ നഷ്ടപ്പെടാന്‍ ഇത് കാരണമായേക്കാം. ലിംഗഭേദമന്യേ എല്ലാവരും അനുഭവിച്ചു വരുന്ന വിഷമമാണ് കൂര്‍ക്കം വലി. കൂടുതലായും പൊണ്ണത്തടിയുള്ള പുരുഷന്മാരിലാണ് ഈ പ്രശ്നം കണ്ടു വരുന്നത്. ഉറങ്ങുമ്പോള്‍ ശ്വസന പ്രക്രിയയ്ക്ക് തടസം നേരിടുന്നതാണ് കൂര്‍ക്കം വലിയുടെ പ്രധാന കാരണം. ഉറക്കം ശരിയാകാത്തത് കൊണ്ടാണ് കൂര്‍ക്കം വലിക്കുന്നത് എന്നര്‍ത്ഥം. കൂര്‍ക്കം വലിക്കുന്നവര്‍ക്ക് രാവിലെ  ഉണര്‍ന്നാലും ഒട്ടും തന്നെ ഉന്മേഷം തോന്നുകയില്ല. എന്നാല്‍ ക്ഷീണവും ഉറക്കമില്ലായ്മയും അനുഭവപ്പെടുകയും ചെയ്യും.

ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നത് കൂടാതെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും കൂര്‍ക്കം വലിക്കുണ്ട്. മിക്കവാറും ഉച്ചത്തിലുള്ള കൂര്‍ക്കം വലികള്‍ ഒബ്സ്ട്രക്ടീവ് സ്ലീപ്‌ അപ്നിയ എന്ന ഉറക്ക തകരാറിന്‍റെ ലക്ഷണമാണ്. സാധാരണ നമ്മള്‍ ശ്വസിക്കുമ്പോള്‍ മൂക്കിലൂടെ ഉള്ളിലേക്കെത്തുന്ന വായു ശ്വാസനാളത്തിലൂടെ ശ്വാസകോശത്തിലേക്ക് പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ ഉറക്ക സമയത്ത് നമ്മുടെ പേശികളെല്ലാം അയഞ്ഞ് വിശ്രമാവസ്ഥയില്‍ എത്തും. ഇത് മൂലം വായു കടന്നു പോകുന്ന ഭാഗം ചുരുങ്ങി വായു സഞ്ചാരത്തിന് തടസം നേരിടാന്‍ സാധ്യതയുണ്ട്.  ഇങ്ങനെ സംഭവിക്കുമ്പോള്‍ ഉള്ളിലേക്ക് പ്രവേശിക്കാനുള്ള വായുവിന്‍റെ തള്ളല്‍ മൂലം അവിടുത്തെ കോശങ്ങള്‍ പ്രകമ്പനം കൊള്ളുന്ന ശബ്ദമാണ് കൂര്‍ക്കം വലി.

ശരീരത്തിലേക്ക് എത്തുന്ന ഓക്സിജന്‍റെ അളവ് കാര്യമായി കുറയാന്‍ കൂര്‍ക്കം വലി കാരണമാകുന്നു. ഇത് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നീ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂട്ടുന്നു. തെറ്റായ കിടപ്പ് രീതിയും കൂര്‍ക്കം വലിക്ക് കാരണമാകാറുണ്ട്. ശരീരഭാരം, സൈനസ് സംബന്ധിച്ച പ്രശ്നങ്ങള്‍ എന്നിവ മൂലവും കൂര്‍ക്കം വലി വരാറുണ്ട്. അമിത വണ്ണമുള്ളവരില്‍ കഴുത്തിന്‌ ചുറ്റും കൊഴുപ്പ് നിറഞ്ഞ കലകള്‍ അടിഞ്ഞു കൂടാറുണ്ട്. ഇത്തരക്കാരില്‍ കൂര്‍ക്കം വലിക്കുള്ള സാധ്യത കൂടുതലാണ്. ഉറക്കത്തിനു മുന്‍പുള്ള മദ്യപാനവും കൂര്‍ക്കം വലിയിലേക്ക് നയിക്കുന്നു. മലര്‍ന്നു കിടന്നുള്ള ഉറക്കം കൂര്‍ക്കം വലിക്കാനുള്ള സാധ്യത കൂട്ടുന്നു. മൂക്കിന്‍റെയും തൊണ്ടയുടെയും ചില വൈകല്യങ്ങള്‍ മൂലവും ഇതുണ്ടാകാം.

ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ കൂര്‍ക്കം വലി വലിയൊരളവ് വരെ നിയന്ത്രിച്ച്‌ നിര്‍ത്താവുന്നതാണ്. മലര്‍ന്നു കിടന്നുള്ള ഉറക്കം ഒഴിവാക്കുക. മലര്‍ന്നു കിടന്ന്‌
ഉറങ്ങുമ്പോള്‍ നാവ് തൊണ്ടയുടെ ഉള്ളിലേക്ക് താഴും. ചിലരില്‍ ഇത് വായു കടന്നു പോകുന്ന പാതയെ തടയാനുള്ള സാധ്യതയുണ്ട്. ഇത് കൂര്‍ക്കം വലിക്ക് കാരണമാകും. അതു കൊണ്ട് തല ഇപ്പോഴും ചെരിച്ചു വച്ചോ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നോ മാത്രമേ ഉറങ്ങാവൂ.


ശരീരഭാരം കുറക്കാന്‍ കൂര്‍ക്കം വലിക്കാര്‍ ശ്രദ്ധിച്ചേ മതിയാകൂ. ഇതിനായി വ്യായാമവും കൃത്യമായി ചെയ്യേണ്ടതുണ്ട്. കഴുത്തിനുള്ള വ്യായാമങ്ങള്‍ പതിവായി ചെയ്യാന്‍ ശ്രമിക്കുക. ഇത് കഴുത്തിലെ കൊഴുപ്പ് മൂലമുണ്ടാകുന്ന കൂര്‍ക്കം വലി കുറക്കാന്‍ സഹായിക്കും. കൂര്‍ക്കം വലിക്കാര്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. മദ്യം തൊണ്ടയിലെ മസിലുകളെ അയയ്ക്കുന്നു. അതുകൊണ്ട് ഉറക്കത്തിനു മുന്‍പ് ഒരെണ്ണം അടിക്കുന്ന ശീലമുള്ളവര്‍ ഇത് ഉപേക്ഷിക്കാന്‍ മറക്കണ്ട. കൂടെ പുകവലിയും  നിര്‍ത്തണം. പുകവലിക്കാര്‍ കൂര്‍ക്കം വലിയെ പേടിക്കണം. രാത്രി വൈകി ടിവിയും കണ്ടിരുന്നുള്ള ഭക്ഷണം കഴിപ്പ്‌ ഒഴിവാക്കണം. ഉറങ്ങുന്നതിന് കുറഞ്ഞത്‌ രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കണം.

ഉറങ്ങുമ്പോള്‍ കടിച്ചു പിടിക്കാവുന്ന ഒരു ഉപകരണം ഇന്ന് ലഭ്യമാണ്. ഉറക്കത്തിനിടയില്‍ പേശികള്‍ അയഞ്ഞ് നാവിന്‍റെയും കീഴ്‌ത്താടിയുടെയും സ്ഥാനം തെറ്റാതിരിക്കാന്‍ ഇത് സഹായിക്കും. ഒപ്പം കൂര്‍ക്കം വലി കുറക്കുകയും ചെയ്യും. ഇത്  പോലെ തന്നെ കൂര്‍ക്കം വലി കുറക്കാന്‍ സഹായിക്കുന്ന ഒരു തരം മാസ്സ്ക്കും ഇന്ന് ലഭിക്കും. ചെറിയ മാറ്റങ്ങളിലൂടെ കൂര്‍ക്കം വലി മാറിയില്ലെങ്കില്‍ സ്ലീപ്‌ സര്‍ജറിയാണ് അടുത്ത ചികിത്സ. ഇതില്‍ മൂക്ക്, നാവ്, അണ്ണാക്ക് എന്നിവിടങ്ങളില്‍ എവിടെയാണ് തടസമെന്ന് കണ്ടെത്തും. ഈ തടസം നീക്കം ചെയ്യുക എന്നതാണ് സ്ലീപ്‌ സര്‍ജറിയിലൂടെ ചെയ്യുന്നത്. കൂര്‍ക്കം വലിയെ വിട്ട് കളയാതെ കൃത്യമായ ചികിത്സ തേടാന്‍ ശ്രദ്ധിക്കുമല്ലോ.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.