ഒരു ലഹരിയ്ക്കും അടിമപ്പെടുന്നത് നല്ലതല്ല, പുകവലിയോട് പ്രത്യേകിച്ചും. വലി ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ വലിയ പാടാണ്. ഇനി നിര്‍ത്തിയില്ലെങ്കില്‍ അത് ശരീരത്തിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒരുപാടാണ്. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം എന്ന് തുടങ്ങി ശ്വാസകോശ ക്യാന്‍സറിനു വരെ ഇത് കാരണമായേക്കാം. ശ്വാസകോശത്തിന് സംഭവിക്കുന്ന തകരാറുകള്‍ പിന്നീട് ശരീരത്തിലെ മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കുന്നു.
പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ അമിതമായ ആസക്തി ഉളവാക്കാന്‍ ശേഷിയുള്ള രാസവസ്തുവാണ്. പുകവലിക്കുമ്പോള്‍ ഇത് രക്തത്തിലൂടെ തലച്ചോറിലേക്ക് എത്തുന്നു. ഉള്ളില്‍ ചെല്ലുമ്പോള്‍ താല്‍ക്കാലികമായി ആനന്ദവും സ്വസ്ഥതയും കിട്ടും എന്നതിന്റെ പുറത്താണ് പലരും പുകവലിക്ക് അടിമകളാകുന്നത്.
നിക്കോട്ടിന്‍ പല വിധത്തിലാണ് ഉള്ളില്‍ ചെല്ലുന്നത്. സാധാരണയായി സിഗരറ്റ് വലിയിലൂടെയോ പുകയില വായിലിട്ട് ചവക്കുകയോ മൂക്കിലൂടെ വലിക്കുകയോ ചെയ്യുന്നത് വഴിയാണ് നിക്കോട്ടിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. നിക്കോട്ടിന്‍ സ്ഥിരമായി അകത്തു ചെല്ലുന്നത് ഹൃദയമിടിപ്പ് ക്രമാതീതമായി കൂടാന്‍ കാരണമാകുന്നു. ഇത് രക്തചംക്രമണ പ്രകിയയെ തന്നെ മോശമായി ബാധിക്കും. പുകവലി ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ഉത്പാദനം സാവധാനമാക്കുകയും ഇത് പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും കാരണമാകും.
പുകയിലയിലെ നിക്കോട്ടിന്‍ അഡ്രിനാലിന്‍ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു. ഇതിന്റെ ഫലമായി അഡ്രിനാലിന്‍ പുറത്തു വിടുന്നു. ഇതോടൊപ്പം ഡോപമൈന്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതും ആനന്ദാനുഭവം ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് അളവില്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെട്ടാല്‍ കൂടുതല്‍ ആനന്ദം അനുഭവപ്പെടും. അതുകൊണ്ട് തന്നെ പെട്ടെന്ന് നിര്‍ത്തുമ്പോള്‍ വ്യക്തിക്ക് ശൂന്യത, ഉത്കണ്ഠ എന്നീ വികാരങ്ങള്‍ ഉണ്ടാകാനും വിഷാദ രോഗത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
നിക്കോട്ടിനെ ഓടിക്കാം
നിക്കോട്ടിന്‍ ശരീരത്തില്‍ നിന്നും കുറച്ചൊന്നും വിറ്റാമിനുകളല്ല ചോര്‍ത്തിയെടുക്കുന്നത്. പുകവലി ധാതു നഷ്ടത്തിനും വിറ്റാമിനുകളുടെ നഷ്ടത്തിനും കാരണമാകുന്നു. ഭക്ഷണത്തിലൂടെ ഇതെല്ലാം തിരിച്ചു പിടിച്ചില്ലെങ്കില്‍ ശരീരത്തിന് ഗുരുതരമായ പ്രശ്‌നമുണ്ടാകും. ഇലക്കറികള്‍ കഴിക്കുന്നത് ശരീരത്തിലെ വിറ്റാമിനുകള്‍ തിരിച്ചു പിടിക്കാന്‍ നല്ലതാണ്. ഇലക്കറികളില്‍ ചീരയെ വെല്ലാന്‍ വേറൊന്നുമില്ല. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഇരുമ്പ് എന്നിവ ചീരയില്‍ ധാരാളമായുണ്ട്. ഇതിലെ ഫോളിക് ആസിഡ് പുകവലി നിര്‍ത്താന്‍ സഹായിക്കും.
ചീരയിലുള്ള ബീറ്റാ കരോട്ടിന്‍ ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ അകറ്റാന്‍ സഹായിക്കും. ആസ്ത്മ പോലെയുള്ള രോഗങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ചീര ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ചീരയില്‍ അടങ്ങിയിട്ടുള്ള ഫ്‌ലവനോയിഡ്, ആന്റി ഓക്‌സിഡന്റ് എന്നിവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ശരീരത്തില്‍ കടന്നു കൂടുന്ന ക്യാന്‍സറിനു കാരണമായേക്കാവുന്ന വസ്തുക്കളെ തടയാന്‍ ഇവയ്ക്ക് സാധിക്കും. പുകവലിക്കാര്‍ നിര്‍ബന്ധമായും ശീലമാക്കേണ്ട ഭക്ഷണമാണ് ചീര.
വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. പുകവലിക്കുന്നവരില്‍ സാധാരണയായി വിറ്റാമിന്‍ സിയുടെ കുറവ് കണ്ടു വരാറുണ്ട്. ഓറഞ്ച് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വിറ്റാമിന്‍ സിയുടെ കുറവ് നികത്താനും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാനും സഹായിക്കും. ഇതിനോടൊപ്പം മാനസിക സംഘര്‍ഷം കുറയ്ക്കാനും ഇവ നല്ലതാണ്. രക്തചംക്രമണ വ്യവസ്ഥയെ നിക്കോട്ടിന്‍ പ്രശ്‌നത്തിലാക്കുന്നു. ഇത് കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന പഴങ്ങളില്‍ ഒന്നാണ് മാതളം. ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് മാതളം. ആരോഗ്യം തിരിച്ചുപിടിക്കാന്‍ മാതളം കഴിക്കാന്‍ മറക്കണ്ട.
പുകവലി എങ്ങനെയൊക്കെയാണ് ശരീരത്തെ മോശമായി ബാധിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. അത്രയ്ക്കുണ്ട് അതിന്റെ ദോഷങ്ങള്‍. നിക്കോട്ടിന്‍ ചര്‍മത്തെ ബാധിക്കും. ചര്‍മ കോശങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിക്കോട്ടിനുണ്ട്. ചര്‍മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ എ, ബി, സി, കെ എന്നിവ ക്യാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് അങ്ങനെ തന്നെയോ ജ്യൂസ് അടിച്ചോ കുടിക്കുന്നത് പുകവലിക്കാര്‍ക്ക് നല്ലതാണ്. ചര്‍മം തിളങ്ങാനും ആരോഗ്യം വെക്കാനും ഇവ സഹായിക്കും.
ബ്രോക്കോളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി5, സി എന്നിവ ശ്വാസകോശത്തിനെ സംരക്ഷിക്കുന്നു. ഇവ കഴിക്കാന്‍ മറക്കണ്ട. ആപ്പിള്‍, തക്കാളി എന്നിവയിലെ ആന്റി ഓക്‌സിഡന്റുകള്‍ പുകവലിയുടെ പ്രശ്‌നത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. കിവി പഴത്തിലെ വിറ്റാമിനുകള്‍ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും. ഇഞ്ചി നെഞ്ചിലെ കഫക്കെട്ടിനെ അലിയിച്ചു കളയും. പുകവലി കുറക്കാതെ എന്തായാലും ശരീരാരോഗ്യം വീണ്ടെടുക്കാന്‍ കഴിയില്ല. എങ്കിലും ഭക്ഷണ കാര്യങ്ങളില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ ഇവയുടെ ആഘാതം കുറക്കാന്‍ സാധിക്കും.