spot_img

കുട്ടികളിലെ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ

പെട്ടെന്നൊരു ദിവസം കുട്ടികൾ അസാധാരണമായി പെരുമാറുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? അവർ ശാഠ്യം പിടിക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്‌തേക്കാം. ഇത് അവരുടെ മോശം പെരുമാറ്റമാണ് എന്നു കരുതി അവഗണിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. ഇത് ചിലപ്പോൾ നിങ്ങളുടെ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണമാവാം. കുട്ടിക്കാലം ആഹ്ലാദവും കുസൃതികളും മാത്രം നിറഞ്ഞതാണെന്ന ധാരണ ശരിയല്ല. കുട്ടികൾക്ക് വളരെ എളുപ്പത്തിൽ സമ്മർദ്ദവും വിഷമങ്ങളും ഉണ്ടാവാം. പരിചയമില്ലാത്ത കാര്യങ്ങളുമായുള്ള സമ്പർക്കമോ ശീലങ്ങളിലെയും ദിനചര്യകളിലെയും മാറ്റമോ ഒക്കെയാവാം കാരണങ്ങൾ. അത് അവർ എപ്പോഴും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കണമെന്നില്ല. പെരുമാറ്റത്തിൽ അതിന്റെ സൂചനകളുണ്ടാവും. താഴെ പറയുന്ന ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടിയുടെ സമ്മർദ്ദം സൂചിപ്പിക്കുന്നവയാണ്. ഈ ലക്ഷണങ്ങൾ കുട്ടികൾ പ്രകടിപ്പിക്കുകയാണെങ്കിൽ എത്രയും വേഗം പരിഹാര നടപടികൾ കൈക്കൊള്ളണം.

  1. വിശപ്പിലെ വ്യത്യാസങ്ങൾ

സമ്മർദ്ദത്തിന്റെ നില അളക്കുന്നതിന് വിശപ്പ് ഒരു മാനദണ്ഡമാണ്. സമ്മർദ്ദം നിരന്തരമാകുമ്പോൾ അത് ഇഷ്ടമുള്ള ഭക്ഷണം അമിതമായി കഴിക്കാൻ കാരണമാകും. കുട്ടിയുടെ വിശപ്പ് ശ്രദ്ധിച്ച് അതിന്റെ കാരണം ശാരീരികമായ അവസ്ഥയല്ല എന്നു മനസ്സിലാക്കിയാൽ പിന്നെ അത് സമ്മർദ്ദമായിരിക്കാനുള്ള സാധ്യത പരിശോധിക്കുക. വിശപ്പ് തീരെ കുറവായിരിക്കുന്നത് ചിലപ്പോൾ അമിതമായി കായിക പ്രവൃത്തികളിലേർപ്പെട്ടിട്ടായിരിക്കാം. അതിനാൽ കാരണം കൃത്യമായി കണ്ടെത്താൻ ശ്രമിക്കുക.

കുട്ടികളെ സംബന്ധിച്ച രസകരമായ ഒരു പഠനത്തിൽ കുട്ടികൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുമെന്ന് കണ്ടെത്തിയിരുന്നു.  

  1. സ്‌കൂളിൽ പോകാനുള്ള വിമുഖത

നിങ്ങളുടെ കുട്ടി സ്ഥിരമായി സ്‌കൂളിൽ പോകാൻ മടി കാണിക്കുന്നുവെങ്കിൽ അവിടെയുള്ള എന്തോ ആണ് അല്ലെങ്കിൽ അവിടെയുള്ള ആരോ ആണ് സമ്മർദ്ദത്തിനു കാരണമെന്ന് അർത്ഥം. സ്‌കൂളിൽ സുഹൃത്തുക്കളെ കാണാനും കളിക്കാനുമൊക്കെ കഴിയുമെന്നതിനാൽ കുട്ടികൾ പൊതുവെ സ്‌കൂളിൽ പോകാൻ താൽപര്യം കാണിക്കുന്നവരാണ്. കുറഞ്ഞ മാർക്ക് ലഭിക്കുന്നതോ സമപ്രായക്കാരിൽ നിന്നും അധ്യാപകരിൽ നിന്നും മോശം അഭിപ്രായം കേൾക്കുന്നതോ ആവാം ചിലപ്പോൾ കാരണം. പുതിയ സ്‌കൂളിൽ പോകാൻ ആദ്യ ദിവസങ്ങളിൽ മടി കാണിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ വിമുഖത ദീർഘനാൾ നീണ്ടുനിന്നാൽ കാരണം കണ്ടെത്താൻ ശ്രമിക്കണം.

  1. തലവേദന

നിങ്ങളുടെ കുട്ടിയ്ക്ക് ആഴ്ചയിൽ പല തവണ തലവേദനയുണ്ടാവുകയും ഡോക്ടർ പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താതിരിക്കുകയും ചെയ്താൽ അതിനു കാരണം സമ്മർദ്ദമാണെന്ന് അനുമാനിക്കണം. സമ്മർദ്ദം തലവേദനയ്ക്ക് നേരിട്ടും അല്ലാതെയും കാരണമാകുന്നു. സമ്മർദ്ദമോ ടെൻഷനോ കാരണം ഉറക്കമില്ലാതെയും തലവേദനയുണ്ടാകുന്നു.

  1. വയറുവേദന

കുട്ടികൾക്ക് വയറിൽ വേദനയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ ഉള്ളതായി പറയുമ്പോൾ അതിനെ അവഗണിക്കരുത്. അവർക്ക് കൃത്യമായ വാക്കുകൾ അറിയാത്തതിനാലാവാം വേദന എന്നു പറയുന്നത്. സമ്മർദ്ദത്തിന്റെയും ടെൻഷന്റെയും സമയത്ത് വയറ്റിൽ ചിത്രശലഭം പറക്കുന്നതു പോലെയുള്ള അനുഭവം മുതിർന്നവരെപ്പോലെ കുട്ടികൾക്കും ഉണ്ടാവാറുണ്ട്.

  1. ഉറക്ക പ്രശ്‌നങ്ങൾ

നന്നായി ഉറങ്ങിക്കൊണ്ടിരുന്ന കുട്ടിയ്ക്ക് പെട്ടെന്ന് ഉറക്കം കിട്ടാതാവുന്നത് സമ്മർദ്ദത്തിന്റെ ലക്ഷണമായേക്കാം. ഉറക്കത്തിൽ പല്ലു കടിക്കുക, നിരന്തരം സ്വപ്‌നം കാണുക, ഞെട്ടിയുണരുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം കുഞ്ഞിന് ആവശ്യമായ ശ്രദ്ധ നൽകുക. മറുവശത്ത് ഉറക്കക്കുറവ് സമ്മർദ്ദത്തിനും അസ്വസ്ഥതയ്ക്കും ശ്രദ്ധക്കുറവിനും കാരണമാകുന്നുമുണ്ട്.

  1. ശാഠ്യം, തളർച്ച

ചിലപ്പോൾ കുട്ടികൾ വാശിയും ശാഠ്യയും അസാധാരണമായി കാണിക്കാറുണ്ട്. എന്നാൽ ഇവ നിരന്തരം കാണിക്കുന്നത് സമ്മർദ്ദത്തിന്റെ പ്രകടനമായിരിക്കാം. മോശമായി പെരുമാറുക, മോശം വാക്കുകൾ ഉപയോഗിക്കുക, സാധനങ്ങൾ വലിച്ചെറിയുക എന്നിവ ചെയ്‌തേക്കാം. ചില കുട്ടികൾ ആകെ തളർന്ന് മിണ്ടാതെയും ഒന്നും ചെയ്യാതെയും എല്ലാത്തിനോടും താൽപര്യമില്ലായ്മ കാണിക്കുന്നു. ഇതും പരിഗണിക്കേണ്ട ലക്ഷണങ്ങളാണ്.

  1. ചില പ്രത്യേക വാക്കുകളുടെ ഉപയോഗം

തങ്ങൾ സമ്മർദ്ദം അനുഭവിക്കുന്നു എന്നു പറയാൻ കുട്ടികൾക്ക് അറിയില്ല. അതിനാൽ അവർ നിരന്തരം ക്ഷീണം, തളർച്ച, ഭ്രാന്ത്, പേടി, ദുഖം, അസ്വസ്ഥത തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചേക്കും. ഞാൻ അത്ര നല്ല കുട്ടിയല്ല, ആർക്കും എന്നെ ഇഷ്ടമല്ല, ഒന്നും രസകരമല്ല തുടങ്ങിയ പ്രസ്താവനകൾ നടത്താനും സാധ്യതയുണ്ട്. മുതിർന്ന കുട്ടികൾ ചെറിയ കുട്ടികളെപ്പോലെയാണ് ഇവ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതെങ്കിൽ അവർ ദുഖത്തിലും ആത്മാഭിമാനം തകർന്ന അവസ്ഥയിലുമാണെന്ന് മനസ്സിലാക്കണം. എത്രയുംവേഗം കുട്ടിയ്ക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ലഭ്യമാക്കണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.